നാല് അര്‍ബന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴയിട്ടു
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു റിസര്‍വ് ബാങ്ക് വിവിധ സംസ്ഥാനങ്ങളിലെ നാല് അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു പിഴശിക്ഷ വിധിച്ചു. ജോഗീന്ദ്ര സെന്‍ട്രല്‍ സഹകരണ ബാങ്ക്, ഫത്തേഹാബാദ് സെന്‍ട്രല്‍ സഹകരണ ബാങ്ക്, പനവേല്‍ അര്‍ബന്‍ സഹകരണ ബാങ്ക്, അംബര്‍നാഥ് ജയ്ഹിന്ദ് സഹകരണ ബാങ്ക് എന്നിവയെയാണു തിങ്കളാഴ്ച ശിക്ഷിച്ചത്.
ശിക്ഷിക്കപ്പെട്ട രണ്ട് അര്‍ബന്‍ ബാങ്കുകള്‍ മഹാരാഷ്ട്രയില്‍ നിന്നാണ്. റായ്ഗഢിലെ പനവേല്‍ അര്‍ബന്‍ ബാങ്കാണ് ഇതിലൊന്ന്. സൂപ്പര്‍വൈസറി ആക്ഷന്‍ ഫ്രെയിംവര്‍ക്കിനു കീഴിലെ വ്യവസ്ഥകള്‍ ലംഘിച്ചതാണു കുറ്റം. ഒരു ലക്ഷം രൂപയാണ് ഈ ബാങ്ക് പിഴയൊടുക്കേണ്ടത്. അംബര്‍നാഥ് ജയ്ഹിന്ദ് ബാങ്കാണു രണ്ടാമത്തേത്. ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ പരിപാലിക്കാത്ത കുറ്റത്തിനു മൂന്നു ലക്ഷം രൂപയാണു പിഴയിട്ടത്.
ഹിമാചല്‍ പ്രദേശിലെ സോളാനിലെ ജോഗീന്ദ്ര സെന്‍ട്രല്‍ സഹകരണ ബാങ്കിനു മൂന്നര ലക്ഷം രൂപയാണു പിഴയിട്ടത്. ക്രമക്കേടുകള്‍ക്കെതിരെ നബാര്‍ഡ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിച്ചതാണു കുറ്റം. ഹരിയാന ഫത്തേഹാബാദിലെ സെന്‍ട്രല്‍ സഹകരണ ബാങ്കിനു രണ്ടു ലക്ഷം രൂപയാണു പിഴയിട്ടത്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ 56-ാം സെക്ഷനിലെ 26 എ ( 2 ) യിലെ വ്യവസ്ഥകള്‍ പാലിച്ചില്ല എന്നതാണു കുറ്റം. കഴിഞ്ഞാഴ്ച വിവിധ കുറ്റങ്ങളുടെ പേരില്‍ റിസര്‍വ് ബാങ്ക് അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്കു മൊത്തം 60.30 ലക്ഷം രൂപ പിഴയിട്ടിരുന്നു.