കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ കാര്‍ഷിക സംഘങ്ങള്‍ ഒറ്റ ശൃംഖലയില്‍

Moonamvazhi

­കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളെ ഒറ്റ ശൃംഖലയിലാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. 63,00 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളിലാണ് പൊതു സോഫ്റ്റ് വെയര്‍ നടപ്പാക്കി ഒരു ശൃംഖലയുടെ ഭാഗമാക്കുന്നത്.ഇതില്‍ 55,634 കാര്‍ഷിക സംഘങ്ങളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഹാര്‍ഡ് വെയര്‍സജ്ജീകരണം പൂര്‍ത്തിയായി. 2800 കോടിരൂപയാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്.

കേന്ദ്രത്തിന്റെ പൊതു സോഫ്റ്റ് വെയര്‍ പദ്ധതിയില്‍ കേരളം പങ്കാളിയായിട്ടില്ല. കേരളം ഒഴികെയുള്ള മറ്റെല്ലാം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതില്‍ അംഗമാണ്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളായാണ് കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയെ സംസ്ഥാനടിസ്ഥാനത്തില്‍ ഒന്നിപ്പിക്കാന്‍ കേരളം സ്വന്തമായ പൊതുസോഫ്റ്റ് വെയര്‍ നടപ്പാക്കുന്നുണ്ട്. ഇത് ദേശീയ ശൃംഖലയുടെ ഭാഗമാക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

കേരളം പദ്ധതിയുടെ ഭാഗമല്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ ഒന്നിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. നബാര്‍ഡിനാണ് ഇതിനുള്ള ചുമതല. പൊതു സോഫ്റ്റ് വെയര്‍ സ്ഥാപിച്ച 21835 സംഘങ്ങളില്‍ ട്രയറല്‍ റണ്‍ തുടങ്ങി. അവയുടെ നിലവിലെ പ്രവര്‍ത്തനങ്ങളെല്ലാം ഈ സോഫ്റ്റ് വെയര്‍ വഴിയാക്കിയിട്ടുണ്ട്. ഒറ്റക്ലിക്കില്‍ ഈ സംഘങ്ങളുടെ വിശദവിവരങ്ങള്‍ അറിയാനാകും.

വായ്പാഅപേക്ഷകളില്‍ നടപടികള്‍ സുഗമമായെന്നാണ് വിലയിരുത്തല്‍. സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ഇടപാടുകള്‍ എളുപ്പമാകുന്നുണ്ട്. വായ്പകള്‍ യഥാസമയം കൊടുക്കാം, ഇടപാടുചെലവുകള്‍ കുറയ്ക്കാം, പണം നല്‍കല്‍ കൂടുതല്‍ നീതിപൂര്‍വകമാക്കാം, സംഘങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാം എന്നീ നേട്ടങ്ങള്‍ ഇതുമൂലം ഉണ്ടാകുമെന്നാണു മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് അനുസരിച്ച് സോഫ്റ്റ് വെയറില്‍ മാറ്റം വരുത്താമെന്ന് കേന്ദ്ര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ച് ഉറപ്പാക്കുന്നത് നബാര്‍ഡ് പ്രത്യേകം ജീവനക്കാരെ എല്ലാ സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുണ്ട്.

Moonamvazhi

Authorize Writer

Moonamvazhi has 44 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.