ബാങ്കി’നെതിരെ പരസ്യം ആവര്‍ത്തിച്ച് സഹകരണ ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കാന്‍ റിസര്‍വ് ബാങ്ക്  

moonamvazhi

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പേരിനൊപ്പം ‘ബാങ്ക്’ എന്ന് ഉപയോഗിക്കുന്നതിനെതിരെ ആവര്‍ത്തിച്ച് പരസ്യം നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം. മൂന്നുമാസത്തിലൊരിക്കലെങ്കിലും ഇത്തരത്തില്‍ പരസ്യം നല്‍കാനാണ് ആലോചിക്കുന്നത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ ‘ബാങ്ക്’ എന്ന് ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക് മുന്‍കൈയെടുത്ത് നിയമപരമായി നീങ്ങേണ്ടതില്ലെന്നാണ് ധാരണ. ഏതെങ്കിലും ബാങ്കുകളോ സര്‍ക്കാരോ കോടതിയെ സമീപിച്ചാല്‍ ആ ഘട്ടത്തില്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കാമെന്നാണ് കണക്കാക്കുന്നത്.

പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളാണ് കേരളത്തില്‍ പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍ എന്നീ പേരുകള്‍ ഉപയോഗിക്കരുതെന്നാണ് ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വ്യവസ്ഥ. കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ബാങ്കിങ് നിയന്ത്രണ നിയമം നേരത്തെ ബാധകമാക്കിയിരുന്നില്ല. അതിനാല്‍, വര്‍ഷങ്ങളായി കാര്‍ഷിക വായ്പ സംഘങ്ങള്‍ ബാങ്കുകള്‍ എന്ന പേര് ഉപയോഗിച്ചാണ് കേരളത്തിലും, കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും ചില സംഘങ്ങളും പ്രവര്‍ത്തിക്കുന്നത്. 2020 സപ്തംബര്‍ 29ന് ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന് പേരിനൊപ്പം ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഇത് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് ആവര്‍ത്തിച്ച് പരസ്യം നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചതിന് കാരണം.

ആവര്‍ത്തിച്ച് പരസ്യം നല്‍കുന്നത് സഹകരണ സംഘങ്ങളെ തിരുത്തി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. മൂന്നുതവണ ഇതിനകം പരസ്യം നല്‍കിയിട്ടുണ്ട്. ആദ്യപരസ്യം വന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരും സഹകാരികളും വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എന്നാല്‍, പിന്നീട് അത്തരം പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടില്ല. സര്‍ക്കാരും എതിര്‍പ്പുകള്‍ ഉന്നയിച്ചിട്ടുമില്ല. ഇത് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം അംഗീകരിച്ചുവരുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. പൊതുജനങ്ങളില്‍നിന്ന് കൂടി സമ്മര്‍ദ്ദമുണ്ടാകുന്നതോടെ, സഹകരണ ബാങ്കുകള്‍ ‘ബാങ്ക്’ എന്നത് മാറ്റി സഹകരണ സംഘം എന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുമെന്നാണ് റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്.

നിലവില്‍ തമിഴ്‌നാട്ടിലെ രണ്ട് പ്രാഥമിക സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശത്തിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. ബാങ്കിങ് നിയന്ത്രണം നിയമം വരുന്നതിന് മുമ്പ് ബാങ്ക് എന്ന പേര് ഉപയോഗിക്കുന്ന സംഘങ്ങളാണിത്. അതിനാല്‍, പുതിയ നിര്‍ദ്ദേശത്തില്‍നിന്ന് അവയെ ഒഴിവാക്കണമെന്നാണ് ആവശ്യം. ഈ ഹരജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതിക്കെതിരെയുള്ള രാജ്യത്തെ വിവിധ സംഘങ്ങള്‍ നല്‍കിയ കേസുകളും മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസുകള്‍ നിലവിലുണ്ടെങ്കിലും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് റിസര്‍വ് ബാങ്കിനെ കോടതി വിലക്കിയിട്ടില്ല. അതിനാല്‍, ജനങ്ങളെ അറിയിക്കുന്ന വിധത്തില്‍ പരസ്യം ആവര്‍ത്തിച്ച് നല്‍കി സഹകരണ ബാങ്കുകളെ സമ്മര്‍ദ്ദത്തിലാക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!