ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരപരിശോധനക്ക്     എന്‍.സി.ഒ.എലും അമുലും ലാബുകള്‍ സ്ഥാപിക്കും

moonamvazhi
  • ഇന്ത്യയെ ഏറ്റവും വലിയ ജൈവഭക്ഷണോല്‍പ്പാദക രാജ്യമാക്കും
  • ജൈവക്കൃഷി പ്രോത്സാഹിപ്പിച്ച് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും 

രാജ്യത്ത് രണ്ടുമൂന്നു വര്‍ഷത്തിനകം എല്ലാത്തരം സസ്യഭക്ഷ്യോല്‍പ്പന്നങ്ങളും ഭാരത് ബ്രാന്റില്‍ ലഭ്യമാവും. ഭാരത് ബ്രാന്റിലൂടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ലോകവിപണിയിലുമെത്തും. ദേശീയജൈവ സഹകരണസ്ഥാപനം (നാഷണല്‍ കോ-ഓപ്പറേറ്റീവ് ഓര്‍ഗാനിക്‌സ് ലിമിറ്റഡ് – എന്‍.സി.ഒ.എല്‍) ഉത്തരാഖണ്ഡ് ജൈവോല്‍പ്പന്ന ബോര്‍ഡുമായി (ഉത്തരാഖണ്ഡ് ഓര്‍ഗാനിക് കമ്മോഡിറ്റി ബോര്‍ഡ് യു.ഒ.സി.ബി) ഡല്‍ഹിയില്‍ ധാരണാപത്രം ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചതാണിത്.

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ജൈവഭക്ഷണോല്‍പ്പാദക രാജ്യമാക്കണമെന്നതാണു ലക്ഷ്യം. ഇതില്‍ സഹകരണസ്ഥാപനങ്ങള്‍ക്കു പ്രധാനപങ്കുണ്ട്. എല്ലാ ജൈവോല്‍പ്പന്നവും എന്‍.സി.ഒ.എല്‍ വാങ്ങും. എന്‍.സി.ഒ.എലില്‍നിന്നുള്ള ലാഭം ഏതാനും വര്‍ഷത്തിനകം നേരിട്ടു കര്‍ഷകരുടെ ബാങ്ക്അക്കൗണ്ടുകളിലെത്തിക്കും. സംഘങ്ങളിലൂടെ ക്ഷീരമേഖലയില്‍ രാജ്യമെങ്ങും ഇതു ചെയ്യുന്നുണ്ട്. സമാനമായിരിക്കും ജൈവോല്‍പ്പന്നക്കാര്യത്തിലും. സഹകരണപ്രസ്ഥാനത്തിലൂടെയേ ഇതൊക്കെ കഴിയൂ. ജൈവക്കൃഷിഭൂമിയുടെയും ജൈവോല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാന്‍ എന്‍.സി.ഒ.എലും അമുലും അന്താരാഷ്ട്രനിലവാരമുള്ള ലാബുകള്‍ സ്ഥാപിക്കും. കര്‍ഷകര്‍ രാസവളം നിര്‍ത്തി പൂര്‍ണമായി ജൈവരീതിയിലേക്കു വരണം- അമിത് ഷാ നിര്‍ദേശിച്ചു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണു യത്‌നം. ഇതിനു ജൈവക്കൃഷിപ്രോത്സാഹനം പ്രധാനമാണ്. ജൈവോല്‍പ്പന്നങ്ങളുടെ ഗുണം ഇന്നു ലോകത്തെല്ലാവര്‍ക്കും അറിയാം. അവയ്ക്കു വലിയ ആഗോളവിപണിയുണ്ട്. ഈ രംഗത്ത് ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിപ്പിച്ചാല്‍ കര്‍ഷകരുടെ വരുമാനം കൂടും. പൗരരുടെ ആരോഗ്യവും ജൈവോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ മെച്ചപ്പെടും. രാസവളമിട്ടു വളര്‍ത്തുന്ന ഉല്‍പ്പന്നങ്ങളുടെ ഉപയോഗം പല രോഗങ്ങളും ഉണ്ടാക്കുന്നുണ്ട്. രാസവളങ്ങള്‍ ഭൂമിയുടെ ഗുണവും കുറയ്ക്കും. പല സംസ്ഥാനത്തും ഭൂമി സിമന്റ് പോലെ കട്ടയാവുകയാണ്. ഇതു വെള്ളപ്പൊക്കസാധ്യത കൂട്ടുന്നു. ജൈവക്കൃഷിയാണെങ്കില്‍ ഭൂഗര്‍ഭജലനില ഉയരുകയും ജലം സംരക്ഷിക്കപ്പെടുകയും ഉല്‍പ്പാദനം വര്‍ധിക്കുകയും ഉപഭോക്താക്കളുടെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. പക്ഷേ, ജൈവക്കൃഷി വേണ്ടവിധം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല.

ജൈവോല്‍പ്പന്നഗുണനിലവാരം പരിശോധിക്കാന്‍ വേണ്ടത്ര സംവിധാനം ഉണ്ടായിരുന്നില്ലെന്നതിനാല്‍ കര്‍ഷകര്‍ക്കു വലിയ വില കിട്ടിയിരുന്നില്ല. അവ ഉപയോഗിക്കാന്‍ ആളുകള്‍ക്കു മടിയും ഉണ്ടായിരുന്നു. ഇതു പരിഹരിക്കാനാണ് എന്‍.സി.ഒ.എല്‍ സ്ഥാപിച്ചത്. എന്‍.സി.ഒ.എലും അമുലും ഭാരത്, അമുല്‍ ബ്രാന്റുകളില്‍ വിശ്വസനീയമായ ജൈവോല്‍പ്പന്നങ്ങള്‍ വില്‍ക്കും. സഹകരണസ്ഥാപനങ്ങളുടെ ലക്ഷ്യം പണമുണ്ടാക്കലല്ലാത്തതിനാല്‍, ഭാരത് ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍ നിലവാരവും ജൈവികഗുണങ്ങളും ഉള്ളതും വിലകുറഞ്ഞതുമായിരിക്കും. വൈകാതെ ഭാരത് വിശ്വസനീയബ്രാന്റാവും.

രാജ്യത്തെങ്ങുമുള്ള ജൈവക്കര്‍ഷകരോട് എന്‍.സി.ഒ.എലില്‍ ചേരാന്‍ ഷാ അഭ്യര്‍ഥിച്ചു. ജൈവകര്‍ഷകരുടെ എല്ലാ ജൈവഅരിയും ഗോതമ്പും ധാന്യങ്ങളും സര്‍ക്കാര്‍ വാങ്ങും. കൃഷിസ്ഥലങ്ങള്‍ പൂര്‍ണമായും ജൈവികമാക്കാനും മറ്റുകര്‍ഷകരെ ഇതിനു പ്രേരിപ്പിക്കാനും അദ്ദേഹം ഉത്തരാഖണ്ഡിലെ കര്‍ഷകരോട് അഭ്യര്‍ഥിച്ചു. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ ജൈവഭക്ഷ്യോല്‍പ്പാദക രാജ്യമാക്കാനാണു കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നക്കയറ്റുമതിക്കായി സഹകരണസ്ഥാപനം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസഹകരണസഹമന്ത്രി കൃഷ്ണപാല്‍ ഗുര്‍ജര്‍, ഉത്തരാഖണ്ഡ് കൃഷി-കര്‍ഷകക്ഷേമമന്ത്രി ഗണേഷ് ജോഷി, കേന്ദ്രസഹകരണമന്ത്രാലയ സെക്രട്ടറി ആശിഷ്‌കുമാര്‍ ഭൂട്ടാനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.