കതിരൂര്‍ ബാങ്കിനു എഫ്.സി.ബി.എ.യുടെ മൂന്നു പുരസ്‌കാരങ്ങള്‍
സഹകരണബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരസ്‌കാരങ്ങള്‍ നല്‍കുന്ന ഫ്രോണ്ടിയേഴ്‌സ് ഓഫ് കോ-ഓപ്പറേറ്റീവ് ബാങ്കിങ് അവാര്‍ഡ്‌സിന്റെ (എഫ്.സി.ബി.എ) 2023-24ലെ മൂന്നു ദേശീയപുരസ്‌കാരങ്ങള്‍ കണ്ണൂര്‍ കതിരൂര്‍ സര്‍വീസ് സഹകരണബാങ്കിനു ലഭിച്ചു. മികച്ച പ്രാഥമികസഹകരണബാങ്കിനും വായ്പവളര്‍ച്ചക്കും മികച്ച മനുഷ്യവിഭവമാനേജ്‌മെന്റിനുമുള്ള പുരസ്‌കാരങ്ങളാണു ലഭിച്ചത്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ശ്രീജിത്് ചോയന്‍, സെക്രട്ടറി പി. സുരേഷ്ബാബു, ഡയറക്ടര്‍ കെ. സുരേഷ്, അസി. സെക്രട്ടറി എം. രാജേഷ്ബാബു, ശാഖാമനേജര്‍ കെ. ബൈജു എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ഈ ക്ലാസ് 1 സൂപ്പര്‍ഗ്രേഡ് ബാങ്കിനു 12 ശാഖയുണ്ട്. 1996 മുതല്‍ തുടര്‍ച്ചയായി ലാഭത്തിലാണ്. 2022-23ല്‍ ഏറ്റവും മികച്ച സഹകരണബാങ്കിനു സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന ഒന്നാംസ്ഥാനത്തിനുള്ള പുരസ്‌കാരം ബാങ്കിനു ലഭിച്ചു. നല്ല വായ്പക്കാരെ കണ്ടെത്തി വായ്പ വര്‍ധിപ്പിച്ചതും കുടിശ്ശിക കുറച്ചതും ജീവനക്കാര്‍ക്കു വിവിധ പരിശീലനങ്ങള്‍ നല്‍കിയതും ഇടപാടുകാര്‍ക്കു മികച്ച പരിഗണനയും സേവനവും കൊടുത്തതുമാണു നേട്ടത്തിനു പിന്നിലെന്നു ബാങ്കധികൃതര്‍ പറഞ്ഞു. കാര്‍ഷിക, ആരോഗ്യ, കായികമേഖലകളിലും ബാങ്കിനു പ്രവര്‍ത്തനമുണ്ട്.