അര്‍ബന്‍ ബാങ്കുകളുടെ നിക്ഷേപത്തില്‍ വന്‍കുതിപ്പ്
- മൊത്തം നിക്ഷേപം 5.33 ലക്ഷം കോടി രൂപ
- അര്‍ബന്‍ ബാങ്കുകളുടെ എണ്ണം കുറയുന്നു
- രാജ്യത്തു മൊത്തം 1502 അര്‍ബന്‍ ബാങ്കുകള്‍
- എണ്ണത്തില്‍ മഹാരാഷ്ട്ര ഒന്നാംസ്ഥാനത്ത്
രാജ്യത്തെ അര്‍ബന്‍ സഹകരണബാങ്കുകളിലെ നിക്ഷേപത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ നടന്നതു വന്‍കുതിച്ചുകയറ്റം. 2013-14 സാമ്പത്തികവര്‍ഷം 3.15 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപമെങ്കില്‍ 2023 മാര്‍ച്ച് 31ന് അതു 5.33 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ ഒരു ദശകത്തില്‍ അഡ്വാന്‍സും കുതിച്ചുകയറി. 1.99 ലക്ഷം കോടി രൂപയില്‍നിന്നു 2022-23 സാമ്പത്തികവര്‍ഷം 3.30 ലക്ഷം കോടി രൂപയായി. അര്‍ബന്‍ ബാങ്കുകളുടെ മൊത്തം ബിസിനസ്സിലും കുതിപ്പുണ്ടായിട്ടുണ്ട്. 2013-14 സാമ്പത്തികവര്‍ഷം 5.14 ലക്ഷം കോടിയായിരുന്ന ബിസിനസ് 2022-23 ല്‍ 8.63 കോടിയായി ഉയര്‍ന്നു.
പ്രാഥമിക ( അര്‍ബന്‍ ) സഹകരണ ബാങ്കുകളെക്കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ പ്രസിദ്ധീകരണത്തിലാണ് ഈ വിവരങ്ങളുള്ളത്. അര്‍ബന്‍ ബാങ്കുകളുടെ ആസ്തി-ബാധ്യതകള്‍, വരവും ചെലവും, നിഷ്‌ക്രിയ ആസ്തി, സാമ്പത്തികാനുപാതം, മുന്‍ഗണനാമേഖലയിലെ അഡ്വാന്‍സുകള്‍ തുടങ്ങിയ കാര്യങ്ങളിലേക്കു വെളിച്ചം വീശുന്ന കണക്കുകളാണ് ഇതിലുള്ളതെന്ന് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് റിപ്പോര്‍ട്ട് ചെയ്തു.
ഭവനനിര്‍മാണമേഖലയ്ക്കു നീക്കിവെച്ച വായ്പകളില്‍ കുറവു വന്നതായി കണക്കുകളില്‍ കാണുന്നു. 2019-20 ല്‍ 16.48 ശതമാനമായിരുന്നു ഈ മേഖലയിലെ മൊത്തം വായ്പ. 2022-23 ലെത്തിയപ്പോള്‍ ഇതു 14.26 ശതമാനമായി കുറഞ്ഞു. എന്നാല്‍, സൂക്ഷ്മ-ചെറുകിടസംരംഭങ്ങള്‍ക്കുള്ള സഹായം 60.79 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ 7.49 ശതമാനം കാര്‍ഷികമേഖലയിലാണ്.
അര്‍ബന്‍ സഹകരണ ബാങ്കുകളുടെ എണ്ണത്തില്‍ ഒരു ദശകത്തില്‍ കുറണ്ടായിട്ടുണ്ട്. 2013-14 ല്‍ രാജ്യത്താകെ 1589 അര്‍ബന്‍ ബാങ്കുകളാണുണ്ടായിരുന്നത്. 2022-23 സാമ്പത്തികവര്‍ഷം അതു 1502 ആയി കുറഞ്ഞു. ഇവയില്‍ 51 എണ്ണം ഷെഡ്യൂള്‍ഡ് അര്‍ബന്‍ ബാങ്കുകളാണ്. 1451 എണ്ണം നോണ്‍ ഷെഡ്യൂള്‍ഡും. ഷെഡ്യൂള്‍ഡ് അര്‍ബന്‍ ബാങ്കുകളില്‍ 19 എണ്ണം ഒറ്റ സംസ്ഥാനത്തു മാത്രമായാണു പ്രവര്‍ത്തിക്കുന്നത്. ബാക്കി 32 ബാങ്കുകള്‍ മള്‍ട്ടി സ്റ്റേറ്റ് അര്‍ബന്‍ ബാങ്കുകളാണ്. ഒരു ദശകത്തിനിടയില്‍ അര്‍ബന്‍ ബാങ്കുകളുടെ ആസ്തിയില്‍ ഏതാണ്ട് ഇരട്ടി വര്‍ധനവുണ്ടായിട്ടുണ്ട്. 2013-14 ല്‍ എല്ലാ അര്‍ബന്‍ ബാങ്കുകളുടെയും മൊത്തം ആസ്തി 3.87 ലക്ഷം കോടി രൂപയായിരുന്നത് 2023 മാര്‍ച്ച് 31 ന് 6.80 ലക്ഷം കോടി രൂപയായിട്ടുണ്ട്. അതേസമയം, നിഷ്‌ക്രിയ ആസ്തി 5.74 ശതമാനത്തില്‍നിന്നു 8.84 ശതമാനമായി കൂടുകയും ചെയ്തു. 1321 അര്‍ബന്‍ ബാങ്കുകളുടെ മൂലധന പര്യാപ്തത 12 ശതമാനം കടന്നപ്പോള്‍ 102 എണ്ണത്തിന്റേത് ഒമ്പതു ശതമാനത്തിനും 12 ശതമാനത്തിനും ഇടയിലാണ്. 2023 മാര്‍ച്ച് 31 ന് 79 അര്‍ബന്‍ സഹകരണ ബാങ്കുകള്‍ മാത്രമാണ് മൂലധന പര്യാപ്തതയില്‍ ഒമ്പതു ശതമാനത്തില്‍ താഴെയുള്ളത്.
അര്‍ബന്‍ ബാങ്കുകളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 475 ബാങ്കുകള്‍. രണ്ടാംസ്ഥാനത്തുള്ള കര്‍ണാടകത്തില്‍ 256 അര്‍ബന്‍ ബാങ്കുകളാണുള്ളത്. ഗുജറാത്തില്‍ 214 അര്‍ബന്‍ ബാങ്കുകളുണ്ട്. അതേസമയം, ഛണ്ഡീഗഢ്, അരുണാചല്‍ പ്രദേശ്, നാഗാലാന്റ്, ആന്റമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒറ്റ അര്‍ബന്‍ സഹകരണ ബാങ്കുമില്ല. 2022-23 സാമ്പത്തികവര്‍ഷം 60 അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് എ ഗ്രേഡാണുള്ളത്. 192 ബാങ്കുകള്‍ക്കു ബി പ്ലസാണ്. 727 എണ്ണം ബി ഗ്രേഡിലും 401 എണ്ണം സി ഗ്രേഡിലും 122 എണ്ണം ഡി ഗ്രേഡിലുമാണ്.