സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’ എന്ന് ഉപയോഗിക്കുന്നതിനെതിരെ വീണ്ടും പരസ്യം നല്‍കി റിസര്‍വ് ബാങ്ക്

moonamvazhi
  •  കേരളം നല്‍കിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയില്‍
  • ബി.ആര്‍. ആക്ട് ഭേദഗതിക്കെതിരെയുള്ള ഹരജികള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയില്‍

സഹകരണ സംഘങ്ങള്‍ അവരുടെ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ഉപയോഗിക്കുന്നതിരെ വീണ്ടും പത്ര പരസ്യവുമായി റിസര്‍വ് ബാങ്ക്. ഇത് മൂന്നാംതവണയാണ് ആര്‍.ബി.ഐ. ഇതേ പരസ്യം നല്‍കുന്നത്. നിലവില്‍ സുപ്രീംകോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ അതില്‍ തീരുമാനമാകട്ടെയെന്നതുകൊണ്ടാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത്.

കേരളത്തില്‍ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളാണ് സര്‍വീസ് സഹകരണ ബാങ്കുകള്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും ഇതേരീതിയില്‍ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സില്ലാത്ത സ്ഥാപനങ്ങള്‍ ബാങ്ക് എന്ന് പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്നാണ് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നത്. നേരത്തെ കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഈ വ്യവസ്ഥയില്‍നിന്ന് ഇളവ് നല്‍കിയിരുന്നു. അങ്ങനെയാണ് പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ സര്‍വീസ് സഹകരണ ബാങ്കുകളായി പ്രവര്‍ത്തിച്ചുതുടങ്ങിയത്.

സംസ്ഥാന സഹകരണ സംഘം നിയമം അനുസരിച്ചാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക് അതേ പേരില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തിയതിന് ശേഷമാണ് സഹകരണ സംഘങ്ങള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയത്. ഇതിന് പിന്നാലെയാണ് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനെന്ന രീതിയില്‍ റിസര്‍വ് ബാങ്ക് പരസ്യം നല്‍കി തുടങ്ങിയത്. ആര്‍.ബി.ഐ.യുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കാണിച്ച് കേരളം സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ബാങ്കിങ് നിയന്ത്രണ നിയമത്തിനെതിരെ ഒട്ടേറെ സഹകരണ ബാങ്കുകളും സംഘടനകളും വിവിധ ഹൈക്കോടതികളില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. എല്ലാ ഹരജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ആര്‍.ബി.ഐ. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എല്ലാകേസുകളും മദ്രാസ് ഹൈക്കോടതി ഒന്നിച്ച് പരിഗണിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഇതില്‍ തീര്‍പ്പുണ്ടായതിന് ശേഷം അപ്പീല്‍ എന്ന രീതിയിലായിരിക്കും സുപ്രീംകോടതി കേസ് പരിഗണിക്കുക. മദ്രാസ് ഹൈക്കോടതിയുടെ തീര്‍പ്പുണ്ടായതിന് ശേഷമാകും കേരളത്തിന്റെ ഹരജിയും സുപ്രീംകോടതി പരിഗണിക്കുക. ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നത് സംബന്ധിച്ച് തമിഴ്‌നാട്ടിലെ രണ്ട് സഹകരണ ബാങ്കുകള്‍ നേരിട്ട് ആര്‍.ബി.ഐ.യെ കക്ഷിയാക്കി ഹരജി നല്‍കിയിട്ടുണ്ട്. ഇതും മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിലും തീര്‍പ്പുണ്ടായിട്ടില്ല.

തര്‍ക്കമായി കോടതിക്ക് മുമ്പിലിരിക്കുന്ന വിഷയത്തിലാണ് ആര്‍.ബി.ഐ.യുടെ പരസ്യം ആവര്‍ത്തിച്ച് വരുന്നത്. ഇത് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന ആശങ്ക സഹകാരികള്‍ക്കുണ്ട്. അത് മറികടക്കാനുള്ള വിശദീകരണം സര്‍ക്കാര്‍ നല്‍കുന്നുമില്ല. ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാക്കുന്നത് സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെയാണ് ബാധിക്കുക എന്ന് സഹകാരികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംസ്ഥാനത്തെ പ്രധാന സഹകരണ ബാങ്കായ കാലിക്കറ്റ് സിറ്റി സഹകരണ ബാങ്കിന്റെ പൊതുയോഗം, ‘ബാങ്ക്’ എന്ന പേര് ഉപേക്ഷിക്കുന്നതിന് തയ്യാറാണെന്ന് തീരുമാനിച്ചിരുന്നു. ഒരു പേരിലല്ല, സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനവും സേവനവുമാണ് അവരുടെ വിശ്വാസ്യതയ്ക്ക് അടിസ്ഥാനമെന്നാണ് പൊതുയോഗം വിലയിരുത്തിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!