ആരോഗ്യം ക്ഷയിക്കുന്ന സഹകരണം

moonamvazhi

സഹകരണസംഘങ്ങളുടെ പ്രതിസന്ധി കേവലം സഹകരണമേഖലയുടെ മാത്രം
പ്രശ്നമല്ലെന്ന തിരിച്ചറിവിലേക്കു സാമ്പത്തികവിദഗ്ധര്‍ എത്തിയിരിക്കുന്നു.
സാധാരണ ജനങ്ങള്‍ക്കു തിരിച്ചടവുശേഷി ഇല്ലാതായതാണു സഹകരണമേഖലയുടെ
പ്രശ്നങ്ങള്‍ക്കു കാരണം. ഇതു മാന്ദ്യത്തിന്റെ ലക്ഷണമാണ്.

കേരളത്തിന്റെ പ്രാദേശിക ജനവിഭാഗത്തിന്റെ ബാങ്കിങ്സ്ഥാപനമാണു സഹകരണബാങ്കുകള്‍. പ്രാഥമിക സഹകരണബാങ്കുകളിലെ 90 ശതമാനം വായ്പകളും പത്തു ലക്ഷം രൂപയില്‍ത്താഴെയാണ്. ഇടപാടുകാരിലേറെയും സാധാരണക്കാരും കര്‍ഷകരും തൊഴിലാളികളുമാണ്. ഒരു പഞ്ചായത്ത് അല്ലെങ്കില്‍ വില്ലേജ്, അവയുടെ കുറച്ചു ഭാഗം എന്നിങ്ങനെയാണ് ഒരു പ്രാഥമിക സഹകരണബാങ്കിന്റെ പ്രവര്‍ത്തനപരിധി. ആ പരിധിക്കുള്ളിലെ ജനങ്ങളുടെ അടിസ്ഥാന സാമ്പത്തികാവശ്യം നിറവേറ്റാന്‍ ഏറ്റവും കൂടുതല്‍ അവര്‍ ആശ്രയിക്കുന്ന സ്ഥാപനമാണത്. അതായത്, ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതാവസ്ഥയിലുള്ള ഏതു മാറ്റവും ആ പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന സഹകരണബാങ്കുകളെയും സംഘങ്ങളെയും ബാധിക്കും. സഹകരണമേഖല പ്രതിസന്ധിയിലാകാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷമായി. 2018 ലെ പ്രളയത്തിനു ശേഷം സഹകരണമേഖലയ്ക്കു തിരിച്ചടിയാണ്. സംഘങ്ങള്‍ കൂട്ടത്തോടെ നഷ്ടത്തിലേക്കു പോയിക്കൊണ്ടിരുന്നു. ഇതൊരു താല്‍ക്കാലിക പ്രശ്നമായാണു തുടക്കത്തില്‍ സഹകാരികള്‍ വിലയിരുത്തിയത്. എന്നാല്‍, ഓരോ വര്‍ഷം കഴിയുമ്പോഴും നഷ്ടത്തിലാകുന്ന സംഘങ്ങളുടെ എണ്ണം കൂടിവന്നു. നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത സംഘങ്ങളുണ്ടായി. അതു പലയിടത്തും സമരങ്ങളിലും പ്രതിഷേധങ്ങളിലുമെത്തി. അപ്പോഴെല്ലാം സഹകരണമേഖലയിലെ ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന നിലയിലേക്കു ചുരുക്കിക്കാണാനാണു സര്‍ക്കാരും സഹകാരികളും ശ്രമിച്ചത്

ഇപ്പോഴത്തെ സ്ഥിതി അതിഗുരുതരമാണ്. സഹകരണസംഘങ്ങളുടെ പ്രതിസന്ധി കേവലം സഹകരണമേഖലയുടെമാത്രം പ്രശ്നമല്ലെന്ന തിരിച്ചറിവിലേക്കു സാമ്പത്തികവിദഗ്ധര്‍ എത്തിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്കു തിരിച്ചടവുശേഷി ഇല്ലാതായതാണു സഹകരണമേഖലയുടെ പ്രശ്നങ്ങള്‍ക്കു കാരണം എന്നതാണു വസ്തുത. ഇതു മാന്ദ്യത്തിന്റെ ലക്ഷണമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമെല്ലാം വരുമാനം ഉറപ്പാക്കാനാകാതെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനാവില്ല. സഹകരണസംഘങ്ങളും ബാങ്കുകളും നേരിടുന്ന പ്രതിസന്ധി വരുമാനശോഷണം സംഭവിച്ച ഒരു ജനതയുടെ ജീവിതാവസ്ഥയുടെ ലക്ഷണമാണ്. ക്ഷേമപദ്ധതികള്‍ക്കു സഹകരണസംഘങ്ങളെ ആശ്രയിക്കുന്ന രീതിയിലേക്കു സര്‍ക്കാര്‍ മാറിയതു തുടക്കത്തില്‍ ശുഭലക്ഷണമായാണു വിലയിരുത്തപ്പെട്ടത്. സഹകരണമേഖലയിലെ അധികപണം ഇത്തരത്തില്‍ സര്‍ക്കാര്‍ തിരിച്ചടവ് ഉറപ്പാക്കുന്ന രീതിയില്‍ വായ്പയാക്കി മാറ്റാനാകുന്ന സ്ഥിതി സംഘങ്ങള്‍ക്കും ഗുണകരമായിരുന്നു. ക്ഷേമപെന്‍ഷന്‍, കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍, കാര്‍ഷികകടാശ്വാസപദ്ധതിക്കായുള്ള കണ്‍സോര്‍ഷ്യം എന്നിങ്ങനെ സഹകരണസംഘങ്ങളുടെ ഫണ്ട് ഉപയോഗിച്ചതിന്റെ ആശ്വാസം നേരിട്ട് സാധാരണജനങ്ങള്‍ക്കു ലഭ്യമായിത്തുടങ്ങി. ഈ ഘട്ടത്തിലാണു സര്‍ക്കാര്‍ വരുമാനം മുട്ടിയ അവസ്ഥയിലേക്കു മാറുന്നത്. ഇതോടെ, സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കാനുള്ള പണം കുടിശ്ശികയായി. ഇതു സഹകരണസംഘങ്ങളെയും പ്രതിസന്ധിയിലേക്കു നയിച്ചു. കൂടുതല്‍ വായ്പ സര്‍ക്കാരിനുപോലും നല്‍കാനാവാത്ത സ്ഥിതിയില്‍ സംഘങ്ങളെത്തി. ഇതോടെ, ക്ഷേമപെന്‍ഷനടക്കം മുടങ്ങി. ഒരേസമയം സഹകരണസംഘങ്ങളില്‍ പണത്തിന്റെ ശോഷണം സംഭവിക്കുകയും ജനങ്ങള്‍ക്കു വാങ്ങല്‍ശേഷി കുറയുകയും ചെയ്തതോടെയാണ് ഇപ്പോഴത്തെ മാന്ദ്യത്തിന്റെ ആഘാതത്തിലേക്കു കേരളം എത്തിയത്.

പെന്‍ഷന്‍
കമ്പനി

സാമൂഹിക സുരക്ഷാപെന്‍ഷന്‍ എല്ലാ മാസവും നേരിട്ട് വീടുകളില്‍ എത്തിക്കുന്നതിനു സര്‍ക്കാര്‍ ഒരുക്കിയ ക്രമീകരണമാണു കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍കമ്പനി എന്ന സ്ഥാപനം. പ്രാഥമിക സഹകരണബാങ്കുകള്‍, സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്തു പെന്‍ഷന്‍കമ്പനി എല്ലാ മാസവും പെന്‍ഷനുള്ള തുക കൈമാറും. കമ്പനിയെടുത്ത വായ്പ പലിശസഹിതം അതിന്റെ കാലാവധിക്കുള്ളില്‍ സര്‍ക്കാര്‍ തിരിച്ചുനല്‍കും. ഇതാണ് ഉണ്ടാക്കിയ ധാരണ. 4000 കോടിയലധികം രൂപ ഇതിനകം സഹകരണബാങ്കുകള്‍ പെന്‍ഷന്‍കമ്പനിക്കു വായ്പയായി നല്‍കിയിട്ടുണ്ട്. ഇതിന്റെ പലിശ മൂന്നുമാസം കൂടുമ്പോള്‍ കൃത്യമായി സഹകരണ ബാങ്കുകള്‍ക്കു നല്‍കുന്നുമുണ്ട്. ഇപ്പോള്‍ പുതുതായി 2000 കോടികൂടി സഹകരണബാങ്കുകളില്‍നിന്ന് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, 6000 കോടിയിലധികം രൂപ സര്‍ക്കാരിനു പെന്‍ഷന്‍കമ്പനിയിലൂടെ സഹകരണബാങ്കുകള്‍ക്കു കടബാധ്യതയുണ്ടാകും. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 10,848.61 കോടി രൂപ പെന്‍ഷന്‍കമ്പനിക്കു ബാധ്യതയുണ്ട്. അതായത്, 2018 മുതല്‍ നല്‍കിയ ക്ഷേമപെന്‍ഷന് ഒരു രൂപപോലും പെന്‍ഷന്‍കമ്പനിയിലേക്കു സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പെന്‍ഷന്‍കമ്പനിക്കു സഹകരണബാങ്കുകള്‍ നല്‍കിയ വായ്പയിലും തിരിച്ചടവുണ്ടാക്കാത്ത സ്ഥിതിയാണ്. മൂന്നു ലക്ഷം മുതല്‍ 50 കോടി രൂപവരെയാണു പെന്‍ഷന്‍കമ്പനിക്കു സഹകരണബാങ്കുകള്‍ വായ്പയായി നല്‍കിയിട്ടുള്ളത്.

സമൂഹത്തില്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഘട്ടമുണ്ടാകുമ്പോള്‍ സഹകരണസംഘങ്ങളെ ബാധിക്കാതിരിക്കാനാണു ലാഭത്തില്‍നിന്ന് ഒരുഭാഗം അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ള റിസര്‍വുകളായി മാറ്റിവെക്കുന്നത്. അംഗസമാശ്വാസ നിധി, പൊതുനന്മാഫണ്ട്, കരുതല്‍ ഫണ്ട് എന്നിവയെല്ലാം ഇതിനുള്ളതാണ്. എന്നാല്‍, പ്രളയാനന്തര കേരളത്തില്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതു സഹകരണസംഘങ്ങളുടെ റിസര്‍വ് ഫണ്ടുകളാണ്. അംഗസമാശ്വാസനിധിയും പൊതുനന്മാഫണ്ടും എറക്കുറെ സര്‍ക്കാര്‍ ഉപയോഗിച്ചു. കെയര്‍ഹോം, കെയര്‍ ഗ്രേസ്, കോവിഡ്കാലത്തു സമൂഹഅടുക്കള, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന എന്നിവയ്ക്കെല്ലാം ഈ ഫണ്ടുകളാണ് ഉപയോഗിച്ചത്. ഇപ്പോള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ വരുമാനം കുറയുകയും വായ്പകള്‍ക്കു തിരിച്ചടവില്ലാതെ പിടിച്ചുനില്‍ക്കാനാവാത്ത അവസ്ഥയിലേക്കു സഹകരണസംഘങ്ങളുടെ സാമ്പത്തികസ്ഥിതി മാറുകയും ചെയ്തതോടെ ഈ ‘കരുതല്‍’ നഷ്ടവും സംഘങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കേരള ബാങ്കിന്റെ കുടിശ്ശികയില്‍ 60 ശതമാനവും പ്രാഥമിക സഹകരണസംഘങ്ങളുടേതാണെന്നാണു കണക്ക്. സംഘങ്ങള്‍ എടുത്ത വായ്പയും തിരിച്ചടക്കാനാവാത്ത സ്ഥിതിയിലേക്ക് എത്തിയെന്നാണ് ഇതു കാണിക്കുന്നത്. ഇത്തരമൊരു സ്ഥിതി തുടര്‍ന്നാല്‍ അതു കേരള ബാങ്കിനെയും ബാധിക്കും.

നിഷ്‌ക്രിയ ആസ്തി
15,376 കോടി

കേരളത്തിലെ സഹകരണബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തി കുത്തനെ കൂടുകയാണ്. 2022 മാര്‍ച്ചിലെ കണക്കനുസരിച്ച് 15,376.6 കോടി രൂപയാണു സഹകരണബാങ്കുകളില്‍ നിഷ്‌ക്രിയ ആസ്തിയായിട്ടുള്ളത്. ഇത് അര്‍ബന്‍ സഹകരണബാങ്കുകള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, സംസ്ഥാന സഹകരണബാങ്ക്, സംസ്ഥാന കാര്‍ഷിക ഗ്രാമവികസനബാങ്ക് എന്നിവയുടെ കണക്കു മാത്രമാണ്. സംസ്ഥാനത്തു 1625 പ്രാഥമിക സഹകരണബാങ്കുകളുടെയും മറ്റു സഹകരണസംഘങ്ങളുടെയും കുടിശ്ശിക ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രാഥമിക സഹകരണബാങ്കുകളാണു നിലവില്‍ വായ്പക്കുടിശ്ശികയുടെ പ്രശ്നം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്നത്. കാരണം, സാധാരണക്കാരുമായി നേരിട്ട് ഇടപഴുകുന്നതും അവരുമായി കൂടുതല്‍ ഇടപാടു നടത്തുന്നതും ഈ ബാങ്കുകളാണ്. മൊത്തം വായ്പയുടെ 50 ശതമാനത്തിലധികം കുടിശ്ശികയായി മാറിയ സഹകരണബാങ്കുകള്‍ കേരളത്തില്‍ ഏറെയുണ്ട്. ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തു ജപ്തിനടപടിയിലേക്കു കടക്കാത്തതുകൊണ്ടാണ് ഇത്രയും കുടിശ്ശികയാകുന്നതെന്നു ബാങ്കിങ്ഭാഷയില്‍ ഇതിനെ വിശേഷിപ്പിക്കാം. എന്നാല്‍, വിറ്റ വിളയ്ക്കു വില കിട്ടാതെയും വരവിനേക്കാള്‍ ചെലവുകൂടി കടം കയറുകയും ചെയ്ത കര്‍ഷകനെതിരെയാണ് ഈ ജപ്തിയുമായി പ്രാഥമികബാങ്കുകള്‍ പോകേണ്ടത്. ആ നടപടി മനുഷ്യത്വമില്ലാത്ത സമീപനമായി വിലയിരുത്തപ്പെടും. ജനകീയബാങ്കിങ് എന്നും മനുഷ്യത്വസമീപനമെന്നും വിളിക്കുന്ന പ്രാഥമിക സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും അത്തരമൊരു നിലപാട് സ്വീകരിക്കാനാവില്ല. ഇതോടെ, ഒരു പ്രദേശത്തെ ജനതയുടെ സാമ്പത്തികപ്രതിസന്ധിയുടെ ആഘാതം സഹകരണബാങ്കുകളും സംഘങ്ങളും ഏറ്റുവാങ്ങാന്‍ തുടങ്ങി.

2022 മാര്‍ച്ചിലെ കണക്കനുസരിച്ച് കേരളത്തില്‍ നഷ്ടത്തിലായ പ്രാഥമിക സഹകരണസംഘങ്ങളുടെ എണ്ണം 9538 ആണ്. ലാഭത്തിലുള്ളത് 3178 എണ്ണം. പിന്നീടുള്ള വര്‍ഷത്തെ കണക്കില്‍ നഷ്ടത്തിലായ സംഘങ്ങളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ലാഭത്തിലായ പല സംഘങ്ങളും കൂട്ടത്തോടെ നഷ്ടത്തിലേക്കു പോകുന്ന പ്രവണതയാണു നിലവിലുള്ളത്. നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാന്‍ വട്ടിപ്പലിശക്കാരോടു പണം വാങ്ങിയ വനിതാസൊസൈറ്റി മലപ്പുറത്തുണ്ട്. സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തില്‍ സംസ്ഥാനത്താകെയുള്ളത് 16,314 സഹകരണസംഘങ്ങളാണ്. 12,716 സഹകരണസംഘങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവയ്ക്കു പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നു. സംഘങ്ങള്‍ നഷ്ടത്തിലാകുന്നുവെന്നതുമാത്രമല്ല പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘങ്ങള്‍ പൂട്ടിപ്പോകുന്ന സ്ഥിതിയുണ്ടാകുന്നത് എന്തുകൊണ്ട് എന്നതും പരിശോധിക്കേണ്ടിയിരിക്കുന്നു. ഒരു ജനവിഭാഗത്തില്‍ അവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാനുള്ള സാധ്യത വിലയിരുത്തിയാണ് ഒരു സംഘം രജിസ്റ്റര്‍ ചെയ്യുന്നത്. അത്തരമൊരു സംഘം പൂട്ടിപ്പോകുന്നുണ്ടെങ്കില്‍ ആ ജനവിഭാഗത്തിനുവേണ്ടി ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരണം. അല്ലെങ്കില്‍, അവരുടെയിടയില്‍ പ്രവര്‍ത്തിച്ച് സാമ്പത്തികഭദ്രത നേടാന്‍ കഴിയാതെ വരണം. രണ്ടാമത്തെ കാരണത്താലാണു ഭൂരിഭാഗം സംഘങ്ങളും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുന്നത് എന്നു മനസ്സിലാക്കാനാവും. ഇതു വരുമാനം ഉറപ്പാക്കാനാവാത്ത ഒരു വിഭാഗം ജനങ്ങള്‍ അംഗങ്ങളായുണ്ടാകുന്ന ഒരു സംഘത്തിന്റെ ദുരവസ്ഥയാണ്. അതിനു കാരണം ആ പ്രദേശത്തുണ്ടാകുന്ന വരുമാനശോഷണമാണ്.

വരുമാനം മുട്ടുന്ന
ജനത

സംസ്ഥാനത്തെ 164 സഹകരണസംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ കഴിയാത്തവയാണ് എന്നു 2022 ജുലായ് 18 നാണു നിയമസഭയില്‍ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചത്. ഇതു മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കി. മാത്രമല്ല, സഹകാരികളില്‍ ഇതു വലിയ ഞെട്ടലുമുണ്ടാക്കി. മന്ത്രി അന്നു പറഞ്ഞ ഘട്ടത്തില്‍ നിന്ന് ഇന്ന് ഏറെ മുന്നോട്ടുപോയിരിക്കുന്നു. ഇപ്പോഴത്തെ കണക്ക് പരിശോധിച്ചാല്‍ അന്നത്തെ 164 നേക്കാള്‍ കൂടുതല്‍ സംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്ത സ്ഥിതിയിലായിട്ടുണ്ട്. ഇതു ഗ്രാമീണ സമ്പദ്വ്യവസ്ഥയിലുണ്ടാകുന്ന മാന്ദ്യമല്ലാതെ പിന്നെന്താണ് ?. ആ 164 വെറുമൊരു സംഖ്യയല്ലെന്നും വരാനിക്കുന്ന അപകടത്തിന്റെ സൂചനയാണെന്നും ‘ മൂന്നാംവഴി ‘ മാസങ്ങള്‍ക്കുമുമ്പേ ചൂണ്ടിക്കാട്ടിയിരുന്നു. ആ അപകടാവസ്ഥയിലാണ് ഇന്നു കേരളം നില്‍ക്കുന്നത്. കേരളത്തിലെ കാര്‍ഷിക വായ്പാസംഘങ്ങള്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ടെന്നു റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സഹകരണസംഘങ്ങള്‍ നിക്ഷേപം തിരിച്ചുകൊടുക്കാത്തവയുടെ പട്ടികയിലുണ്ട്. ഇതില്‍ പത്തനംതിട്ട, ആലപ്പുഴജില്ലകളിലെ സ്ഥിതി പേടിപ്പിക്കുന്നതാണെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. ഈ രണ്ടു ജില്ലകളിലും നിക്ഷേപം തിരിച്ചുകൊടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതു മുഴുവന്‍ പ്രാഥമിക സഹകരണബാങ്കുകളാണ്. രണ്ടു ജില്ലയിലും 15 വീതം സഹകരണബാങ്കുകള്‍ സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട്. ആലപ്പുഴയിലെയും പത്തനംതിട്ടയിലേയും പ്രാഥമിക സഹകരണബാങ്കുകള്‍ കൂട്ടത്തോടെ പ്രതിസന്ധിയിലാകുന്നുണ്ടെങ്കില്‍ അവിടത്തെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തിന് എന്തോ പ്രശ്നം സംഭവിച്ചിരിക്കുന്നുവെന്നു പ്രാഥമികമായി വിലയിരുത്തേണ്ടിവരുമെന്ന് അന്നുതന്നെ പലരും മുന്നറിയിപ്പ് നല്‍കിയതാണ്. കാര്‍ഷികമേഖലയിലെ തകര്‍ച്ച, പ്രളയബാധിതരായ ജനത – അങ്ങനെ ജനങ്ങളുടെ ജീവനോപാധികള്‍ക്കു പ്രശ്നം സംഭവിച്ചതാണു സഹകരണബാങ്കുകളില്‍ കുടിശ്ശികയായി പ്രതിഫലിച്ചത് എന്നു കാണാനാകും.

പ്രളയാനന്തരം കാര്‍ഷികമേഖലയിലെ വായ്പ ഉള്‍ക്കൊള്ളാനുള്ള ശേഷി മിക്കയിടത്തും കുറഞ്ഞിട്ടുണ്ട്. ഒരേക്കര്‍ കൃഷിയിടത്തില്‍ നേരത്തെ വിവിധ കൃഷികളില്‍നിന്ന് ഒരു ലക്ഷം രൂപ വരുമാനം ലഭിച്ചിരുന്നുവെങ്കില്‍ ആ കൃഷിയുടമയായ കര്‍ഷകന് ഒരു ലക്ഷം രൂപ വായ്പ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടെന്നു കണക്കാക്കാം. പ്രളയത്തിനുശേഷം ഭൂമിയുടെ സ്വാഭാവികഘടനയിലുണ്ടായ മാറ്റം കൃഷിയെയും ബാധിച്ചിട്ടുണ്ട്. മുമ്പുള്ള രീതിയിലുള്ള കൃഷിയോ കൃഷിരീതിയോ ചെലവോ പറ്റാതെ വന്നിരിക്കുന്നു. കൃഷിയില്‍നിന്നു ലഭിച്ചിരുന്ന വരുമാനം ഗണ്യമായി കുറഞ്ഞു. ഈ മാറ്റം പരിഗണിക്കാതെ ഒരു ലക്ഷം രൂപ അതേ കര്‍ഷകന്‍ വായ്പയെടുത്താല്‍ അവനു തിരിച്ചടവ് സാധ്യമാവില്ല. ആലപ്പുഴയിലും പത്തനംതിട്ടയിലും കര്‍ഷകരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കുന്നുണ്ട്. വായ്പാതിരിച്ചടവ് വരാതെ സാമ്പത്തികശോഷണം നേരിടുന്നുണ്ടെങ്കില്‍ അത് ആ പ്രദേശം നേരിടുന്ന സാമ്പത്തികാഘാതത്തിന്റെ തെളിവാണ്. റബ്ബര്‍ക്കര്‍ഷകര്‍ നേരിടുന്ന വിലയിടിവ്, പ്രവാസിപ്പണത്തിലുണ്ടായ ശോഷണം എന്നിവയെല്ലാം പത്തനംതിട്ട, കോട്ടയം ജില്ലകളെ ബാധിച്ചിട്ടുണ്ട്.

നെല്ലിന്റെയും നാളികേരത്തിന്റെയും സംഭരിച്ച വിലപോലും കര്‍ഷകര്‍ക്കു ലഭിക്കാത്തതും പച്ചക്കറികളും പഴങ്ങളും ഉല്‍പ്പാദനം കൂടുന്നതിനനുസരിച്ച് വില കുറയുന്നതുമെല്ലാം കര്‍ഷകരുടെ വരുമാനത്തെ സാരമായി ബാധിച്ച ഘടകങ്ങളാണ്. കോവിഡ്കാലത്തു വാങ്ങിയ വായ്പകളിലേറെയും ഉല്‍പ്പാദനക്ഷമമല്ലാത്ത രീതിയില്‍ ജനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടിവന്നു. പരമ്പരാഗത മേഖലയിലുള്ളവര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെല്ലാം വരുമാനം കുറഞ്ഞവരുടെ പട്ടികയിലാണ്. മറുനാടന്‍ തൊഴിലാളികള്‍ക്കു ലഭിക്കുന്ന പണം ഇവിടെ ഉപയോഗിക്കാതെയായി. സര്‍ക്കാരിന്റെ എല്ലാ സാമ്പത്തികസഹായങ്ങള്‍ക്കും മുടക്കം വന്നു. വിലക്കയറ്റം രൂക്ഷമായി. ഇതൊക്കെ ഒരു സമൂഹത്തില്‍ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെയും സാമ്പത്തികഘടനയില്‍ എന്തു മാറ്റമുണ്ടാക്കുന്നു എന്നതിന്റെയും പ്രത്യേക്ഷ പ്രകടനമാണു സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഉണ്ടായിട്ടുള്ളത്. അതിനെ ഗൗരവത്തോടെ കണ്ട് ഇടപെടാനായില്ലെങ്കില്‍ ഈ മാന്ദ്യത്തിന്റെ അനന്തരഫലം സഹകരണമേഖലയുടെ കൂടി തകര്‍ച്ചയാകും.

സംഘങ്ങളില്‍
സര്‍ക്കാര്‍കടം കൂടി

സര്‍ക്കാരും സഹകരണസ്ഥാപനങ്ങളും ഒരേപോലെ സാമ്പത്തികപ്രതിസന്ധി നേരിടുന്ന കാലമാണു കടന്നുപോകുന്നത്. കുടിശ്ശിക കൂടുന്നതും സര്‍ക്കാര്‍-സഹകരണ പങ്കാളിത്തപദ്ധതിയില്‍ സര്‍ക്കാരിന്റെ വിഹിതം ലഭിക്കാത്തതുമാണു സഹകരണസംഘങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ഒപ്പം, ഒറ്റപ്പെട്ട ചില സഹകരണസംഘങ്ങളിലെ ക്രമക്കേടുകള്‍ വലിയ വാര്‍ത്തകളായി ജനവിശ്വാസം ചോര്‍ത്തുമ്പോള്‍ ആശങ്കയുടെ തോത് ഉയരുകയാണ്. ക്ഷേമപ്രവര്‍ത്തനങ്ങള്‍പോലും കൃത്യമായി ഏറ്റെടുക്കാന്‍ കഴിയാത്ത അതിഗുരുതരമായ സാമ്പത്തികപ്രതിസന്ധിയാണു സര്‍ക്കാര്‍ നേരിടുന്നത്. സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള കെ.ടി.ഡി.എഫ്.സി. എന്ന ധനകാര്യസ്ഥാപനത്തിനുണ്ടായ പ്രശ്നംകാരണം നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. സര്‍ക്കാരിന്റെ ഗാരന്റിയിലാണു കെ.ടി.ഡി.എഫ്.സി. നിക്ഷേപം സ്വീകരിച്ചിരുന്നത്. ഗാരന്റിയുണ്ടെങ്കിലും നിക്ഷേപകര്‍ക്കു പണം തിരിച്ചുകൊടുക്കാനുള്ള ബാധ്യത ഏറ്റെടുക്കാന്‍ കഴിയാത്ത സാമ്പത്തികപ്രതിസന്ധിയിലാണുള്ളതെന്നു സര്‍ക്കാരിനു ഹൈക്കോടതിയില്‍ ബോധിപ്പിക്കേണ്ടിവന്നു. ഇതു ഗൗരവമുള്ള ഒരു ഘട്ടമാണ്.

സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ട് സാമ്പത്തികസഹായം ഉറപ്പാക്കുന്ന പ്രാദേശിക ധനകാര്യസ്ഥാപനങ്ങളാണു സഹകരണസംഘങ്ങള്‍. സാമൂഹികപ്രതിബദ്ധതയുള്ള പദ്ധതികള്‍ സര്‍ക്കാരിനുവേണ്ടി സഹകരണസംഘങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. കെയര്‍ഹോം പദ്ധതി അതില്‍ പ്രധാനപ്പെട്ടതാണ്. പ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു സഹകരണസംഘങ്ങള്‍ പണംമുടക്കി പുതിയ വീടു വെച്ചുനല്‍കി. അതിന്റെ ഒന്നാം ഘട്ടത്തില്‍ ആയിരത്തിലധികം വീടുകളാണു നിര്‍മിച്ചുനല്‍കിയത്. രണ്ടാംഘട്ടത്തില്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അതില്‍ ആദ്യത്തേതു തൃശ്ശൂരില്‍ പൂര്‍ത്തിയാക്കി കൈമാറി. കോവിഡ് വ്യാപനഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കാന്‍ പലിശരഹിത വായ്പ നല്‍കിയതു സഹകരണസംഘങ്ങളാണ്. കമ്മ്യൂണിറ്റി കിച്ചണ്‍, മറ്റു സഹായകേന്ദ്രങ്ങള്‍ എന്നിവയെല്ലാം സര്‍ക്കാരിന്റെ നിര്‍ദേശം ഏറ്റെടുത്തു സഹകരണസംഘങ്ങള്‍ നിര്‍വഹിച്ചതാണ്. സംഘങ്ങള്‍ ലാഭത്തില്‍നിന്നു നീക്കിവെച്ച പൊതുനന്മാഫണ്ട്, അംഗസമാശ്വാസനിധി എന്നിവയെല്ലാം ഇതിലേക്ക് ഉപയോഗിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു കേരളത്തില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കിയതു സഹകരണസംഘങ്ങളാണ്. ഇതെല്ലാം സഹകരണസംഘങ്ങള്‍ സര്‍ക്കാരിനും അതുവഴി ജനങ്ങള്‍ക്കും നല്‍കിയതാണ്. ഇതൊന്നും തിരിച്ചുകിട്ടാനുള്ളതല്ല.

ഇതിനൊപ്പം, സര്‍ക്കാര്‍ തിരിച്ചുനല്‍കുമെന്ന ഉറപ്പില്‍ ഒട്ടേറെ കാര്യങ്ങള്‍ക്കു സഹകരണസംഘങ്ങള്‍ പണം ചെലവഴിച്ചിട്ടുണ്ട്. അതു വര്‍ഷങ്ങളായി തുടരുന്ന സഹകരണത്തിന്റെ രീതിയാണ്. ഇത്തരത്തില്‍ സംഘങ്ങള്‍ വായ്പയായും പദ്ധതിപങ്കാളിത്ത വിഹിതമായും നല്‍കുന്ന പണം സര്‍ക്കാരുകള്‍ തിരിച്ചുനല്‍കാറുമുണ്ട്. സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലാവുകയും സംഘങ്ങള്‍ക്കു നല്‍കേണ്ട പണം കുടിശ്ശികയാവുകയും ചെയ്തതിനാലാണ് ഇപ്പോള്‍ ആശങ്കയുണ്ടാകുന്നത്. ക്ഷേമപെന്‍ഷനുകള്‍ക്കായി നല്‍കിയ വായ്പ, കാര്‍ഷികകടാശ്വാസം നല്‍കിയ വിഹിതം, പലിശരഹിത വായ്പാപദ്ധതി നടപ്പാക്കിയതിലുള്ള സഹായം എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇതിലെല്ലാമായി ആയിരക്കണക്കിനു കോടി രൂപയാണ് ഇപ്പോള്‍ സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കാനുള്ളത്. സഹകരണസംഘങ്ങള്‍ നല്ല അവസ്ഥയിലല്ല ഇപ്പോള്‍. കോവിഡ്വ്യാപനത്തിനുശേഷം നല്‍കിയ വായ്പകളില്‍ കാര്യമായ തിരിച്ചടവുണ്ടാകുന്നില്ല. കുടിശ്ശിക കൂടിയതോടെ ലാഭം കുറയുകയും ചില സംഘങ്ങളെല്ലാം നഷ്ടത്തിലാവുകയും ചെയ്തു. സഹകരണവിരുദ്ധ പ്രചരണത്തില്‍ വിശ്വസിച്ചുപോയ ഒരുവിഭാഗം ആള്‍ക്കാരില്‍ നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണതയുണ്ടായി. ഇതെല്ലാം ആശങ്കയ്ക്കിടയാക്കുന്നു. സാധാരണജനങ്ങള്‍ക്കു വായ്പ നല്‍കുകയും അവരെ ബുദ്ധിമുട്ടിക്കാതെ അതു തിരിച്ചടപ്പിക്കുകയും ചെയ്യുന്ന ജനകീയ ബാങ്കിങ്രീതിയാണു സഹകരണസംഘങ്ങളുടേത്. സാധാരണക്കാരുടെ നിക്ഷേപമാണ് അവിടെ ഏറെയുമുള്ളത്. അത്തരം നിക്ഷേപകരെ ആശങ്കപ്പെടുത്താന്‍ എളുപ്പമാണ്. അവരെല്ലാം ഒരുമിച്ചെത്തി നിക്ഷേപം പിന്‍വലിച്ചാല്‍ ഏതു സംഘവും പ്രതിസന്ധിയിലാകും. പക്ഷേ, സഹകരണസംഘങ്ങളുടെ ജനകീയനിലപാടില്‍ അവര്‍ക്കു വിശ്വാസമുണ്ട്. ആ വിശ്വാസം അത്രപെട്ടെന്ന് ഇല്ലാതാക്കാന്‍ കഴിയാത്തതുകൊണ്ടാണു സംഘങ്ങളിലെ നിക്ഷേപം ഇപ്പോഴും ഭദ്രമായി നിലനില്‍ക്കുന്നത്. പക്ഷേ, സര്‍ക്കാരിന്റെ കുടിശ്ശിക കൂടിക്കൊണ്ടിരിക്കുന്നതു സംഘങ്ങളെ ബുദ്ധിമുട്ടിക്കുന്ന കാര്യംതന്നെയാണ്.

പെന്‍ഷന്‍കമ്പനിയെ
പേടിക്കണോ?

സമൂഹികസുരക്ഷാ പെന്‍ഷന്‍ എല്ലാ മാസവും നേരിട്ട് എത്തിക്കുന്നതിനു സര്‍ക്കാര്‍ ഒരുക്കിയ ക്രമീകരണമാണു കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍കമ്പനി എന്ന സ്ഥാപനം. പ്രാഥമിക സഹകരണബാങ്കുകള്‍, സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുത്തഴ പെന്‍ഷന്‍കമ്പനി എല്ലാ മാസവും പെന്‍ഷനുള്ള തുക കൈമാറും. കമ്പനിയെടുത്ത വായ്പ സര്‍ക്കാര്‍ പലിശസഹിതം അതിന്റെ കാലാവധിക്കുള്ളില്‍ തിരിച്ചുനല്‍കും. ഇതാണ് ഉണ്ടാക്കിയ ധാരണ. 4000 കോടിയിലധികം രൂപ സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍കമ്പനിക്കു വായ്പയായി നല്‍കിയിട്ടുണ്ട്. ഇതിന്റെ പലിശ മൂന്നുമാസം കൂടുമ്പോള്‍ കൃത്യമായി സഹകരണബാങ്കുകള്‍ക്കു നല്‍കുന്നുമുണ്ട്. അതിനാല്‍, സുരക്ഷിതമായ വായ്പാപദ്ധതിയായിട്ടാണു സഹകരണബാങ്കുകള്‍ ഇതിനെ കാണുന്നത്. ഇപ്പോള്‍ 2000 കോടികൂടി സഹകരണബാങ്കുകളില്‍നിന്ന് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, 6000 കോടിയിലധികം രൂപ സര്‍ക്കാരിനു പെന്‍ഷന്‍കമ്പനിയിലൂടെ സഹകരണബാങ്കുകള്‍ക്കു കടബാധ്യതയുണ്ടാകും. ഇത്തരത്തില്‍ ബാധ്യത കൂടുന്നതു സഹകരണബാങ്കുകള്‍ പേടിക്കേണ്ടതുണ്ടോയെന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശങ്ക ഉയരുന്നത്. പെന്‍ഷന്‍കമ്പനിയെക്കുറിച്ച് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍ പുറത്തുവന്നതും ഈ ആശങ്കയ്ക്കു വഴിയൊരുക്കുന്നു.

പെന്‍ഷന്‍കമ്പനിയുടെ പ്രവര്‍ത്തനം അത്ര സുതാര്യമോ സുരക്ഷിതമോ അല്ലെന്നാണു സി.എ.ജി.യുടെ കണ്ടത്തല്‍. 2021 മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 10,848.61 കോടി രൂപ പെന്‍ഷന്‍കമ്പനിക്കു ബാധ്യതയുണ്ട്. 2018-19 മുതല്‍ 2020-21 വരെയുള്ള കാലയളവില്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി സമാഹരിച്ച വായ്പത്തുകയില്‍നിന്ന് 1596.34 കോടി രൂപ പലിശയായി കമ്പനി അടച്ചിട്ടുണ്ട്. വായ്പയുടെ പലിശ നല്‍കുന്നതും വായ്പത്തുകയില്‍നിന്നാണ് എന്നതാണ് സി.എ.ജി.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കമ്പനി എടുത്ത വായ്പയുടെ ബാധ്യത സര്‍ക്കാരിനായിരിക്കുമെന്നാണു മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ വ്യവസ്ഥയുടെ ലംഘനമായാണു വായ്പത്തുകയില്‍നിന്നു പലിശയടയ്ക്കുന്ന കമ്പനിയുടെ രീതി എന്നാണു സി.എ.ജി. ചൂണ്ടിക്കാട്ടുന്നത്. അതായത്, 2018 മുതല്‍ നല്‍കിയ പെന്‍ഷന് ഒരു രൂപപോലും സര്‍ക്കാര്‍ പെന്‍ഷന്‍കമ്പനിയിലേക്കു നല്‍കിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പെന്‍ഷന്‍കമ്പനിക്കു കൂടുതല്‍ വായ്പ സഹകരണ ബാങ്കുകള്‍ നല്‍കുന്നതു ഗുരുതരമായ പ്രത്യാഘാതത്തിനു വഴിവെക്കുമോ എന്നാണ് ആശങ്ക. സര്‍ക്കാരിന്റെ കുടിശ്ശിക കൂടുകയും സഹകരണബാങ്കുകള്‍ക്കു സാമ്പത്തികബുദ്ധിമുട്ടുണ്ടാവുകയും ചെയ്താല്‍ അതു ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്കു വലിയ ആഘാതമുണ്ടാക്കും.

ഫണ്ട് കിട്ടാന്‍
പ്രയാസം

നിലവിലെ 4000 കോടിയിലധികം വായ്പ നിലനില്‍ക്കെയാണു പ്രാഥമിക സഹകരണബാങ്കുകള്‍വഴി 2000 കോടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചാണു പെന്‍ഷന്‍കമ്പനിയിലേക്കു പണം സ്വരൂപിക്കുന്നത്. പാലക്കാട് മണ്ണാര്‍ക്കാട് റൂറല്‍ സഹകരണബാങ്കായിരുന്നു കണ്‍സോര്‍ഷ്യംമാനേജര്‍. 2019 മാര്‍ച്ച് 14 നാണു മണ്ണാര്‍ക്കാട് ബാങ്കിനെ ഫണ്ട്മാനേജരായി സര്‍ക്കാര്‍ നിയമിച്ചത്. 2023 ഫെബ്രുവരിയിലാണ് 2000 കോടി കൂടി പിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത്രയും തുക ബാങ്കുകളില്‍നിന്നു സമാഹരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍, പുതിയ ബാങ്കുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപവത്കരിക്കണമെന്ന നിര്‍ദേശമുയര്‍ന്നു. ഫണ്ട്മാനേജരായുള്ള ചുമതലകള്‍ തുടരാന്‍ ബാങ്കിനു പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാല്‍ ഈ പദവിയില്‍നിന്ന് ഒഴിവാക്കണമെന്നു കാണിച്ച് മണ്ണാര്‍ക്കാട് ബാങ്ക് 2023 ജുലായ് 16 നു സര്‍ക്കാരിനു കത്ത് നല്‍കി. ഇതേത്തുടര്‍ന്നു പുതിയ ഫണ്ട്മാനേജരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സഹകരണസംഘം രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. കണ്‍സോര്‍ഷ്യം ഫണ്ട്മാനേജരുടെ ചുമതല ഏറ്റെടുക്കാമെന്നു കണ്ണൂര്‍ മാടായി സര്‍വീസ് സഹകരണബാങ്ക് അറിയിച്ചു. 2023 സെപ്റ്റംബര്‍ 12ന് സഹകരണസംഘം രജിസ്ട്രാര്‍ ഇതുസംബന്ധിച്ച കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മാടായി ബാങ്കിനെ ഫണ്ട്മാനേജരാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഫണ്ട്മാനേജരുടെ ചുമതലകള്‍ എന്തെല്ലാമാണെന്ന് ഉത്തരവിലുണ്ട്. സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിതരണത്തിനുള്ള ഫണ്ട് ഇതിനായുള്ള പൂള്‍ അക്കൗണ്ടിലേക്ക് എത്തിക്കേണ്ട ചുമതല ഫണ്ട്മാനേജരുടേതാണ്. ഈ ഫണ്ട് പെന്‍ഷന്‍കമ്പനിയുടെ അക്കൗണ്ടിലേക്കു മാറ്റിനല്‍കണം. വായ്പയുടെ പലിശ, കാലാവധി, തിരിച്ചടവ് എന്നിവയെല്ലാം വ്യക്തമാക്കിക്കൊണ്ട് പെഷന്‍കമ്പനിയുമായി കരാറുണ്ടാക്കേണ്ടതും ഫണ്ട്മാനേജരാണ്. മാടായി ബാങ്കിന്റെ നേതൃത്വത്തിലുള്ള സഹകരണബാങ്ക് കണ്‍സോര്‍ഷ്യമാണ് ഇപ്പോള്‍ 2000 കോടി സ്വരൂപിക്കുന്നത്. തുടക്കത്തിലെ വേഗതയില്‍ ഫണ്ട് സ്വരൂപിക്കാന്‍ പെന്‍ഷന്‍കമ്പനിക്കു കഴിയുന്നില്ല. ഇതു പദ്ധതിയോടുള്ള വിമുഖതയല്ല കാണിക്കുന്നത്. പകരം, സഹകരണബാങ്കുകളില്‍ സാമ്പത്തികബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നതിന്റെ സൂചനയാണ്. കിട്ടാനുള്ള പണം കുടിശ്ശികയായാല്‍ സംഘങ്ങളുടെ പ്രതിസന്ധി രൂക്ഷമാകും എന്ന വിലയിരുത്തലാണു ഫണ്ട് കിട്ടാന്‍ പ്രയാസമുണ്ടാക്കുന്നത്.

1128 കോടി
വേറെയും കടം

പെന്‍ഷന്‍കമ്പനിക്കു നല്‍കിയ തുകമാത്രമല്ല, വിവിധ സ്‌കീമുകളും കാര്‍ഷിക കടാശ്വാസക്കമ്മീഷന്‍ ഉത്തരവുകളുമെല്ലാം അനുസരിച്ച് 1128 കോടി രൂപ വേറെയും സര്‍ക്കാര്‍ സഹകരണസംഘങ്ങള്‍ക്കു നല്‍കാനുണ്ട്. പാലക്കാട് ജില്ലയില്‍ നെല്‍ക്കര്‍ഷകര്‍ക്കു സര്‍ക്കാര്‍ പലിശരഹിത വായ്പാപദ്ധതി പ്രഖ്യാപിച്ചിരുന്നു. പ്രാഥമിക സഹകരണബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശ സംഘങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന രീതിയിലായിരുന്നു ഈ പദ്ധതി. ഈയിനത്തില്‍ 701.89 കോടി രൂപയാണു സംഘങ്ങള്‍ക്കു നല്‍കാനുള്ളത്. കാര്‍ഷികവായ്പകള്‍ക്കുള്ള ഉത്തേജന പലിശയിളവ്പദ്ധതിയാണു മറ്റൊന്ന്. സംസ്ഥാനത്തെ സഹകരണബാങ്കുകള്‍ നല്‍കുന്ന കാര്‍ഷികവായ്പ പലിശരഹിതമാക്കാനുള്ള പദ്ധതിയായിരുന്നു ഇത്. കാര്‍ഷികവായ്പയ്ക്കു നാലു ശതമാനം പലിശസബ്‌സിഡി നബാര്‍ഡ് നല്‍കുന്നുണ്ട്. ബാക്കിപലിശ സംസ്ഥാന സര്‍ക്കാരും സംഘങ്ങള്‍ക്കു നല്‍കും. ഈ രീതിയിലാണു പലിശരഹിത വായ്പാപദ്ധതി നടപ്പാക്കിയത്. ഈയിനത്തില്‍ 279.60 കോടി രൂപയാണു സഹകരണബാങ്കുകള്‍ക്കു നല്‍കാനുള്ളത്. 2020-21 വരെയുള്ള കണക്കാണിത്. ഇതിനുശേഷം ഈ പദ്ധതിതന്നെ കാര്യക്ഷമമായി നടപ്പാക്കിയിട്ടില്ല. കേരള ബാങ്ക് വന്നതോടെ നബാര്‍ഡില്‍നിന്നുള്ള പലിശയിളവ് സംഘങ്ങള്‍ക്കു ലഭിക്കുന്നില്ല. ഇതോടെയാണു പദ്ധതിതന്നെ നിലച്ചുപോയത്.

കാര്‍ഷികകടാശ്വാസപദ്ധതിയുമായി ബന്ധപ്പെട്ട് കടാശ്വാസക്കമ്മീഷന്‍ നല്‍കിയ ഉത്തരവനുസരിച്ച് 164.78 കോടി രൂപ നല്‍കണം. 21,069 അപേക്ഷകളിലാണ് ഇത്രയും തുക അനുവദിച്ചത്. 6308 അപേക്ഷകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട്. ഇവയില്‍ 42.84 കോടി രൂപയുടെ ഇളവിനു കൂടി അര്‍ഹതയുണ്ടെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇതുകൂടി ചേരുമ്പോള്‍ സംഘങ്ങള്‍ക്ക് 1171 കോടി രൂപയാകും കുടിശ്ശിക. പലിശപോലും ലഭിക്കാതെയാണു സംഘങ്ങളുടെ പണം ഈ രീതിയില്‍ സര്‍ക്കാരില്‍ കെട്ടിക്കിടക്കുന്നത്.

സഹകരണസഹായം
മുടക്കാതെ സര്‍ക്കാര്‍

ഇത്തരം കുടിശ്ശികകള്‍ സഹകരണസംഘങ്ങളില്‍ സര്‍ക്കാരിനുണ്ടെങ്കിലും സഹകരണമേഖലയിലെ സമാശ്വാസപദ്ധതികളില്‍ മുടങ്ങാതെ സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. പുനര്‍ജനി പദ്ധതിയനുസരിച്ച് പട്ടികവിഭാഗം സംഘങ്ങള്‍ക്ക് ഒട്ടേറെ സഹായം സഹകരണവകുപ്പ് അനുവദിക്കുന്നുണ്ട്. ഇതിലേറെയും ഗ്രാന്റും സബ്സിഡിയുമാണ്. സംരംഭങ്ങള്‍ പ്രോത്സാഹിപ്പിച്ച് പട്ടികവിഭാഗം സംഘങ്ങളെ സ്വയംപര്യാപ്തമാക്കാനുള്ളതാണു പുനര്‍ജനിപദ്ധതി. ഇതിനൊപ്പം, നൂതന കാര്‍ഷികപദ്ധതികള്‍, ഉല്‍പ്പന്നക്കയറ്റുമതി, പ്രാദേശിക വിപണനസംവിധാനം ഒരുക്കല്‍ എന്നിവയ്ക്കെല്ലാം സംഘങ്ങള്‍ക്കു സഹായം നല്‍കുന്നുണ്ട്. സഹകരണവകുപ്പിന്റെ വിവിധ സമാശ്വാസപദ്ധതികളിലൂടെ സഹകാരികള്‍ക്കും സഹകരണസംഘം അംഗങ്ങള്‍ക്കുമായി 1175 ലക്ഷം രൂപയുടെ ധനസഹായം ഈ പ്രതിസന്ധിക്കിടയിലും അനുവദിച്ചിട്ടുണ്ട്. സഹകാരിസാന്ത്വനം, നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍, അംഗത്വസമാശ്വാസനിധി എന്നീ പദ്ധതികളിലൂടെ എത്തിയ അപേക്ഷകളിലാണു തുക അനുവദിക്കാന്‍ തീരുമാനിച്ചത്. സംഘങ്ങളിലെ അംഗങ്ങളില്‍ രോഗംമൂലം അവശതയനുഭവിക്കുന്നവര്‍ക്കുള്ള അംഗത്വ സമാശ്വാസനിധിയില്‍ ലഭിച്ച 2329 അപേക്ഷകര്‍ക്കായി 4,94,05,000 രൂപയുടെ ധനസഹായം അനുവദിച്ചു. ഇതോടെ, ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം അംഗത്വ സമാശ്വനിധിയിലൂടെ വിതരണം ചെയ്ത തുക 83,33,95,000 രൂപയായി. അശരണരായ സഹകാരികള്‍ക്കുള്ള സഹകാരി സാന്ത്വനപദ്ധതിയില്‍നിന്ന് 54 അപേക്ഷകര്‍ക്കായി 18,95,000 രൂപയുടെ സഹായമാണ് ഒടുവിലായി അനുവദിച്ചിട്ടുള്ളത്.

സഹകരണമേഖലക്ക്
താളം തെറ്റുന്നുവോ?

‘ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകപങ്ക് വഹിക്കുന്നതു സഹകരണമേഖലയാണ്. സഹകരണസംഘങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിട്ടുള്ളതു ഗ്രാമീണജനതയുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ടുള്ള മേഖലകളിലാണ്. കൃഷി, മത്സ്യമേഖല, കാര്‍ഷികസംസ്‌കരണം, പാലുല്‍പ്പാദനം എന്നിവയിലെല്ലാം സഹകരണസംഘങ്ങളുടെ പങ്കാളിത്തവും സ്വാധീവും വളരെ വലുതാണ്. കര്‍ഷകര്‍ക്കു വായ്പയും കാര്‍ഷികോപകരണങ്ങളും ഉറപ്പാക്കുക, പാല്‍, മത്സ്യം, പച്ചക്കറി, പഴങ്ങള്‍, പൂവുകള്‍, ഔഷധച്ചെടികള്‍, കാട്ടുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കെല്ലാം വിപണന-വിതരണ സംവിധാനം ഒരുക്കുക എന്നിവയെല്ലാം ചെയ്യുന്നതില്‍ സഹകരണസംഘങ്ങളാണു മുന്നില്‍. പിന്നാക്കവിഭാഗങ്ങള്‍ക്കും ഗ്രാമീണമേഖലകള്‍ക്കുംവേണ്ടി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ നിര്‍വഹണഏജന്‍സിയായി സഹകരണസംഘങ്ങളെ ഉപയോഗപ്പെടുത്തുകയും സംഘങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നതു ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ സഹകരണ മേഖലയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ്’- ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ സഹകരണസംഘങ്ങളുടെ പങ്ക് എത്രത്തോളമുണ്ടെന്ന ഒരു ചോദ്യത്തിനു രാജ്യസഭയില്‍ സഹകരണമന്ത്രി അമിത് ഷാ നല്‍കിയ മറുപടിയാണിത്.

ഇതു വെറുംവാക്കല്ല. കേന്ദ്ര സഹകരണമന്ത്രാലയം പുതുതാണെങ്കിലും സഹകരണമേഖലയുടെ സ്വാധീനം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഈ വിലയിരുത്തല്‍ പുതുതല്ല. ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍ സഹകരണസംഘങ്ങളുടെ പങ്കിനെക്കുറിച്ച് നബാര്‍ഡ് എല്ലാ റിപ്പോര്‍ട്ടുകളിലും ചൂണ്ടിക്കാണിക്കാറുണ്ട്. നെഹ്റുവിന്റെ കാലം മുതല്‍ കേന്ദ്രസര്‍ക്കാരുകള്‍ അതിനു സാമ്പത്തിക-ഭരണപിന്തുണ ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്നു രാജ്യത്താകെ 8,54,355 സഹകരണസംഘങ്ങളുണ്ട്. വായ്പേതര സംഘങ്ങളാണു കൂടുതല്‍. സഹകരണമേഖലയുടെ വളര്‍ച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയുടെ ഫലമാണ്. എന്നാല്‍, ഇപ്പോള്‍ സഹകരണസംഘങ്ങളോടുള്ള സര്‍ക്കാരുകളുടെ മനോഭാവത്തില്‍ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. മത്സരിച്ചുജയിക്കാനും പൊരുതി അതിജീവിക്കാനും കഴിയണം എന്നതാണു കേന്ദ്രസര്‍ക്കാരിന്റെ സമീപനം. ജനവിശ്വാസവും സാമ്പത്തികാടിത്തറയും നേടിയെടുത്ത സഹകരണമേഖല ഇനി സര്‍ക്കാരിന്റെ വികസനപദ്ധതികളുടെ നിക്ഷേപകരാകണമെന്നതാണു സംസ്ഥാനസര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഇതിനിടയില്‍, അംഗങ്ങളുടെ ക്ഷേമവും സാമ്പത്തികമുന്നേറ്റവും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ചലനാത്മകതയും ഉറപ്പുവരുത്തുന്ന സഹകരണമേഖലയുടെ പ്രവര്‍ത്തനം എവിടെയൊക്കെയോ താളം തെറ്റിപ്പോകുന്നുവെന്നു സംശയിക്കണം. കേരളത്തിലെ സഹകരണമേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്നങ്ങളെ വിലയിരുത്തുമ്പോള്‍ നമുക്ക് ഈ അപകടം ബോധ്യപ്പെടും.

                                 (മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം കവര്‍ സ്റ്റോറി)