സഹകരണ കണ്‍സോര്‍ഷ്യത്തിന് കേരള ബാങ്ക് തന്നെ നേതൃത്വം വഹിച്ചേക്കും

Deepthi Vipin lal

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാനുള്ള സഹകരണ കണ്‍സോര്‍ഷ്യത്തിന് കേരളബാങ്ക് തന്നെ നേതൃത്വം വഹിച്ചേക്കും. തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളെല്ലാം കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമാകണമെന്നാണ് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ആവശ്യപ്പെട്ടത്. കേരളബാങ്കിന്റെ നേതൃത്വത്തില്‍ തന്നെ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതാണ് വിശ്വാസ്യത കൂടുതലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു നടപടിയിലേക്ക് സഹകരണ വകുപ്പ് നീങ്ങുന്നതെന്നാണ് സൂചന.

150 കോടിരൂപയെങ്കിലും കരുവന്നൂര്‍ സഹകരണ ബാങ്കിന് നല്‍കി പ്രതിസന്ധി പരിഹരിക്കാന്‍ തുടക്കത്തില്‍ ആലോചന നടന്നതാണ്. ആവശ്യമായ ഇടപെടല്‍ നടത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണമെന്ന് സര്‍ക്കാരും കേരളബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു. വകുപ്പതല അന്വേഷണ റിപ്പോര്‍ട്ടില്‍ 226.77 കോടിരൂപയുടെ പ്രതിസന്ധിയാണ് കരുവന്നൂര്‍ ബാങ്ക് നേരിടുന്നതെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്രയും പണം കേരളബാങ്കിന് അനുവദിക്കാന്‍ കഴിയാത്തതിനാലാണ് സഹകരണ കണ്‍സോര്‍ഷ്യം എന്ന ആശയത്തിലേക്ക് സഹകരണ വകുപ്പിന്റെ ചിന്ത മാറിയത്. കണ്‍സോര്‍ഷ്യത്തില്‍ കേരളബാങ്കും വിഹിതം നല്‍കും. കുറഞ്ഞത് 50 കോടിരൂപയെങ്കിലും കേരളബാങ്ക് അനുവദിക്കുമെന്നാണ് ഇപ്പോഴത്തെ ധാരണയെന്നാണ് സൂചന. ഇതിനൊപ്പം, മറ്റ് സഹകരണ ബാങ്കുകളുടെ വിഹിതം കൂടിയുണ്ടായാല്‍ കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കണ്‍സോര്‍ഷ്യത്തിന് നല്‍കുന്ന പണത്തിന്റെ പലിശ നിരക്ക്, കണ്‍സോര്‍ഷ്യം മാനേജര്‍ എന്നിവയെല്ലാം സം്ബന്ധിച്ച് ഒരുവിഭാഗം സംഘങ്ങള്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. കേരളബാങ്കിന്റെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം വരുമ്പോള്‍ ഈ സംഘങ്ങള്‍ക്ക് ആശങ്കമാറുകയും സഹകരിക്കുകയും ചെയ്യുമെന്നാണ് സഹകരണ വകുപ്പ് പ്രതീക്ഷിക്കുന്നത്.

പ്രതിസന്ധിയിലായ എല്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാകുന്ന വിധത്തില്‍ സഹകരണ കണ്‍സോര്‍ഷ്യം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സഹകരണ വകുപ്പ് സ്വീകരിക്കില്ല. അടിയന്തര പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്ന താല്‍ക്കാലിക സംവിധാനം എന്ന നിലയിലാണ് കരുവന്നൂരിന് വേണ്ടി കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതെന്നാണ് സഹകരണ വകുപ്പ് വിശദീകരിക്കുന്നത്. ഇത് സ്ഥിരം സംവിധാനമായി കാണാനാവില്ല. കരുവന്നൂരില്‍ നിക്ഷേപകര്‍ നേരിടുന്ന പ്രശ്നം മറ്റ് സഹകരണ ബാങ്കുകളിലെയും ഇടപാടുകാരെ ആശങ്കപ്പെടു്ത്തുന്നുണ്ട്. കരുവന്നൂര്‍ സംഭവത്തിന് ശേഷം തൃശൂര്‍ ജില്ലയിലെ പല ബാങ്കുകളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന പ്രവണത ഉണ്ടായിരുന്നു. ഇത്തരം സാഹചര്യം ഒഴിവാക്കാനും, സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് കൂടുതല്‍ വിശ്വാസം നല്‍കുന്നതിനുമാണ് സഹകരണ കണ്‍സോര്‍ഷ്യമെന്നതാണ് വിശദീകരണം.

കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ ഒട്ടേറെ ബാങ്കുകള്‍ ഇതിനകം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ ബാങ്കുകളുടെ പട്ടികയും അവരുടെ നിര്‍ദ്ദേശങ്ങളും തൃശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ ഈയാഴ്ച രജിസ്ട്രാര്‍ക്ക് കൈമാറും. ഇതിന് ശേഷമായിരിക്കും സഹകരണ കണ്‍സോര്‍ഷ്യം അംഗീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും. ഇതില്‍ ഫണ്ട് മാനേജ്‌മെന്റ് കമ്മിറ്റിയെയും മാനേജരെയും നിയമിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published.

Latest News