മധ്യപ്രദേശില്‍ ധാന്യസംഭരണവും റേഷന്‍കടയും നടത്തുന്ന സഹകരണസംഘങ്ങള്‍ക്ക് വിവരാവകാശനിയമം ബാധകമാക്കി

moonamvazhi

 

 

  • സംഘങ്ങളുടെ റേഷന്‍കടകളിലെ ജീവനക്കാരുടെ ശമ്പളം പരസ്യപ്പെടുത്തണം
  • പബ്ലിക് അതോറിറ്റിയില്‍പ്പെടുന്ന സംഘങ്ങള്‍ വിവരാവകാശ നിയമത്തിന്‍ കീഴില്‍ വരും

 

മധ്യപ്രദേശിൽ ധാന്യസംഭരണവും റേഷൻകടകളും നടത്തുന്ന എല്ലാ സഹകരണസംഘങ്ങളെയും വിവരാവകാശനിയമത്തിൻ ( RTI ACT ) കീഴിൽ കൊണ്ടുവന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അഴിമതി തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമായി ഇതാദ്യമായാണു മധ്യപ്രദേശിൽ ഇത്തരമൊരു നടപടിയെടുക്കുന്നത്. റേഷൻകടകളിലെ സെയിൽസ്മാന്മാരുടെ ശമ്പളവിവരവും ഇനി പൊതുജനങ്ങൾക്ക് ജില്ലാ പോർട്ടലിലൂടെ അറിയാൻ കഴിയും.

സംസ്ഥാന ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ രാഹുല്‍ സിങ്ങാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. റേഷന്‍കടകളില്‍ ഒരുപാട് ക്രമക്കേടുകള്‍ നടക്കുന്നതായി കര്‍ഷകരും തങ്ങളുടെ ശമ്പളത്തെപ്പറ്റി ഒരു ധാരണയുമില്ലെന്നു റേഷന്‍കടകളിലെ സെയില്‍സ്മാന്മാരും പരാതിപ്പെട്ട സാഹചര്യത്തിലാണു പുതിയ നടപടി. വര്‍ഷങ്ങളായി തങ്ങള്‍ക്കു ശമ്പളം കിട്ടുന്നില്ലെന്നുപോലും ചില സെയില്‍സ്മാന്മാര്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ച ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ക്കു സംസ്ഥാന സഹകരണവകുപ്പ് കൃത്യമായ മറുപടി നല്‍കിയിരുന്നില്ല. സഹകരണസംഘങ്ങള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നായിരുന്നു അവരുടെ വാദം. തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സിവില്‍ നടപടിക്രമമനുസരിച്ചു നടത്തിയ അന്വേഷണത്തില്‍ ധാന്യസംഭരണവും റേഷന്‍കടകളും നടത്തുന്ന സഹകരണസംഘങ്ങള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നു കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി സര്‍ക്കാരുത്തരവുകളും വിജ്ഞാപനങ്ങളും അദ്ദേഹം കണ്ടെടുക്കുകയും ചെയ്തു.

ധാന്യസംഭരണത്തിലും പൊതുവിതരണസമ്പ്രദായത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരാനാണ് ഈ നടപടിയിലൂടെ ഉദ്ദേശിക്കുന്നതെന്നു ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍നിയന്ത്രണത്തിലോ സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തിലോ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയാണു വിവരാവകാശനിയമത്തിന്‍കീഴില്‍ പബ്ലിക് അതോറിറ്റിയായി നിര്‍വചിക്കപ്പെടുന്നത്. തെളിവെടുപ്പുസമയത്തു ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ സഹകരണവകുപ്പുദ്യോഗസ്ഥരോട് റേഷന്‍കടജീവനക്കാരുടെ ശമ്പളത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും അവരതു നല്‍കിയില്ല. സഹകരണസ്ഥാപനങ്ങള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍പ്പെടുന്നതല്ല എന്നായിരുന്നു അവരുടെ നിലപാട്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു ഈ സംഘങ്ങള്‍ക്കു സര്‍ക്കാരിന്റെ സാമ്പത്തികസഹായം കിട്ടുന്നതായി മനസ്സിലായത്.

എല്ലാ ജില്ലകളിലെയും സഹകരണവകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍മാരെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ നിയമിച്ചു. ജോ. കമ്മീഷണര്‍മാരെ ഫസ്റ്റ് അപ്പലറ്റ് ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്. ഒരു മാസത്തിനകം വിവരാവകാശനിയമപ്രകാരം പൊതുജനങ്ങള്‍ക്കു വിവരങ്ങള്‍ കിട്ടുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ സഹകരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റേഷന്‍കട ജീവനക്കാരുടെ ശമ്പളവിവരങ്ങള്‍ മൂന്നു മാസത്തിനകം വെബ്‌സൈറ്റിലൂടെയോ പോര്‍ട്ടലിലൂടെയോ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഉത്തരവിനെ രേവയില്‍നിന്നുള്ള വിവരാവകാശപ്രവര്‍ത്തകനായ ശിവാനന്ദ് ദ്വിവേദി സ്വാഗതം ചെയ്തു. രാജ്യത്തെങ്ങുമുള്ള സഹകരണസംഘങ്ങളെ വിവരാവകാശനിയമത്തിനു കീഴില്‍ കൊണ്ടുവരാന്‍ ഈ നടപടി സഹായിക്കുമെന്നു അദ്ദേഹം പ്രത്യാശിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!