ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള പണം കണ്ടെത്താന്‍ വീണ്ടും സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുക്കാന്‍ സര്‍ക്കാര്‍

moonamvazhi

ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് പണം കണ്ടെത്താന്‍ സഹകരണ സംഘങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നുമായി 2000 കോടിരൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കണ്‍സോര്‍ഷ്യം രൂപീകരിച്ചായിരിക്കും പണം കണ്ടെത്തുക. ക്ഷേമപെന്‍ഷനായി സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയാണ് വായ്പ എടുക്കുന്നത്. മണ്ണാര്‍ക്കാട് റൂറല്‍ സഹകരണ ബാങ്കിനെയാണ് ഫണ്ട് മാനേജരായി നിശ്ചയിച്ചിട്ടുള്ളത്. 9.1 ശതമാനാണ് സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഫണ്ടിന് പലിശയായി നല്‍കുക.

സഹകരണ സംഘം രജിസ്ട്രാറും ഫണ്ട് മനേജരായ ബാങ്കും ചേര്‍ന്ന് കേരളബാങ്കില്‍ തുടങ്ങുന്ന പൂള്‍ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുക. വായ്പയായാണ് സംഘങ്ങളില്‍ നിന്ന് പണം വാങ്ങുന്നത്. ഇതിന്റെ തിരിച്ചടവ് അടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ഫണ്ട് മാനേജരും ക്ഷേമപെന്‍ഷന്‍ കമ്പനിയും കരാറുണ്ടാക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫണ്ട് വിനിയോഗവും തിരിച്ചടവും എല്ലാം സഹകരണ സംഘം രജിസ്ട്രാര്‍ നിരീക്ഷിക്കുകയും അതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുകയും വേണം. പണം കണ്ടെത്താന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് രജിസ്ട്രാര്‍ അനുമതി നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 12 മാസമാണ് വായ്പ കാലാവധി. ഇതിന്റെ പലിശ മാസ അടിസ്ഥാനത്തിലും മുതല്‍ കാലാവധിക്ക് ശേഷം ഒറ്റത്തവണയായും നല്‍കുന്ന രീതിയിലാണ് ക്രമീകരണം.

കഴിഞ്ഞ രണ്ടുതവണയായി 3500 കോടിരൂപ സഹകരണ ബാങ്കുകളില്‍നിന്നും സംഘങ്ങളില്‍നിന്നുമായി പിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അത് ലക്ഷ്യം കണ്ടിരുന്നില്ല. ആദ്യം 2000 കോടിയും പിന്നീട് 1500 കോടിയുമാണ് പിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. രണ്ടാംതവണ 500 കോടിരൂപപോലും സംഘങ്ങളില്‍നിന്ന് പെന്‍ഷന്‍കമ്പനിയിലേക്ക് കണ്ടെത്താനായില്ല. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യമായതിനാലാണ് ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ വീണ്ടും സഹകരണ ബാങ്കുകളില്‍നിന്നും സംഘങ്ങളില്‍നിന്നും തന്നെ പണം കണ്ടെത്താന്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published.