ഇസാഫ് ബാങ്കില്‍ കവര്‍ച്ച; പണം സൂക്ഷിച്ച ലോക്കര്‍ മാത്രം തേടി കള്ളന്‍ എത്തിയതില്‍ സംശയം
ബാങ്കുകളിലെ ലോക്കര്‍ സൂക്ഷിപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍ കള്ളന് ചോര്‍ന്നുകിട്ടിയോ എന്ന സംശയമാണ് ഇസാഫ് ബാങ്കില്‍ നടന്ന കവര്‍ച്ചയുടെ ഭാഗമായി പോലിസിനുണ്ടാകുന്നത്. തൃപ്പൂണിത്തുറ വൈക്കം റോഡില്‍ കണ്ണന്‍കുളങ്ങരയ്ക്ക് സമീപമുള്ള ഇസാഫ് ബാങ്കിന്റെ ശാഖയിലാണ് കവര്‍ച്ച നടന്നത്. 2,68,000 രൂപയാണ് നഷ്ടപ്പെട്ടത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 4.40ന് ഹെല്‍മറ്റ് ധരിച്ച മോഷ്ടാവ് ബാങ്കിനകത്ത് കയറുന്ന ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
ബാങ്കിന്റെ ഒന്നാം നിലയിലുള്ള ലോണ്‍ വിഭാഗത്തിന്റെ ലോക്കര്‍ അലമാര തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. പണം സൂക്ഷിച്ച അലമാര മാത്രം കൃത്യമായി തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. റൂമിലെ മറ്റ് രണ്ട് അലമാരകള്‍ മോഷ്ടാവ് തൊട്ടിട്ടില്ല. തിങ്കളാഴ്ചയാണ് കവര്‍ച്ച ചെയ്യപ്പെട്ട ലോക്കറിലേക്ക് ബാങ്ക് പണം മാറ്റിയത്. ഇതാണ് ഇടപാടുകളെക്കുറിച്ച് കൃത്യമായി അറിയാവുന്നവരാണ് കവര്‍ച്ച നടത്തിയയതെന്ന് സംശയം ഹില്‍പാലസ് പോലീസിനുണ്ടാകാന്‍ കാരണം. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.