ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിലുള്ള ലേഖനം.

adminmoonam

ആദായനികുതി സെക്‌ഷൻ 80(പി) വിഷയത്തിൽ ശിവദാസ് ചേറ്റൂരിന്റെ ലേഖന ഭാഗം ഇരുപത്.
134. കഴിഞ്ഞ ലക്കങ്ങളിൽ മാവിലയിൽ കേസിന്റെ വിധിയെ കുറിച്ചായിരുന്നു ചർച്ച. ആ വിധിയിൽ സെക്‌ഷൻ 80P യുമായി ബന്ധപ്പെട്ട മൂന്നു സുപ്രധാന വിധികളാണ് കോടതിയുടെ ഫുൾ ബെഞ്ച് പരിഗണിച്ചത്. 1. ചിറക്കൽ സർവീസ് കോഓപറേറ്റീവ് ബാങ്കിന്റെ ഡിവിഷൻ ബെഞ്ചിന്റെ 2016 ലെ വിധി. 2. പെരിന്തൽമണ്ണ സർവീസ് കോഓപറേറ്റീവ് ബാങ്കിന്റെ 2014 ലെ വിധി. 3. സുപ്രീം കോടതിയുടെ The Citizen Co-operative Society Ltd. v. Asst. CIT [2017] 397 ITR 1 (SC) എന്ന സുപ്രധാനമായ വിധി. ഈ 3 വിധികളെക്കുറിച്ചു വളരെ വിശദമായി നമ്മൾ ചർച്ച ചെയ്തു കഴിഞ്ഞു.

135. മേല്പറഞ്ഞ വിധിന്യായങ്ങളുടെ അടിസ്ഥാനത്തിൽ ആദായനികുതി ആഫീസർ സമഗ്രമായ ഒരു അന്വേഷണം നടത്തിയ ശേഷം മാത്രം 80P യുടെ ആനുകൂല്യങ്ങൾ കൊടുത്താൽ മതി എന്ന് ഫുൾ ബെഞ്ച് വിധിച്ചു. സമഗ്രമായ അന്വേഷണം എന്നത് കൊണ്ട് ഞാൻ ഉദ്ദേശിച്ചത് പാക്‌സ് ശരിക്കും ഒരു “പ്രാഥമിക കാർഷിക സഹകരണ സംഘം” തന്നെ ആണോ എന്ന അന്വേഷണം തന്നെ. അതായത് ഒരു “പ്രാഥമിക കാർഷിക സഹകരണ സംഘം” കാർഷിക ആവശ്യങ്ങൾക്കാണല്ലോ കൂടുതലായും വായ്പകൾ കൊടുക്കേണ്ടത്. അപ്പോൾ പാക്സിന്റെ പ്രധാന ലക്ഷ്യമായ കാർഷിക വായ്പകൾ കൊടുത്തിട്ടുണ്ടോ എന്നത് തന്നെയാണ് സമഗ്രമായ അന്വേഷണം കൊണ്ട് ഉദ്ദേശിക്കുന്നത്.

136. അപകടം പതിയിരിക്കുന്നത് ഇവിടെയാണ്. ആദായനികുതി ആഫീസർ അന്വേഷണം നടത്തിയാൽ കേരളത്തിലെ പല പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്കും കാർഷിക ആവശ്യങ്ങൾക്കാണ് കൂടുതലായും വായ്പകൾ കൊടുത്തിരിക്കുന്നതെന്നു തെളിയിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അതിനാൽ മാവിലയിൽ ബാങ്കിന്റെ വിധി പാക്സിന് ഒരു കടുത്ത തിരിച്ചടിയാണെന്ന് ഞാൻ കരുതുന്നു.

137. മാവിലയിൽ ബാങ്കിന്റെ ഫുൾ ബെഞ്ച് വിധിയെ പല സർവീസ് കോഓപ്പറേറ്റീവ് ബാങ്കുകളും ബഹു: സുപ്രീം കോടതി മുമ്പാകെ ചോദ്യം ചെയ്തിട്ടുണ്ട്. അവർ സമർപ്പിച്ച special leave petition കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട് (civil appeal number 7343/ 2019). മേലെ 134 ഖണ്ഡികയിൽ പറഞ്ഞ 3 വിധികളെയും ബഹു:സുപ്രീം കോടതിയിൽ ഇനി വിശദമായ ഒരു അവലോകനം നടത്തേണ്ടിയിരിക്കുന്നു.

138. എന്നാൽ മേല്പറഞ്ഞ വിധികളുടെ അടിസ്ഥാനത്തിൽ മാത്രം പാക്സിന് സുപ്രീം കോടതിയിൽ വിജയം കാണാൻ കഴിയുമോ? ഈ ലേഖകന്റെ അഭിപ്രായത്തിൽ മേല്പറഞ്ഞ 3 വിധികളിലും പരാമർശിക്കാതെ പോയ ചില പ്രധാനപ്പെട്ട വസ്തുതകൾ ബഹു:സുപ്രീം കോടതിയുടെ ശ്രെദ്ധയിയില് കൊണ്ടുവന്നേ പറ്റൂ. ആ പ്രധാനപ്പെട്ട വസ്തുതകൾ അല്ലെങ്കിൽ points ഞാൻ പിന്നീട് വിവരിക്കാം.അല്ലെങ്കിൽ ബഹു: സുപ്രീം കോടതി പാക്സിനെതിരായി വിധി പ്രസ്താവിക്കാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലാണെന്നു ഞാൻ ഭയപ്പെടുന്നു.അതുകൊണ്ട് പാക്സിന്റെ കേസുകൾ വാദിക്കാനായി ആദായ നികുതി നിയമത്തിൽ പ്രഗൽഭനായ ഒരു സീനിയർ അഭിഭാഷകനെ ഏർപ്പാടാക്കണം എന്നാണ് എന്റെ ഉറച്ച അഭിപ്രായം. നമ്മുടെ കേസിനെ ലാഘവത്തോടെ കാണുകയാണെങ്കിൽ, 133 (6) വകുപ്പിന്റെ കേസിൽ കതിരൂർ സർവീസ് സഹകരണ ബാങ്കിന് സുപ്രീം കോടതിയിൽ നിന്നും കിട്ടിയ തിരിച്ചടി ( Kathiroor Service Co-operative Bank Ltd. v. CIT [2014] 360 ITR 243) കാണുക) ഇപ്പോൾ നമ്മൾ ഫയൽ ചെയ്ത special leave petition കേസുകളിലും സംഭവിക്കാനുള്ള സാധ്യത വളരെ ഏറെയാണ്. ഏറ്റവും അവസാനം 14-10-2020 നു സുപ്രീം കോടതിയിൽ വിചാരണക്ക് വന്നുവെങ്കിലും മാറ്റിവെച്ചതായി കാണുന്നു.

139. മാവിലയിൽ കേസിന്റെ ഫുൾ ബെഞ്ച് വിധി കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകളുടെ നട്ടെല്ല് ഒടിക്കുമെന്നതിനു സംശയമില്ല. ആദ്യകാലങ്ങളിൽ പാക്സിന് അനുകൂലമായ ചിറക്കൽ ബാങ്കിന്റെ വിധിയുടെ അടിസ്ഥാനത്തിൽ അപ്പീൽ കമ്മീഷണറോ ട്രിബുണലോ അനുവദിച്ച അപ്പീലുകൾ ഇപ്പോൾ പുനർവിചാരണക്കു എടുത്തു വീണ്ടും അന്വേഷണം നടത്താനായി ആദായനികുതി ആഫീസർക്കു വീണ്ടും remand (റിമാൻഡ്) ചെയ്യുന്ന ഒരു സാഹചര്യം ആണ് ഇപ്പോൾ നിലവിലുള്ളത്. ഈ ലേഖകൻ കൈകാര്യം ചെയ്യുന്ന ഏതാണ്ട് അറുപതോളം അപ്പീലുകളിൽ ഇൻകം ടാക്സ് ട്രിബുണൽ remand(റിമാൻഡ്) ഉത്തരവുകൾ ഇതിനകം പാസ്സാക്കി കഴിഞ്ഞു. ഇതുപോലെ വേറെയും കുറെ കേസുകൾ ഇപ്പോൾ വീണ്ടും ആദായനികുതി ആഫീസർ മുമ്പാകെ റിമാൻഡ് ചെയ്ത വന്നിരിക്കുന്നു.

140. അന്വേഷണം എങ്ങനെ ആയിരിക്കുമെന്നും ആദായനികുതി ആഫീസർ എങ്ങനെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും നമുക്ക് ഏതാണ്ട് ഇപ്പോൾ തന്നെ തീർച്ചപ്പെടുത്താം. അതിനാൽ സർവീസ് സഹകരണ ബാങ്കുകൾ വലിയൊരു തുക ആദായനികുതി ആയും പലിശ ഇനത്തിലും അടക്കാൻ തയ്യാറായി ഇരിക്കണം. ബഹു:സുപ്രീം കോടതിയിൽ ഇപ്പോൾ നിൽക്കുന്ന കേസുകളിൽ പാക്‌സുകൾക്കു പ്രതികൂലമായ വിധി വന്നാൽ പിന്നെ ഒരു രക്ഷയുമില്ല.

140. മാവിലയിൽ കേസ്, ചിറക്കൽ കേസ്, പെരിന്തൽമണ്ണ കേസ് തുടങ്ങിയവയിൽ കോടതിയിൽ അവതരിപ്പിക്കാൻ വിട്ടുപോയ ചില പ്രധാനപ്പെട്ട pointsനെ കുറിച്ച അടുത്ത ലക്കത്തിൽ വിശദമായി ഞാൻ വിവരിക്കാം..
തുടരും..

Leave a Reply

Your email address will not be published.

Latest News
error: Content is protected !!