കണ്‍സ്യൂമര്‍ഫെഡില്‍ അഞ്ചു ലക്ഷത്തിന് മുകളിലുള്ള എല്ലാ പര്‍ച്ചേഴ്സിനുംഇ-ടെണ്ടര്‍ നിര്‍ബന്ധമാക്കി

Deepthi Vipin lal

കണ്‍സ്യൂമര്‍ഫെഡിന്റെ പര്‍ച്ചേഴ്സ് ചട്ടത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഒറ്റത്തവണ അഞ്ചു ലക്ഷത്തിന് മുകളില്‍ വരുന്ന എല്ലാ പര്‍ച്ചേഴ്സുകള്‍ക്കും ഇ-ടെണ്ടര്‍ നിര്‍ബന്ധമാക്കി. അഞ്ചു ലക്ഷത്തിന് താഴെയുള്ള പര്‍ച്ചേഴ്സുകള്‍ മത്സരാധിഷ്ഠിത ടെണ്ടര്‍ വഴിയോ ക്വട്ടേഷന്‍ വഴിയോ നടത്തണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇങ്ങനെ സ്വീകരിക്കുന്ന ടെണ്ടര്‍ കുറഞ്ഞത് മൂന്നെണ്ണമെങ്കിലും ഉണ്ടാകണം. ഇവരുമായി പര്‍ച്ചേഴ്സ് കമ്മിറ്റി കൂടിയാലോചന നടത്തണമെന്നും ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മെഡിസിന്‍, കോസ്മെറ്റിക് തുടങ്ങിയ പകരംസാധനങ്ങളില്ലാത്തവയ്ക്ക് ടെണ്ടറും ക്വട്ടേഷനും ഒഴിവാക്കി വാങ്ങാം. ഇത്തരം സാധനങ്ങള്‍ വാങ്ങുമ്പോള്‍ നേരിട്ട് ഉല്‍പാദകരില്‍നിന്ന് വാങ്ങണം. അല്ലെങ്കില്‍, ഉല്‍പാദകരുടെ അനുമതിയോടെ വിതരണക്കാരില്‍നിന്ന് വാങ്ങാം. സുതാര്യവും മത്സരാധിഷ്ഠിതവും എല്ലാ നടപടിക്രമങ്ങളും പാലിച്ചുമാകണം വാങ്ങല്‍. സാധനങ്ങളുടെ വിപണിനിരക്ക് രേഖപ്പെടുത്തി പര്‍ച്ചേഴ്സ് കമ്മിറ്റിയുടെ സാന്നിധ്യത്തില്‍ കൂടിയാലോചന നടത്തിയാകണം വില നിശ്ചയിക്കല്‍. എല്ലാ നടപടികളും ഭരണ സമിതി അംഗീകരിക്കണം. പര്‍ച്ചേഴ്സ് വില ഒരിക്കലും മാര്‍ക്കറ്റ് വിലയേക്കാളും കൂടാനും പാടില്ലെന്നു ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഹെഡ് ഓഫീസിലും റീജിയണുകളിലുമായി രണ്ട് തലത്തില്‍ പര്‍ച്ചേഴ്സ് കമ്മിറ്റികള്‍ രൂപീകരിക്കണം. സെന്‍ട്രല്‍ പര്‍ച്ചേഴ്സ് കമ്മിറ്റിയുടെ അധ്യക്ഷന്‍ മാനേജിങ് ഡയറക്ടറും റീജയണല്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ റീജിയണല്‍ മാനേജരുമായിരിക്കും. മതിയായ രീതിയില്‍ പരസ്യം നല്‍കി മാത്രമേ റീജിയണല്‍ പര്‍ച്ചേഴ്സ് കമ്മിറ്റി സാധനങ്ങള്‍ വാങ്ങാന്‍ പാടൂള്ളൂ. ഓരോ മാസത്തേയും റീജിയണല്‍ പര്‍ച്ചേഴ്സ് കണ്‍കറന്റ് ഓഡിറ്റര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം മാനേജിങ് ഡയറക്ടറുടെ അംഗീകാരത്തിനയക്കുകയും എം.ഡി. വിലനിലവാരം താരതമ്യപ്പെടുത്തി ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ചട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നു.

സര്‍ക്കാര്‍, സഹകരണ, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ചും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. ഉല്‍പാദനം ആരംഭിച്ച് മൂന്നു വര്‍ഷത്തില്‍ താഴെയുള്ള ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ നടപടി നിര്‍ബന്ധമാണെന്നാണ് വ്യവസ്ഥ. മൂന്നു വര്‍ഷത്തില്‍ അധികമാണെങ്കില്‍ നേരിട്ട് വാങ്ങാം. പക്ഷെ, കൂടിയാലോചന നടത്തിയാവണം വില നിശ്ചയിക്കേണ്ടത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് അഞ്ചു ശതമാനം പ്രൈസ് പ്രിഫറന്‍സ് നല്‍കാം. ഇത് സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ബാധകമാണോയെന്ന് ചട്ടത്തില്‍ വ്യക്തമാക്കിയിട്ടില്ല. ടെണ്ടര്‍ വിളിക്കുന്ന രീതി, കരാര്‍ വെക്കല്‍, കൂടിയാലോചന നടത്തല്‍ എന്നിവയെല്ലാം എങ്ങനെ വേണമെന്ന് ചട്ടത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ കേന്ദ്രതലത്തില്‍ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News