കാലിക്കറ്റ് സിറ്റിബാങ്കിന്റെ ഡയാലിസിസ് സെന്റര്‍ പുനര്‍നാമകരണവും മംഗള്‍ജിത് റായിയെ ആദരിക്കലും 28ന്

moonamvazhi

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്കിന്റെ ചാലപ്പുറത്തെ സൗജന്യഡയാലിസിസ് കേന്ദ്രം ഡോ.പി.എം. കുട്ടി സ്മാരക ഡയാലിസിസ് സെന്റര്‍ എന്നു പുനര്‍നാമകരണംചെയ്യുന്ന ചടങ്ങും ദേശീയ സഹകരണയൂണിയന്‍ (എന്‍.സി.യു.ഐ) ഗവേണിങ് കൗണ്‍സിലംഗവും ദേശീയ ഡെയറി ഫെഡറേഷന്‍ ഡയറക്ടറുമായ ഡോ. മംഗള്‍ജിത് റായിയെ ആദരിക്കുന്ന ചടങ്ങും ജൂണ്‍ 28 വെള്ളിയാഴ്ച രാവിലെ 11 നു ചാലപ്പുറത്തെ സജന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ പുനര്‍നാമകരണം നിര്‍വഹിക്കും. എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അനുസ്മരണപ്രഭാഷണം നടത്തും. ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, ഭരണസമിതിയംഗങ്ങളായ അഡ്വ. എ. ശിവദാസ്, എ. അബ്ദുള്‍അസീസ്, കെ.ടി. ബീരാന്‍കോയ, അസി. ജനറല്‍ മാനേജര്‍ രാഗേഷ് കെ. എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിത്.

ചാലപ്പുറത്തെ പ്രമുഖ ഡോക്ടറും ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ മാര്‍ഗദര്‍ശനമേകിയയാളുമായിരുന്നു അന്തരിച്ച ഡോ. പി.എം. കുട്ടി. 2012 ജൂലായ 20 നു മാതൃകാസഹകരണസംഘത്തിന് അനുവദിച്ച ഡയാലിസിസ് സെന്റര്‍ വാടകക്കെട്ടിടത്തില്‍ അന്നത്തെ കോഴിക്കോട് മേയര്‍ പ്രൊഫ. എ.കെ. പ്രേമജമാണ് ഉദ്ഘാടനം ചെയ്തത്. ആറു ഡയാലിസിസ് യന്ത്രങ്ങളുമായിട്ടായിരുന്നു തുടക്കം. 2014 ല്‍ കെട്ടിടം ഉള്‍പ്പെടുന്ന സ്ഥലം ബാങ്ക് വിലയ്ക്കു വാങ്ങി കെട്ടിടം നിര്‍മിച്ചു. 2017 ഏപ്രില്‍ 15 ന് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. 12 ഡയാലിസിസ് യന്ത്രങ്ങളുള്ള ഇവിടെ ഡയാലിസിസ് പൂര്‍ണമായും സൗജന്യമാണ്. 2023 ഒക്ടോബര്‍ മൂന്നു മതല്‍ മൂന്നു ഷിഫ്റ്റിലായി ദിവസവും 36 ഡയാലിസിസ് എന്ന തോതില്‍ 72 രോഗികള്‍ക്ക് ഈ സേവനം ലഭിക്കുന്നു. ജൂണ്‍ 25 വരെ 77,759 ഡയാലിസിസ് ബാങ്ക് സൗജന്യമായി നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.