നൂറോളം സംഘങ്ങള്‍കൂടി കയറ്റുമതിയിലേക്ക്: മന്ത്രി വി.എന്‍ വാസവന്‍

moonamvazhi
വിദേശത്തേക്കു കയറ്റുമതി ചെയ്യാന്‍ മൂല്യവര്‍ധിത കാര്‍ഷികോത്പന്നങ്ങള്‍ നല്‍കാന്‍ പുതുതായി നൂറോളം സഹകരണസംഘങ്ങള്‍കൂടി മുന്നോട്ടുവന്നതായി സഹകരണമന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. നിലവില്‍ ഇതിനു ധാരണയായ മുപ്പതോളം സംഘങ്ങള്‍ക്കുപുറമെയാണിത്. വിവിധസഹകരണസംഘങ്ങളുടെതായി അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന 12 ടണ്‍ മൂല്യവര്‍ധിതകാര്‍ഷികോത്പന്നങ്ങളുടെ ആദ്യ കണ്ടെയ്‌നര്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഫ്‌ളാഗ്ഓഫ്  ചെയ്തശേഷംസംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിലേക്കും യൂറോപ്പിലേക്കും മറ്റുവിദേശമേഖലകളിലേക്കുമുള്ള കയറ്റുമതി വ്യാപിപ്പിക്കും. ഇതു ധാരാളം തൊഴിലവസരമുണ്ടാകും. തങ്കമണി സഹകരണസംഘത്തിന്റെ തേയിലപ്പൊടി, കാക്കൂര്‍ സംഘത്തിന്റെ ശീതീകരിച്ച മരച്ചീനിയും ഉണക്കമരച്ചീനിയും, വാരപ്പെട്ടി സംഘത്തിന്റെ മസാലയിട്ട മരിച്ചീനിയും ബനാന വാക്വംഫ്രൈയും റോസ്റ്റഡ് വെളിച്ചെണ്ണയും ഉണക്കിയ ചക്കയും എന്നിവയാണ് ആദ്യഘട്ടത്തില്‍ അയച്ചത്. അടുത്തഘട്ടമായി വിവിധസംഘങ്ങളുടെ തേങ്ങാപ്പാല്‍, മറയൂര്‍ ശര്‍ക്കര, മാങ്കുളം പാഷന്‍ഫ്രൂട്ട്, വെളിച്ചെണ്ണ, ആലങ്ങാടന്‍ ശര്‍ക്കര തുടങ്ങിയവ അയക്കും.  ഗുണനിലവാരപരിശോധനയില്‍ മികവു തെളിയിക്കുന്നതനുസരിച്ചു കൂടുതല്‍ സംഘങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റമതി ചെയ്യും. ഇത്തരം കാര്യങ്ങള്‍ക്കായി കുമരകത്തു 30 സംഘങ്ങള്‍ക്കു പരിശീലനം നല്‍കി. ഇവയ്ക്കു കാര്‍ഷികഅടിസ്ഥാനസൗകര്യവികസനനിധിയില്‍നിന്നു സര്‍ക്കാര്‍ സബ്‌സിഡിയോടെ രണ്ടുകോടിരൂപവരെ വായ്പ കിട്ടും. കയറ്റുമതിപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കൊച്ചിയില്‍ ഓഫീസ് തുറക്കും. സഹകരണസംഘങ്ങള്‍ ആഭ്യന്തരവിപണയില്‍ 420 ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്. ജൂലൈ അവസാനം സഹകരണനിധി വിജ്ഞാപനം വരും. വിഴിഞ്ഞം തുറമുഖം ആരംഭിക്കുമ്പോള്‍ അവിടം കേന്ദ്രീകരിച്ചും സഹകരണസംഘങ്ങള്‍ ടൂറിസവും കയറ്റുമതിയും ഉള്‍പ്പെടെയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ സഹകരണരജിസ്ട്രാര്‍ ടി.വി. സുഭാഷ്, കാക്കൂര്‍ സഹകരണബാങ്കുപ്രസിഡന്റ് അനില്‍ ചെറിയാന്‍, വാരപ്പെട്ടി സര്‍വീസ് സഹകരണബാങ്കുപ്രസിഡന്റും കയറ്റുമതി കോ-ഓര്‍ഡിനേറ്ററുമായ എം.ജി. രാമകൃഷ്ണന്‍, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍. ജയചന്ദ്രന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ സുജിത് കരുണ്‍, ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍ ഫ്രാന്‍സിസ് തോപ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോതമംഗലത്തെ മഠത്തില്‍ എക്‌സ്‌പോര്‍ട്ടേഴ്‌സാണു സംഘങ്ങളുടെ ഉത്പന്നങ്ങള്‍ വിദേശവിപണിയില്‍ എത്തിക്കുന്നത്.

Leave a Reply

Your email address will not be published.