നൂറാണ്ടിന്റെ ആഘോഷത്തില്‍ ഊരാളുങ്കല്‍ സഹകരണസംഘം

യു.പി. അബ്ദുള്‍ മജീദ്

1925 ല്‍ ആറണ ഓഹരിയും 14 അംഗങ്ങളുമായി വാഗ്ഭടാനന്ദന്‍
തുടക്കമിട്ട കോഴിക്കോട് വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട്
സഹകരണസംഘം ഒരു വര്‍ഷം നീളുന്ന ശതാബ്ദിയാഘോഷത്തിനു
തുടക്കമിട്ടുകഴിഞ്ഞു. നിര്‍മാണരംഗത്തിനു പുറമേ കൃഷി, വിദ്യാഭ്യാസം,
മൃഗസംരക്ഷണം, ടൂറിസം, ഐ.ടി, ഭവനനിര്‍മാണം, നൈപുണ്യവികസനം,
സാമൂഹികക്ഷേമരംഗങ്ങളിലും ഊരാളുങ്കല്‍സംഘം സജീവമാണ്.
18,000 പേര്‍ക്കാണു സംഘം തൊഴില്‍ നല്‍കുന്നത്. മികച്ച വേതനവും
സര്‍ക്കാര്‍ജീവനക്കാരുടേതുപോലുള്ള ആനുകൂല്യങ്ങളും സംഘം നല്‍കുന്നു.

 

കൂലിവേലക്കാരുടെ പരസ്പരസഹായസംഘത്തില്‍നിന്ന് ഏഷ്യയില്‍ ഒന്നാമത്തേയും ലോകത്തു രണ്ടാമത്തേയും സഹകരണ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായി വളര്‍ന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ( യു.എല്‍.സി.സി.എസ് ) ശതാബ്ദിയുടെ നിറവിലാണ്. സാമൂഹികപരിഷ്‌കര്‍ത്താവായ വാഗ്ഭടാനന്ദ ഗുരുദേവന്‍ 1925 ല്‍ 14 അംഗങ്ങളുമായി ആരംഭിച്ച സംഘം ഒരു വര്‍ഷം നീളുന്ന ശതാബ്ദിയാഘോഷങ്ങള്‍ക്കു തുടക്കം കുറിക്കുമ്പോള്‍ 18,000 പേര്‍ക്കു തൊഴില്‍ നല്‍കുന്ന വലിയ പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞു. ആറണയുടെ ഓഹരിയില്‍ നിന്ന് 5300 കോടി രൂപയുടെ ആസ്തിയിലേക്കു വളര്‍ന്ന ഊരാളുങ്കല്‍സംഘം 7000 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനം ഒരു വര്‍ഷം ഏറ്റെടുത്തു നടത്തുന്നു. നിര്‍മാണമേഖലയിലെ വമ്പന്‍മാരോടു മത്സരിച്ചാണ് ഈ നേട്ടങ്ങള്‍ ഊരാളുങ്കല്‍സംഘം സ്വന്തമാക്കുന്നത്.

കരാറുകള്‍ കിട്ടാതെ വിഷമിച്ചുകൊണ്ട് ആദ്യകാലങ്ങള്‍ പിന്നിട്ട ഊരാളുങ്കല്‍സംഘമിപ്പോള്‍ ദേശീയപാതയുള്‍പ്പെടെയുള്ള കോടികളുടെ നിര്‍മാണജോലികള്‍ ഏറ്റെടുത്തു കരാര്‍കാലാവധിക്കു മുമ്പെ പൂര്‍ത്തിയാക്കി നിര്‍മാണരംഗത്തു ചരിത്രം തിരുത്തുകയാണ്. മരാമത്തുജോലികള്‍ സംഘത്തെ ഏല്‍പ്പിക്കാന്‍ സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും മത്സരിക്കുകയാണ്. കാലവധിക്കു മുമ്പു നിര്‍മാണം പൂര്‍ത്തിയാവുമ്പോഴും കരാര്‍ത്തുകയില്‍ കുറഞ്ഞ ചെലവില്‍ പണി തീരുമ്പോഴും മിച്ചം കിട്ടുന്ന പണം സര്‍ക്കാറിലേക്കു തിരിച്ചടച്ച് പുതിയ മാതൃക സൃഷ്ടിച്ചതും ഊരാളുങ്കല്‍സംഘമാണ്. നിര്‍മാണരംഗത്തുനിന്നു വൈവിധ്യവത്കരണത്തിന്റെ വഴികളിലൂടെ മുന്നേറിയ ഊരാളുങ്കല്‍ സൊസൈറ്റി കൃഷി, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ടൂറിസം, കരകൗശലം, ഐ.ടി, ഭവനനിര്‍മാണം, നൈപുണ്യവികസനം, സാമൂഹികക്ഷേമം തുടങ്ങിയ രംഗങ്ങളിലൊക്കെ ചുവടുറപ്പിച്ചു കഴിഞ്ഞു. നിര്‍മാണത്തൊഴിലാളികള്‍ക്കു രാജ്യത്തെ ഏറ്റവും മികച്ച വേതനവും ആനുകൂല്യങ്ങളും നല്‍കുന്നതിനുപുറമെ സര്‍ക്കാര്‍ജീവനക്കാരുടേതുപോലെ പി.എഫ്, ഗ്രാറ്റുവിറ്റി, ഇന്‍ഷൂറന്‍സ് തുടങ്ങിയവയും നല്‍കുന്നുണ്ട്.

യു.എല്‍.
സൈബര്‍ പാര്‍ക്ക്

സഹകരണമേഖലയിലെ ആദ്യത്തെ ഐ. ടി. പാര്‍ക്കായ കോഴിക്കോട് യു.എല്‍. സൈബര്‍ പാര്‍ക്ക് ഐ.ടി. രംഗത്തു മലബാറിന്റെ മുന്നേറ്റമാണ്. കേരളത്തിന്റെ കരകൗശലപാരമ്പര്യവും കലാപൈതൃകവും നിലനിര്‍ത്താനും പ്രോത്സാഹിപ്പിക്കാനും വടകരക്കടുത്ത് ഇരിങ്ങലിലെ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ്, തിരുവനന്തപുരം വെള്ളാറ ക്രാഫ്റ്റ് വില്ലേജ് എന്നിവ സംഘത്തിന്റെ അഭിമാനസ്ഥാപനങ്ങളാണ്. കൊല്ലം ചവറയിലുള്ള കണ്‍സ്ട്രക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, മെറ്റീരിയല്‍ പരിശോധനക്കു മാറ്റര്‍ ടെസ്റ്റ് ലാബ്, പാര്‍പ്പിടരംഗത്തു പ്രവര്‍ത്തിക്കുന്ന യു.എല്‍ ഹൗസിങ്, ഭിന്നശേഷിക്കാര്‍ക്കുള്ള നായനാര്‍ ബാലികാസദനം, വയോജനങ്ങള്‍ക്കുള്ള മടിത്തട്ട്പദ്ധതി, ബഹിരാകാശപഠനത്തിനു സ്‌പെയ്‌സ് ക്ലബ്ബ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഊരാളുങ്കല്‍ സംഘത്തിനു കീഴിലുണ്ട്.

കൊച്ചി പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുത്ത ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ജോലി ഏല്‍പ്പിച്ചത് ഊരാളുങ്കല്‍ സംഘത്തെയായിരുന്നു. റെക്കോഡ്‌വേഗത്തില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് സംഘം ഡി.എം.ആര്‍.സി.യെ മാത്രമല്ല രാജ്യത്തെ കോര്‍പ്പറേറ്റ് നിര്‍മാണക്കമ്പനികളെപ്പോലും ഞെട്ടിച്ചു. നിര്‍മാണമേഖലയിലെ സ്വയംപര്യാപ്തതയാണു സംഘത്തിനു പ്രവൃത്തികള്‍ കുറഞ്ഞ ചെലവില്‍ വേഗത്തില്‍ തീര്‍ക്കാന്‍ സഹായകമാവുന്നത്. ഏക്കര്‍കണക്കിനു ഭൂമി സ്വന്തമായി വാങ്ങി കരിങ്കല്ല് പൊട്ടിച്ചെടുത്തു മെറ്റല്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നതിനു പുറമെ കോടികള്‍ വിലപിടിപ്പുള്ള യന്ത്രങ്ങളും സംഘത്തിന്റെ ഉടമസ്ഥതയിലുണ്ട്. ഭാരത്മാല പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ് തലപ്പാടി മുതല്‍ ചെങ്ങള വരെയുള്ള 39 കി.മീറ്റര്‍ ദൂരം ദേശീയപാത ആറു വരിയാക്കുന്ന 1704 കോടിയുടെ ജോലി ഊരാളുങ്കല്‍ സംഘമാണു ചെയ്യുന്നത്. അദാനി, മേഘ, കെ.എന്‍.ആര്‍. തുടങ്ങിയ വമ്പന്‍ കമ്പനികളുമായി മത്സരിച്ചാണു സംഘം ഈ കരാര്‍ നേടിയത്.

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണു സംഘത്തെ നിയന്ത്രിക്കുന്നത്. സംഘത്തില്‍ താഴെത്തട്ടില്‍ തൊഴിലെടുക്കുന്നവര്‍ തന്നെയാണു ഭരണസമിതിയിലും എത്തുന്നത്. ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സില്‍ (ഐ.സി.എ ) അംഗത്വമുള്ള ഏക പ്രാഥമിക സഹകരണസംഘമായ ഊരാളുങ്കലിനു ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ ലഭിച്ച അവാര്‍ഡുകള്‍ നിരവധിയാണ്. യു.എന്‍.ഡി.പി. 2013 ല്‍ത്തന്നെ പ്രവര്‍ത്തനമികവ് തെളിയിച്ച മാതൃകാസംഘമായി ഊരാളുങ്കലിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

            (മൂന്നാംവഴി സഹകരണ മാസിക 2024 മാര്‍ച്ച് ലക്കം)

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക : MVR Scheme

Leave a Reply

Your email address will not be published.