കെയര്‍ ഹോം രണ്ടാംഘട്ടത്തില്‍ കണ്ണാടിയില്‍ 28 വീടുകളുടെ സമുച്ഛയം

moonamvazhi

കെയര്‍ഹോം രണ്ടാംഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ കണ്ണാടി-2 വില്ലേജില്‍ 28 വീടുകളുടെ സമുച്ഛയം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. 61 സെന്റ് സ്ഥലത്ത് ഏഴ് ബ്ലോക്കുകളായാണ് ഈ വീടുകള്‍ നിര്‍മ്മിക്കുക. സംസ്ഥാന നിര്‍മ്മിതി കേന്ദ്രയാണ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയിട്ടുള്ളത്.

4.83 കോടിരൂപയാണ് ഇതിനായി ചെലവുവരുന്നത്. ഈ വീടുകള്‍ നിര്‍മ്മിക്കുന്നതിന് അക്രഡിറ്റഡ് ഏജന്‍സിയെ തിരഞ്ഞെടുക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിക്കുന്നതിനും അനുമതി തേടി സഹകരണ സംഘം രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി നല്‍കി ഉത്തരവിറക്കിയത്.

കെയര്‍ഹോം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ 2091 വീടുകളാണ് സഹകരണ വകുപ്പ് നിര്‍മ്മിച്ചു നല്‍കിയത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒരുഭവന സമുച്ഛയമാണ് ഇതിനകം പൂര്‍ത്തിയാക്കിയത്. തൃശൂര്‍ ജില്ലയില്‍ പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലത്താണ് 40 കുടുംബങ്ങള്‍ക്കായി ഭവനസമുച്ഛയം നിര്‍മ്മിച്ചു നല്‍കിയത്. പാലക്കാട്, കണ്ണൂര്‍, കോട്ടയം ജില്ലകളിലാണ് ഇനി ഭവന സമുച്ഛയം നിര്‍മ്മിക്കുന്നത്. ഇതില്‍ പാലക്കാട് ജില്ലയിലുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്.

Leave a Reply

Your email address will not be published.

Latest News