യുവജന സംഘങ്ങള്‍ ഒരുങ്ങി; ഇനി ടെക്കി മേഖലയിലും സഹകരണo

Deepthi Vipin lal

സഹകരണ വകുപ്പ് പുതുതായി തുടങ്ങുന്ന യുവജന സഹകരണ സംഘങ്ങളുടെയെല്ലാം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 25 സംഘങ്ങളാണ് ഈ വിഭാഗത്തില്‍ തുടങ്ങുന്നത്. ഇവയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ പുര്‍ത്തിയാക്കാന്‍ സഹകരണ മന്ത്രി വി.എന്‍. വാസവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണ സംഘങ്ങള്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് ആദ്യ സംഘം ഉദ്ഘാടനം ചെയ്യുന്നത്. പുതിയ മേഖലകളിലേക്ക് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യവും യുവജന സംഘം രൂപീകരിക്കുന്നതിന് പിന്നിലുണ്ട്.

അതിനാല്‍ ലഭിച്ച അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് രജിസ്‌ട്രേഷന്‍ നടപടിയിലേക്ക് കടന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സ്‌കില്‍ഡ് ജോബ് ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ക്ക് പരിഗണന കിട്ടിയിട്ടുണ്ട്. എന്‍ജിനീയര്‍മാരടക്കമുള്ള അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് ഇതിലൂടെ കൂടുതല്‍ തൊഴിലും അവസരങ്ങളും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്റീരിയന്‍ ഡിസൈനിങ്ങ് , ഐ.ടി, ടൂറിസം സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ പുതിയ സംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളിലുണ്ട്. നിര്‍മ്മാണ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന സംഘങ്ങളും യുവജനങ്ങളിലൂടെ പിറക്കും.

സാധാരണ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘങ്ങളെപ്പൊലെയാവില്ല ഇവയുടെ പ്രവര്‍ത്തനം. പുതിയ കാഴ്ചപ്പാടും പ്രവര്‍ത്തന ലക്ഷ്യവുമാണ് ഇവയ്ക്കുള്ളത്. ടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനരീതി കൊണ്ടുവരണമെന്നാണ് ഇവരോട് സഹകരണ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനാവശ്യമായ പരിശീലനവും സര്‍ക്കാര്‍ നല്‍കും. കേരള ബാങ്ക് വഴി വായ്പ ലഭ്യമാക്കും. ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ തുടങ്ങുന്നതിന് കുറഞ്ഞ പലിശനിരക്കില്‍ നബാര്‍ഡ് കേരള ബാങ്കിന് ധനസഹായം നല്‍കുന്നുണ്ട്. ഇത് യുവജന സംഘങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ആലോചിക്കുന്നത്.

ഇവര്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനം അടിസ്ഥാനമാക്കിയാകും ഇത്തരം വായ്പകള്‍ ലഭിക്കാന്‍ അര്‍ഹത നേടുക. സഹകരണ വകുപ്പിന്റെയും സര്‍ക്കാരിന്റെയും പദ്ധതി നിര്‍വഹണത്തിലും യുവജന സംഘങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. കോവിഡ് പ്രതിരോധ സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിന് 12 വനിതാ സംഘങ്ങള്‍ തുടങ്ങുന്ന പുതിയ സംരംഭങ്ങളും പൂര്‍ത്തിയാക്കി. എല്ലാ യുണിറ്റുകളിലും ഉല്‍പ്പാദനം ആരംഭിച്ചതായി സഹകരണ വകുപ്പ് വിലയിരുത്തി. നെല്ല് സംഭരണ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. ബൈലോ അടക്കമുള്ള കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്യും. അടിയന്തരമായി പ്രവര്‍ത്തനം തുടങ്ങാന്‍ ആവശ്യമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!