കേരളബാങ്ക് പുതിയ സി.ഇ.ഒ.യെ തേടുന്നു; പി.എസ്. രാജന്‍ ആറുമാസം കൂടി തുടരും

moonamvazhi

കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. രാജന്റെ കാലാവധി സര്‍ക്കാര്‍ ആറുമാസം കൂടി നീട്ടി നല്‍കി. ആഗസ്റ്റ് 9ന് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയായിരുന്നു. പുതിയ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ കണ്ടെത്താനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. അത് പൂര്‍ത്തിയാകുന്നതുവരെ ഭരണസ്തംഭനം ഒഴിവാക്കാന്‍ നിലവിലെ സി.ഇ.ഒ. പി.എസ്.രാജന്റെ കാലാവധി നീട്ടി നല്‍കണമെന്ന് കേരളബാങ്ക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേരളബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിക്കുന്നത് സര്‍ക്കാരാണ്. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ഫിറ്റ് ആന്‍ഡ് പ്രോപ്പര്‍ ക്രൈറ്റീരിയ അനുസരിച്ചാണ് തിരഞ്ഞെടുപ്പ്. പൊതുമേഖല ബാങ്കുകളില്‍ പ്രവര്‍ത്തനം പരിചയമുള്ളവരെയാണ് സര്‍ക്കാര്‍ ഇതിനായി പരിഗണിക്കാറുള്ളത്. അതിനുള്ള നടപടി സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് റൂള്‍ അനുസരിച്ച് 32 തസ്തികകളാണ് കേരളബാങ്കിലുള്ളത്. അതില്‍ ഏറ്റവും ഉയര്‍ന്ന തസ്തികയാണ് മാനേജിങ് ഡയറക്ടര്‍ അല്ലെങ്കില്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്നത്.

2019 നവംബറിലാണ് കേരളബാങ്ക് നിലവില്‍വന്നത്. 2019 ഡിസംബര്‍ 30നാണ് കേരളബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി പി.എസ്. രാജനെ സര്‍ക്കാര്‍ നിയമിച്ചത്. മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം. ഈ കാലാവധി പൂര്‍ത്തിയാതതിന് ശേഷം സര്‍ക്കാര്‍ വീണ്ടും പുതുക്കി നല്‍കി. അങ്ങനെയാണ് 2023 ആഗസ്റ്റ് 9 വരെ അദ്ദേഹത്തിന് കാലാവധി ലഭിച്ചത്. പുതിയ ഉത്തരവ് അനുസരിച്ച് അദ്ദേഹത്തിന് ആറുമാസം കൂടി ഈ തസ്തികയില്‍ തുടരാനാകും. കേരളബാങ്കിന്റെ ആദ്യ സി.ഇ.ഒ. ആണ് പി.എസ്. രാജന്‍.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!