‘സഹകരണ സംഘം ഭരണസമിതി പിരിച്ചുവിടാനുള്ള വ്യവസ്ഥ സസ്‌പെന്‍ഷന്‍ നടപടിക്ക് ബാധകമാക്കാനാകില്ല’

moonamvazhi
  • നിര്‍ണായക വിധി ഇടുക്കിയിലെ നെടുങ്കണ്ടം ഡീലേഴ്‌സ് സഹകരണസംഘം നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഫുള്‍ബെഞ്ചിന്റേത്.
  • സംഘം ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ നിലവിലെ സഹകരണ സംഘം നിയമത്തിലില്ല.

സഹകരണ സംഘങ്ങളുടെ ഭരണസമിതികളെ സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ നിര്‍ണയാകമായ ഉത്തരവിറക്കി ഹൈക്കോടതി. നിയമത്തിലും ചട്ടത്തിലും വ്യവസ്ഥയില്ലെങ്കിലും ഭരണസമിതിയെ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഡ് ചെയ്യാമെന്നാണ് കോടതിയുടെ ഉത്തരവ്. ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ പാടുള്ളൂവെന്നും ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സതീഷ് നൈനാന്‍, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന ഫുള്‍ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.

ഇടുക്കിയിലെ നെടുങ്കണ്ടം ഡീലേഴ്‌സ് സഹകരണസംഘം ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്ത സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ നടപടിക്കെതിരെയുള്ള ഹരജിയാണ് ഹൈക്കോടതി ഫുള്‍ബെഞ്ച് പരിഗണിച്ചത്. ജോയിന്റ് രജിസ്ട്രാറുടെ നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. പിന്നീട് ഭരണസമിതിയുടെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സസ്‌പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കി. നിയമപ്രശ്‌നം പരിഗണിക്കാന്‍ മൂന്നംഗ ഫുള്‍ ബെഞ്ചിന് അയക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം നിയമസഭ പാസാക്കിയ സഹകരണ സംഘം നിയമത്തിന്റെ ഭേദഗതിയിലാണ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ കൊണ്ടുവന്നത്. എന്നാല്‍, ഈ ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ഇതുവരെ നിയമമായിട്ടില്ല. നിലവില്‍ ഭരണസമിതിയെ പിരിച്ചുവിടാനുള്ള വ്യവസ്ഥകളാണ് സഹകരണ സംഘം നിയമത്തിലുള്ളത്. സഹകരണ സംഘങ്ങള്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഭരണസമിതി പിരിച്ചുവിടാനാകൂ എന്ന നിയമവ്യവസ്ഥ സസ്‌പെന്‍ഷന്‍ നടപടികള്‍ക്ക് ബാധകമല്ലെന്നാണ് ഇപ്പോള്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്.

സസ്‌പെന്‍ഡ് ചെയ്യാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ലാത്തതിനാല്‍, അന്വേഷണം പൂര്‍ത്തിയാക്കിയശേഷം ഗുരുതര വീഴ്ച കണ്ടെത്തിയാല്‍ ഭരണസമിതി പിരിച്ചുവിടാനേ നിയമം അനുശാസിക്കുന്നുള്ളൂ എന്നായിരുന്നു നേരത്തേ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവവ്. എന്നാല്‍, അന്വേഷണവുമായി ഭരണസമിതി സഹകരിക്കാത്ത സാഹചര്യങ്ങളില്‍ സസ്‌പെന്‍ഷന്‍ നടപടിയാകാമെന്ന് മറ്റൊരു ഡിവിഷന്‍ ബെഞ്ചും ഉത്തരവിട്ടു. ഒരേ വിഷയത്തില്‍ രണ്ട് ഡിവിഷന്‍ ബെഞ്ചുകള്‍ വ്യത്യസ്ഥ നിലപാട് സ്വീകരിച്ചതോടെയാണ് നിയമപ്രശ്‌നം ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ സഹകരണസംഘം ഭരണസമിതികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ രജിസ്ട്രാര്‍ക്ക് അധികാരമുണ്ട്. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളില്‍ ഈ അധികാരം പ്രയോഗിക്കാം. സഹകരണനിയമത്തിലും ചട്ടങ്ങളിലും സസ്‌പെന്‍ഡ് ചെയ്യാന്‍ വ്യവസ്ഥയില്ല എന്നത് ഇതിന് തടസ്സമല്ലെന്നാണ് ഇപ്പോള്‍ ഫുള്‍ബെഞ്ചിന്റെ വിധി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!