കേന്ദ്രപദ്ധതികള്‍ പ്രാഥമിക സംഘങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രശമ്പളത്തില്‍ പരിശീലകരെ വെക്കുന്നു

moonamvazhi
  • 385 എം.ബി.എ.ക്കാര്‍ക്ക് അവസരം
  •  പ്രതിഫലം പ്രതിമാസം 25,000 രൂപ
  • കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി മൂന്നു വര്‍ഷത്തേക്ക്

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ പ്രാദേശിക തലത്തില്‍ കാര്യക്ഷമമായി എത്തിക്കുന്നതിന് പ്രത്യേകം ഇന്റേണികളെ നിയമിക്കുന്നു. ഓരോ സംസ്ഥാനത്തെയും സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്ക് കീഴിലാണ് ഇവരുടെ നിയമനം. മറ്റ് സംസ്ഥാനങ്ങളില്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഓരോ ആളെ ഇത്തരത്തില്‍ നിയമക്കിനാകും. കേരളത്തില്‍ ജില്ലാസഹകരണ ബാങ്കുകളില്ലാത്തതിനാല്‍ കേരളബാങ്കിന് കീഴില്‍മാത്രമാണ് ഈ നിയമനം നടത്താനാകുക. നിശ്ചിത യോഗ്യതയുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇവര്‍ക്കുള്ള ശമ്പളം കേന്ദ്രസഹകരണ മന്ത്രാലയം നല്‍കും.

പദ്ധതികളെക്കുറിച്ച് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് അവബോധം നല്‍കുക, ആ പദ്ധതികള്‍ ഏറ്റെടുക്കുന്നതിന് അവരെ സഹായിക്കുക, പ്രാദേശിക തലത്തില്‍ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള പ്രൊഫഷണല്‍ സഹായം ഉറപ്പാക്കുക, ഓരോ പ്രദേശത്തെയും സഹകരണ സംഘങ്ങളുടെ പ്രത്യേകതയും സാധ്യതയും മനസിലാക്കി അവര്‍ക്കുള്ള പദ്ധതികള്‍ ലഭ്യമാക്കി കൊടുക്കുക എന്നിവയെല്ലാമാണ് പുതുതായി നിയമിക്കപ്പെടുന്നവരുടെ ദൗത്യം. 34 സംസ്ഥാന സഹകരണ ബാങ്കുകളും 351 ജില്ലാസഹകരണ ബാങ്കുകളുമാണ് രാജ്യത്തുള്ളത്. ഇവയ്ക്ക് കീഴില്‍ പ്രൊഫഷണല്‍ യോഗ്യതയുള്ള 385 പേരെയാണ് കേന്ദ്രം നിയമിക്കുന്നത്.

എം.ബി.എ. അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരെയാണ് നിയമിക്കേണ്ടത്. മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, കോഓപ്പറേറ്റീവ് മാനേജ്‌മെന്റ്, അഗ്രി-ബിസിനസ് മാനേജ്‌മെന്റ്, റൂറല്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലാണ് എം.ബി.എ.യോ, തുല്യമായ യോഗ്യതയോ നേടേണ്ടത്. സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്ക് പരസ്യം നല്‍കി .യോഗ്യതയുള്ളവരെ നേരിട്ട് നിയമിക്കാം. 25,000 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്. യാത്രാബത്ത-ദിന ബത്ത എന്നിവ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ അവരുടെ സ്വന്തം ഫണ്ടില്‍ നിന്ന് നല്‍കണം. ശമ്പളം സഹകരണ മന്ത്രാലയത്തിന് കീഴിലെ സഹകരണ വിദ്യാഭ്യാസ ഫണ്ടില്‍നിന്ന് അനുവദിക്കും.

നിയമന നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും കേരളബാങ്ക് ഇതുവരെ ഇത് തുടങ്ങിയിട്ടില്ല. ജില്ലാസഹകരണ ബാങ്കുകളില്ലാത്തതിനാല്‍ കൂടുതല്‍ ഇന്റേണികളെ പ്രാദേശിക അടിസ്ഥാനത്തില്‍ നിയമിക്കാന്‍ അനുമതി നല്‍കാന്‍ കേരളത്തിന് ആവശ്യപ്പെടാവുന്നതാണ്. അത്തരമൊരു ആവശ്യവും കേരളബാങ്ക് മുന്നോട്ടുവെച്ചിട്ടില്ല. നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.സി.ഡി.സി.) ആണ് ഇതിന്റെ നോഡല്‍ ഏജന്‍സി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!