മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് നിയന്ത്രണരേഖ

കിരണ്‍ വാസു

നിക്ഷേപകരില്‍നിന്നു പരാതികള്‍ വര്‍ധിച്ചതോടെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുട പ്രവര്‍ത്തനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഭരണസമിതി തീരുമാനിക്കുന്ന പലിശയ്ക്കു തോന്നുന്ന രീതിയില്‍ നിക്ഷേപം വാങ്ങുകയും ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുകയും ചെയ്യുന്നതായിരുന്നു മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനരീതി. പല സംഘങ്ങളും വാര്‍ഷികപൊതുയോഗം നടത്താറില്ല. ഓഡിറ്റിങ്ങും നടത്തില്ല. ഇതിനൊക്ക കേന്ദ്രം മൂക്കുകയറിട്ടുകഴിഞ്ഞു. ഇനി ഏതൊരംഗത്തിനും കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ക്കു നേരിട്ടു പരാതി നല്‍കാം.

 

പരാതികളുടെ കൂമ്പാരങ്ങള്‍ കേന്ദ്രസര്‍ക്കാരിനു ലഭിച്ചതോടെ ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളെ നിയന്ത്രിക്കാനുള്ള കര്‍ശന നടപടികളിലേക്കു കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ കടന്നു. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമഭേദഗതിക്ക് ഇതും കാരണമായിരുന്നു. പല സംസ്ഥാനങ്ങളിലും ഇത്തരം സംഘങ്ങള്‍ നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. കേന്ദ്ര രജിസ്ട്രാര്‍ക്ക് ഇവയുടെ മേല്‍ നിയന്ത്രണവും കുറവായിരുന്നു. ‘പണം നിക്ഷേപിക്കുന്നതു സ്വന്തം ഉത്തരവാദിത്തത്തിലാകണം’ എന്ന ബോര്‍ഡ് ഇടപാടുകാര്‍ കാണുന്നവിധത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിബന്ധനയില്‍ ഒതുങ്ങിയിരുന്നു കേന്ദ്രരജിസ്ട്രാറുടെ നിയന്ത്രണം. ഭരണസമിതി തീരുമാനിക്കുന്ന പലിശയ്ക്കു തോന്നുന്ന രീതിയില്‍ നിക്ഷേപം വാങ്ങുകയും ഒരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുകയും ചെയ്യുന്നതായിരുന്നു മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനരീതി. വാര്‍ഷിക പൊതുയോഗം ചേരാത്തതും കൃത്യമായി ഓഡിറ്റ് നടത്താത്തതുമായ സംഘങ്ങള്‍ ഏറെയുണ്ടായിരുന്നു. ഭരണസമിതിയംഗങ്ങളും പ്രധാന ജീവനക്കാരുമെല്ലാം ഒരു വിഭാഗത്തിന്റെ ഇഷ്ടക്കാരാകുന്നതായിരുന്ന സ്ഥിതി. നിക്ഷേപകര്‍ക്കു പണം തിരികെ കിട്ടുന്നില്ലെന്ന പരാതികള്‍ കൂടിവന്നപ്പോഴാണു മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളില്‍ നിയമപരമായ നിയന്ത്രണവും പ്രവര്‍ത്തനത്തിനു നിരീക്ഷണവും വേണമെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുള്ള പ്രധാന വ്യവസ്ഥകളെല്ലാം മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിന്റെ ഭേദഗതിയില്‍ കൊണ്ടുവന്നിരുന്നു.

മള്‍ട്ടി സ്‌റ്റേറ്റ് സംഘനിയമഭേദഗതിക്കു പിന്നാലെ കേന്ദ്ര സഹകരണസംഘംരജിസ്ട്രാര്‍ നടപടികളും തുടങ്ങി. വാര്‍ഷികറിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതും വ്യവസ്ഥകള്‍ ലംഘിച്ച് ശാഖകള്‍ തുറക്കുന്നതും ഓഡിറ്റ് കൃത്യമായി പൂര്‍ത്തിയാക്കാത്തതുമായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടായി. പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായ സംഘങ്ങളില്‍ ലിക്യുഡേഷന്‍ നടപടികള്‍ വേഗത്തിലാക്കി. സഹാറ ഗ്രൂപ്പുപോലുള്ള വന്‍കിടക്കാരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങളില്‍ നിക്ഷേപിച്ചവര്‍ക്കു പണം തിരിച്ചുകിട്ടാന്‍ സഹകരണമന്ത്രാലയം നേരിട്ട് കേസ് നടത്തി. സഹാറ ഗ്രൂപ്പിന്റെ മറ്റിടങ്ങളിലെ നിക്ഷേപം പിന്‍വലിച്ച് അവരുടെ സഹകരണസംഘത്തില്‍ നിക്ഷേപിച്ചവര്‍ക്കു നല്‍കാനുള്ള നടപടി സ്വീകരിച്ചു. അതൊരു വലിയ മുന്നറിയിപ്പാണ് ഇത്തരം സംഘംനടത്തിപ്പുകാര്‍ക്കു നല്‍കിയത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തിലെ ഏത് അംഗത്തിനും നേരിട്ട് കേന്ദ്രരജിസ്ട്രാര്‍ക്കു പരാതി നല്‍കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി. പരാതിയുടെ സ്ഥിതി പരാതിക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ വിലയിരുത്താന്‍ കഴിയുന്ന വിധത്തിലാണു ക്രമീകരണമുള്ളത്. ഇതിനൊപ്പമാണു സംഘങ്ങളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണരേഖ നടപ്പാക്കിത്തുടങ്ങിയത്.

ബൈലോയില്‍
മാറ്റം വരുത്തണം

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമഗ്രമായ മാറ്റമാണു വരുത്തിയത്. ഇതനുസരിച്ച് സഹകരണസംഘങ്ങളിലെ നിയമാവലിയിലും കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. ഇങ്ങനെ വരുത്തേണ്ട മാറ്റം കാലങ്ങളായി നീട്ടിക്കൊണ്ടുപോകുന്ന രീതി പാടില്ലെന്ന കര്‍ശന നിലപാടാണു കേന്ദ്ര സഹകരണരജിസ്ട്രാര്‍ സ്വീകരിച്ചിട്ടുള്ളത്. നിയമഭേദഗതിക്കൊപ്പം ചട്ടങ്ങളും മാറ്റം വരുത്തി കേന്ദ്രസഹകരണ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെ ആറു മാസത്തിനുള്ളില്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളെല്ലാം അവയുടെ നിയമാവലിയിലും മാറ്റം വരുത്തണമെന്നു നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി നാലിന് ഈ സമയപരിധി കഴിഞ്ഞു. മാറ്റങ്ങള്‍ പലതും ഗൗരവമുള്ളതായതിനാല്‍ അതിനു സമയം നീട്ടിനല്‍കണമെന്ന് ഒട്ടേറെ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ച് സെപ്റ്റംബര്‍ 30 വരെ സമയം നീട്ടിക്കൊടുത്തിട്ടുണ്ട്. ഭരണസമിതിയംഗങ്ങളില്‍ സംവരണം, ഭരണസമിതിയുടെ തീരുമാനങ്ങള്‍ക്കുള്ള പരിധിയും ഉത്തരവാദിത്തവും, പൊതുയോഗത്തിനുള്ള വ്യവസ്ഥ, ഓഡിറ്റ്, വാര്‍ഷികക്കണക്ക് അവതരണം, കേന്ദ്ര രജിസ്ട്രാര്‍ക്കു റിപ്പോര്‍ട്ട് നല്‍കേണ്ട കാര്യങ്ങള്‍ എന്നിവയെല്ലാം പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. നിയമത്തിനും ചട്ടത്തിനും വിരുദ്ധമായി ബൈലോയില്‍ വ്യവസ്ഥയുണ്ടാകുന്നതും അതനുസരിച്ച് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതും പ്രശ്നങ്ങള്‍ക്കു വഴിവെക്കുമെന്നതിനാലാണു മാറ്റം വരുത്താന്‍ സമയം നീട്ടിക്കൊടുത്തത്.

മൂന്നു
മാതൃക

ബൈലോയില്‍ എങ്ങനെയൊക്കെ മാറ്റം വരുത്തണമെന്നതും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി മൂന്നു മാതൃകകളാണു തയാറാക്കിയിട്ടുള്ളത്. ക്രെഡിറ്റ് സംഘങ്ങള്‍, നോണ്‍ ക്രെഡിറ്റ് സംഘങ്ങള്‍, ഫെഡറല്‍ സംഘങ്ങള്‍ എന്നിങ്ങനെ മൂന്നു രീതിയിലാണു മാതൃകകള്‍ തയാറാക്കിയിട്ടുള്ളത്. ഈ മാതൃക അടിസ്ഥാനമാക്കി ഓരോ സംഘവും അവയുടെ ബൈലോവ്യവസ്ഥകള്‍ ഏകീകരിക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. ബൈലോഭേദഗതിക്കുള്ള സംഘത്തിന്റെ തീരുമാനവും അപേക്ഷയും ഓണ്‍ലൈന്‍വഴിയാണു നല്‍കേണ്ടത്. ഇതിനായി കേന്ദ്രസഹകരണസംഘം രജിസ്ട്രാറുടെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ക്രമീകരണം വരുത്തിയിട്ടുണ്ട്. നിയന്ത്രണവ്യവസ്ഥകള്‍ കര്‍ശനമാക്കിയതോടെ പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം രൂപവത്കരിക്കുന്നതിനുള്ള നടപടികളും കേന്ദ്രരജിസ്ട്രാര്‍ തുടങ്ങി. നിയന്ത്രണസംവിധാനങ്ങളുടെ അപര്യാപ്തതയും പരാതികള്‍ കൂടിയതും കാരണം പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രം മടികാണിച്ചിരുന്നു. പ്രത്യേകിച്ച് ക്രെഡിറ്റ് സഹകരണസംഘങ്ങള്‍ക്ക്. നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ലഘൂകരിച്ചു. അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ മൂന്നോ നാലോ മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണു പുതിയ നിര്‍ദേശം. അപേക്ഷയ്ക്കൊപ്പം കൂടുതല്‍ രേഖകള്‍ ആവശ്യമെങ്കിലോ നല്‍കിയ അപേക്ഷകളില്‍ എന്തെങ്കിലും വ്യക്തത വരുത്തേണ്ടതുണ്ടെങ്കിലോ രണ്ടു മാസം കൂടി സമയം നീട്ടി നല്‍കും. അപേക്ഷ നല്‍കുന്നതു മുതല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുവരെയുള്ള എല്ലാ നടപടികളും കേന്ദ്രസഹകരണ സംഘം രജിസ്ട്രാര്‍ഓഫീസ് ഓണ്‍ലൈനായി ക്രമീകരിച്ചിട്ടുണ്ട്.

പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം രൂപവത്കരിക്കുന്നതിനുള്ള അപേക്ഷയുടെ മാതൃക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറെ നാളായി പുതിയ സംഘങ്ങള്‍ക്കു, പ്രത്യേകിച്ച് ക്രെഡിറ്റ് സഹകരണസംഘങ്ങള്‍ക്ക്, അനുമതി നല്‍കിയിരുന്നില്ല. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തില്‍ ഭേദഗതി വരുത്തിയതോടെയാണു രജിസ്ട്രേഷന്‍ നടപടികളും പുനരാരംഭിച്ചത്. ക്രെഡിറ്റ് സംഘങ്ങള്‍ക്കു രജിസ്ട്രേഷന്‍ ലഭിക്കണമെങ്കില്‍ ഏതൊക്കെ സംസ്ഥാനങ്ങളിലാണോ പ്രവര്‍ത്തനപരിധിയുള്ളത് ആ സംസ്ഥാനങ്ങളിലെ സഹകരണസംഘം രജിസ്ട്രാര്‍മാരുടെ നിരാക്ഷേപപത്രം വേണമെന്ന വ്യവസ്ഥയില്‍ കേന്ദ്രം മാറ്റം വരുത്തിയിട്ടില്ല. കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ഓഫീസ് പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്കു മാറിക്കഴിഞ്ഞു. അതിനാല്‍, സംഘങ്ങള്‍ രൂപവത്കരിക്കാനുള്ള അപേക്ഷ നല്‍കേണ്ടതും നിലവിലെ സംഘങ്ങള്‍ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതും കേന്ദ്ര രജിസ്ട്രാര്‍ക്കുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതും സ്ഥിതി വിവരക്കണക്കുകളും രേഖകളും സമര്‍പ്പിക്കേണ്ടതുമൊക്കെ ഓണ്‍ലൈന്‍ വഴിയായിരിക്കണം. സംഘങ്ങളുമായുള്ള കേന്ദ്രരജിസ്ട്രാറുടെ എല്ലാ കത്തിടപാടുകളും ഓണ്‍ലൈന്‍ വഴിയാകും. ബൈലോഭേദഗതി, ഫീസ് ഒടുക്കല്‍ എന്നിവയും ഓണ്‍ലൈന്‍ രീതിയിലാണു നടത്തേണ്ടത്.

സംവരണം
നിര്‍ബന്ധമാക്കി

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തില്‍ ഭരണസമിതിയില്‍ സ്ത്രീ-പട്ടികവിഭാഗ സംവരണം വ്യവസ്ഥ ചെയ്തിരുന്നു. ഇതു നിലവിലുള്ള എല്ലാ സംഘങ്ങളിലും നടപ്പാക്കാന്‍ കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ഭരണസമിതിയില്‍ 21 അംഗങ്ങളാണു വേണ്ടത്. ഇതില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഓരോ അംഗം വീതവും രണ്ട് വനിതാപ്രതിനിധികളും ഉണ്ടായിരിക്കണം. സംഘം ഭരണസമിതിയുടെ തിരഞ്ഞെടുപ്പിനു നിയോഗിക്കപ്പെടുന്ന വരണാധികാരി ഇക്കാര്യം ഉറപ്പുവരുത്തണമെന്നു കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനു രണ്ടു മാസം മുമ്പ് സംഘത്തിന്റെ ചീഫ് എക്സിക്യുട്ടീവ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍വഴിയാണ് ഇത്തരമൊരു അറിയിപ്പും നല്‍കേണ്ടത്. ഇതിനായി സെന്‍ട്രല്‍ രജിസ്ട്രാര്‍ഓഫീസിന്റെ വെബ്‌സൈറ്റില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ സംഘത്തിനും പ്രത്യേകം ലോഗിന്‍ ഐ.ഡി. കേന്ദ്ര രജിസ്ട്രാര്‍ നല്‍കിയിട്ടുണ്ട്. ഇതിലൂടെ ‘ഇലക്ഷന്‍ റിക്വസ്റ്റ്’ എന്ന ഓപ്ഷന്‍ നല്‍കണം. ആവശ്യമായ മറ്റു വിവരങ്ങളും ഓണ്‍ലൈന്‍വഴിയാണു നല്‍കേണ്ടത്.

വോട്ടവകാശമില്ലാത്ത ഓഹരിയുടമകളുണ്ടാകാം എന്നതാണു മറ്റൊരു പരിഷ്‌കാരം. വ്യവസായ-വാണിജ്യ മന്ത്രാലയം നടപ്പാക്കിയ ‘ഈസ് ഓഫ് ഡൂയിങ്’ പരിഷ്‌കാരത്തിന്റെ മാതൃകയാണ് ഈ പരിഷ്‌കാരത്തിനു കാരണം. സഹകരണസംഘങ്ങള്‍ക്കു സംരംഭങ്ങള്‍ക്കാവശ്യമായ മൂലധനം കണ്ടെത്തുന്നതിനാണ് ഇത്തരമൊരു രീതി കൊണ്ടുവന്നത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ബിസിനസില്‍ പങ്കാളികളാകാന്‍ താല്‍പ്പര്യമുള്ളവര്‍ക്കു വോട്ടവകാശമില്ലാത്ത ഓഹരിയുടമകളാകാം. ഇവരുടെ നിക്ഷേപം ഓഹരിയായി കണക്കാക്കുമെങ്കിലും അത്തരം അംഗങ്ങള്‍ക്കു വോട്ടവകാശം നല്‍കേണ്ടതില്ല. സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യുന്ന സംഘങ്ങളില്‍ നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, വോട്ടവകാശമില്ലാതെ ഓഹരിയുടമകളാക്കുന്ന രീതി ഒരു സംസ്ഥാനത്തെയും സഹകരണസംഘങ്ങളില്‍ നിലവിലില്ല.

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കു ബൈലോയില്‍ വ്യവസ്ഥ ചെയ്ത ബിസിനസ്പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുക്കുന്നതിനു മുന്‍കൂര്‍ അനുമതി ആവശ്യമില്ല. എങ്കിലും, കേന്ദ്ര സഹകരണമന്ത്രാലയത്തില്‍നിന്ന് അനുമതി ആവശ്യമുള്ളവയ്ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കാം. മന്ത്രാലയം ആവശ്യപ്പെടുന്ന രേഖകളും ഓണ്‍ലൈനായിത്തന്നെ നല്‍കിയാല്‍ മതി. ഓരോ അപേക്ഷയിലും കാലതാമസമുണ്ടാകാതെ തീര്‍പ്പുണ്ടാക്കണമെന്നു രജിസ്ട്രാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഫയല്‍നീക്കം ഓണ്‍ലൈനായി നിരീക്ഷിക്കാനാകും. പുതിയ ബിസിനസ്ആവശ്യത്തിനു ബൈലോയില്‍ വ്യവസ്ഥ ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിനടപടികളും ഓണ്‍ലൈനാക്കിയിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കു സെക്യൂരിറ്റി നിക്ഷേപങ്ങള്‍ക്കും അനുമതിയുണ്ട്. എന്നാല്‍, സുരക്ഷിതമല്ലാത്ത സെക്യൂരിറ്റികളില്‍ നിക്ഷേപം പാടില്ലെന്നു വിലക്കിയിട്ടുണ്ട്. വായ്പാ സഹകരണസംഘങ്ങള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന മാതൃകയില്‍ പ്രുഡന്‍ഷ്യല്‍ നോംസ് പാലിക്കണമെന്നാണു നിര്‍ദേശം. ദേശീയതലത്തിലുള്ള അപക്സ് മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ഓഡിറ്റ്‌റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ വെക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പാക്കാനാണിത്.

നിക്ഷേപങ്ങള്‍ക്ക്
പരിധി

നിക്ഷേപം സ്വീകരിക്കുന്നതിന്റെ തോത് സംഘങ്ങളുടെ ആസ്തിയെ അടിസ്ഥാനമാക്കി മാറ്റി എന്നതാണു കേന്ദ്രം കൊണ്ടുവന്ന മറ്റൊരു നിയന്ത്രണം. നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നതാണ് ഇതിനു കാരണം. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ ഒരു പരിധിയുമില്ലാതെ നിക്ഷേപം സ്വീകരിക്കുന്നതും നിക്ഷേപം തിരിച്ചുകൊടുക്കാതെ പ്രതിസന്ധിയിലാകുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണു കര്‍ശന നിയന്ത്രണം കൊണ്ടുവന്നത്. അഞ്ചു വിഭാഗങ്ങളായി തരംതിരിച്ചാണു നിയന്ത്രണങ്ങള്‍. പിരിഞ്ഞുകിട്ടിയ ഓഹരിമൂലധനത്തിന്റെയും മാറ്റിവെച്ച കരുതല്‍ധനത്തിന്റെയും പത്തിരട്ടിയിലധികം നിക്ഷേപമായും മറ്റു വായ്പകളായും സംഘം സ്വീകരിക്കരുതെന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണു സംഘങ്ങളെ വിഭജിച്ചിട്ടുള്ളത്. പത്തു കോടി രൂപവരെ നിക്ഷേപമുള്ളവ മൈക്രോ, പത്തുമുതല്‍ 100 കോടിവരെയുള്ളവ സ്മോള്‍, 100 മുതല്‍ 500 കോടിവരെയുള്ളവ മീഡിയം, 500 കോടിക്കു മുകളില്‍ ലാര്‍ജ് എന്നീ വിഭാഗങ്ങളായാണു തിരിച്ചിട്ടുള്ളത്. അര്‍ബന്‍ സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പ്രുഡന്‍ഷന്‍ നോംസിനു സമാനമായ വ്യവസ്ഥകള്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കും ബാധകമാക്കി. മൂലധനപര്യാപ്തത, കാഷ് റിസര്‍വ് എന്നിവയും നിശ്ചയിച്ചു. മൈക്രോ, സ്മോള്‍ വിഭാഗത്തിലുള്ള സംഘങ്ങള്‍ക്കു കുറഞ്ഞത് ഒമ്പതു ശതമാനം മൂലധനപര്യാപ്തത (സി.ആര്‍.എ.ആര്‍.) വേണമെന്നാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്. മീഡിയം, ലാര്‍ജ് വിഭാഗത്തിലുള്ള സംഘങ്ങള്‍ക്ക് ഇത് 12 ശതമാനമാണ്. നിലവില്‍ ഇത്രയും മൂലധനപര്യാപ്തതയില്ലാത്ത സംഘങ്ങള്‍ അതു നേടുന്നതിനു മൂന്നു മാസത്തേക്കുള്ള പദ്ധതി തയാറാക്കണം. അഞ്ചു വര്‍ഷത്തിനകം ഇതു നിര്‍ബന്ധമായും നേടിയിരിക്കണമെന്നും കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ നിര്‍ദേശിക്കുന്നു.

മൂലധനപര്യാപ്തത നേടാത്ത സംഘങ്ങളുടെ ഓഹരികള്‍ പിന്‍വലിക്കാന്‍ കഴിയില്ല. അവസാനം ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഹരി പിന്‍വലിക്കുന്നതിനു മൂലധനപര്യാപ്തത കണക്കാക്കുക. ഓഹരി പിന്‍വലിച്ചുകഴിഞ്ഞാല്‍ സി.ആര്‍.എ.ആര്‍. നിശ്ചിത അനുപാതത്തില്‍നിന്നു കുറയാനും പാടില്ല. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നേരത്തെ ഈ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. അതാണു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കും ബാധകമാക്കിയത്. സി.ഇ.ഒ. നിയമനത്തിനും അര്‍ബന്‍ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന ഫിറ്റ് ആന്റ് പ്രോപ്പര്‍ ക്രൈറ്റീരിയ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്കും കൊണ്ടുവന്നു. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളിലെ സി.ഇ.ഒ.മാര്‍ക്ക് യോഗ്യതയും അയോഗ്യതയും നിശ്ചയിച്ചു. നിശ്ചയിച്ച യോഗ്യതയില്ലാത്തവര്‍ അതിവേഗം പദവി ഒഴിയണമെന്നാണു നിര്‍ദേശം. മറ്റേതെങ്കിലും ബിസിനസില്‍ പങ്കാളിത്തമുള്ളവര്‍ക്കും വേറെയേതെങ്കിലും സ്ഥാപനത്തില്‍ ജോലിചെയ്യുന്നവര്‍ക്കും മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘത്തില്‍ സി.ഇ.ഒ.പദവി വഹിക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇഷ്ടമുള്ളവരെ ഇഷ്ടംപോലെ നിയമിക്കുന്ന രീതിക്കാണു കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ തടയിട്ടത്. മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങളില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍മാരാകുന്നവര്‍ മറ്റൊരു സഹകരണസംഘത്തിലും ഡയറക്ടര്‍മാരാകാന്‍ പാടില്ല. ജനപ്രതിനിധികള്‍ക്കും ഈ പദവിക്കു വിലക്കുണ്ട്. കോടതി ആറു മാസത്തിലധികം തടവുശിക്ഷ വിധിച്ചിട്ടുള്ളവര്‍ക്കും സംഘം സി.ഇ.ഒ. ആകാനാവില്ല.

ഓഡിറ്റിന്
സി.എ. പാനല്‍

ഓരോ സാമ്പത്തികവര്‍ഷത്തിന്റെയും അവസാനത്തില്‍ ആറു മാസത്തിനുള്ളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി സെന്‍ട്രല്‍ രജിസ്ട്രാര്‍ക്കു സംഘം വാര്‍ഷികറിട്ടേണ്‍ സമര്‍പ്പിക്കണം. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ഓഡിറ്റ് നടത്തുന്നതിനായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ പാനല്‍ കേന്ദ്ര സഹകരണമന്ത്രാലയം തയാറാക്കിയിട്ടുണ്ട്. രണ്ടു വിഭാഗങ്ങളായിട്ടാണ് ഓഡിറ്റര്‍മാരുടെ പാനല്‍ തയാറാക്കിയിട്ടുള്ളത്. 500 കോടിക്കു മുകളില്‍ വാര്‍ഷിക വിറ്റുവരവോ നിക്ഷേപമോ ഉള്ള സംഘങ്ങള്‍ക്കും അതിനുതാഴെ വിറ്റുവരവുള്ള സംഘങ്ങള്‍ക്കും പ്രത്യേകമായാണ് ഓഡിറ്റര്‍മാരെ നിശ്ചയിച്ചിട്ടുള്ളത്. 500 കോടിക്കു മുകളില്‍ വിറ്റുവരവുള്ള സംഘങ്ങളിലെ ഓഡിറ്റിനു കേരളത്തില്‍ 28 പേരെയാണു നിശ്ചയിച്ചിട്ടുള്ളത്. ഇത്തരം സംഘങ്ങളില്‍ കണ്‍കറന്റ് ഓഡിറ്റര്‍മാരെ നിശ്ചയിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. സംഘത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും കണക്കുകള്‍ പരിശോധിച്ചും ക്രമക്കേട് നടക്കുന്നില്ലെന്നും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിച്ചാണു സംഘം പ്രവര്‍ത്തിക്കുന്നതെന്നും ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കണ്‍കറന്റ് ഓഡിറ്റര്‍മാര്‍ക്കാണ്. 500 കോടിയില്‍ താഴെ നിക്ഷേപമുള്ള സംഘങ്ങളില്‍ 584 ഓഡിറ്റര്‍മാരുടെ പാനലാണു കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള ഓഡിറ്റര്‍മാരാണു പാനലിലുള്ളത്.

അപക്സ്തലത്തിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ ഓഡിറ്റ്‌റിപ്പോര്‍ട്ട് ഇനിമുതല്‍ പാര്‍ലമെന്റില്‍ വെക്കും. ഓഡിറ്റിനും അക്കൗണ്ടിങ് രീതിക്കും ഏകീകൃതവ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. ക്രെഡിറ്റ് ബിസിനസ് ചെയ്യുന്ന സംഘങ്ങള്‍ക്കു റിസര്‍വ് ബാങ്കിന്റെ മാതൃകയില്‍ പ്രുഡന്‍ഷല്‍ നോംസ് ബാധകമാക്കിയിട്ടുണ്ട്. അതിനാല്‍, സംഘങ്ങള്‍ നിശ്ചിതമാനദണ്ഡത്തില്‍ കരുതല്‍ധനം, തരളധനം എന്നിവ സൂക്ഷിക്കണം. സംഘങ്ങളുടെ ഭരണസമിതിയംഗങ്ങളുമായോ അവരുടെ ബന്ധുക്കളുമായോ ഏതെങ്കിലും രീതിയില്‍ ബന്ധമുള്ളവര്‍ നടത്തുന്ന സ്ഥാപനങ്ങളുമായി സംഘം ബിസിനസില്‍ ഏര്‍പ്പെടുന്നതിനും വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഭരണസമിതിയോഗത്തില്‍ ആ അംഗം പങ്കെടുക്കാന്‍ പാടില്ല. അത്തരമൊരു തീരുമാനത്തില്‍ വോട്ടെടുപ്പുണ്ടായാല്‍ അതിലും ആ ഭരണസമിതിയംഗത്തിനു വോട്ടുചെയ്യാന്‍ അധികാരമില്ല. ഇക്കാര്യങ്ങളും കണ്‍കറന്റ് ഓഡിറ്റര്‍മാരുടെ പരിശോധനയിലും പൊതു ഓഡിറ്റ് പരിശോധനയിലും ശ്രദ്ധിക്കണമെന്നു നിര്‍ദേശിച്ചിട്ടണ്ട്.

(മൂന്നാംവഴി സഹകരണ മാസിക 2024 മാര്‍ച്ച് ലക്കം കവര്‍ സ്‌റ്റോറി)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!