പരിധിവിട്ടു പണവായ്പ നല്‍കിയവര്‍ക്ക് ആര്‍.ബി.ഐ. താക്കീത്

moonamvazhi
അനുവദിച്ച പരിധിയിലേറെ വായ്പ പണമായി നല്‍കിയതിനു ചില ബാങ്കിതര വായ്പാദാതാക്കള്‍ക്കു റിസര്‍വ് ബാങ്ക് താക്കീതു നല്‍കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. പരമാവധി 20,000 രൂപ വരെയുള്ള വായ്പകള്‍ നല്‍കാനാണ് ഈ ദാതാക്കള്‍ക്ക് അനുമതിയുള്ളത്. ഇവ സ്വര്‍ണപ്പണയത്തില്‍ വന്‍തുക വായ്പ നല്‍കുന്നതു തടയാനുള്ള നീക്കമാണിതെന്നു കരുതപ്പെടുന്നു. ആദായനികുതി നിയമപ്രകാരം ആരും 20,000ല്‍പരം രൂപയുടെ വായ്പ പണമായി സ്വീകരിക്കരുതെന്ന കുറിപ്പ് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഒരു ബാങ്കിതര ധനകാര്യസ്ഥാപനവും ഇതു ചെയ്യരുതെന്നും കുറിപ്പിലുണ്ട്.
ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ സ്വര്‍ണപ്പണയ വായ്പാസ്ഥാപനമായ ഐ.ഐ.എഫ്എല്‍. ഫിനാന്‍സിനെതിരെ  പണവിതരണച്ചട്ടങ്ങള്‍ ലംഘിച്ചതിനു കുറച്ചുനാള്‍മുമ്പു റിസര്‍വ് ബാങ്ക് നടപടിയെടുത്തിരുന്നു.
ഇന്ത്യയില്‍ ചില്ലറവായ്പാമേഖല അതിവേഗം വളരുകയാണ്. നാലുവര്‍ഷത്തിനിടെ സ്വര്‍ണപ്പണയത്തിലുള്ള വായ്പ മൂന്നിരട്ടിയാണു വര്‍ധിച്ചത്. ചെറുകിടവായ്പാദാതാക്കളില്‍നിന്നുള്ള മല്‍സരംമൂലം ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ പണമായി വായ്പ നല്‍കാവുന്നതിന്റെ പരിധി ലംഘിച്ചും പണം നല്‍കുന്നതുപോലുള്ള റിസ്‌കുകള്‍ ഏറ്റെടുക്കന്നതായി ചില വിശ്വസ്തവൃത്തങ്ങളില്‍നിന്നറിഞ്ഞതായും റോയിട്ടേഴ്‌സ റിപ്പോര്‍ട്ടിലുണ്ട്.
യു.പി.ഐ. സംവിധാനം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായാന്‍ ഈയിടെ ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികാന്തദാസ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നു. ബാങ്കുകളുടെയും ദേശീയ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെയും യു.പി.ഐ. സേവനദാതാക്കളുടെയും സാങ്കേതികവിദ്യാദാതാക്കളുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.