പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങള്‍ക്ക് ഇനി രക്ഷാപാക്കേജിന് പണം ലഭിക്കും 

moonamvazhi

കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി യാഥാര്‍ത്ഥ്യമായി. ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം പുറത്തിറങ്ങി. പ്രതിസന്ധികാരണം ദുര്‍ബലമായതോ സുഷുപ്താവസ്ഥയിലായതോ (dormant) ആയ സംഘങ്ങള്‍ പുനരുദ്ധരിപ്പിക്കുന്നതിനായി സാമ്പത്തിക സഹായം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .സഹകരണ മേഖലയിലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും സഹകരണ സംഘങ്ങളുടെ സംഭാവനകള്‍ തുടര്‍ന്നും ഉറപ്പാക്കുന്നതിനും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനക്ഷമതയും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

സഹകരണ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായ സംസ്ഥാന ഉന്നതതല കമ്മറ്റിയായിരിക്കും ഫണ്ട് അനുവദിക്കുന്നതിനുള്ള ഉന്നതാധികാര സമിതി. സഹകരണ വകുപ്പ് സെക്രട്ടറി, സഹകരണ സംഘം രജിസ്‌കാര്‍, സംസ്ഥാന സഹകരണ യൂണിയന്‍ പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്, പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സഹകരണ സംഘം അഡീഷണല്‍ രജിസ്മാര്‍ (ക്രെഡിറ്റ്), സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ട് വിദഗ്ദര്‍ എന്നിവര്‍ സംസ്ഥാന ഉന്നതതല കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും.

കേരള സഹകരണ സംഘം നിയമം പ്രകാരം രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘങ്ങള്‍ക്കാണ് ഈ പദ്ധതി പ്രകാരം ആനുകൂല്ല്യങ്ങള്‍ ലഭിക്കുക. പ്രവര്‍ത്തന വൈകല്യം, പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം, ഹ്രസ്വകാല പണലഭ്യതക്കുറവ്, തുടങ്ങിയവ മൂലം പ്രവര്‍ത്തനം മന്ദീഭവിച്ച സംഘങ്ങളില്‍ പ്രായോഗികവും ശക്തിയാര്‍ജ്ജിക്കാന്‍ കഴിയുന്നതുമായ സഹകരണ സംഘങ്ങളെയായിരിക്കും ഇതനുസരിച്ച് പുനരുദ്ധാരണത്തിനായി പരിഗണിക്കുക.

ധനസഹായം ആവശ്യമുള്ള സഹകരണ സംഘം പുനുരുജ്ജീവന പദ്ധതി രേഖ തയ്യാറാക്കി ജില്ലാതല മോണിട്ടറിംഗ് കമ്മറ്റിയുടെ ശിപാര്‍ശയോടെ സഹകരണ സംഘം രജിസ്ട്രാര്‍ മുഖാന്തിരം സംസ്ഥാന ഉന്നതതല കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ടതും, സംസ്ഥാന ഉന്നതതല കമ്മറ്റിയുടെ തീരുമാനപ്രകാരം പദ്ധതിയുടെ അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി തുക അനുവദിക്കും . ഈ ധനസഹായം പുനരുദ്ധാരണ പദ്ധതിക്ക് മാത്രമാണ് വിനിയോഗിക്കുക. പദ്ധതി പ്രകാരം അനുവദിക്കുന്ന തുകക്ക് ആദ്യത്തെ രണ്ട് വര്‍ഷം തിരിച്ചടവിന് മൊറട്ടേറിയം ലഭിക്കും. അഞ്ചുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെയാണ് തിരിച്ചടവ് കാലയളവ്. സംസ്ഥാന ഉന്നതതല കമ്മിറ്റി തിരിച്ചടവ് തവണകളും പലിശ നിരക്കും കാലാകാലങ്ങളില്‍ നിശ്ചയിച്ചു നല്‍കും.

സംഘങ്ങള്‍ക്ക് പ്രതിസന്ധി വരുന്ന അവസരത്തില്‍ സഹകരണ പുനരുദ്ധാരണ പദ്ധതിയില്‍ നിന്നുള്ള സാമ്പത്തിക സാഹായം കൂടാതെ ആ സംഘം കരുതല്‍ ധനമായി സ്വരൂപിച്ചിട്ടുള്ള തുകയും വ്യവസ്ഥകള്‍ക്ക് വിധേയമായി വിനിയോഗിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. ഇപ്രകാരം അനുവദിക്കുന്ന തുക ഉപയോഗിച്ച് ധനസഹായം ലഭ്യമാകുന്ന സംഘം നിലവിലുള്ള പ്രതിസന്ധി തരണം ചെയ്ത് പ്രവര്‍ത്തനസജ്ജമാകുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് സംസ്ഥാനതല മോണിട്ടറിംഗ് സെല്‍, ജില്ലാ തല മോണിട്ടറിംഗ് കമ്മറ്റി,താലൂക്ക് തല മോണിട്ടറിംഗ് കമ്മറ്റി, സംഘം തല മോണിട്ടറിംഗ് കമ്മറ്റി തുടങ്ങിയ വിവിധ തലത്തിലുള്ള കമ്മറ്റികളുടെ ചുമതലയിലായിരിക്കും

പുനരുദ്ധാരണ നിധിയിലേക്കുള്ള ഫണ്ട്

സഹകരണ സംഘങ്ങളുടെ കരുതല്‍ ധനത്തിന്റെ 50 ശതമാനത്തില്‍ അധികരിക്കാത്ത തുക, കാര്‍ഷിക വായ്പാ സംഘങ്ങളുടെ അറ്റാദായത്തില്‍ നിന്നും നീക്കിവച്ചിരിക്കുന്ന അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സ്റ്റെബിലൈസേഷന്‍ ഫണ്ടിന്റെ 50 ശതമാനത്തില്‍ അധികരിക്കാത്ത തുക, കാലാകാലങ്ങളില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന തുക, ഈ സ്‌കീമില്‍ വ്യവസ്ഥ ചെയ്തിട്ടുളള പ്രകാരം ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാവുന്ന മറ്റേതെങ്കിലും തുക തുടങ്ങിയവയാണ് ഇതിലേക്ക് ലഭിക്കുക. ഫണ്ട് പ്രകാരം ലഭിക്കുന്ന തുക സംസ്ഥാന സഹകരണ ബാങ്കില്‍ നിക്ഷേപിക്കും. ഈ തുകയ്ക്ക് കാലാകാലം സഹകരണ സംഘങ്ങള്‍ നിക്ഷേപിക്കുന്ന കരുതല്‍ ധനത്തിന് നല്‍കി വരുന്ന പലിശ നിരക്കില്‍ കുറയാത്ത പലിശ നിരക്ക് ലഭിക്കും. സഹകരണ സംഘം രജിസ്ട്രാര്‍ ആഫീസിലെ അഡീഷണല്‍ രജിസ്ട്രാര്‍ (പ്ലാനിംഗ് & ഐ.സി.ഡി.പി) പദ്ധതിയുടെ ഫണ്ട് മാനേജരായി പ്രവര്‍ത്തിക്കുന്നതാണ്.

ഇന്ത്യയ്ക്ക് മാതൃകയാവുന്ന പദ്ധതി

നാടിന്റെ സമ്പദ്ഘടനയെ സഹായിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും ഇടപെടുന്ന സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കുക എന്നതാണ് പുനരുദ്ധാരണനിധിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സമഗ്രഹമായ സഹകരണനിയമഭേദഗതി നടപ്പില്‍ വന്നു കഴിഞ്ഞു. അതിന്റെ ചട്ടങ്ങളും രൂപീകരിച്ചു , ഓഡിറ്റ് സമ്പ്രദായവും പരിഷ്‌കരിച്ച് ടീം ഓഡിറ്റ് നടപ്പിലാക്കി . ഇതിനൊപ്പം ഏതെങ്കിലും സഹകരണ പ്രസ്ഥാനം പിന്നോക്കം പോകുന്ന സ്ഥിതിവിശേഷം വരുമ്പോള്‍ അതിനെ കൈപിടിച്ച് ഉയര്‍ത്തിക്കോണ്ടുവരാന്‍ സഹായിക്കുന്ന രീതിയില്‍ ഒരു സാമ്പത്തികസ്രോതസ് ഉണ്ടാവണം എന്ന് ആലോചനയില്‍ നിന്നാണ് സഹകരണ പുനരുദ്ധാരണ നിധി എന്ന ആശയം ഈ സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതും. ഇന്ത്യയിലെ സഹകരണ ബാങ്കിങ്ങ് മേഖലയ്ക്ക് ആകെ മാതൃകയായ പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.