വിള അടിസ്ഥാനമാക്കി മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍ തുടങ്ങാന്‍ 1000 കോടിയുടെ സഹകരണ പദ്ധതി

moonamvazhi

ഓരോ ജില്ലയിലും സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പാദന യൂണിറ്റുകള്‍ തുടങ്ങാന്‍ സഹകരണ വകുപ്പ്. ഇതിനായി ഓരോ ജില്ലയിലും വിള അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍ക്കായി പദ്ധതി തയ്യാറാക്കും. നബാര്‍ഡിന്റെ കാര്‍ഷിക അടിസ്ഥാന സൗകര്യ നിധിയില്‍നിന്ന് ഇതിനുള്ള സാമ്പത്തിക സഹായം ഉറപ്പാക്കും.

മരച്ചീനി, കിഴങ്ങു വര്‍ഗങ്ങളും, ചക്ക, കൈതച്ചക്ക, സുഗന്ധവ്യഞ്ജനങ്ങള്‍, ഏത്തക്കായ, തേങ്ങ എന്നിവയെ അടിസ്ഥാനമാക്കിയാണ് സംരംഭങ്ങള്‍ നിശ്തയിച്ചുള്ളത്. സഹകരണ സംഘങ്ങളുടെ മൂലധനം ഉപയോഗിച്ച് വ്യവസായ സംരംഭങ്ങളും കാര്‍ഷികാഭിവൃദ്ധിയും ഇതിലൂടെ സാധ്യമാക്കുകയാണ് ലക്ഷ്യം. വിശദമായ പദ്ധതി രേഖ അനുസരിച്ചാണ് നബാര്‍ഡിന്റെ സാമ്പത്തിക സഹായം ലഭിക്കുക. ഇത്തരത്തില്‍ പദ്ധതി രേഖ തയ്യാറാക്കുന്നതിന് കേപ്പിന് കീഴിലുള്ള എന്‍ജിനീയറിങ് കോളേജുകള്‍, ഐ.സി.എം., ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് ട്രയിനിങ് എന്നിവയുടെ സഹായം ലഭ്യമാക്കും.

കാര്‍ഷിക-അനുബന്ധ പദ്ധതികള്‍ നടപ്പാക്കുന്നതിന് 2520 കോടിരൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിട്ടുള്ളത്. കേരളബാങ്ക് വഴി ഒരുശതമാനം പലിശയ്ക്ക് സഹകരണ സംഘങ്ങള്‍ക്ക് വായ്പ ലഭ്യമാകും. പദ്ധതി സമര്‍പ്പിക്കാത്തതിനാല്‍ കേന്ദ്രഫണ്ടിന്റെ പകുതിപോലും ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് സഹകരണ സംഘങ്ങളിലൂടെ ഈ പദ്ധതി ഏറ്റെടുക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്.

സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ 1000 കോടിയുടെ പദ്ധതി തയ്യാറാക്കാനാണ് സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷിക അനുബന്ധ മേഖലകളില്‍ ഇടപെടുന്ന പ്രധാന സഹകരണ സംഘങ്ങള്‍ക്ക് ഒരു ശില്‍പശാല സംഘടിപ്പിച്ചിരുന്നു. ഓരോ സംഘത്തിനും ഏറ്റെടുക്കാന്‍ കഴിയുന്ന പദ്ധതികളെ കുറിച്ച് ആലോചിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ ശില്പശാലയുടെ ലക്ഷ്യം. സഹകരണ സംഘങ്ങളില്‍നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശം അനുസരിച്ച് വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനുള്ള സഹായം ഉറപ്പുവരുത്താനും സഹകരണ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News