സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ ഓഡിറ്റര്‍മാരെ നിയമിക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണം – റിസര്‍വ് ബാങ്ക്

moonamvazhi

സഹകരണ ബാങ്കുകളിലെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരുടെ നിയമനത്തിനും പുനര്‍നിയമനത്തിനും പുറത്താക്കലിനും റിസര്‍വ് ബാങ്കിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്നു തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. എല്ലാ സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കുകളും ഇതു പാലിക്കണം. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്ന ഏപ്രില്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. സഹകരണ ബാങ്കുകളുടെ ഓഡിറ്റിങ്ങില്‍ സുതാര്യതയും ഉത്തരവാദിത്തവും വര്‍ധിപ്പിക്കുക എന്നതാണു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വഴി ലക്ഷ്യമിടുന്നത്.

സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരുടെ പുനര്‍നിയമനത്തിനു വര്‍ഷംതോറും അനുമതി വാങ്ങിയിരിക്കണമെന്നു സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 2024 ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ തുടങ്ങുന്ന എല്ലാ അക്കൗണ്ടിങ് കാലത്തേക്കും റിസര്‍വ് ബാങ്കിന്റെ അനുമതിക്കുള്ള അപേക്ഷ ജൂലായ് 31 നു മുമ്പു സമര്‍പ്പിക്കണം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ( ഐ.സി.എ.ഐ ) യില്‍നിന്നു വാര്‍ഷികാടിസ്ഥാനത്തില്‍ ഓഡിറ്റ് സ്ഥാപനങ്ങളുടെ പട്ടിക നബാര്‍ഡ് ശേഖരിക്കണമെന്നു മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഓഡിറ്റര്‍മാര്‍ക്കായി നിശ്ചയിച്ചിട്ടുള്ള യോഗ്യതകളുടെ അടിസ്ഥാനത്തില്‍ ഈ പട്ടികയില്‍നിന്നു ഓഡിറ്റ് സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കണം. സംസ്ഥാനാടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കേണ്ടത്. സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് കൈമാറുന്ന ഈ ലിസ്റ്റില്‍നിന്നാണ് ഓഡിറ്റര്‍മാരെ നിയമനത്തിനും പുനര്‍നിയമനത്തിനുമായി തിരഞ്ഞെടുത്ത് ആവശ്യമായ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബാങ്കുകളുടെ ഭരണസമിതിയോ ഭരണസമിതിയുടെ ഓഡിറ്റ് ബോര്‍ഡോ (ACB )  ആണ് ഓഡിറ്റര്‍മാരുടെ സ്വതന്ത്രസ്വഭാവവും വിരുദ്ധതാല്‍പ്പര്യങ്ങളുണ്ടെങ്കില്‍ അതും നിരീക്ഷിച്ചു വിലയിരുത്തേണ്ടത്. ഓഡിറ്റര്‍മാരുടെ പ്രവര്‍ത്തനം ഭരണസമിതിയോ ഓഡിറ്റ് ബോര്‍ഡോ വര്‍ഷംതോറും വിലയിരുത്തണം. ഒരു വര്‍ഷത്തേക്കാണ് ഓഡിറ്റര്‍മാരെ ആദ്യം നിയമിക്കേണ്ടത്. മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന മാനദണ്ഡങ്ങള്‍ തൃപ്തികരമായി പാലിക്കുന്നുണ്ടെങ്കില്‍ രണ്ടു വര്‍ഷത്തേക്കു വീണ്ടും നിയമിക്കാം. ഈ കാലാവധിക്കു മുമ്പു ഓഡിറ്ററെ നീക്കം ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ഭരണസമിതിയുടെ /  ഓഡിറ്റ് ബോര്‍ഡിന്റെ അനുമതിയോടെ മാത്രമേ ഓഡിറ്ററെ നീക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാവൂ- റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഒരു ഓഡിറ്റ് സ്ഥാപനം ഒരു വര്‍ഷം പരമാവധി അഞ്ചു സഹകരണ ബാങ്കുകളുടെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റേ ഏറ്റെടുത്തു നടത്താവൂ എന്നതാണു മറ്റൊരു നിര്‍ദേശം. ഈ അഞ്ചു ബാങ്കുകളില്‍ ഒന്നിലധികം സംസ്ഥാന സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടാനും പാടില്ല. അതുപോലെ, ഒരേ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കിന്റെയും ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കിന്റെയും ഓഡിറ്റ് ഒരു വര്‍ഷം ഒരുമിച്ചു നടത്താനും പാടില്ല- റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!