ആര്‍.ബി.ഐ.യുടെ വാദം തള്ളി; മലപ്പുറത്തെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവെച്ചു

moonamvazhi

മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി അംഗീകരിച്ചു. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ലയന നടപടി ശരിവെച്ച് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ അമിത് റാവല്‍, സി.എസ് സുധ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.കേരള ബാങ്കില്‍ ലയിപ്പിച്ച സഹകരണ റജിസ്ട്രാറുടെ ഉത്തരവ് ചോദ്യംചെയ്ത് മലപ്പുറം ജില്ലാബാങ്ക് പ്രസിഡന്റായിരുന്ന യു.എ.ലത്തീഫ് എംഎല്‍എ, പി.ടി.അജയ മോഹന്‍, മലപ്പുറം ജില്ലയിലെ 93 പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസിഡന്റുമാര്‍ എന്നിവരായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി 2023 ഒക്ടോബറില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതാണ്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് വ്യാഴാഴ്ച തള്ളിയത്.

14 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി കൂട്ടിച്ചേര്‍ക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കുന്നത് 2018 ആഗസ്റ്റ് മൂന്നിനാണ്. കേരള സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇത് പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. 13ജില്ലാസഹകരണ ബാങ്കുകള്‍ ലയനനടപടിയെ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 ആഗസ്റ്റ് ഏഴിന് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കുന്നത്. മലപ്പുറം ജില്ലാബാങ്കിന്റെ പൊതുയോഗം ലയനത്തിനുള്ള പ്രമേയം അംഗീകരിച്ചില്ല. 13ജില്ലാസഹകരണ ബാങ്കുകള്‍ ലയനനടപടിയെ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 ആഗസ്റ്റ് ഏഴിന് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കുന്നത്. മലപ്പുറത്തെ നിര്‍ബന്ധിത ലയനത്തിന് വിധേയമാക്കുന്നതിന് കേരള സഹകരണ സംഘം നിയമത്തില്‍ വകുപ്പ് 74(എച്ച്)ലെ ഉപവകുപ്പ് എ(1) ആയി ഭേദഗതി കൊണ്ടുവന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി തീര്‍പ്പുണ്ടാക്കിയത്.

അനുമതി നല്‍കുകയും കേരളബാങ്കിന്റെ രൂപീകരണം നടക്കുകയും ചെയ്തതിന് ശേഷം എതിര്‍പ്പുന്നയിക്കുന്ന ശരിയല്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. അതിനാല്‍, ആര്‍.ബി.ഐ. ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി. സിംഗിള്‍ ബെഞ്ച് വിധി പുനപ്പരിശോധിക്കണെന്ന യു.എ.ലത്തീഫ് അടക്കമുള്ളവരുടെ അപ്പീലും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.

ആര്‍.ബി.ഐ. ഉന്നയിച്ച വാദങ്ങള്‍

*2020ല്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വന്നതോടെ, ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളില്‍ ലയിപ്പിക്കുന്നതിനുള്ള സ്‌കീം റിസര്‍വ് ബാങ്ക് പരിശോധിച്ചതിന് ശേഷമാകും അനുമതി നല്‍കേണ്ടതെന്ന് നിയമത്തിലെ വകുപ്പ് 44 (എ), വകുപ്പ് 56 എന്നിവയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

* പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടങ്കില്‍ തത്വത്തില്‍ അനുമതി നല്‍കാവൂവെന്നാണ് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പുതിയ വ്യവസ്ഥ. ഇത് കേരളാബാങ്കിന് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുമ്പോള്‍ നിലവിലുണ്ടായിരുന്നില്ല.

* ഡി.ഐ.സി.ജി.സി. ആക്ടിന്റെ വകുപ്പ് 2 (ജി.ജി) അനുസരിച്ചുള്ള എലിജിയബിള്‍ കോഓപ്പറേറ്റീവ് ബാങ്ക് എന്ന നിര്‍വചനത്തിന് എതിരാകുന്ന നടപടിയാണ് സംസ്ഥാന നിയമത്തിലെ ഭേദഗതിയും അതനുസരിച്ചുള്ള ലയനനടപടിയും

* 2020-ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ച് ബാങ്കുകളുടെ സ്വാഭവിക ലയനം, നിര്‍ബന്ധിത ലയനം എന്നിവയ്‌ക്കെല്ലാമുള്ള വ്യവസ്ഥ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്. 2020 ഡിസംബര്‍ 23ന് ഇതിനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍, മലപ്പുറം ജില്ലാസഹകരണ ബാങ്കിന്റെ ലയനം ബി.ആര്‍. ആക്ടിലെ വകുപ്പ് 44(എ), 45 എന്നിവയ്ക്ക് അനുസരിച്ചാകണം.

* സംസ്ഥാന സഹകരണ സംഘം നിയമത്തിലെ വകുപ്പ് 74(എച്ച്) ല്‍ കൊണ്ടുവന്ന ഭേദഗതി ഡി.ഐ.സി.ജി.സി. ആക്ടിലെ 2 (ജി.ജി.)(ഐ) വകുപ്പിന് വരുദ്ധവും 2 (ജി.ജി.) വകുപ്പിന്റെ അന്തസത്തയ്ക്ക് എതിരുമാണ്.

* സംസ്ഥാന നിയമത്തിലെ നിര്‍ബന്ധിത ലയനത്തിനുള്ള വ്യവസ്ഥ അനുസരിച്ച് നടപടി സ്വീകരിച്ചാല്‍ ആ ജില്ലാബാങ്കിന് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷ നഷ്ടമാകും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!