സംഘങ്ങളിലെ അസി. സെക്രട്ടറി /മാനേജര്‍ നിയമനം:  ചട്ടഭേദഗതി നിര്‍ദേശവുമായി സര്‍ക്കാര്‍

Deepthi Vipin lal

സഹകരണ സ്ഥാപനങ്ങളിലെ അസി. സെക്രട്ടറി / മാനേജര്‍ തസ്തികകളിലേക്കുള്ള പ്രമോഷനും നിയമനവും സംബന്ധിച്ച ചട്ടം 185 ല്‍ സര്‍ക്കാര്‍ ഭേദഗതിനിര്‍ദേശം കൊണ്ടുവന്നു. 1969 ലെ കേരള സഹകരണ സംഘം നിയമത്തിലെ ചട്ടം 185 ലെ ഉപചട്ടം രണ്ടിലെ clause ( IV ) ഒഴിവാക്കി ഉപചട്ടം രണ്ടിനു ശേഷം ഇനി പറയുന്ന ഉപചട്ടം ഉള്‍പ്പെടുത്താനാണു കരടുനിര്‍ദേശം.

1.  ( 2 a ) :   ഇരുപതു കോടി രൂപവരെ നിക്ഷേപമുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലും അര്‍ബന്‍ ബാങ്കുകളിലും അസി. സെക്രട്ടറി / മാനേജര്‍ തസ്തികകളിലേക്കും തത്തുല്യ തസ്തികകളിലേക്കുമുള്ള സ്ഥിരം ഒഴിവുകള്‍ 3 : 1  എന്ന അനുപാതത്തില്‍ പ്രമോഷനും നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴിയും നികത്തണം.

2.  ( 2 b ) :   ഇരുപതു കോടി രൂപ മുതല്‍ നൂറു കോടി രൂപവരെ നിക്ഷേപമുള്ള പ്രാഥമിക സംഘങ്ങളിലും അര്‍ബന്‍ ബാങ്കുകളിലും അസി. സെക്രട്ടറി / മാനേജര്‍ തസ്തികകളിലേക്കും തത്തുല്യ തസ്തികകളിലേക്കുമുള്ള സ്ഥിരം ഒഴിവുകള്‍ 2 : 1 എന്ന അനുപാതത്തില്‍ പ്രമോഷനും നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴിയും നികത്തണം.

3.  (2 c) :   നൂറു കോടി രൂപയിലധികം നിക്ഷേപമുള്ള പ്രാഥമിക സഹകരണ സംഘങ്ങളിലും അര്‍ബന്‍ ബാങ്കുകളിലും അസി. സെക്രട്ടറി / മാനേജര്‍ തസ്തികകളിലേക്കും തത്തുല്യ തസ്തികകളിലേക്കുമുള്ള സ്ഥിരം ഒഴിവുകള്‍ 1 :1 എന്ന അനുപാതത്തില്‍ പ്രമോഷനും നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴിയും നികത്തണം.

പൊതുജനങ്ങളുടെ അറിവിലേക്കായി മാര്‍ച്ച് പതിനേഴിനു വിജ്ഞാപനം ചെയ്തിട്ടുള്ള ഈ ചട്ടഭേദഗതി നിര്‍ദേശങ്ങളെപ്പറ്റി ആര്‍ക്കെങ്കിലും എന്തെങ്കിലും നിര്‍ദേശങ്ങളോ എതിരഭിപ്രായമോ ഉണ്ടെങ്കില്‍ വിജ്ഞാപനം വന്നു പതിനഞ്ചു ദിവസത്തിനകം ഇനി പറയുന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണെന്നു സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ അറിയിപ്പില്‍ പറയുന്നു. വിലാസം:  സെക്രട്ടറി ടു ഗവണ്‍മെന്റ്, കോ-ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!