ഇന്‍ഷ്വറന്‍സ് പോളിസികളെല്ലാം ഡിജിറ്റലാകും; ഉപഭോക്താക്കള്‍ക്ക് ഇനി എല്ലാം എളുപ്പം

moonamvazhi

എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള പ്രവര്‍ത്തനത്തിലാണ് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ). ഇതിനൊപ്പം, ഉപഭോക്താക്കള്‍ക്ക് സേവനം എളുപ്പത്തില്‍ ലഭ്യമാക്കാനുള്ള നടപടികളും ഐ.ആര്‍.ഡി.എ. തുടങ്ങി. ഏപ്രില്‍ ഒന്ന് മുതല്‍ വില്ക്കുന്ന പുതിയ ഇന്‍ഷ്വറന്‍സ് പോളിസികള്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലാക്കണമെന്ന് കമ്പനികള്‍ക്ക് ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിര്‍ദേശം നല്‍കി.

ആരോഗ്യ ഇന്‍ഷ്വറന്‍സ് അടക്കമുള്ള പോളിസികള്‍ക്ക് ഒട്ടേറെ ഉപഭോക്താക്കളുണ്ട്. എന്നാല്‍, ചില പോളിസികള്‍ ക്ലയിം ചെയ്യുമ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങളാണ് നേരിടുന്നത്. ആശുപത്രികളില്‍ യഥാസമയം ബില്ല് നല്‍കാനാവാത്ത സ്ഥിതി പോലുമുണ്ട്. വാഗ്ധാനം ചെയ്ത് ക്ലയിം തുക കിട്ടാതിരിക്കുന്ന പ്രശ്‌നവുമുണ്ട്. പല പോളിസി ക്ലയിം ലഭ്യമാകുന്നതിനുള്ള മൂലാമാലകളാണ് ഏറെയും. ഇതെല്ലാം കുറയ്ക്കാനാണ് പോളിസികളെല്ലാം ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാന്‍ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിര്‍ദ്ദേശിച്ചത്. വിവിധ കമ്പനികളുടെ പോളിസികള്‍ അതിവേഗം ട്രാക്ക് ചെയ്യുന്നതിനും അനായാസേന ഇടപാടുകള്‍ നടത്താനും പുതിയ സംവിധാനം സഹായകരമാകും.

ഇന്‍ഷ്വറന്‍സ് ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നിബന്ധന കര്‍ശനമാക്കുന്നത്. 2013ല്‍ ഡിജിറ്റല്‍ പോളിസികള്‍ അനുവദിക്കാന്‍ നയതീരുമാനമുണ്ടായതെങ്കിലും നാല് കമ്പനികള്‍ മാത്രമാണ് പൂര്‍ണമായും ഇ പോളിസികള്‍ അവതരിപ്പിച്ചത്. ഐ.ആര്‍.ഡി. എ നിബന്ധന കര്‍ശനമാക്കിയതോടെ പോളിസികള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ പുതിയ ഇന്‍ഷ്വറന്‍സ് അക്കൗണ്ട് തുറക്കേണ്ടി വരും.

ഒരു ഉപഭോക്താവിന് ഒരു ഇഅക്കൗണ്ട് മാത്രമേ തുറക്കാന്‍ കഴിയൂ. അവരുടെ എല്ലാ പോളിസികളും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ഈ അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കഴിയും. പഴയ പേപ്പര്‍ രൂപത്തിലുള്ള പോളിസികള്‍ ഡിജിറ്റലായി മാറ്റുന്നതിനും അവസരം ലഭിക്കും. പോളിസി ഉടമകള്‍ക്ക് അപകടം സംഭവിക്കുന്ന സാഹചര്യത്തില്‍ ഡോക്യുമെന്റുകള്‍ അതിവേഗം കണ്ടെത്താന്‍ ഈ സംവിധാനം സഹായകമാകും.