സ്‌മോള്‍ ഫിനാന്‍സ് ബാങ്കിനുള്ള രണ്ട് അപേക്ഷ കൂടി റിസര്‍വ് ബാങ്ക് നിരസിച്ചു

moonamvazhi
  • ആകെ കിട്ടിയ 13 അപേക്ഷകള്‍ 11 എണ്ണവും തള്ളി
  • സഹകരണ ബാങ്കുകള്‍ നല്‍കിയ അപേക്ഷയും റിസര്‍വ് ബാങ്ക് പരിഗണിച്ചില്ല

ചെറുകിട ധനകാര്യ ബാങ്കുകള്‍ ( സ്മോള്‍ ഫിനാന്‍സ് ബാങ്ക് – SFB ) സ്ഥാപിക്കാനുള്ള രണ്ടു സ്ഥാപനങ്ങളുടെ അപേക്ഷകൂടി റിസര്‍വ് ബാങ്ക് നിരസിച്ചു. 2023 ജൂലായില്‍ മൂന്നു സ്ഥാപനങ്ങളുടെ അപേക്ഷയും ഇതുപോലെ നിരസിച്ചിരുന്നു. ആകെ പതിനൊന്നു സ്ഥാപനങ്ങളുടെ അപേക്ഷകളാണ് ഇതുവരെ തള്ളിയത്. അതേസമയം, രണ്ടു സ്ഥാപനങ്ങളുടെ അപേക്ഷ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണെന്നു ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ദ്വാര ക്ഷേത്രീയ ഗ്രാമീണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടാലി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ അപേക്ഷകളാണ് ഏറ്റവുമൊടുവിലായി തള്ളിയത്. യൂണിവേഴ്സല്‍ ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും സ്ഥാപിക്കാനായി ഇതുവരെ ആകെ 13 അപേക്ഷകളാണു തങ്ങള്‍ക്കു കിട്ടിയിട്ടുള്ളതെന്നു റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. രണ്ട് അപേക്ഷകള്‍ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്. ചെറുകിട ധനകാര്യ ബാങ്കിനു അനുമതി തേടിക്കൊണ്ടുള്ള ഫിനോ പേമെന്റ്സ് ബാങ്കിന്റെ അപേക്ഷ ലഭിച്ചത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. ഒഡിഷ ഭുവനേശ്വറിലെ മൈക്രോ വായ്പാസ്ഥാപനമായ അന്നപൂര്‍ണ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അപേക്ഷ കിട്ടിയതു കഴിഞ്ഞ കൊല്ലം ജനുവരിയിലാണ്. യൂണിവേഴ്സല്‍ ബാങ്ക് ലൈസന്‍സിനാണ് ഈ സ്ഥാപനം അപേക്ഷിച്ചത്. ഈ രണ്ട് അപേക്ഷകളും റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്.

യൂണിവേഴ്സല്‍ ബാങ്കുകള്‍ക്കുവേണ്ടിയുള്ള ഓണ്‍ ടാപ് ലൈസന്‍സിങ് മാര്‍ഗനിര്‍ദേശപ്രകാരം അയച്ച അപേക്ഷകളില്‍ പതിനൊന്നെണ്ണം ഇതുവരെ തള്ളിയിട്ടുണ്ടയു.എ.ഇ. എക്സ്ചേഞ്ച് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ദ റിപാട്രിയേറ്റ്സ് കോ-ഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡവലപ്മെന്റ് ബാങ്ക് ലിമിറ്റഡ് ( REPCO Bank ), ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ പങ്കജ് വൈഷ് ആന്‍ഡ് അദേഴ്സ്, വി സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീ അഖില്‍കുമാര്‍ ഗുപ്ത, ദ്വാര ക്ഷേത്രീയ ഗ്രാമീണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, കോസ്മിയ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ടാലി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ അപേക്ഷകളും റിസര്‍വ് ബാങ്ക് നിരസിച്ചിട്ടുണ്ട്.

സ്വകാര്യമേഖലയില്‍ യൂണിവേഴ്സല്‍ ബാങ്കുകള്‍ക്കും ചെറുകിട ധനകാര്യ ബാങ്കുകള്‍ക്കും ഓണ്‍ ടാപ് ലൈസന്‍സ് നല്‍കാനുള്ള മാര്‍ഗരേഖകള്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചതു യഥാക്രമം 2016 ആഗസ്റ്റ് ഒന്നിനും 2019 ഡിസംബര്‍ അഞ്ചിനുമാണ്. ഇതനുസരിച്ചു 13 അപേക്ഷകളാണു റിസര്‍വ് ബാങ്കിനു ലഭിച്ചത്. ദ്വാരക്ഷേത്രീയ ഗ്രാമീണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രെവറ്റ് ലിമിറ്റഡ്, ടാലി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ അപേക്ഷകള്‍ വിലയിരുത്തിയതില്‍ ചെറുകിട ധനകാര്യ ബാങ്കുകള്‍ സ്ഥാപിക്കാന്‍ ഇവയ്ക്കു അനുമതി നല്‍കുന്നതിനോട് തത്വത്തില്‍ യോജിപ്പില്ലെന്നു റിസര്‍വ് ബാങ്ക് അഭിപ്രായപ്പെട്ടു. ബാക്കിയുള്ള രണ്ട് അപേക്ഷകളിലും പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. 2022 മെയ് മാസം ആറ് അപേക്ഷകളില്‍ റിസര്‍വ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചിരുന്നു.

ഒരു യൂണിവേഴ്സല്‍ ബാങ്കിനു തുടക്കത്തില്‍ അടച്ചുതീര്‍ത്ത കുറഞ്ഞ വോട്ടിങ് ഇക്വിറ്റി 500 കോടി രൂപയായിരിക്കുമെന്നാണു മാര്‍ഗനിര്‍ദേശങ്ങളിലുണ്ടായിരുന്നത്. തുടര്‍ന്നങ്ങോട്ട് കുറഞ്ഞ നെറ്റ്വര്‍ത്ത് ( ബാങ്കിന്റെ എല്ലാ ബാധ്യതകളും തീര്‍ത്തു ബാക്കിവരുന്ന തുക ) 500 കോടി രൂപയായി ഉണ്ടായിരിക്കണം. എന്നാല്‍, ചെറുകിട ധനകാര്യ ബാങ്കുകളുടെ കാര്യത്തില്‍ അടച്ചുതീര്‍ത്ത കുറഞ്ഞ വോട്ടിങ് മൂലധനം 200 കോടി രൂപയാണ്. ചെറുകിട ധനകാര്യ ബാങ്കായി മാറാനാഗ്രഹിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു തുടക്കത്തില്‍ നെറ്റ്വര്‍ത്ത് 100 കോടി രൂപ മതി. ഇത് അഞ്ചു കൊല്ലംകൊണ്ട് 200 കോടിയാക്കിയാല്‍ മതി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!