സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നല്‍കിയ കോടികളുടെ കുടിശ്ശിക വായ്പ തിരിച്ചുപിടിച്ച് കേരളബാങ്ക്

moonamvazhi
  •  നെല്ല് സംഭരണത്തിന് സപ്ലൈകോയ്ക്ക് നല്‍കിയപണം കാര്‍ഷികവായ്പയാക്കി മാറ്റി
  • കെ.ടി.ഡി.എഫ്.സി. നല്‍കാനുള്ള കുടിശ്ശിക 425 കോടിരൂപ തിരിച്ചുപിടിച്ചു

 

കോടികളുടെ കുടിശ്ശിക വായ്പ തിരിച്ചുപിടിച്ച് നിര്‍ണായക ചുവടുവെപ്പുമായി കേരളബാങ്ക്. സപ്ലൈകോ, കെ.ടി.ഡി.എഫ്.സി. എന്നിവയ്ക്ക് നല്‍കിയ വായ്പയാണ് കേരളാബാങ്കിനെ പ്രതിസന്ധിയിലാക്കിയിരുന്നത്. ഇതില്‍ നിഷ്‌ക്രിയ ആസ്തിയായ മാറിയ അത്രയും തുകയ്ക്ക് കേരളബാങ്ക് ലാഭത്തില്‍നിന്ന് കരുതല്‍ മാറ്റിവെക്കേണ്ടി വന്നിരുന്നു. അതില്‍നിന്ന് മോചിതമാകുന്നതോടെ, കേരളബാങ്ക് ഈ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച ലാഭം നേടാനുള്ള സാധ്യതയാണുള്ളത്.

കെ.ടി.ഡി.എഫ്.സി.ക്ക് നല്‍കിയ 425 കോടിയും നെല്ല് സംഭരണത്തിന് നല്‍കിയ 991 കോടിരൂപയുമാണ് കുടിശ്ശികയായത്. ഇതില്‍ 775 കോടിരൂപ കേരളബാങ്കിന് തിരിച്ചടവ് ലഭിക്കുന്ന വിധത്തിലാണ് ധാരണയുണ്ടാക്കിയത്. ഇതിന് സര്‍ക്കാരും സഹായം നല്‍കി. കേരളബാങ്കിന് അടച്ചുതീര്‍ക്കാനുള്ള പണം കെ.ടി.ഡി.എഫ്.സി.ക്ക് നല്‍കിയത് സര്‍ക്കാരാണ്. കെ.ഡടി.ഡി.എഫ്.സി.യുടെ സ്വത്തുക്കള്‍ വിറ്റ് മൂലധനശേഷി കണ്ടെത്തണമെന്നും സര്‍ക്കാര്‍ അവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രണ്ടുതുല്യഗഡുക്കളായി കേരളബാങ്കിന് പണം നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ ആദ്യഗഡുവായ 212.5 കോടിരൂപ കെ.ടി.ഡി.എഫ്.സി. നല്‍കി. രണ്ടാം ഗഡു ഏപ്രില്‍ മാസത്തില്‍തന്നെ നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

നെല്ല് സംഭരണത്തിനായി സപ്ലൈകോയ്ക്ക് പി.ആര്‍.എസ്. വായ്പയായി 991 കോടിരൂപയാണ് കേരളബാങ്ക് നല്‍കിയത്. ഇതില്‍ സപ്ലൈകോ തിരിച്ചടക്കാതിരുന്നതിനാല്‍ 776 കോടിരൂപ കുടിശ്ശികയായി. കുടിശ്ശികയായ തുകയില്‍ 350 കോടിരൂപ സപ്ലൈകോ കേരളാബാങ്കിന് തിരിച്ചടച്ചു. ബാക്കി തുകയാണ് കാര്‍ഷികവായ്പയാക്കി മാറ്റിയത്. കേരളബാങ്കിന്റെ നടപടിക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്. നെല്ല് സംഭരണത്തിന് കര്‍ഷകരുടെ പേരില്‍ നല്‍കുന്ന വായ്പ, വിളവെടുപ്പാനന്തരമുള്ള ചെലവിനുള്ള വായ്പയായി കണക്കാക്കാം. ഈ വ്യവസ്ഥയിലാണ് കാര്‍ഷിക വായ്പയാക്കി മാറ്റിയത്.

കാര്‍ഷികവായ്പ നിഷ്‌ക്രിയ ആസ്തിയായി മാറുന്നതിനുള്ള മാനദണ്ഡത്തില്‍ മാറ്റമുണ്ട്. ഹ്രസ്വകാല വായ്പയാണെങ്കില്‍, രണ്ടുവിളവെടുപ്പ് കാലം വരെ വായ്പ നിഷ്‌ക്രിയ ആസ്തിയായി മാറില്ല. ദീര്‍ഘകാല വായ്പയാണെങ്കില്‍ ഒരുവര്‍ഷം കൂടി അധികകാലാവധി ലഭിക്കും. ഇത് കേരളബാങ്കിനും സപ്ലൈകോയ്ക്കും ആശ്വാസകരമാകുന്ന നടപടിയാണ്.

കേരളാബാങ്കിന്റെ മൂലധന പര്യാപ്തത റിസര്‍വ് ബാങ്ക് നിശ്ചയിച്ച നിരക്കില്‍നിന്ന് കുറഞ്ഞാല്‍ സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നാണ് ബാങ്ക് രൂപവത്കരണത്തിന് അനുമതി നല്‍കുമ്പോള്‍ ആര്‍.ബി.ഐ. വ്യവസ്ഥ വെച്ചിരുന്നു. അതിനാല്‍, സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നല്‍കിയ വായ്പ കുടിശ്ശികായി ബാങ്ക് പ്രതിസന്ധിയിലായാല്‍ അത് സര്‍ക്കാരിന് ഇരട്ടി ബാധ്യതയാകുന്ന സ്ഥിതിയാകും. അതിനാല്‍, പുതിയ നടപടി സര്‍ക്കാരിനെ സംബന്ധിച്ചും ആശ്വാസമാണ്.

Leave a Reply

Your email address will not be published.