അഞ്ച് അര്‍ബന്‍ ബാങ്കുകള്‍ക്ക് 89.95 ലക്ഷം രൂപ പിഴയിട്ടു

moonamvazhi

  • ശിക്ഷിക്കപ്പെട്ടത് നാലു
    സംസ്ഥാനങ്ങളിലെ ബാങ്കുകള്‍
  • 2022-23 സാമ്പത്തികവര്‍ഷം
    ഈടാക്കിയത് 14.04 കോടി രൂപ

രാജ്യത്തെ അഞ്ച് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് മൊത്തം 89.95 ലക്ഷം രൂപ പിഴചുമത്തി. ബാങ്കിങ് നിയന്ത്രണനിയമത്തിലെ വിവിധ വ്യവസ്ഥകള്‍ ലംഘിച്ചതാണു കുറ്റം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്കാണു പിഴ ചുമത്തിയത്. ഇതില്‍ കനത്ത പിഴ കിട്ടിയതു മഹാരാഷ്ട്ര നാസിക്കിലെ ജനലക്ഷ്മി സഹകരണ ബാങ്കിനാണ്. ഈ അര്‍ബന്‍ ബാങ്ക് 59.90 ലക്ഷം രൂപയടയ്ക്കണം.

ബോര്‍ഡ് ഓഫ് മാനേജ്മെന്റ് രൂപവത്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം പാലിക്കാത്തതിനാണു നാസിക്കിലെ ജനലക്ഷ്മി ബാങ്കിനെതിരെ പിഴശിക്ഷ വിധിച്ചത്. മഹാരാഷ്ട്രയിലെത്തന്നെ സോളാപ്പൂര്‍ ജനതാ സഹകാരി ബാങ്കിനും വലിയ സംഖ്യയാണു പിഴയായി ചുമത്തിയത്. 28.30 ലക്ഷം രൂപയാണു പിഴ. ബോര്‍ഡ് ഓഫ് മാനേജ്മെന്റ് രൂപവത്കരണം സംബന്ധിച്ച നിബന്ധന പാലിക്കാത്തതാണ് ഈ ബാങ്കിന്റെയും പ്രധാന കുറ്റം. ബാങ്കിങ് നിയന്ത്രണനിയമത്തിലെ സെക്ഷന്‍ 56 ലെ സെക്ഷന്‍ ഒമ്പതിന്റെ ലംഘനത്തിനു ഉത്തര്‍പ്രദേശിലെ മഥുര ജില്ലാ സഹകാരി ബാങ്കിനു കിട്ടിയ പിഴ ഒരു ലക്ഷം രൂപയാണ്. തമിഴ്നാട് ദിണ്ഡിഗലിലെ ദിണ്ഡിഗല്‍ അര്‍ബന്‍ സഹകരണബാങ്കിനു 25,000 രൂപയും കര്‍ണാടകയിലെ ചിക്മഗളൂരു ജില്ലാ സഹകരണ കേന്ദ്ര ബാങ്കിനു 50,000 രൂപയുമാണു പിഴയടയ്ക്കേണ്ടത്.

2022-23 സാമ്പത്തികവര്‍ഷം 176 പിഴകളില്‍നിന്നായി 14.04 കോടി രൂപയാണു റിസര്‍വ് ബാങ്ക് ഈടാക്കിയത്. നടപ്പു സാമ്പത്തികവര്‍ഷം 2024 ഫെബ്രുവരി 29വരെ റിസര്‍വ് ബാങ്ക് 24 അര്‍ബന്‍ബാങ്കുകളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുമുണ്ട്.

ഈ ആഴ്ചയിലെ പ്രധാന സഹകരണ വാര്‍ത്തകള്‍ അറിയാം : https://youtu.be/WwccZxbZqKA