‘സഹകരണ സംഘം ജീവനക്കാരന്റെ അടുത്ത ബന്ധുവിനെ അതേസംഘത്തില്‍ നിയമിക്കാന്‍ പാടില്ല’

moonamvazhi
  •  അച്ഛന്‍ അസി. മാനേജരായിരിക്കെ  മകള്‍ക്കു മാനേജരായി നിയമനം
  • പിരിച്ചുവിട്ടത് രണ്ടു വര്‍ഷത്തിനുശേഷം

ഒരു സഹകരണസംഘത്തിലെ ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവിനെ ആ സംഘത്തിലെ ഒരു തസ്തികയിലും നിയമിക്കാന്‍ പാടില്ലെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. സഹകരണസംഘത്തില്‍ അസി. മാനേജരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ മകളെ അതേസംഘത്തില്‍ മാനേജരായി നിയമിച്ചുകൊണ്ടുള്ള നടപടി റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ആര്‍. വിജയകുമാറാണ് ഈ വിധി പുറപ്പെടുവിച്ചത്. ക്ഷീരോല്‍പ്പാദക-ക്ഷീരവികസന വകുപ്പ് കമ്മീഷണറെയും മറ്റും എതിര്‍കക്ഷികളാക്കി എസ്. കീര്‍ത്തന എന്ന ഉദ്യോഗാര്‍ഥി ഫയല്‍ ചെയ്ത കേസിലാണ് ഈ വിധിയെന്നു LiveLaw.in റിപ്പോര്‍ട്ട് ചെയ്തു.

കേസിലെ മൂന്നാം എതിര്‍കക്ഷിയായ ജനറല്‍ മാനേജരുടെ വിജ്ഞാപനത്തെത്തുടര്‍ന്നാണു കീര്‍ത്തന 2020 നവംബര്‍ 13 നു മാനേജരുടെ തസ്തികയിലേക്ക് അപേക്ഷ അയച്ചത്. നൈപുണ്യപരീക്ഷ ജയിച്ചതിനെത്തുടര്‍ന്ന് കീര്‍ത്തനയെ അഭിമുഖത്തിനു വിളിച്ചു. സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനകള്‍ക്കുശേഷം കീര്‍ത്തനയെ 2021 ജനുവരി 13 നു സംഘത്തിന്റെ മാനേജരായി നിയമിച്ചു. ഉദ്യോഗാര്‍ഥിയെ തിരഞ്ഞെടുത്ത പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നു നാലാം എതിര്‍കക്ഷിയായ ഡെപ്യൂട്ടി രജിസ്ട്രാര്‍ അന്വേഷണഉദ്യോഗസ്ഥനായി നിയമിക്കപ്പെട്ടു. തമിഴ്‌നാട് സഹകരണസംഘം നിയമത്തിലെ സെക്ഷന്‍ 81 അനുസരിച്ചു ഡെപ്യൂട്ടി രജിസ്ട്രാര്‍ അന്വേഷണം നടത്തി 2021 നവംബര്‍ 30നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ പലവിധ ക്രമക്കേടും നടന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍ 2023 ജനുവരി ആറിനു ഹര്‍ജിക്കാരിയുടെ നിയമനോത്തരവ് റദ്ദാക്കി. തുടര്‍ന്നാണു റിട്ട് ഹര്‍ജിയുമായി കീര്‍ത്തന ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണനടപടികളില്‍ തനിക്കു മതിയായ അവസരം കിട്ടിയില്ലെന്നു ഹര്‍ജിക്കാരി ബോധിപ്പിച്ചു. അന്വേഷണറിപ്പോര്‍ട്ടിന്റെ കോപ്പി തനിക്കു കിട്ടിയില്ലെന്നും തന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ തന്റെ അയോഗ്യതയ്ക്കു കാരണക്കാരനായ അടുത്ത ബന്ധുവിനെക്കുറിച്ചു പരാമര്‍ശിക്കുന്നില്ലെന്നും കീര്‍ത്തന ചൂണ്ടിക്കാട്ടി. തന്നെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവിനു മുമ്പു തനിക്കു നോട്ടീസ് നല്‍കുകയോ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തുകയോ ഉണ്ടായില്ലെന്നും ഇതു സ്വാഭാവികനീതിയുടെ നിഷേധമാണെന്നും അവര്‍ വാദിച്ചു. തനിക്ക് അവമതിപ്പുണ്ടാക്കുന്ന ഒരുത്തരവ് ഇറക്കുംമുമ്പു ചാര്‍ജ് മെമ്മോ തരികയോ ശരിയായ അന്വേഷണം നടത്തുകയോ ചെയ്യേണ്ടതായിരുന്നു- അവര്‍ വാദിച്ചു.

മാനേജരുടെ തസ്തികയിലേക്കുള്ള വിജ്ഞാപനത്തെത്തുടര്‍ന്ന് കേഡര്‍സ്ട്രങ്ത്തില്‍നിന്നു ആ തസ്തിക നീക്കംചെയ്തതായി ഒന്നാം എതിര്‍കക്ഷി കോടതിയില്‍ ബോധിപ്പിച്ചു. നിയമനപ്രക്രിയ റദ്ദാക്കാതെ സംഘം അധികൃതര്‍ ഹര്‍ജിക്കാരിയെ പരീക്ഷയെഴുതാനനുവദിക്കുകയും തുടര്‍ന്ന് മാനേജരായി നിയമിക്കുകയുമാണുണ്ടായത്. നിയമനപ്രക്രിയ നടക്കുന്ന സമയത്തു ഹര്‍ജിക്കാരിയുടെ അച്ഛന്‍ അതേ സഹകരണയൂണിയനില്‍ അസി. മാനേജരായി ജോലി ചെയ്യുകയായിരുന്നു. 1988 ലെ തമിഴ്‌നാട് സഹകരണസംഘംനിയമത്തിലെ 149 ( 5 ) ചട്ടമനുസരിച്ചു ഒരു ജീവനക്കാരന്റെ അടുത്ത ബന്ധുവിനെ അതേസംഘത്തില്‍ നിയമിക്കാന്‍ പാടില്ല. ഹര്‍ജിക്കാരി പ്രൊബേഷന്‍കാലാവധി പൂര്‍ത്തിയാക്കാത്ത സ്ഥിതിക്കു പിരിച്ചുവിടല്‍ഉത്തരവ് അവര്‍ക്കു അപമാനകരമായി തോന്നേണ്ടതില്ല. അതിനാല്‍, നിയമനോത്തരവ് റദ്ദാക്കുംമുമ്പ് കാരണംകാണിക്കല്‍ നോട്ടീസോ അന്വേഷണമോ നടത്തേണ്ട ആവശ്യമില്ല- ഒന്നാം എതിര്‍കക്ഷി വാദിച്ചു.

വിജ്ഞാപനത്തീയതിയില്‍ മാനേജരുടെ തസ്തികയില്‍ ഒഴിവുണ്ടായിരുന്നെങ്കിലും ആ തസ്തിക കേഡര്‍സ്ട്രങ്ത്തില്‍നിന്നു ഒഴിവാക്കിയ സ്ഥിതിക്കു നിലവിലില്ലാത്ത ഒരു തസ്തികയിലേക്കു ഹര്‍ജിക്കാരിയെ പരീക്ഷക്കു വിളിക്കാനും നിയമനോത്തരവ് നല്‍കാനും പാടില്ലായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. പോരാത്തതിന് ഹര്‍ജിക്കാരിയുടെ അച്ഛന്‍ അതേ സഹകരണയൂണിയനില്‍ നിയമനപ്രക്രിയ നടക്കുന്ന സമയത്തു അസി. മാനേജരായി ജോലി ചെയ്യുകയുമാണ്. ഇതു തമിഴ്‌നാട് സഹകരണസംഘംനിയമത്തിലെ 149 ( 5 ) ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ്. ഒരു സംഘത്തിന്റെ ഭരണസമിതിയംഗത്തിന്റെയോ ഉദ്യോഗസ്ഥന്റെയോ അടുത്ത ബന്ധുവിനെ സംഘത്തിലെ ഒരു തസ്തികയിലും നിയമിക്കാന്‍ പാടില്ലെന്നു ചട്ടം 63 ല്‍ പറയുന്നുണ്ട്. ശമ്പളക്കാരനായ ജീവനക്കാരന്റെ ഭാര്യ / ഭര്‍ത്താവ്, അച്ഛന്‍ ( രണ്ടാനച്ഛനുള്‍പ്പെടെ ) തുടങ്ങിയവരൊക്കെ ഭരണസമിതിയംഗത്തിന്റെ അയോഗ്യതയ്ക്കു കാരണക്കാരായിത്തീരുമെന്നും ചട്ടം 63 ല്‍ പറയുന്നുണ്ട്- കോടതി ചൂണ്ടിക്കാട്ടി. ( Case No. W.P. ( MD ) No. 10177/ 2023 ).

കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ ലിങ്കില്‍ ക്ലിക്കില്‍ ചെയ്യുക : MVR Scheme

Leave a Reply

Your email address will not be published.

Latest News
error: Content is protected !!