അര്‍ബന്‍ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങളുടെ സാങ്കേതിക കുരുക്ക് ഇല്ലാതായി
സഹകരണ ബാങ്കുകളുടെ ഭരണസമിതി അംഗങ്ങളുടെ കാലാവധി സംബന്ധിച്ചുള്ള ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകളില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള ഭേദഗതി ബില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. സഹകരണ ബാങ്കുകളിലെ ചെയര്‍മാന്‍ അടക്കമുള്ള ഭരണസമിതി അംഗങ്ങളുടെ കാലാവധി പത്തുവര്‍ഷമാക്കികൊണ്ടുള്ളതാണ് ബില്ലിലെ വ്യവസ്ഥ. നേരത്തെ ഇത് എട്ടുവര്‍ഷമായിരുന്നു. വകുപ്പ് 10 എയിലെ ഉപവകുപ്പ് രണ്ട് എയിലാണ് ഭേദഗതി കൊണ്ടുവന്നത്. ജില്ലാബാങ്കുകളുടെ ഭരണസമിതി അംഗങ്ങള്‍ക്ക് സംസ്ഥാന സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗമാകുന്നതിനും തടസ്സമില്ലാതാക്കി.
2020 ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയിലാണ് സഹകരണ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങളുടെ കാലാവധി എട്ടുവര്‍ഷമാക്കിയത്. തുടര്‍ച്ചയായി എട്ടുവര്‍ഷത്തില്‍ കൂടുതല്‍ ഭരണസമിതി അംഗമായി തുടരുന്നത് അയോഗ്യതയാണെന്നായിരുന്നു വ്യവസ്ഥ. കേരളം അടക്കമുള്ള പല സംസ്ഥാനങ്ങളിലെയും നിയമത്തില്‍ സഹകരണ ബാങ്കുകളിലെ ഭരണസമിതിയുടെ കാലാവധി അഞ്ചുവര്‍ഷമാണ്. രണ്ടാം തവണ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ എട്ടുവര്‍ഷത്തിലേറെ തുടര്‍ച്ചയായി ഭരണസമിതിയില്‍ തുടരേണ്ടിവരും. ഈ വൈരുദ്ധ്യം റിസര്‍വ് ബാങ്കിന് മുമ്പിലും കേന്ദ്രസര്‍ക്കാരിന് മുമ്പിലും സഹകരണ മേഖലയിലുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എട്ടുവര്‍ഷം കാലാവധി എന്നത് കര്‍ശനമാക്കാന്‍ റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കുന്നതിനിടെയാണ് പുതിയ ഭേദഗതി വരുന്നത്. അര്‍ബന്‍ ബാങ്കുകളില്‍ നടത്തുന്ന പരിശോധനയില്‍, എട്ടുവര്‍ഷം കഴിഞ്ഞ ഭരണസമിതി അംഗങ്ങളുണ്ടെങ്കില്‍ അക്കാര്യം പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ഭരണപരമായ പോരായ്മയായി ചൂണ്ടിക്കാട്ടി, ബാങ്കിന് നല്‍കുന്ന മാര്‍ക്ക് കുറയ്ക്കാനുള്ള നടപടിയും തുടങ്ങിയിരുന്നു. ബി.ആര്‍. ആക്ടിലെ നേരത്തെയുള്ള ഭേദഗതി വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള ഹരജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പുണ്ടാകാത്തതിനാലാണ്, ഭരണസമിതി അംഗങ്ങളെ പുറത്താക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് റിസര്‍വ് ബാങ്ക് കടക്കാതിരുന്നത്. ഇപ്പോള്‍ കാലാവധി പത്തുവര്‍ഷമാക്കി കേന്ദ്രം നിയമത്തില്‍ മാറ്റം വരുത്തുന്നതോടെ, അര്‍ബന്‍ ബാങ്കുകള്‍ നേരിടുന്ന പ്രശ്‌നത്തിന് പരിഹാരമാകും.
ഒരാള്‍ ഒരേസമയം, രണ്ടുബാങ്കുകളുടെ ഭരണസമിതിയില്‍ അംഗമാകരുതെന്നായിരുന്നു നേരത്തെ ബി.ആര്‍.ആക്ടിലെ വ്യവസ്ഥ. ഇതിലാണ് ഇപ്പോള്‍ ഒരു മാറ്റം കൊണ്ടുവന്നിട്ടുള്ളത്. ജില്ലാസഹകരണ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണസമിതി അംഗമാകാമെന്നാണ് മാറ്റം. എന്നാല്‍, കേരളബാങ്ക് നേരിടുന്ന ഒരു പ്രശ്‌നത്തിന് ഈ ഭേദഗതിയിലും പരിഹാരമുണ്ടായിട്ടില്ല. അര്‍ബന്‍ ബാങ്കുകള്‍ കേരളബാങ്കിന്റെ അംഗങ്ങളാണ്. ഇതിന്റെ പ്രതിനിധി കേരളബാങ്കിന്റെ ഭരണസമിതിയിലും അംഗമാണ്. ബി.ആര്‍.ആക്ടിലെ നിലവിലെ വ്യവസ്ഥ അനുസരിച്ച് ഇതിന് അനുമതിയില്ല. അര്‍ബന്‍ ബാങ്കിനെയും കേരളബാങ്കിനെയും രണ്ടുബാങ്കുകള്‍ എന്നരീതിയിലാണ് റിസര്‍വ് ബാങ്ക് പരിഗണിക്കുന്നത്. ജില്ലാബാങ്കുകള്‍ക്ക് മാത്രമാണ് ഭേദഗതി ബില്ലിലും ഇളവുള്ളത്. അതിനാല്‍, കേരളബാങ്കിന് മുകളില്‍ ഇപ്പോഴും ഒരു ഭീഷണി നിലനില്‍ക്കുന്നുണ്ട്.