നാലു NBFC കളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി; IDFC ഫസ്റ്റ് ബാങ്കിന് ഒരു കോടി രൂപ പിഴ

moonamvazhi

നാലു ബാങ്കിങ്ങിതര ധനകാര്യകമ്പനികളുടെ ( NBFC ) രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച റദ്ദാക്കി. IDFC ഫസ്റ്റ് ബാങ്ക് ലിമിറ്റഡിനു ഒരു കോടി രൂപയുടെ പിഴശിക്ഷയും റിസര്‍വ് ബാങ്ക് വിധിച്ചു. കുണ്ട്ല്‍സ് മോട്ടോര്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ( ഉത്തര്‍പ്രദേശ് ), നിത്യ ഫിനാന്‍സ് ലിമിറ്റഡ് ( തമിഴ്‌നാട് ), ഭാട്യ ഹയര്‍ പര്‍ച്ചേസ് പ്രൈവറ്റ് ലിമിറ്റഡ് ( പഞ്ചാബ് ), ജീവന്‍ജ്യോതി ഡെപ്പോസിറ്റ്‌സ് ആന്റ് അഡ്വാന്‍സസ് ലിമിറ്റഡ് ( ഹിമാചല്‍ പ്രദേശ് ) എന്നീ ബാങ്കിങ്ങിതര ധനകാര്യകമ്പനികളുടെ രജിസ്‌ട്രേഷനാണു റദ്ദാക്കിയത്. റിസര്‍വ് ബാങ്ക് നിയമപ്രകാരം ഇവയ്ക്കിനി ബാങ്കിങ്ങിതര ധനകാര്യസ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

വായ്പകളും അഡ്വാന്‍സുകളും സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാണു IDFC ഫസ്റ്റ് ബാങ്കിനു ഒരു കോടി രൂപയുടെ പിഴ ചുമത്തിയത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകളനുസരിച്ചു റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് ഈ നടപടി. നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനു പിഴ ചുമത്താതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നു കാണിച്ചു IDFC ബാങ്കിനു റിസര്‍വ് ബാങ്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയില്‍ തൃപ്തി തോന്നാത്തതിനാലാണു പിഴശിക്ഷ വിധിച്ചത്.

2015 ഒക്ടോബറില്‍ മുംബൈ ആസ്ഥാനമായി സ്ഥാപിതമായ ബാങ്കാണു IDFC ( ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനി ) ഫസ്റ്റ് ബാങ്ക്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്പനിയുടെയും ബാങ്കിങ്ങിതര ധനകാര്യസ്ഥാപനമായ കാപ്പിറ്റല്‍ ഫസ്റ്റിന്റെയും ബാങ്കിങ് വിഭാഗങ്ങള്‍ ലയിച്ചാണു ഈ ബാങ്ക് രൂപംകൊണ്ടത്.