മാന്ദ്യം പടരുന്ന കേരളം

moonamvazhi

അതിഗുരുതരമായ സാമ്പത്തികമാന്ദ്യത്തിലേക്കാണു കേരളത്തിന്റെ പോക്ക്. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയില്‍ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുമ്പോള്‍ അടിസ്ഥാനജനവിഭാഗത്തില്‍ പടരുന്ന സാമ്പത്തികമാന്ദ്യത്തിന്റെ ഗൗരവം പരിഗണിക്കപ്പെടാതെ പോവുകയാണ്. കര്‍ഷകര്‍, തൊഴിലാളികള്‍, മാസശമ്പളമില്ലാത്ത ഇടത്തരം ജനവിഭാഗങ്ങള്‍, പെന്‍ഷന്‍കാര്‍ എന്നിവരെല്ലാം വാങ്ങല്‍ശേഷിയില്ലാത്തവരായി മാറി. ഇതിന്റെ പ്രതിഫലനം വിപണിയില്‍ പ്രകടമാണ്. സഹകരണസ്ഥാപനങ്ങള്‍ കൂട്ടത്തോടെ പ്രതിസന്ധിയിലാകാന്‍ കാരണം വായ്പയില്‍ തിരിച്ചടവ് വരാത്തതാണ്. പ്രാദേശികമായി സാധാരണജനങ്ങളുടെ സാമ്പത്തികസ്ഥാപനങ്ങളാണു സഹകരണസംഘങ്ങള്‍. അവയുടെ പ്രതിസന്ധി അടിസ്ഥാനജനവിഭാഗത്തിന്റെ സാമ്പത്തികപ്രശ്‌നമായിത്തന്നെ കാണേണ്ടതുണ്ട്. അടുത്തകാലത്തായി മൂന്നു കര്‍ഷകആത്മഹത്യകള്‍ കേരളത്തിലുണ്ടായി. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളെല്ലാം നിലച്ചു. വരുമാനം മുട്ടിയ ജനവിഭാഗങ്ങളായി കേരളത്തിലെ അടിസ്ഥാനവിഭാഗം മാറുകയാണ്. ഈ രീതിയിലാണു കേരളത്തിന്റെ മുന്നോട്ടുപോക്കെങ്കില്‍ ഗ്രാമീണ സാമ്പത്തികവ്യവസ്ഥ തകര്‍ന്നു തരിപ്പണമാകും. കൂട്ട ആത്മഹത്യകളുണ്ടാകാം. ഇത്തരമൊരു സാഹചര്യം കേരളത്തില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. അതിനു കാരണം സഹകരണ സമ്പദ്‌വ്യവസ്ഥ അതിനെ മറികടക്കാന്‍പാകത്തില്‍ ശക്തമായിരുന്നതുകൊണ്ടാണ്. എല്ലാ മേഖലകളിലും സാമ്പത്തികസ്രോതസ്സായി നിലനില്‍ക്കാന്‍ സഹകരണസംഘങ്ങള്‍ക്കു കഴിഞ്ഞിരുന്നു. മൂലധനശേഷി ഇല്ലാതായി നിലനില്‍പ്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിയില്‍ സഹകരണസംഘങ്ങള്‍ കൂട്ടത്തോടെ എത്തിയതാണ് ഇപ്പോഴത്തെ അപകടകരമായ സ്ഥിതിക്കു കാരണം.

വാങ്ങല്‍ശേഷി
കൂട്ടുക

ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുക എന്നതാണു മാന്ദ്യത്തെ അതിജീവിക്കാനുള്ള മാര്‍ഗം. സര്‍ക്കാരാണ് അതിനു പദ്ധതി തയാറാക്കേണ്ടത്. ലോകം മാന്ദ്യത്തിലേക്കു മാറിയ സമീപകാലചരിത്രത്തില്‍ ഇടതുപക്ഷ സര്‍ക്കാരായിരുന്നു കേരളത്തില്‍ അധികാരത്തിലുണ്ടായിരുന്നത്. അന്നു ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ് ഐസക്ക് ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ഇടപെടലിനു രൂപം നല്‍കിയിരുന്നു. അടിസ്ഥാനസൗകര്യ വികസനപദ്ധതികളിലേക്കും ക്ഷേമപദ്ധതികളിലേക്കും സര്‍ക്കാര്‍ ശ്രദ്ധ നല്‍കി. തൊഴിലാളികള്‍ക്കു കൂലി കിട്ടിയാല്‍ ആ പണം വിപണിയില്‍ യഥേഷ്ടം എത്തും. പണത്തിന്റെ ഒഴുക്ക് വിപണിയില്‍ സാധ്യമാക്കുക എന്നതാണു മാന്ദ്യത്തെ നേരിടാനുള്ള മാര്‍ഗം. പണം സമ്പാദ്യമായി വ്യക്തികളില്‍ കേന്ദ്രീകരിക്കപ്പെട്ടാല്‍ അതു മാന്ദ്യത്തിന്റെ ആഘാതം കൂട്ടും. അടിസ്ഥാനസൗകര്യ വികസനത്തിനു സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമ്പോള്‍ നിര്‍മാണമേഖലയില്‍ കൂടുതല്‍ തൊഴിലുകളുണ്ടാകും. ഇങ്ങനെ ലഭിക്കുന്ന പണം തൊഴിലാളികള്‍ കടകളിലും വാഹനയാത്രയ്ക്കും മറ്റുമായി ഉപയോഗിക്കും. കടകളില്‍ ചെലവുണ്ടാകുമ്പോള്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും മാന്ദ്യമുണ്ടാവില്ല. ഇത്തരം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി കാര്‍ഷികമേഖലയിലും ഉല്‍പ്പാദനം കൂട്ടേണ്ടിവരും. അതു കര്‍ഷകനും വരുമാനമുണ്ടാക്കും. ഇതാണു സാമ്പത്തികമാന്ദ്യം നേരിടുന്നതിനുള്ള ‘മണി ഫ്‌ളോ’ ഉറപ്പാക്കാനുള്ള രീതിയായി സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ക്ഷേമപദ്ധതികളും ഇതേ രീതിയിലാണു ഫലപ്രദമാകുന്നത്. പെന്‍ഷന്‍കാരും മറ്റു സാമ്പത്തികസഹായങ്ങള്‍ ലഭിക്കുന്നവരും പണം സമ്പാദ്യമായി സ്വരൂപിക്കുന്നവരല്ല. അതിനാല്‍, ക്ഷേമപദ്ധതികളില്‍ സര്‍ക്കാര്‍ മുടക്കം വരുത്താതിരിക്കുകയും കൂടുതല്‍ ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതും മാന്ദ്യത്തെ നേരിടാനുള്ള മാര്‍ഗമാണ്. മാസവരുമാനക്കാരായ ഇടത്തരക്കാരും സാമ്പത്തികസംവിധാനത്തെ ശക്തിപ്പെടുത്തുന്നവരാണ്. അടിസ്ഥാനജനവിഭാഗങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കു വിപണി ഉറപ്പാക്കുന്നതില്‍ ഇത്തരം വരുമാനക്കാരുടെ പങ്ക് വലുതാണ്. കേരളത്തില്‍ ഈ വ്യവസ്ഥ ആകെ ദുര്‍ബലപ്പെട്ടു എന്നതാണ് ഇപ്പോഴത്തെ സാമ്പത്തികമാന്ദ്യത്തിന്റെ അടിസ്ഥാനം. അതു ഭീതിദമായ ഒരവസ്ഥയാണ്. എന്നാല്‍, ആ സ്ഥിതിയെ അതിന്റെ ഗൗരവത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നതാണു പ്രധാനം. സര്‍ക്കാരിനു സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് ഔദ്യോഗികമായിത്തന്നെ വ്യക്തമാക്കിയ കാര്യമാണ്. കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങളിലെ തര്‍ക്കമാണ് അതിനു കാരണമായി പറയുന്നത്. ഇതു രാഷ്ട്രീയകാരണങ്ങളാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികപ്രതിസന്ധി സര്‍ക്കാരിന്റെ വികസനപദ്ധതികളെ ബാധിക്കുന്നുവെന്ന രീതിയില്‍ മാത്രമാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ നടന്നിട്ടുള്ളത്. എത്ര സാമ്പത്തികബുദ്ധിമുട്ട് നേരിട്ടാലും ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ടുപോവില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് ആശ്വാസകരമായ സമീപനമാണ്. പക്ഷേ, പ്രായോഗിക തലത്തില്‍ ഇതു നടപ്പാക്കാനാകുന്നില്ലെന്നതാണു മാന്ദ്യം കേരളത്തെ ഇങ്ങനെ കീഴടക്കാന്‍ കാരണമാകുന്നത്.

പണം
പുറത്തേക്ക്

നാലു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശികയുണ്ട്. സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 18 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. കരാറുകാര്‍ക്ക് ഉള്‍പ്പടെ 40,000 കോടി രൂപയെങ്കിലും സര്‍ക്കാര്‍ നല്‍കാനുണ്ട്. പട്ടികവിഭാഗക്കാരുടേതടക്കമുള്ള ക്ഷേമപദ്ധതികളിലെല്ലാം കുടിശ്ശികയാണ്. 5000 കോടി രൂപയിലധികം സഹകരണസംഘങ്ങള്‍ക്കു നല്‍കാനുണ്ട്. കര്‍ഷകര്‍ക്കു നെല്ല് സംഭരിച്ച പണമടക്കം കൊടുക്കാന്‍ ബാക്കിയാണ്. ക്ഷേമനിധിബോര്‍ഡുകളില്‍നിന്നുള്ള പെന്‍ഷന്‍ എട്ടു മാസമായി കുടിശ്ശികയാണ്. ഈ പണമെല്ലാം സാധാരണ വിപണിയിലേക്ക് ഒഴുകേണ്ടവയാണ്. അതു നിലച്ചതിന്റെ ഫലം വിപണിയില്‍ പ്രകടമായിത്തുടങ്ങി. എന്നാല്‍, തൊഴിലാളികള്‍ക്കു പണി നിലച്ചുവെന്നു പറയാനാവില്ല. കാര്‍ഷികമേഖലയില്‍ തൊഴില്‍നഷ്ടം ഉണ്ടായിട്ടുണ്ട്. നിര്‍മാണമേഖലയില്‍ സാധനങ്ങളുടെ വിലക്കയറ്റം ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും അതു സ്തംഭനാവസ്ഥ സൃഷ്ടിച്ചിട്ടില്ല. പക്ഷേ, നിര്‍മാണമേഖലയിലെ തൊഴില്‍ കേരളത്തിലെ വിപണിയെ ചലിപ്പിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ മാറ്റം. ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരിലേറെയും അന്യസംസ്ഥാനത്തൊഴിലാളികളാണ്. ഇവര്‍ക്കു കിട്ടുന്ന കൂലിവിഹിതത്തിന്റെ 90 ശതമാനവും അവര്‍ സ്വന്തം നാട്ടിലേക്ക് അയക്കുകയാണ്. 1000 രൂപ പ്രതിദിനം കൂലി കിട്ടുന്ന ഒരു മറുനാടന്‍ തൊഴിലാളി നൂറു രൂപയില്‍ക്കൂടുതല്‍ കേരളത്തില്‍ ഒരു ദിവസം ചെലവിടുന്നില്ലെന്നാണു സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍, മറുനാടന്‍ തൊഴിലാളികളുടെ ആധിക്യം കേരളത്തിലെ മാന്ദ്യത്തിന് ആക്കം കൂട്ടുന്നുണ്ട്.

2022 നവംബര്‍ 19 നു റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച ‘ഹാന്‍ഡ് ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓണ്‍ ഇന്ത്യന്‍ സ്‌റ്റേറ്റ്‌സ് 2021-22’ ലെ കണക്കനുസരിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന നിര്‍മാണത്തൊഴിലാളികളുടെ ശരാശരി പ്രതിദിനവേതനം 837.30 രൂപയാണ്. കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശരാശരി പ്രതിദിനവേതനം 726.80 രൂപയും കാര്‍ഷികേതര മേഖലയില്‍ 681.80 രൂപയുമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണു കേരളത്തില്‍ തൊഴിലെടുക്കുന്നവര്‍ക്കു ലഭിക്കുന്നത്. ദേശീയശരാശരിയേക്കാള്‍ ഇരട്ടിയിലധികം വരുമിത്. ഇതാണു മറുനാടന്‍ തൊഴിലാളികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സംസ്ഥാനത്തു തൊഴില്‍തേടി എത്തുന്ന മറുനാടന്‍ തൊഴിലാളികള്‍ക്കു രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു പൂര്‍ണമായും നടപ്പാക്കാനായി എന്നു കരുതാനാവില്ല. എങ്കിലും, 5,16,320 മറുനാടന്‍ തൊഴിലാളികളാണു കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുടിയേറ്റത്തൊഴിലാളി ക്ഷേമനിധിപദ്ധതിക്കു കീഴില്‍ 1,64,761 മറുനാടന്‍ തൊഴിലാളികളുണ്ട്. ശരാശരി 500 രൂപ ഒരു തൊഴിലാളിക്കു കൂലി കണക്കാക്കിയാല്‍ ഒരു ദിവസം മറുനാടന്‍ തൊഴിലാളികളുടെ കൈയിലെത്തുന്നത് 25.81 കോടി രൂപയാണ്. ഒരു മാസം 25 ദിവസം പണിചെയ്യുന്നുവെന്നു കണക്കാക്കിയാല്‍ കൂലിവിഹിതം 645.25 കോടി രൂപയാകും. സംസ്ഥാനത്തിന്റെ വിപണിയില്‍ ഒഴുകേണ്ട ഇത്രയും പണമാണു മറ്റു സംസ്ഥാനങ്ങളിലേക്ക് ഈ തൊഴിലാളികളിലൂടെ പോകുന്നത്. ഇതു കേരളത്തിന്റെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് ഇപ്പോഴത്തെ മാന്ദ്യത്തിന്റെ കാരണം പരിശോധിച്ചാല്‍ ബോധ്യമാകും.

കടകള്‍
ഒഴിയുന്നു

നോട്ട്‌നിരോധനവും അതിനു പിന്നാലെ എത്തിയ രണ്ടു പ്രളയങ്ങളും പിന്നീടുണ്ടായ കോവിഡ്‌വ്യാപനവുമാണു കേരളത്തിലെ സാധാരണക്കാരന്റെ ജീവിതം പിടിച്ചുലച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചതു കോവിഡ്‌വ്യാപനമാണെന്നു പറയാം. ചെറുകിട വ്യാപാരമേഖലയടക്കം വലിയ പ്രതിസന്ധിയാണു നേരിട്ടത്. അതേസമയം, മഹാമാരിക്കാലത്തു സര്‍ക്കാരിന്റെ ഇടപെടല്‍ സാധാരണക്കാരന്റെ ജീവിതത്തില്‍ വലിയ താങ്ങായി മാറിയിട്ടുണ്ട്. ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി വിട്ടിലെത്തിച്ചു. കിറ്റുകളും സാമൂഹികഅടുക്കളയും ജനങ്ങളുടെ ജീവിതത്തെ അന്നം മുട്ടിക്കാതെ കാത്തു. പക്ഷേ, കോവിഡാനന്തരം കാര്‍ഷിക-വ്യാപാരമേഖലയ്ക്ക് ഒരു പുനര്‍ജനി ഉണ്ടായോയെന്നതു സംശയമാണ്. ലോകത്തു ഡിജിറ്റല്‍ ഇടപാടുകള്‍ ഏറ്റവും വ്യാപിച്ചത് ഇന്ത്യയിലാണ്. അതില്‍ മുന്നില്‍ കേരളമാണ്. അതിനാല്‍, ഓണ്‍ലൈന്‍വ്യാപാരസ്ഥാപനങ്ങള്‍ക്കു കേരളം നല്ലൊരു വിപണിയായി മാറി. ഇതു സാധാരണ ചെറുകിട കച്ചവടക്കാരെ ചെറിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ ഉല്‍പ്പാദനം കൂടിയിട്ടും കര്‍ഷകന്റെ വരുമാനം കൂടിയില്ല. ക്ഷേമപദ്ധതികള്‍ മന്ദീഭവിച്ചതോടെ സാധാരണക്കാരന്റെ കൈയില്‍ പണമില്ലാതായി. ഇതാണു വ്യാപാരമേഖലയെ തളര്‍ത്തിക്കളഞ്ഞത്.

ഇന്നു നഗര-ഗ്രാമ വ്യത്യാസമില്ലാതെ കച്ചവടസ്ഥാപനങ്ങള്‍ കാലിയാവുന്ന കാഴ്ച പ്രകടമാണ്. കെട്ടിടങ്ങള്‍ക്കു മുമ്പില്‍ വാടകയ്ക്ക് എന്ന ബോര്‍ഡ് വ്യാപകമായി തൂങ്ങിക്കിടക്കുന്നതു കാണാം. കച്ചവടമില്ലാത്തതിനാല്‍ ഒരു ലക്ഷത്തോളം കടകള്‍ പൂട്ടിയെന്നാണു വ്യാപാരിസംഘടനകളുടെ കണക്ക്. ചെറിയ കടകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍വരെ ഇതില്‍പ്പെടുമെന്നു വ്യാപാരി വ്യവസായി ഏകോപനസമിതി പറയുന്നു. കോവിഡിനുശേഷമാണ് ഈ പ്രവണത വര്‍ധിച്ചത്. എത്ര കടകള്‍ പൂട്ടിയെന്നോ എന്തെല്ലാം കാരണത്താല്‍ കച്ചവടം നിര്‍ത്തേണ്ടിവന്നുവെന്നോ ഉള്ള പരിശോധന വ്യാപാരി സംഘടനകള്‍പോലും നടത്തിയിട്ടില്ല. ഗ്രാമങ്ങളിലാണു കടകള്‍ അടച്ചുതുടങ്ങിയത്. ഇതു നഗരങ്ങളിലേക്കും വ്യാപിച്ചു. കാര്‍ഷിക-വ്യാപാരമേഖലയിലെ പ്രതിസന്ധികളാണു കടയടപ്പിലേക്ക് എത്തിയത്. ടെക്സ്‌റ്റൈല്‍, ഫാന്‍സി ചെരുപ്പു ഷോപ്പുകള്‍ എന്നിവയാണു കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. കര്‍ഷക-തൊഴിലാളി കുടുംബങ്ങളില്‍ വരുമാനം കുറഞ്ഞതാണു വ്യാപാരമേഖലയെ സ്വാധീനിച്ച പ്രധാന ഘടകം. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളും നാണ്യവിളകളുടെ വിലയിടിവും ഇടത്തരക്കാരുടെ വാങ്ങല്‍ശേഷി കുറച്ചു. കാര്‍ഷികമേഖല ക്ഷയിച്ചത് ഈ മേഖലയിലെ തൊഴിലാളികളെയും ബാധിച്ചു. ഇതോടൊപ്പം, നിര്‍മാണമേഖലയില്‍നിന്നു തദ്ദേശീയരായ തൊഴിലാളികള്‍ ഏറക്കുറെ പിന്‍വാങ്ങിയതും വിപണിയില്‍ പ്രതിഫലിച്ചു.

ഇത്തരമൊരു പ്രതിസന്ധി കേരളം നേരിടുന്നത് ആദ്യമാണെന്നാണു സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് കാരണം സംഭവിച്ചതു കേരള രൂപവത്കരണത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ സാമ്പത്തികത്തകര്‍ച്ചയാണെന്ന് അഞ്ചാം ധനകാര്യ കമ്മീഷന്‍ ചെയര്‍മാനായിരുന്ന ഡോ. ബി.എ. പ്രകാശ് പറയുന്നു. ഗള്‍ഫില്‍നിന്നുള്ള പണമാണു കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക അന്തരീക്ഷത്തിനു വലിയ മാറ്റമുണ്ടാക്കിയത്. കോവിഡ്‌വ്യാപനത്തെത്തുടര്‍ന്നു ഗള്‍ഫില്‍നിന്ന് ഏറ്റവും വലിയ തിരിച്ചുവരവാണുണ്ടായത്. ഇവരില്‍ മൂന്നിലൊന്നുപോലും തിരിച്ചുപോയിട്ടില്ല. ഒരുപാട് മേഖലകളിലെ തൊഴിലവസരങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികള്‍ അവിടെനിന്നു ലഭിക്കുന്ന വരുമാനം കേരളത്തിന്റെ സമ്പത്താക്കി ഇവിടെ എത്തിച്ചിരുന്നു. ഈ രീതിക്കു മാറ്റമുണ്ടായി എന്നതും കേരളം ഇന്നു നേരിടുന്ന പ്രതിസന്ധിയാണ്.

മാനവവിഭവശേഷി
കുറയുന്നു

കേരളം വയോജനങ്ങളുടെ നാടായി മാറാന്‍പോകുന്നുവെന്ന ആശങ്കയുടെ മുന്നിലാണു നമ്മള്‍ നില്‍ക്കുന്നത്. ഇതു ഭാവിയില്‍ നേരിടാന്‍ പോകുന്ന ഒരു വലിയ പ്രശ്‌നംതന്നെയാണ്. വിദേശത്തേക്കു യുവാക്കള്‍ ജോലിക്കും പഠനത്തിനുമായി പോകുന്നത് ഇത്രവലിയ പ്രശ്നമാണോ എന്നതാണു ചോദ്യം. കേരളത്തിന്റെ ജി.ഡി.പി.യുടെ 20 ശതമാനം പ്രവാസികളുടെ വിഹിതമാണ്. കേരളത്തില്‍ വലിയ മാറ്റങ്ങള്‍കൊണ്ടുവന്നതു പ്രവാസിപ്പണം എത്താന്‍ തുടങ്ങിയതോടെയാണ്. അങ്ങനെയങ്കില്‍ പ്രവാസജീവിതം കേരളത്തിനു ഗുണകരമാവില്ലേയെന്നു തോന്നാം. എന്നാല്‍, കേരളത്തില്‍ ജനസംഖ്യാഘടനയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. 2021 ലെ കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 16.5 ശതമാനം 60 വയസ്സ് പിന്നിട്ടവരാണ്. 2031 ആകുമ്പോഴേക്കും ഇതു 20 ശതമാനം കവിയും. അതേസമയം, സംസ്ഥാനത്തെ ജനനനിരക്ക് കുറയുകയാണ്. 1980 കളിലും 90 കളിലും യഥാക്രമം 6.5 ലക്ഷവും 5.3 ലക്ഷവും കുട്ടികള്‍ ജനിച്ചിരുന്നുവെങ്കില്‍ 2021 ല്‍ അതു 4.6 ലക്ഷം മാത്രമാണ്. 2031 ആകുമ്പോഴേക്കും ജനനനിരക്ക് 3.6 ലക്ഷത്തിലേക്കു താഴും. അതായത്, സമൂഹത്തിലെ പുതിയ തലമുറയും മുതിര്‍ന്ന പൗരന്മാരും തൊഴില്‍സേനയും തമ്മിലുള്ള അനുപാതത്തില്‍ ഘടനാപരമായ മാറ്റം സംഭവിക്കും. കേരളത്തില്‍നിന്നു വിദ്യാഭ്യാസത്തിനും തൊഴിലെടുക്കുന്നതിനുമായി വിദേശത്തു പോകുന്ന യുവജനങ്ങള്‍ അവിടെ സ്ഥിരതാമസമാക്കുന്ന സ്ഥിതിവിശേഷം വ്യാപകമായിട്ടുണ്ട്.

കേരളത്തിന്റെ ജി.ഡി.പി.യുടെ 20 ശതമാനം പ്രവാസികളുടെ വിഹിതമാണ്. ‘ഇന്‍വേര്‍ഡ് റെമിറ്റന്‍സ്’ കുറയുകയും ‘ഔട്ട്‌വേര്‍ഡ് റെമിറ്റന്‍സ്’ കൂടുകയും ചെയ്യുന്നുവെന്നതാണ് ഇപ്പോഴത്തെ മാറ്റം. ഇവിടെനിന്ന് ഒരു കുട്ടി വിദേശത്തേക്കു പഠിക്കാന്‍ പോകുമ്പോള്‍ അങ്ങോട്ടു പണം നല്‍കുകയാണു ചെയ്യുന്നത്. അവന്‍ അവിടെ സ്ഥിരതാമസമാക്കുന്നതോടെ ഇങ്ങോട്ടുള്ള വരുമാനം കുറയുകയും ചെയ്യുന്നു. അപ്പോള്‍ നമുക്കു നഷ്ടം സാമ്പത്തികം മാത്രമല്ല, മനുഷ്യവിഭവശേഷി കൂടിയാണ്. ഇതാണു പ്രശ്നം. ഇതെല്ലാം കേരളത്തിന്റെ സാമ്പത്തികഘടനയില്‍ വരാനിരിക്കുന്ന ആഘാതത്തിന്റെ സൂചനകളാണ്. പ്രവാസിപ്പണം കേരളത്തിലേക്കു വരുന്നതു കുറഞ്ഞതോടൊപ്പം കേരളത്തിന്റെ പണം വിദേശത്തേക്കു മാറുന്ന റിവേഴ്‌സ് ഇഫക്ട് സാമ്പത്തികമേഖലയില്‍ സംഭവിക്കുകയാണ്. ഇതെല്ലാം കൂടി കേരളത്തിന്റെ സാമ്പത്തികമേഖലയില്‍ വരുത്തിയ ആഘാതം തീവ്രമായ ജീവിതാനുഭവത്തിലേക്കാണു നമ്മളെ എത്തിച്ചിരിക്കുന്നത്.

                               (മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം കവര്‍ സ്റ്റോറി)

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!