പ്രാഥമിക സംഘങ്ങള്‍ മറ്റു ബാങ്കുകളില്‍ CASA നിക്ഷേപം നടത്തുന്നതിനെതിരെ നടപടി വരുന്നു

Deepthi Vipin lal

സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും ബാങ്കുകളും തങ്ങളുടെ CASA നിക്ഷേപം ( നോണ്‍ ടേം ഡെപ്പോസിറ്റ് അക്കൗണ്ടായ കറന്റ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് ) പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ കേന്ദ്ര സ്ഥാപനമായ സംസ്ഥാന സഹകരണ ബാങ്കില്‍ ( കേരള ബാങ്ക് ) നിക്ഷേപിക്കാതെ ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക് മുതലായ ബാങ്കുകളിലെ CASA അക്കൗണ്ടുകളിലേക്കു മാറ്റി നിക്ഷേപിക്കുന്ന പ്രവണതയ്‌ക്കെതിരെ സഹകരണ സംഘം രജിസ്ട്രാര്‍ മുന്നറിയിപ്പു നല്‍കി.

ഇത്തരം നടപടി കേരള ബാങ്കിന്റെ സാമ്പത്തികസ്ഥിതിയെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നു രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ ഇതര ധനകാര്യസ്ഥാപനങ്ങളില്‍ മിച്ചഫണ്ട് നിക്ഷേപിക്കാന്‍ പാടില്ലായെന്നു സഹകരണ സംഘം രജിസ്ട്രാര്‍ നേരത്തേ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഈ നിര്‍ദേശം ലംഘിച്ച് പ്രാഥമിക സംഘങ്ങള്‍ മറ്റു ബാങ്കുകളില്‍ CASA നിക്ഷേപം നടത്തുന്നുവെങ്കില്‍ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും സംഘങ്ങളുടെ ഓഡിറ്റില്‍ / ഇന്‍സ്‌പെക്ഷനില്‍ ഇക്കാര്യം പ്രത്യേകം പരിശോധിക്കണമെന്നും സഹകരണ ഓഡിറ്റ് ഡയരക്ടര്‍ക്കം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍മാര്‍ക്കും മറ്റും അയച്ച ഉത്തരവില്‍ രജിസ്ട്രാര്‍ ആവശ്യപ്പെട്ടു.

പ്രാഥമിക വായ്പാ സംഘങ്ങളുടെ നിക്ഷേപത്തിനു ഉയര്‍ന്ന നിരക്കില്‍ പലിശസംരക്ഷണം നല്‍കുന്ന കേരള ബാങ്കില്‍ത്തന്നെ CASA നിക്ഷേപം നിലനിര്‍ത്താനുള്ള നടപടിയെടുക്കണമെന്നു കേരള ബാങ്ക് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണു സഹകരണ സംഘം രജിസ്ട്രാര്‍ മേല്‍നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!