വായ്പ ആവശ്യം കൂടി; പണം കണ്ടെത്താന്‍ പ്രത്യേക നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് വാണിജ്യ ബാങ്കുകള്‍

moonamvazhi

ഓരോ വര്‍ഷവും നിക്ഷേപ സമാഹരണ യജ്ഞം നടത്താറുള്ളത് സഹകരണ ബാങ്കുകളാണ്. ടാര്‍ജറ്റ് നിശ്ചയിച്ച്, പലിശ നിരക്ക് കൂട്ടിയാണ് ഇത് നടത്താറുള്ളത്. സഹകരണ വകുപ്പാണ് നിക്ഷേപ സമാഹരണ യജ്ഞം പ്രഖ്യാപിക്കാറുള്ളത്. ഒടുവില്‍ നടത്തിയ നിക്ഷേപ സമാഹരണത്തില്‍ 9000 കോടിയായിരുന്നു ടാര്‍ജറ്റ്, നേടിയത് 23,000 കോടിയാണ്. ഇപ്പോള്‍ സഹകരണ ബാങ്കുകളുടെ അതേ മാതൃകയില്‍ വാണിജ്യ ബാങ്കുകളും നിക്ഷേപ സമാഹരണം നടത്തുകയാണ്. ഓരോ ബാങ്കുകളും പ്രത്യേകം നിക്ഷേപ സ്‌കീം പ്രഖ്യാപിച്ചാണ് സമാഹരണത്തിന് ഒരുങ്ങുന്നത്.

വായ്പ പലിശ നിരക്ക് കുറക്കാതെയുള്ള പണനയമാണ് റിസര്‍വ് ബാങ്ക് കുറച്ചുകാലമായി സ്വീകരിക്കുന്നത്. ഇതാണ് ബാങ്കുകള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് വഴിയൊരുക്കിയത്. വര്‍ദ്ധിച്ച വായ്പാ ആവശ്യം നിറവേറ്റാന്‍ നിക്ഷേപ സമാഹരണത്തിലൂടെ പണം കണ്ടെത്താനാണ് ശ്രമം. പ്രത്യേക കാലയളവിലെ നിക്ഷേപ പ്ലാന്‍ അവതരിപ്പിച്ചാണ് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത്.

എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നീ ബാങ്കുകളാണ് 7.25 ശതമാനം മുതല്‍ 7.30 ശതമാനം വരൈയാണ് പലിശ വാഗ്ദാനം ചെയ്തത്. 399 മുതല്‍ 444 ദിവസം വരെയുള്ള പ്രത്യേക നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.50 ശതമാനം അധിക പലിശയും ഈ ബാങ്കുകള്‍ നല്‍കുന്നുണ്ട്.

വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് കുറച്ചുകാലം കൂടി തുടരാനാണ് സാധ്യത. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ നിരക്ക് കുറക്കാന്‍ ആര്‍.ബി.ഐ. തയ്യാറായേക്കില്ലെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഹ്രസ്വകാലയളവില്‍ ഉയര്‍നന് പലിശ വാഗ്ദാനം ചെയ്ത് ബാങ്കുകള്‍ രംഗത്തെത്തിയത്. രണ്ട് വര്‍ഷത്തില്‍ താഴെ കാലയളവിലെ നിക്ഷേപത്തിനാണ് ബാങ്കുകള്‍ ഉയര്‍ന്ന പലിശ നല്‍കുന്നത്.

അമൃത വൃഷ്ടി പദ്ധതി പ്രകാരം 444 ദിവസത്തെ നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് എസ്.ബി.ഐ. വാഗ്ധാനം ചെയ്യുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ മണ്‍സൂണ്‍ ധമാക്ക പ്രകാരം 399 ദിവസത്തെ നിക്ഷേപ പദ്ധതിയില്‍ 7.25 ശതമാനവും പലിശ ലഭിക്കും. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാകട്ടെ 444 ദിവസത്തെ നിക്ഷേപത്തിന് 7.30 ശതമാനം പലിശയാണ് നല്‍കുന്നത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര 200 ദിവസത്തെ നിക്ഷേപത്തിന് 6.90 ശതമാനവും 400 ദിവസത്തെ നിക്ഷേപത്തിന് 7.10 ശതമാനവുമാണ് നല്‍കുന്ന പലിശ.

നിക്ഷേപത്തിന്റെയും വായ്പയുടെയും അനുപാതത്തിലെ വ്യത്യാസം കുറയ്ക്കാന്‍ ഈയിടെ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നിര്‍ദ്ദേശം നല്‍കിയിരുന്നു. ജൂണ്‍ 28വരെയുള്ള കണക്ക് പ്രകാരം വായ്പയില്‍ 14 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. നിക്ഷേപ വളര്‍ച്ചയാകട്ടെ 11 ശതമാനവുമാണ്.