കോടികളുടെ തട്ടിപ്പ് നടന്ന ഒരു മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘത്തെ കാണാനില്ല

moonamvazhi

നൂറുകോടിരൂപയുടെ തട്ടിപ്പ് നടന്ന ഒരു മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തെ കാണാനില്ല. തട്ടിപ്പ് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ വിശദീകരണം തേടി നോട്ടീസ് നല്‍കിയപ്പോഴാണ് സംഘത്തെ കാണാനില്ലാത്ത കാര്യം അറിയുന്നത്. കേന്ദ്ര സഹകരണ രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസില്‍ അങ്ങനെയൊരു സഹകരണ സംഘം കാണാനില്ലെന്ന വിവരമാണ് തപാല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ പ്രവര്‍ത്തിച്ചിരുന്ന മോഹന്‍ കൃപ ക്രഡിറ്റ് മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘമാണ് തട്ടിപ്പിന് പിന്നാലെ അപ്രത്യക്ഷമായത്.

2000 പേര്‍ക്കായി 100 കോടിരൂപയുടെ നിക്ഷേപം ഈ സംഘം തിരിച്ചുനല്‍കാനുണ്ട്. പത്തുവര്‍ഷം മുമ്പാണ് മോഹന്‍ കൃപ ക്രഡിറ്റ് സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങിയത്. 2015വരെ നല്ലരീതിയിലാണ് സംഘം പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിനുശേഷമാണ് സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങിയത്. പിന്നാലെ ശാഖകള്‍ ഓരോന്നായി അടച്ചുപൂട്ടി. 2016 ഓടെ മാനേജിങ് ഡയറക്ടറെ കാണാതായി. നിക്ഷേപം തിരികെ ലഭിക്കാതിരുന്നതോടെ നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കി.

രാജസ്ഥാന്‍ സഹകരണ സംഘം രജിസ്ട്രാറാണ് കേന്ദ്ര സഹകരണ രജിസ്ട്രാര്‍ക്ക് തട്ടിപ്പ് സംബന്ധിച്ചുള്ള വിവരം കൈമാറുന്നത്. ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് സഹിതമായിരുന്നു കത്ത്. സംസ്ഥാനത്തെ സഹകരണ മേഖലയെ അടക്കം ബാധിക്കുന്നതിനാല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോടെയാണ് സംസ്ഥാന രജിസ്ട്രാര്‍ കത്ത് നല്‍കിയത്. കേന്ദ്ര രജിസ്ട്രാര്‍ക്ക് വാര്‍ഷിക റിപ്പോര്‍ട്ടും ഈ സംഘം നല്‍കിയിരുന്നില്ല. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കേന്ദ്ര രജിസ്ട്രാര്‍ നോട്ടീസ് നല്‍കിയത്. സംഘത്തിന്റെ ചെയര്‍മാന്‍, മാനേജിങ് ഡയറക്ടര്‍ എന്നിവരോട് വിശീദകരണം ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

ഈ നോട്ടീസാണ് സ്ഥാപനമോ ഉടമസ്ഥരെയോ കണ്ടെത്താനാകാതെ തിരിച്ചെത്തിയത്. ഇതോടെ, പത്തുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് കാണിച്ച് കേന്ദ്ര രജിസ്ട്രാറുടെ ഓഫീഷ്യല്‍ വെബ് പോര്‍ട്ടലില്‍ നോട്ടീസ് പ്രസിദ്ധീകരിച്ചു. ജനുവരി അവസാനമാണ് ഈ നോട്ടീസ് പ്രസിദ്ധീകരിച്ചത്. ഇതിനും മറുപടി ഉണ്ടായില്ലെങ്കില്‍ സഹാറ ഗ്രൂപ്പിന്റെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘത്തിനെതിരെ സ്വീകരിച്ച നടപടിയുടെ മാതൃകയില്‍ നിയമനടപടി സ്വീകരിക്കാനാണ് കേന്ദ്ര സഹകരണ മന്ത്രാലയം ആലോചിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!