ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്കും വിലയ്ക്കും വാങ്ങി തട്ടിപ്പ് നടത്താന്‍ പ്രത്യേക സംഘം
അധികം സാമ്പത്തിക ഇടപാടുനടക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ വാടകനല്കി താല്‍ക്കാലികമായും വിലക്ക് വാങ്ങി സ്ഥിരമായും ഉപയോഗിക്കുന്ന സംഘം സംസ്ഥാനത്ത് സജീവനം. ഇതിനകം 22 അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളാണ് ഇത്തരത്തില്‍ അക്കൗണ്ടുകള്‍ വാങ്ങുന്നത്. തട്ടിപ്പ് നടന്നാല്‍ പരാതിയുണ്ടാകുന്ന ഘട്ടത്തില്‍ അക്കൗണ്ടിലെ ഇടപാടുകള്‍ ബ്ലോക്ക് ചെയ്ത് പണം തിരിച്ചുപിടിക്കാന്‍ സൈബര്‍ പോലീസ് ശ്രമിക്കാറുണ്ട്. ഇത്തരത്തില്‍ പണം എടുക്കുന്നത് തടസ്സപ്പെടാതിരിക്കാനാണ് വാടക അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത്.
തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ഏത് അക്കൗണ്ടിലേക്കാണോ പണം പോയത് അതില്‍നിന്നുള്ള ഇടപാട് തടയുകയാണ് പോലീസ് ചെയ്യുന്നത്. വാടക അക്കൗണ്ടുകളിലേക്ക് പണം സ്വീകരിച്ചാല്‍ തട്ടിപ്പ് സംഘം അത് ഉടനെ പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. പണം പിന്‍വലിച്ച് കഴിഞ്ഞാല്‍ പോലീസിന് പിന്നെ തിരിച്ചുപിടിക്കാന്‍ ബുദ്ധിമുട്ടാകും. വലിയ പണം കമ്മീഷനായി നല്‍കിയാണ് അക്കൗണ്ടുകള്‍ തട്ടിപ്പ് സംഘം വാങ്ങുന്നത്.
മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലൂടെ പത്തുദിവസം കൊണ്ട് അഞ്ചരക്കോടിരൂപയുടെ ഇടപാടാണ് മുംബൈയിലുള്ള ഒരു തട്ടിപ്പ് സംഘം നടത്തിയത്. ഓരോ ഇടപാടിനും ലക്ഷങ്ങള്‍ കമ്മീഷന് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് ഈ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. ഓണ്‍ലൈന്‍ ട്രെഡിങ്, വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന വാഗ്ധാനം, ഗെയിമിങ് എന്നിങ്ങനെ വിവിധ രീതിയിലാണ് തട്ടിപ്പ് സംഘം പണം തട്ടുന്നത്. സോഷ്യല്‍ മീഡിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഒ.എല്‍.എക്സ്. പോലുള്ള ആപ്ലിക്കേഷനില്‍ നല്കുന്ന പരസ്യത്തിലൂടെയും തട്ടിപ്പ് വ്യാപകമാണ്.
കോഴിക്കോടും എറണാകുളത്തും ഇത്തരത്തിലുള്ള തട്ടിപ്പ് സംഘങ്ങള്‍ പിടിയിലായിരുന്നു. കോഴിക്കോട് വടകരയില്‍ ഒരു ഡോക്ടറുടെ പക്കല്‍നിന്ന് തട്ടിയ അഞ്ചുലക്ഷം രൂപ ഇതുപോലെ ഒരു വാടക അക്കൗണ്ടില്‍നിന്നാണ് പോലീസ് കണ്ടെടുത്തത്. സ്ത്രീകളുടെയും കുട്ടികളുടെയുമെല്ലാം അക്കൗണ്ടുകള്‍ ഇതുപോലെ ഉപയോഗിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി എടുത്തും ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സംഘം ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുക്കുന്നുണ്ട്. ഇതിനായി കേന്ദ്രീകരിക്കുന്ന ഏജന്റുമാരെ അന്വേഷിച്ചാണ് ഇപ്പോള്‍ പോലീസ് ഇറങ്ങിയിട്ടുള്ളത്. വിദേശ ഏജന്‍സികളുമായുള്ള ബന്ധം, സംസ്ഥാനത്തിന് പുറത്തുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നിവയെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക : MVR Scheme