യു.പി.ഐ. ഇടപാടില്‍ ഗൂഗിള്‍പേ, ഫോണ്‍പേ കമ്പനികളുടെ ആധിപത്യം കുറയ്ക്കാന്‍ നടപടിയുണ്ടായേക്കും

moonamvazhi

ചെറുകിട ഫിന്‍ടെക് കമ്പനികള്‍ക്ക് യു.പി.ഐ. ഇടപാട് രംഗത്ത് വളരാന്‍ പാകത്തില്‍ പുതിയ പരിഷ്‌കാരം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. യു.പി.ഐ. ഇടപാടുകളില്‍ ഫോണ്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയ കമ്പനികളുടെ വര്‍ദ്ധിച്ചുവരുന്ന വിപണി ആധിപത്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണിത്. 86 ശതമാനം ഇടപാടുകളും ഗൂഗിള്‍പേ, ഫോണ്‍പേയുമാണ് നിയന്ത്രിക്കുന്നത്. വിപണിയില്‍ ആധിപത്യ സ്വഭാവത്തോടെയുള്ള നിയന്ത്രണം നല്ലതല്ലെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്.

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഫിന്‍ടെക് കമ്പനികള്‍ക്ക് കൂടി വിപണി വിഹിതം ലഭിക്കുന്ന രീതിയില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതായത്, ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകള്‍വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ചെറുകിട ആഭ്യന്തര കമ്പനികള്‍ക്ക് കൂടി വളര്‍ച്ചയ്ക്കുള്ള അവസരം ഉണ്ടാക്കണം എന്ന നിലയിലാണ് ഗൂഗിള്‍പേ, ഫോണ്‍പേ എന്നിവയെ നിയന്ത്രിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഇന്ത്യയില്‍ യു.പി.ഐ. സേവനം നല്‍കുന്ന ഏറ്റവും വലിയ കമ്പനിയായ പേ ടി.എമ്മിന്റെ വിപണി വിഹിതം മാര്‍ച്ച് അവസാനത്തെ കണക്കുകള്‍ പ്രകാരം 9 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പേടിഎമ്മിനെതിരെ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളാണ് ഇതിന് കാരണമായത്. നേപ്പാള്‍ സിങ്കപ്പൂര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിയങ്ങളില്‍ യു.പി.ഐ. പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫോണ്‍പേ നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യാന്തര പെയ്‌മെന്റുകള്‍ക്കായി യു.പി.ഐ. വിപുലീകരിക്കാന്‍ ഈ വര്‍ഷം ആദ്യം ഗൂഗിള്‍പേയും എന്‍.പി.സി.ഐ.യുമായി കരാറുണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം അവരുടെ വിപണി ആാധിപത്യം കൂട്ടാന്‍ സഹായിക്കും. ഈ സാഹചര്യത്തിലാണ് ചെറുകിട ഫിന്‍ടെക് കമ്പനികള്‍ക്ക് പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Leave a Reply

Your email address will not be published.