രണ്ടായിരത്തിന്റെ നോട്ടുകളില്‍ തിരിച്ചെത്തിയത് 97.69 ശതമാനം

moonamvazhi

2023 മെയ് 19 നു പിന്‍വലിക്കപ്പെട്ട രണ്ടായിരത്തിന്റെ നോട്ടുകളില്‍ 97.69 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് തിങ്കളാഴ്ച അറിയിച്ചു. 2024 മാര്‍ച്ച് 29 ന്റെ കണക്കനുസരിച്ചാണ് ഇത്രയും നോട്ടുകള്‍ തിരിച്ചെത്തിയത്. ഫെബ്രുവരി 29 നു രണ്ടായിരത്തിന്റെ 97.62 ശതമാനം നോട്ടുകളേ തിരിച്ചുവന്നിരുന്നുള്ളു.

2023 മെയ് 19 നു രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കുമ്പോള്‍ 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണു സര്‍ക്കുലേഷനിലുണ്ടായിരുന്നത്. ഇതാണിപ്പോള്‍ 8202 കോടി രൂപയായി കുറഞ്ഞിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ 19 റീജ്യണല്‍ ഓഫീസുകളിലും രണ്ടായിരത്തിന്റെ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും അവസരമുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്താണു റീജ്യണല്‍ ഓഫീസ്. ഇന്ത്യന്‍ പോസ്റ്റ് വഴിയും ജനങ്ങള്‍ക്കു രണ്ടായിരത്തിന്റെ നോട്ടുകള്‍ ഏതു റീജ്യണല്‍ ഓഫീസിലേക്കും അയച്ചു ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.