സാമ്പത്തികത്തര്‍ക്കം ഫയല്‍ ചെയ്യാനുള്ള ഇളവിന്റെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

moonamvazhi
കേരള സഹകരണ സംഘം നിയമത്തിലെ ഷെഡ്യൂള്‍ III ല്‍ പരാമര്‍ശിച്ചിട്ടുള്ളതുപ്രകാരമുള്ള എല്ലാ സാമ്പത്തികത്തര്‍ക്കങ്ങളും ഷെഡ്യൂളിലെ സമയപരിധിക്കുള്ളില്‍ ഫയല്‍ ചെയ്തിരിക്കണമെന്ന നിബന്ധനയില്‍ വരുത്തിയ ഇളവിന്റെ കാലാവധി 2022 ഡിസംബര്‍ 31 വരെ നീട്ടിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. സഹകരണ സംഘം നിയമത്തിലെ 69-ാം സെക്ഷനിലെ സബ് സെക്ഷന്‍ നാലില്‍ 2013 ല്‍ വരുത്തിയ ഭേദഗതിയിലാണു സാമ്പത്തികത്തര്‍ക്കങ്ങള്‍ ഷെഡ്യൂളില്‍ പരാമര്‍ശിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ സഹകരണ സംഘങ്ങള്‍ ഫയലാക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. പൊതുതാല്‍പ്പര്യം പരിഗണിച്ച് ഈ നിബന്ധനയില്‍ 2013 മുതല്‍ സര്‍ക്കാര്‍ പല തവണയായി ഇളവു പ്രഖ്യാപിക്കുകയുണ്ടായി.

സെക്ഷന്‍ 69 ലെ സബ് സെക്ഷന്‍ നാലിലെ വ്യവസ്ഥയില്‍ നിന്നു എല്ലാ സഹകരണ സംഘങ്ങളെയും 2013 ഫെബ്രുവരി 14 മുതല്‍ 2014 ഫെബ്രുവരി 13 വരെ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കിക്കൊണ്ട് 2013 ഒക്ടോബര്‍ 13 നു ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതു പിന്നീട് 2014 ഫെബ്രുവരി 14 മുതല്‍ ഒരു വര്‍ഷവും പത്തു മാസവും 18 ദിവസവും നീട്ടിനല്‍കി. ഇതു വീണ്ടും 2016 ജനുവരി ഒന്നു മുതല്‍ 2020 മാര്‍ച്ച് 31വരെ നീട്ടി. തുടര്‍ന്ന് 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയും 2022 ഏപ്രില്‍ ഒന്നു മുതല്‍ 2022 ജൂണ്‍ 30 വരെയും നീട്ടി. അനുവദിച്ച ഇളവ് അപര്യാപ്തമാണെന്നു സഹകരണ സംഘം രജിസ്ട്രാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണു പൊതുതാല്‍പ്പര്യം പരിഗണിച്ച് 2022 ജൂലായ് ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെ ആറു മാസത്തേക്കുകൂടി ഇളവ് സര്‍ക്കാര്‍ ഇപ്പോള്‍ നീട്ടിയത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!