സംഘക്കരുത്തില്‍ ഇറ്റലി

moonamvazhi

സഹകരണ പ്രസ്ഥാനം ഏറെ ശക്തമായ രാജ്യമാണ് ഇറ്റലി. അവിടത്തെ 45 ലക്ഷം ജനങ്ങളുള്ള എമിലിയ റൊമാന
യാണ് ലോകത്ത് ഏറ്റവും സഹകരണസാന്ദ്രമായ സമ്പദ്‌വ്യവസ്ഥയുള്ള സ്ഥലം. 1850 ല്‍ തുടങ്ങുന്ന സഹകരണ ചരിത്രമുള്ള എമിലിയ റൊമാനയില്‍ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും സഹകരണ സംഘങ്ങളില്‍ അംഗങ്ങളാണ്. മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 30 ശതമാനവും സഹകരണ മേഖലയിലാണ്. ഇറ്റലിയിലെ മറ്റിടങ്ങളിലും സഹകരണ പ്രസ്ഥാനം പ്രബലം തന്നെ. സൂപ്പര്‍മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി ഇറ്റലിയില്‍ ഏറ്റവും വലിയ ചില്ലറവില്‍പന ശൃംഖലയുള്ള സഹകരണമേഖല ആ വിപണിയുടെ 20 ശതമാനവും കൈയാളുന്നു.

19 ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇറ്റലിയില്‍ സഹകരണ പ്രസ്ഥാനം ഉടലെടുത്തത്. 1854ല്‍ ടൊറിനോയില്‍ തൊഴിലാളികള്‍ ഒരു ഉപഭോക്തൃ സഹകരണ ഷോപ്പ് തുടങ്ങി. 1856 ല്‍ സാവോനയിലെ ആള്‍ടെയറില്‍ ഗ്ലാസ് തൊഴിലാളികള്‍ ആദ്യ തൊഴിലാളി സഹകരണസംഘം സ്ഥാപിച്ചു. 1864 ല്‍ ലോഡിയില്‍ ആദ്യത്തെ സഹകരണ ബാങ്ക് വന്നു. 1883 ല്‍ ലിയോണ്‍ വൊള്ളെംബോര്‍ഗ് ലോറെഗ്ഗിയയില്‍ ആദ്യ ഗ്രാമീണ സഹകരണബാങ്കിനു രൂപംകൊടുത്തു. 1884 ല്‍ റാവെന്നയില്‍ നല്ലോ ബാള്‍ഡിനി ആദ്യത്തെ കര്‍ഷക സഹകരണ സംഘമുണ്ടാക്കി. 1886 ല്‍ ആദ്യത്തെ സഹകരണ കോണ്‍ഗ്രസ് സമ്മേളിച്ചു. 1887 ല്‍ ഇറ്റാലിയന്‍ സഹകരണ സംഘങ്ങളുടെ ഫെഡറേഷന്‍ സംഘടിപ്പിക്കപ്പെട്ടു. 1893 ല്‍ ഇതിന്റെ പേര് സഹകരണ സ്ഥാപനങ്ങളുടെ ദേശീയലീഗ് ( National League of
Cooperatives) എന്നു മാറ്റി.

ആദ്യ റെയില്‍പ്പാത

1902 ല്‍ ഇറ്റലിയില്‍ രണ്ടായിരത്തോളം സഹകരണ സ്ഥാപനങ്ങളാണുണ്ടായിരുന്നത്. ചരക്കുകപ്പല്‍ ഗതാഗത രംഗത്തുവരെ അവ പ്രവര്‍ത്തിച്ചു. 1904ല്‍ റെഗ്ഗിയോ എമിലിയയില്‍ 37 മൈല്‍ റെയില്‍പ്പാത നിര്‍മിച്ചത് സഹകരണസംഘത്തിന്റെ കീഴിലായിരുന്നു. ഇതാണു ലോകത്തെ ആദ്യത്തെ സഹകരണ റെയില്‍പ്പാത. 1904 ല്‍ സോഷ്യലിസ്റ്റുകള്‍ മിലാന്‍ കേന്ദ്രമാക്കി ഒരു ബാങ്ക് തുടങ്ങി.

കൃഷിസംഘങ്ങള്‍ക്കു ധനസഹായം നല്‍കാന്‍ 1913 ല്‍ ദേശീയ വായ്പ ഇന്‍സ്റ്റിറ്റ്യൂട്ട് ( National Institute of Credit ) സ്ഥാപിച്ചു. ഇതിനെ കൃത്യമായ അര്‍ഥത്തില്‍ സഹകരണസ്ഥാപനം എന്നു വിശേഷിപ്പിക്കാനാവില്ല. ഇതിനു രണ്ടു വിഭാഗമുണ്ടായിരുന്നു. ഒന്നു കാര്‍ഷിക സംഘങ്ങളുടെ വായ്പയും മറ്റേത് തൊഴില്‍ കരാര്‍ സംഘങ്ങളുടെ വായ്പയും കൈകാര്യം ചെയ്യാന്‍. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 80 ശതമാനം തുക സര്‍ക്കാരും ബാക്കി സംഘങ്ങളും വഹിച്ചു. 15 ഡയരക്ടര്‍മാരായിരുന്നു മാനേജ്‌മെന്റ് ബോര്‍ഡ്. അഞ്ചുപേര്‍ സര്‍ക്കാര്‍ ഉദ്യാഗസ്ഥരും അഞ്ചുപേര്‍ സഹകാരികളും അഞ്ചുപേര്‍ ഓഹരിയുടമകളായ ബാങ്കിങ് സ്ഥാപനങ്ങളുടെ പ്രതിനിധികളും. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും എന്‍.ഐ.സി.ക്ക് സ്വതന്ത്രമായി നിശ്ചയിക്കാമായിരുന്നു. ഡയരക്ടര്‍ ജനറലിനെ സര്‍ക്കാരിന്റെ അംഗീകാരത്തോടെയേ നിയമിക്കാനാവുമായിരുന്നുള്ളു. 25 ശാഖ എന്‍.ഐ.സി.ക്കുണ്ടായിരുന്നു.

1914 ല്‍ ഇറ്റലിയില്‍ 7500 സംഘങ്ങളും ആയിരത്തിലേറെ ജനകീയബാങ്കുകളും എല്ലാത്തിലും കൂടി ഇരുപത് ലക്ഷത്തോളം അംഗങ്ങളും ഉണ്ടായിരുന്നു. മത-രാഷ്ട്രീയ-സാമൂഹിക അടിത്തറകളില്‍ സഹകരണ സംഘങ്ങള്‍ കെട്ടിപ്പടുത്തിരുന്നു. അവയ്‌ക്കെല്ലാം വെവ്വേറെ ഫെഡറേഷനുകളും ഉണ്ടായിരുന്നു. ഇവ തമ്മില്‍ ഭിന്നതകളും പതിവായിരുന്നു. സോഷ്യലിസ്റ്റ് സഹകരണ സംഘങ്ങള്‍ സ്വകാര്യസ്വത്ത് ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ കത്തോലിക്കാ സംഘങ്ങള്‍ ചെറുകര്‍ഷകര്‍ക്കും അധ്വാനിക്കുന്നവര്‍ക്കുമായി ഭൂമി വിതരണം ചെയ്യാന്‍ ശ്രമിച്ചു. സോഷ്യലിസ്റ്റുകള്‍, ദേശീയവാദികള്‍, കത്തോലിക്കര്‍, മുന്‍പട്ടാളക്കാര്‍, റിപ്പബ്ലിക്കന്‍മാര്‍, കമ്യൂണിസ്റ്റുകാര്‍, ട്രേഡ് യൂണിയനിസ്റ്റുകള്‍, ഫാസിസ്റ്റുകള്‍, സ്വതന്ത്രര്‍ ഇങ്ങനെ വ്യത്യസ്ത വിഭാഗങ്ങള്‍ സഹകരണ പ്രസ്ഥാനത്തിലുണ്ടായിരുന്നു.

ഉല്‍പ്പാദന സംഘങ്ങള്‍

തൊഴിലാളികളുടെ ഉല്‍പാദന സഹകരണ സംഘങ്ങള്‍ ( Workmen’s productive cooperatives ) ഏറ്റവുമാദ്യം ആരംഭിച്ച രാജ്യങ്ങളിലൊന്നാണ് ഇറ്റലി.
1915 ല്‍ ഇത്തരം മൂവായിരത്തിലധികം സംഘങ്ങള്‍ ഉണ്ടായിരുന്നു. തൊഴിലാളികളില്‍ ഏഴിലൊന്നു പേര്‍ക്കും തൊഴില്‍ നല്‍കിയിരുന്നത് ഈ സംഘങ്ങളാണ്. വാക്കിംഗ് സ്റ്റിക്കിന്റെ ചിത്രപ്പിടി മുതല്‍ കപ്പലുകള്‍ വരെ ഇവര്‍ നിര്‍മിച്ചിരുന്നു. 1919 ല്‍ ഇറ്റലിയിലെ ഏറ്റവും വലിയ കപ്പല്‍ശാലയിലെ തൊഴിലുകള്‍ മിക്കതും ഈ സംഘങ്ങളാണു ചെയ്തിരുന്നത്. ഇവയ്ക്കും ഫെഡറേഷനുകളുണ്ടായിരുന്നു. സര്‍ക്കാര്‍ കരാര്‍പ്പണികളില്‍, പ്രത്യേകിച്ച് ഒന്നാം ലോകയുദ്ധ കാലത്തെ നിര്‍മാണങ്ങളില്‍, സഹകരണ സംഘങ്ങള്‍ക്കായിരുന്നു മുന്‍ഗണന.

സോഷ്യലിസ്റ്റ് സഹകരണ പ്രസ്ഥാനത്തിന്റെ കേന്ദ്ര സംഘടനയായിരുന്നു ദേശീയ സഹകരണ ലീഗ് ( National Cooperative League ). മിലാന്‍ ആയിരുന്നു ആസ്ഥാനം. ട്രേഡ് യൂണിയനുകളിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരായിരുന്നു അംഗങ്ങള്‍. വടക്കന്‍ ഇറ്റലിയിലും വടക്കു കിഴക്കന്‍ ഇറ്റലിയിലുമായിരുന്നു ലീഗില്‍ അഫിലിയേറ്റ് ചെയ്ത സംഘങ്ങള്‍ കൂടുതല്‍. ബോളോന കേന്ദ്രമാക്കി കാര്‍ഷിക വിഭാഗവും മിലാന്‍ കേന്ദ്രമാക്കി ഉപഭോക്തൃ വിഭാഗവും റോം കേന്ദ്രമാക്കി ഉല്‍പാദന-തൊഴില്‍ വിഭാഗവും ലീഗിനുണ്ടായിരുന്നു.

കത്തോലിക്കാ സഹകരണ പ്രസ്ഥാനത്തിന്റെ കേന്ദ്ര സ്ഥാപനം ‘ഇറ്റലിയുടെ സഹകരണ ഫെഡറേഷന്‍’ ആയിരുന്നു. റോം ആയിരുന്നു ആസ്ഥാനം. പീപ്പിള്‍സ് പാര്‍ട്ടിയുമായിട്ടായിരുന്നു ഇതിനു ബന്ധം. തെക്കന്‍ ഇറ്റലിയും വടക്കുകിഴക്കന്‍ ഇറ്റലിയുമായിരുന്നു ശക്തികേന്ദ്രങ്ങള്‍. മറ്റിടങ്ങളിലും ഫെഡറേഷന്‍ രൂപവത്കരിച്ചു. 1919 ല്‍ കത്തോലിക്കാ ഫെഡറേഷനുകള്‍ ചേര്‍ന്ന് കോണ്‍ഫെഡറേഷനും രൂപവത്കരിച്ചു.

പല ഗ്രാമങ്ങളിലും ബ്രെഡ്ഡിനും മാംസത്തിനും പലവ്യഞ്ജനങ്ങള്‍ക്കും ആശ്രയം ഉപഭോക്തൃ സഹകരണ സംഘങ്ങളായിരുന്നു. വടക്കന്‍ ഇറ്റലിയില്‍ പലേടത്തും ഇന്ധനവും തുണികളും വരെ ഇവ നല്‍കി. ഉഡൈന്‍ പ്രവിശ്യയിലെ ടോള്‍മെസ്സോയില്‍ പ്രാദേശിക സഹകരണസംഘത്തിന് 40 ശാഖകളുണ്ടായിരുന്നു. മലകള്‍ നിറഞ്ഞ ആ പ്രദേശത്തെ ജനങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ ഇവിടങ്ങളില്‍ നിന്നാണു കിട്ടിയത്. ലൂക്കാ പ്രവിശ്യയിലെ ടിയെട്രാസാന്റയില്‍ പ്രാദേശിക സഹകരണ സംഘത്തിന് 70 ശാഖകളുണ്ടായിരുന്നു. ബേക്കറികളും ബുച്ചറി ( കശാപ്പുശാല ) കളും മക്രോണി ഫാക്ടറികളും അതു നടത്തിയിരുന്നു.

ചെറുസംഘങ്ങളായിരുന്നു ഇറ്റലിയില്‍ ഏറെയും. നല്ലൊരു ഭാഗത്തിനും മക്രോണി ഫാക്ടറികളും ബുച്ചറികളും ബേക്കറികളുമുണ്ടായിരുന്നു. സഹകരണ റെസ്റ്റോറന്റുകളും ബാറുകളും കഫേകളും കുട്ടികള്‍ക്കായുള്ള സഹകരണ കോളനികളും ഉണ്ടായിരുന്നു.

മിലാനിലും ടൂറിനിലുമായിരുന്നു ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ സംഘങ്ങള്‍. മിലാനിലേതിനു 160 ശാഖകളുണ്ടായിരുന്നു. വസ്ത്രനിര്‍മാണം, ബൂട്ട് നിര്‍മാണം. ഡെയറി ഉല്‍്പന്നങ്ങളുണ്ടാക്കല്‍, തിയറ്ററുകള്‍ നടത്തല്‍, ഗ്രന്ഥശാലകള്‍ കെട്ടിപ്പടുക്കല്‍, ജനകീയ സര്‍വകലാശാലകള്‍ സംഘടിപ്പിക്കല്‍ എന്നിവയൊക്കെ ഇവ ചെയ്തിരുന്നു. 13,000 ത്തില്‍പരം അംഗങ്ങളുണ്ടായിരുന്ന ടൂറിന്‍ സഹകരണ സംഘമായ ‘അലയെന്‍സാ കോ-ഓപ്പറേറ്റീവ് ടോറിനെസ്സി’ ( Alleanza Cooperative Torinesse ) ക്കു കീഴില്‍ 150 ഷോപ്പും ആയിരത്തിലേറെ ജീവനക്കാരുമുണ്ടായിരുന്നു.

1921 മാര്‍ച്ചില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇറ്റലിയില്‍ 19,500 സഹകരണസംഘങ്ങളുണ്ടായിരുന്നു. ഇതില്‍ 6500 എണ്ണം ഉപഭോക്തൃസംഘങ്ങളും 7600 എണ്ണം ഉല്‍്പാദക-തൊഴില്‍ സംഘങ്ങളും 1500 എണ്ണം വായ്പാ സഹകരണ സംഘങ്ങളുമായിരുന്നു.

ഫാസിസ്റ്റുകളുടെ നിലപാട്

ഫാസിസ്റ്റ് ഭരണകാലത്തും സഹകരണ പ്രസ്ഥാനം നിലനിന്നു. എന്നാല്‍, അതു പൂര്‍ണമായി ഭരണകൂടത്തിന്റെ അധീനതയിലായിരിക്കണം എന്നു ഫാസിസ്റ്റുകള്‍ നിര്‍ബന്ധം പിടിച്ചു. രാജ്യത്തെ സേവിക്കുക എന്നതില്‍ കവിഞ്ഞ ഒരു താത്പര്യവും പാടില്ലെന്നും ശഠിച്ചു. ഗ്രാമീണ സഹകരണ സംഘങ്ങളോട് കടുത്ത നിലപാടെടുത്തില്ലെങ്കിലും ഉപഭോക്തൃ സഹകരണ സംഘങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കി. സോഷ്യലിസ്റ്റു കൂടാരമാണ് അവയെന്നായിരുന്നു വിമര്‍ശനം. ദേശീയ വായ്പാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായങ്ങള്‍ ഏറ്റവും പ്രയോജനപ്പെട്ടിരുന്നത് ഉപഭോക്തൃ സഹകരണ പ്രസ്ഥാനങ്ങള്‍ക്കായിരുന്നു. ഇത് സഹകരണ പ്രസ്ഥാനങ്ങള്‍ ഇത്തിക്കണ്ണികളാണെന്ന ഫാസിസ്റ്റ് വിമര്‍ശനത്തിന് ഇടയാക്കി. രാഷ്ട്രീയ സഹകരണാധിപത്യം ( political cooperativism ) ഉണ്ടെന്നും അവര്‍ ആക്ഷേപിച്ചു. സംശയം തോന്നിയ സംഘങ്ങളെ അവര്‍ തകര്‍ത്തു. സഹകാരികളെ പീഡിപ്പിച്ചു. കൊലപാതകങ്ങള്‍ പോലുമുണ്ടായി. ഫാസിസ്റ്റുകള്‍ക്കു സ്വീകാര്യരായ പുതിയ ഡയരക്ടര്‍മാരെ തിരഞ്ഞെടുക്കുകയും പുതിയ മാനേജര്‍മാരെ നിയമിക്കുകയും ചെയ്ത സംഘങ്ങളെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചത്. 1926 ല്‍ സഹകരണ കോണ്‍ഫെഡറേഷനും ദേശീയ സഹകരണ ലീഗും പിരിച്ചുവിട്ടു. രാഷ്ട്രീയമായി വിഘടിച്ചുനിന്നിരുന്ന പ്രാദേശിക ഗ്രൂപ്പുകള്‍ ഒരുമിച്ചുചേര്‍ന്നു വലിയ സംഘങ്ങളാകുകയും സഹകരണാടിസ്ഥാനത്തിലുള്ള പല സ്വയംമാനേജ്‌മെന്റ് സംരംഭങ്ങളുടെയും തലപ്പത്ത് ഫാസിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വരികയും ചെയ്തു. തൊഴിലിന്റെ മഹത്വം പാടിപ്പുകഴ്ത്തിയും സോഷ്യലിസ്റ്റുകളെയും കത്തോലിക്കരെയും ഇത്തിക്കണ്ണികളെന്നു കുറ്റപ്പെടുത്തിയും സഹകരണപ്രസ്ഥാനത്തിന്റെ ചില ആശയങ്ങള്‍ കടം കൊണ്ടും രാഷ്ട്രീയരഹിതവും തങ്ങള്‍ക്ക് ആധിപത്യമുള്ളതുമായ ഒരു സഹകരണ പ്രസ്ഥാനം കൊണ്ടുവരാനാണു ഫാസിസ്റ്റുകള്‍ ശ്രമിച്ചത്. ഇതിന് ഫാസിസ്റ്റ് സഹകരണ പ്രവര്‍ത്തനം ( ളമരെശേെ രീീുലൃമശേ്ശാെ ) എന്നു പേരുനല്‍കി. ( 1929 ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം തൊഴിലില്ലായ്മ കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രവൃത്തികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ നിയോഗിച്ച ഇത്തരം സംവിധാനങ്ങളാണു പുഷ്ടിപ്പെട്ടത ് )

രാഷ്ട്രീയത്തിനും മതത്തിനും അതീതമായ സഹകരണ രൂപങ്ങളോടു മാത്രമേ തനിക്ക് അനുഭാവമുള്ളു എന്നു ഭരണാധികാരിയായ മുസ്സോളിനി 1922 നവംബര്‍ 13 നു പ്രഖ്യാപിച്ചു. സഹകരണം രാഷ്ട്രത്തില്‍നിന്നു പ്രതീക്ഷിക്കേണ്ടത് സാമ്പത്തിക അവകാശാധികാരങ്ങളല്ല, ധാര്‍മിക പിന്തുണയും മാര്‍ഗനിര്‍ദേശവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ പ്രസ്ഥാനം ഭരണകൂടത്തിന് ഹിതകരമായ വിധത്തില്‍ പുന:സംഘടിപ്പിക്കപ്പെട്ടു. 1922 ല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സഹകരണസംഘങ്ങള്‍ക്ക് ഒരു കേന്ദ്ര കമ്മീഷന്‍ രൂപവത്കരിച്ചു. സഹകരണ മേഖലയുടെ പത്തും സര്‍ക്കാരിന്റെ ഒമ്പതും പ്രതിനിധികളടങ്ങിയതായിരുന്നു അത്. സഹകരണ പ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയുമായിരുന്നു കമ്മീഷന്റെ ചുമതല. 1924ല്‍ ഗ്രാന്റ് ഫാസിസ്റ്റ് കൗണ്‍സില്‍ പുന:സംഘടന അംഗീകരിച്ചു.

സ്വയംഭരണ സ്ഥാപനങ്ങള്‍

1927 ല്‍ തൊഴിലാളികളുടെ അവകാശം സംബന്ധിച്ച ലേബര്‍ ചാര്‍ട്ടറുമായി ബന്ധപ്പെട്ട് സഹകരണ പ്രസ്ഥാനത്തിന്റെ പദവി സംബന്ധിച്ചു വിവാദമുണ്ടായി. സഹകരണ സംഘങ്ങളുടെ തൊഴിലാളികള്‍ യൂണിയനുകളുടെ നിയന്ത്രണത്തിലായിരിക്കണമെന്നു തൊഴിലാളി യൂണിയനുകളും തങ്ങളുടെ കീഴിലായിരിക്കണമെന്നു തൊഴിലുടമകളുടെ സംഘടനകളും തര്‍ക്കിച്ചു. അനുരഞ്ജനത്തിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളെ സ്വയംഭരണ സ്ഥാപനങ്ങളായി അംഗീകരിച്ച് 1931 മാര്‍ച്ച് രണ്ടിന് നിയമം വന്നു. ഈ നിയമ പ്രകാരം ഫാസിസ്റ്റ് ദേശീയ സഹകരണ ഇന്‍സ്റ്റിറ്റ്യൂട്ട് വായ്പാ സഹകരണ സംഘങ്ങള്‍ ഒഴികെയുള്ള സഹകരണ പ്രസ്ഥാനത്തിന്റെയാകെ മുഖ്യകേന്ദ്രമായി. ആ വര്‍ഷം 3465 ഉപഭോക്തൃ സഹകരണസംഘങ്ങളും 1224 ഉല്‍പാദന-തൊഴില്‍ സഹകരണസംഘങ്ങളും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള 763 മൊത്തവാങ്ങല്‍ വിപണനസംഘങ്ങളും 3470 ഡയറിസഹകരണസംഘങ്ങളും 170 വീഞ്ഞുല്‍പാദകസംഘങ്ങളും 20 എണ്ണയുല്‍പാദകസംഘങ്ങളും 13 സഹകരണമില്ലുകളും 543 കൃഷിപ്പണിസംഘങ്ങളും 1352 നിര്‍മാണ സംഘങ്ങളും 344 ഗതാഗത സംഘങ്ങളും 990 വീട്ടുമൃഗ ഇന്‍ഷുറന്‍സ് സംഘങ്ങളും ഇതിലുണ്ടായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിനു കീഴില്‍ ആ വര്‍ഷം 12,363 സഹകരണ സംഘങ്ങളാണ് ഉണ്ടായിരുന്നത്.

സഹകരണ സംഘങ്ങള്‍ക്ക് ഇഷ്ടമുള്ള ഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്യാമായിരുന്നു. ഫെഡറേഷനില്‍ അംഗമായാല്‍ സ്വാഭാവികമായി ഇന്‍സ്റ്റിറ്റ്യൂട്ടിലും അംഗമാകുമായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദേശീയ കൗണ്‍സിലിന്റെയും ഫെഡറേഷനുകളുടെയും പ്രസിഡന്റുമാര്‍ കോര്‍പറേഷന്‍ മന്ത്രാലയം അംഗീകരിച്ചവരായിരിക്കണമെന്നു നിര്‍ബന്ധമായിരുന്നു. കേന്ദ്രസ്ഥാപനത്തിന് 54 പ്രവിശ്യകളില്‍ സെക്രട്ടറിമാരുണ്ടായിരുന്നു. റോമില്‍ സഹകരണ കോളജും. ഒമ്പതു ഫെഡറേഷനാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ഉണ്ടായിരുന്നത്. അതില്‍ ഏറ്റവും പ്രധാനം മൂന്നെണ്ണമായിരുന്നു. മൊത്തവാങ്ങല്‍ വില്‍പനകള്‍ക്കായുള്ള കര്‍ഷകരുടെ സഹകരണ സംഘങ്ങളുടെ ദേശീയഫെഡറേഷന്‍, കാര്‍ഷികോല്‍പന്ന സംസ്‌കരണ സഹകരണസംഘങ്ങളുടെ ദേശീയഫെഡറേഷന്‍, കൃഷിപ്പണി സഹകരണ സംഘങ്ങളുടെ ദേശീയഫെഡറേഷന്‍ എന്നിവയാണവ. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതികൂടാതെ പുതിയ വിതരണ സംരംഭങ്ങളൊന്നും തുടങ്ങരുതെന്ന 1930 ലെ നിയമത്തില്‍ നിന്നു സഹകരണസംഘങ്ങളെ ഒഴിവാക്കിയിരുന്നു.

വായ്പാ സഹകരണത്തിനു ഷൂള്‍സെ ഡെലിറ്റ്ഷ് മാതൃകയിലുള്ള ജനകീയബാങ്കുകളും റെയ്ഫീസന്‍ മാതൃകയിലുള്ള ഗ്രാമീണ ബാങ്കുകളും ഉണ്ടായിരുന്നു. 1937 ല്‍ 1300 ഗ്രാമീണ ബാങ്കിലായി 80 കോടി ലിറയുടെ നിക്ഷേപമുണ്ടായിരുന്നു. ഡെയറി, വീഞ്ഞ് സഹകരണ സംഘങ്ങളും എണ്ണമില്ലുകളും ഡിസ്റ്റിലറികളും നന്നായി പ്രവര്‍ത്തിച്ചിരുന്നു. ഗ്രാമീണമായ വേരുകളിലൂന്നി സാങ്കേതിക പുരോഗതി കൈവരിക്കുന്നുവെന്ന പ്രതീതിയുമായി ഭക്ഷ്യസംസ്‌കരണ വ്യവസായമാണ് ഏറ്റവും അഭിവൃദ്ധിപ്പെട്ടത്. 1937 നുശേഷം റോമിലെ പാല്‍വിതരണം ഏതാണ്ട് പൂര്‍ണമായി സഹകരണ മാനേജ്‌മെന്റിലാണു നടന്നിരുന്നത്.

നിയമപരമായി കൂടുതല്‍ പരിമിതികള്‍ വന്നപ്പോള്‍ ഗ്രാമീണ സഹകരണ ബാങ്കുകള്‍ തകര്‍ച്ച നേരിട്ടു. രണ്ടാം ലോകയുദ്ധ കാലത്ത് സര്‍ക്കാരിന്റെ ചെലവു ചുരുക്കലും പുന:സംഘടനകളും സഹകരണ പ്രസ്ഥാനത്തിനു ദോഷമായി. നേരത്തെത്തന്നെ സാമ്പത്തിക പ്രതിസന്ധി മൂലം ദേശീയവായ്പാ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള സര്‍ക്കാര്‍ ധനസഹായം നിര്‍ത്തിയിരുന്നു. ഫാസിസ്റ്റുകളുടെ സമ്മര്‍ദ തന്ത്രങ്ങളാണ് ആ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയത്. സര്‍ക്കാരിനെയോ മറ്റേതെങ്കിലും ഏജന്‍സിയെയോ അമിതമായി ആശ്രയിക്കുന്നതു നല്ലതല്ലെന്ന പാഠം ഇതു നല്‍കി.

1943 ജൂലായ് 25നു ഫാസിസം തകര്‍ന്നു. ഫാസിസത്തിനെതിരായ ചെറുത്തുനില്‍പു കാലത്ത് സഹകരണ പ്രസ്ഥാനവും അതിനു സഹായം നല്‍കി വികസിക്കുന്നുണ്ടായിരുന്നു. യുദ്ധത്തില്‍ സഖ്യകക്ഷികളുടെ വിജയവാര്‍ത്തകള്‍ ഇവര്‍ക്കു പ്രോത്സാഹനമായി.

ലോകയുദ്ധാനന്തരം

ഇറ്റലിയില്‍ യുദ്ധാനന്തരം സഹകരണ സംരംഭങ്ങളുടെ വളര്‍ച്ച അത്ഭുതകരമായിരുന്നു. സ്വകാര്യ കച്ചവടക്കാരുമായി മത്സരിക്കാന്‍ ലാഭം കുറച്ചാണു സംഘങ്ങള്‍ സാധനങ്ങള്‍ വിറ്റിരുന്നത്. കരിഞ്ചന്തയും വിലക്കയറ്റവും തടയാന്‍ സഹകരണ സംഘങ്ങളും മുനിസിപ്പല്‍ അധികൃതരും സാമൂഹിക സംഘടനകളും സംയുക്തമായി പ്രവര്‍ത്തിച്ചു. മുനിസിപ്പല്‍ ഭരണകൂടം ചെലവു വഹിക്കുകയും സഹകരണ സംഘം വിതരണം നിര്‍വഹിക്കുകയും ചെയ്യുന്ന രീതി നടപ്പാക്കി. ഉത്പാദനം കഴിഞ്ഞാലുടന്‍ സാധനവില പായ്ക്കറ്റില്‍ മുദ്രചെയ്തു. അങ്ങനെ വിലകൂട്ടിവില്‍ക്കല്‍ തടഞ്ഞു. സഹകരണ സംഘങ്ങള്‍ അംഗങ്ങളെത്തന്നെയാണു ജോലിക്കു വെച്ചിരുന്നത്. സാധനവില്‍പനയും പ്രധാനമായും അംഗങ്ങള്‍ക്കിടയിലായിരുന്നു. ഉല്‍പാദന-തൊഴില്‍ സംഘങ്ങളും ഉപഭോക്തൃസംഘങ്ങളുമാണ് കൂടുതല്‍ പച്ചപിടിച്ചത്.

പുതിയ റിപ്പബ്ലിക്കന്‍ ഭരണഘടന ഊഹക്കച്ചവടവിരുദ്ധ സമീപനം അംഗീകരിച്ചു. ഭരണകൂടം സഹകരണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദേശിച്ചു. 1947 ഡിസംബറില്‍ ബാസെവി നിയമം ( Basevi law ) പാസായി. ജനാധിപത്യത്തിന്റെയും ഐക്യത്തിന്റെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഈ നിയമം പരസ്പരം സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ മുന്നുപാധികള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നു വ്യവസ്ഥ ചെയ്തു. സഹകരണപ്രസ്ഥാനത്തിനു മാര്‍ഗനിര്‍ദേശം നല്‍കാന്‍ സഹകരണ ഡയരക്ടറെ നിയമിച്ചു. ദേശീയ ലേബര്‍ ബാങ്കില്‍ സഹകരണ വായ്പാവിഭാഗം ആരംഭിച്ചു. 50 കോടി ലിറയുടെ ഒരു നിധി ഏര്‍പ്പെടുത്തി. ഇതില്‍ 30 കോടി സര്‍ക്കാരും 10 കോടി ദേശീയ ലേബര്‍ ബാങ്കും അഞ്ചു കോടി സമ്പാദ്യ ബാങ്കുകളും അഞ്ചു കോടി ലുസ്സാറ്റി ബാങ്കുകളുമാണു വഹിച്ചത്.

1949-50കാലത്ത് വേണ്ടത്ര കൃഷി ചെയ്യാതിരുന്ന രണ്ടു ലക്ഷം ഹെക്ടര്‍ ഭൂമി ഇറ്റലിയുടെ തെക്കന്‍ മേഖലയില്‍ കര്‍ഷകര്‍ക്കു നല്‍കുകയും അവിടങ്ങളില്‍ കൃഷി ചെയ്യാനായി സഹകരണ സംഘങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്തു.

1944 മുതല്‍ 52 വരെയുള്ള കാലത്തു സഹകരണ മേഖലയുമായി ബന്ധപ്പെട്ടു നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. കൃഷി ചെയ്യാതെ കിടന്നിരുന്ന നിലങ്ങള്‍, സഹകരണ സംഘങ്ങളുണ്ടാക്കി കൃഷി ചെയ്യണമെന്ന വ്യവസ്ഥയോടെ കര്‍ഷകര്‍ക്കു നല്‍കി. ഇങ്ങനെ 6000 സഹകരണ സംഘങ്ങള്‍ക്കായി 5,55,828 ഏക്കര്‍ ഭൂമി ലഭിച്ചു. ഭൂമി കിട്ടിയവര്‍ 20 കൊല്ലമെങ്കിലും സഹകരണ സംഘങ്ങളില്‍ അംഗമായി തുടരണമെന്നുണ്ടായിരുന്നു. എങ്കില്‍ മാത്രമേ വിവിധ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചിരുന്നുള്ളു. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഭൂമി നഷ്ടപ്പെടുമായിരുന്നു. അപ്പുലിയ , ലുകാനിയ , മോണ്ട്വ ജില്ലകളിലായി 3,75,000 ഏക്കര്‍ ഭൂമി ഇങ്ങനെ നല്‍കി. ഓരോ കുടിയേറ്റക്കാരനും 15 മുതല്‍ 20 വരെ ഏക്കര്‍ ഭൂമിയാണു ലഭിച്ചത്. ഇത്തരം കര്‍ഷകരില്‍ ഭൂരിഭാഗവും കൂട്ടുകൃഷിയെക്കാള്‍ വ്യക്തിഗത കൃഷിയാണ് താത്പര്യപ്പെട്ടിരുന്നത്.

യുദ്ധത്തിനു ശേഷം ലീഗും സഹകരണ കോണ്‍ഫെഡറേഷനും പുന:സംഘടിപ്പിച്ചു. 1952 ല്‍ കത്തോലിക്കാ ലിബറല്‍ മസീനിയന്‍ സഹകരണ പ്രസ്ഥാനവും ഈ പാത പിന്തുടര്‍ന്നു. അക്കൊല്ലം റിപ്പബ്ലിക്കന്‍ ഘടകങ്ങളും സോഷ്യല്‍ ഡമോക്രാറ്റിക് ഘടകങ്ങളും ലീഗില്‍ നിന്നു ഭിന്നിച്ചു മാറി. ലീഗ് പരസ്യമായി കമ്യൂണിസ്റ്റ് അനുകൂല സമീപനം കൈക്കൊള്ളുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. ഭിന്നിച്ചവര്‍ ‘ഇറ്റാലിയന്‍ സഹകരണ പ്രസ്ഥാനത്തിന്റെ പൊതുസഖ്യം’ രൂപവത്കരിച്ചു. ഇങ്ങനെ രാഷ്ട്രീയ കക്ഷികളുടെ വീക്ഷണങ്ങള്‍ക്കനുസരിച്ചു മൂന്നു വ്യത്യസ്ത സഹകരണ ഫെഡറേഷനുകള്‍ അക്കാലത്തു രൂപംകൊണ്ടു. 1970 കളില്‍ നാലാമതൊരു ഫെഡറേഷന്‍ കൂടിയുണ്ടായി: ‘ഇറ്റാലിയന്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ദേശീയ യൂണിയന്‍’. കത്തോലിക്കാസഭയുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും ഇതു രാഷ്ട്രീയമുക്തമാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇത്തരം അനൈക്യം ഇറ്റാലിയന്‍ സഹകരണ പ്രസ്ഥാനത്തിന്റെ ദോഷമായിരുന്നു.

വളര്‍ച്ചയുടെ കാലം

1950 കളിലും 60 കളിലും സഹകരണ പ്രസ്ഥാനത്തിനു നല്ല വളര്‍ച്ചയുണ്ടായി. കുറച്ചു കരകൗശല കൈവേലക്കാരില്‍ അധിഷ്ഠിതമായ ചെറിയ ഷോപ്പുകളില്‍ നിന്നു വളരെ ആധുനികവും ഉറച്ച അടിത്തറയുള്ളതുമായ സ്ഥാപനങ്ങളായി മിക്കവയും മാറി. കാര്‍ഷിക മേഖലയില്‍ ദിവസത്തൊഴിലാളികളുടെ സ്വയംരൂപവത്കൃത സംഘങ്ങള്‍ ബഹുമുഖ സംരംഭങ്ങളിലേക്കു വളര്‍ന്നു. വലിയ ഭക്ഷ്യസംസ്‌കരണ സഹകരണ സ്ഥാപനങ്ങളും സര്‍വീസ് സ്ഥാപനങ്ങളുമുണ്ടായി. 1960കളില്‍ വിതരണ ശൃംഖല നവീകരിച്ച് സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പോലുള്ള വിപണന ശാലകള്‍ വന്നു. ഷോപ്കീപ്പര്‍മാരെ ഗ്രൂപ്പുകളാക്കി സംഘടിപ്പിച്ച് വന്‍ സഹകരണ സ്ഥാപനങ്ങളെത്തി. തൊഴിലാളി സഹകരണ സംഘങ്ങളുടെ രംഗത്ത് നിര്‍മാണ, സര്‍വീസ് മേഖലകളില്‍ ഊന്നിയ സ്ഥാപനങ്ങള്‍ വര്‍ധിച്ചു. കരാറുകാരുടെ വിപുലനിരയുള്ള കണ്‍സോര്‍ഷ്യ ( Consortia ) കെട്ടിപ്പടുക്കും വിധം നിര്‍മാണമേഖലയിലെ സഹകരണ സ്ഥാപനങ്ങള്‍ ശക്തിപ്പെട്ടു.

1950ല്‍ ഗ്രാമീണ സഹകരണ ബാങ്കുകള്‍ പുന:സംഘടിപ്പിക്കപ്പെട്ട് ഫെഡര്‍കാസ്സെ ( Federcasse ) രൂപവത്കരിച്ചു. ഇന്‍ഷുറന്‍സ് മേഖലയില്‍ ചെറുകിട കാര്‍ഷിക പരസ്പരസഹായ സംഘങ്ങളുടെയും സൗഹൃദ സംഘങ്ങളുടെയും തലത്തില്‍ നിന്ന് 1963 ല്‍ യൂണിപോള്‍ ( Unipol ) എന്ന സ്ഥാപനം കെട്ടിപ്പടുത്തുകൊണ്ട് ശക്തിയും സാന്നിധ്യവും വര്‍ധിപ്പിച്ചു.

1970 കളില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇറ്റാലിയന്‍ സമ്പദ് വ്യവസ്ഥ കണ്ട ഏറ്റവും വലിയ പ്രതിസന്ധി. അക്കാലത്തും കൂടുതല്‍ തൊഴിലും പുതിയ സേവന മേഖലകളും പ്രദാനം ചെയ്ത് സഹകരണമേഖല ശക്തി പ്രകടിപ്പിച്ചു. ദുര്‍ബല വിഭാഗങ്ങളല്ലാത്ത സാമൂഹിക വിഭാഗങ്ങളെയും പ്രൊഫഷണലുകളെയും ആകര്‍ഷിച്ചു. യുവാക്കളെയും സ്ത്രീകളെയും ഇത് ഏറെ സ്വാധീനിച്ചു. കൂടുതല്‍ യോഗ്യത ആവശ്യമുള്ള തൊഴില്‍ മേഖലകളും മികച്ച സ്വയം മാനേജ്‌മെന്റും അതുവഴി ഉയര്‍ന്ന ജീവിതനിലവാരവും സഹകരണമേഖല പ്രകടമാക്കി.

1971 ല്‍ ബാങ്കിംഗ് പ്രവര്‍ത്തനത്തിന്റെ പല പരിമിതികളില്‍ നിന്നും സഹകരണ പ്രസ്ഥാനത്തെ ഒഴിവാക്കി നിയമം വന്നു. അതുമൂലം നിരവധി അംഗങ്ങളില്‍ നിന്നു ചെറിയ തുകകള്‍ വന്‍തോതില്‍ സമാഹരിക്കാനായി. 1980 കളിലും 90 കളിലും റീട്ടെയില്‍ ബിസിനസ് മേഖലയിലെ വളര്‍ച്ചയ്ക്കുവേണ്ടിവന്ന തുകയുടെ പകുതിയും ഈ വിധത്തിലാണു സമാഹരിച്ചത്. 1977ല്‍ സഹകരണസ്ഥാപനങ്ങളുടെ ലാഭത്തെ കോര്‍പറേറ്റ് ടാക്‌സേഷനില്‍ നിന്ന് ഒഴിവാക്കി.

1977 മുതല്‍ 79 വരെ ഇറ്റാലിയന്‍ സഹകരണ മേഖലയില്‍ വളര്‍ച്ച അസാധാരണമായിരുന്നു. സാംസ്‌കാരികവും സാമൂഹികവുമായ സേവനപ്രവര്‍ത്തനങ്ങള്‍, ടൂറിസം പ്രൊഫഷണല്‍ പരിശീലനം തുടങ്ങിയ മേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ആരോഗ്യ പരിചരണത്തിലും സോഷ്യല്‍ സര്‍വീസിലുമൊക്കെ സഹകരണ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. 1985 ല്‍ മാര്‍കോറ ( ങമൃരീൃമ ) നിയമം പാസ്സായി. തൊഴില്‍രഹിത തൊഴിലാളികള്‍ കെട്ടിപ്പടുക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്കായി പ്രത്യേകനിധി സ്വരൂപിക്കാന്‍ അതില്‍ വ്യവസ്ഥ ചെയ്തു. തെക്കന്‍ ഇറ്റലിയിലെ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി 1985 ലും 1986 ലും നിയമങ്ങള്‍ പാസാക്കി.

1980 കളിലെ ഏറ്റവും നൂതനമായ സംരംഭം സാമൂഹിക സഹകരണ സ്ഥാപനങ്ങളുടെ ( social cooperatives ) വളര്‍ച്ചയായിരുന്നു. കണ്‍സോര്‍ഷ്യയുടെ സ്ഥാപനത്തോടെയാണ് ഇതു തുടങ്ങിയത്. 1983 ല്‍ ബ്രഷ്യയിലായിരുന്നു ആരംഭം. 1985 ല്‍ അസീസിയില്‍ സാമൂഹിക സഹകരണസ്ഥാപനങ്ങളുടെ ആദ്യ ദേശീയ അസംബ്ലി ചേര്‍ന്നു.

സഹകരണ സ്ഥാപനങ്ങള്‍ക്കു കാലത്തിനൊത്തു വളരാന്‍ സാമ്പത്തികം പ്രശ്‌നമായിരുന്നു. സഹകരണ നിയന്ത്രണത്തില്‍ത്തന്നെ ജോയിന്റ് സ്‌റ്റോക്ക് കമ്പനികളിലൂടെ മൂലധന വിപണികളിലേക്കു പ്രവേശിച്ചാണ് ഇതു പരിഹരിച്ചത്. മൂലധനം സമാഹരിക്കാനുതകുന്ന പുതിയ നിയമങ്ങളും കൊണ്ടുവന്നു. ഇതിലൊന്നാണ് 1992 ഡിസംബറില്‍ കൊണ്ടുവന്ന ‘ലോ 59’. ഒന്നിലേറെ വോട്ടുള്ള സഹകരണ ഓഹരി പങ്കാളിയംഗങ്ങള്‍ ആവാമെന്ന വ്യവസ്ഥ ഇതിലുണ്ട്. സാങ്കേതികവിദ്യാ വികാസത്തിനും പുന:സംഘടനയ്ക്കും ബിസിനസ് ശേഷി വര്‍ധിപ്പിക്കാനും ഇത്തരം അംഗങ്ങളുടെ ധനം ഉപയോഗിക്കാം. വാര്‍ഷിക ലാഭത്തിന്റെ മൂന്നു ശതമാനം ഐക്യദാര്‍ഢ്യ നിധിയിലേക്കു ( Solidarity fund ) പോകണമെന്നുമുണ്ട്. സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വിനിയോഗിക്കാനുള്ളതാണ് ഈ നിധി. ഫെഡറേഷനുകളുമായി അഫിലിയേറ്റ് ചെയ്ത സഹകരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ഈ സംഭാവന അതിനായി പ്രത്യേകമായി രൂപവത്കരിച്ച നിധിയിലേക്കാണു പോകുന്നത്.

സഹകരണ സ്ഥാപനങ്ങളുടെ പരസ്പരബന്ധത്തിന്റെ പ്രകൃതം കൃത്യമായി നിര്‍വചിക്കുന്ന ഒരു നിയമം 2002 ല്‍ വന്നു. അഭയാര്‍ഥിപ്രശ്‌നം പരിഹരിക്കുന്നതിലും സഹകരണ പ്രസ്ഥാനം പങ്കുവഹിച്ചു. ഇറ്റാലിയന്‍ സഹകരണസഖ്യം ആണ് ഇതില്‍ പങ്കു വഹിച്ചത്. പതിനായിരത്തോളം സഹകരണ സംഘങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. സാമൂഹിക സഹകരണ സ്ഥാപനമായ ഓക്‌സീലിയം ( Auxilium ) പോലുള്ളവയിലൂടെയാണ് ഇവര്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നത.് ഇറ്റലിയിലെങ്ങും ഇവര്‍ സ്വീകരണ കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരത്തിലൊന്നായ ബാരി-പാലെസെയിലെ (ആമൃശജമഹലലെ) കാറയ്ക്ക് ( CARA- Reception Centre for Asylum Seeker ) 2010 ല്‍ ഐക്യരാഷ്ട്ര അഭയാര്‍ഥി ഏജന്‍സിയുടെ ( United Nations Refugee Agency ) മാതൃകാകേന്ദ്രം എന്ന അംഗീകാരം ലഭിച്ചു.

സര്‍ക്കാരിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ചെലവു വളരെ കൂടുതലാണ്. സഹകരണ പ്രസ്ഥാനം ആ രംഗത്തു പ്രവേശിച്ചതുമൂലം പരിചരണപ്രവര്‍ത്തകരും പരിചരണം ആവശ്യമുള്ളവരും തമ്മിലുള്ള സഹകരണം വഴി കൂടുതല്‍ പുരോഗതി നേടാന്‍ കഴിഞ്ഞു. ബെളോഗ്നയില്‍ സാമൂഹികസേവന പ്രവര്‍ത്തനങ്ങളുടെ 85 ശതമാനവും സഹകരണ സ്ഥാപനങ്ങളാണു നിര്‍വഹിക്കുന്നത്. ബെളോഗ്നയിലെ സാമൂഹിക സഹകരണപ്രസ്ഥാനത്തെക്കുറിച്ച് ‘വീക്കണോമിക്‌സ്: ഇറ്റലി’ ( Weconomics:Italy ) എന്നൊരു ഹ്രസ്വസിനിമയുണ്ട്. ശിശുക്കളെ പരിചരിക്കുന്ന ഒരു സഹകരണസ്ഥാപനത്തിന്റെയും മുതിര്‍ന്നവരെ പരിചരിക്കുന്ന മറ്റൊരു സഹകരണസ്ഥാപനത്തിന്റെയും അകത്തുനടക്കുന്ന കാര്യങ്ങളാണ് ഇതിവൃത്തം. രണ്ടും ലാഭത്തിന്റെ അടിസ്ഥാനത്തിലല്ല, അനുകമ്പയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. തൊഴിലാളികളുടെ താത്പര്യങ്ങളും ഒപ്പം പരിചരണം ലഭിക്കുന്നവരുടെ താത്പര്യങ്ങളും കണക്കിലെടുത്ത് രൂപകല്‍പന ചെയ്തിട്ടുള്ളവ.

ഇറ്റലിയിലെ ഏറ്റവും വിലിയ സഹകരണ ഫെഡറേഷനുകള്‍ ലിഗ കൂപ്പും ( Lega Coop ) കോണ്‍ഫ് കോഓപ്പറേറ്റീവും ( Conf Cooperative ) ആണ്. ഇവയുടെ സംഘാടനത്തില്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും കത്തോലിക്കാസഭയും പങ്കു വഹിച്ചിട്ടുണ്ട്.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സായി ലഭിക്കുന്ന തുക തൊഴിലിടത്തെ സഹകരണവത്കരിക്കാനുള്ള മൂലധനമായി ഉപയോഗിക്കാമെന്ന് മാര്‍കോറ ( Marcora ) നിയമത്തിലുണ്ട്. തൊഴില്‍ നഷ്ടപ്പെടുമായിരുന്ന ഒമ്പതിനായിരത്തോളം തൊഴിലാളികള്‍ ഇതനുസരിച്ച് കഴിഞ്ഞ 30 വര്‍ഷത്തിനകം തൊഴിലാളി ഉടമസ്ഥതയിലുള്ള 250ല്‍ പരം ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 2015 ഡിസംബറില്‍ ബഹുരാഷ്ട്രക്കുത്തകകളായ ഉടമകള്‍ കൈയൊഴിഞ്ഞപ്പോള്‍ നേപ്പിള്‍സിലെ ഉരുക്കുവ്യവസായശാലയായ ‘ഡബ്ലിയുബിഒ ഇറ്റാല്‍ കേബിള്‍സ്’ (WBO Ital Cables) സഹകരണവത്കരിക്കപ്പെട്ടു. 2007 മുതല്‍ 2011 വരെയുള്ള കാലത്ത് യൂറോപ്പിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇറ്റലിയിലെ സഹകരണസ്ഥാപനങ്ങളില്‍ തൊഴിലവസരം എട്ടുശതമാനം വര്‍ധിക്കുകയാണു ചെയ്തത്.

ഇറ്റലിയിലെ സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ വലിയ പങ്കുവഹിച്ച സ്ഥാപനങ്ങളുടെ സവിശേഷതകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ജനകീയബാങ്കും ഗ്രാമീണബാങ്കും തൊഴില്‍ കരാര്‍ സംഘങ്ങളുമൊക്കെ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നത് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സ്ഥിതി വിലയിരുത്തുമ്പോള്‍ പ്രധാനമാണ്.

ജനകീയബാങ്കും ഗ്രാമീണബാങ്കും

ഇറ്റലിയിലെ സഹകരണപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കള്‍ ലുയിഗി ലുസ്സാറ്റിയും ലിയോണ്‍ വൊള്ളെംബോര്‍ഗുമാണ് . ‘ബഞ്ചെ പോപ്പുലാരി’ (Banche Populari) എന്ന ജനങ്ങളുടെ ബാങ്കിന് തുടക്കമിട്ടയാളാണു ലൂസ്സാറ്റി. ‘കാസ്സെ റൂറാലി’ (Casse Rurali) എന്ന ഗ്രാമീണബാങ്കുകള്‍ക്കു തുടക്കമിട്ടയാളാണു വൊള്ളെംബോര്‍ഗ്. കാര്‍ഷികരാജ്യമായിരുന്ന ഇറ്റലിയില്‍ കൊള്ളപ്പലിശക്കാരില്‍ നിന്നു ജനങ്ങളെ രക്ഷിക്കാനാണ് ഇരുവരും സഹകരണപ്രസ്ഥാനത്തെ ആശ്രയിച്ചത്. ജര്‍മനിയിലെ ഷൂള്‍സെ ഡെലിറ്റ്ഷ് സഹകരണസംഘത്തെപ്പറ്റി ലുസ്സാറ്റിക്കു നന്നായി അറിയാമായിരുന്നു. ജര്‍മനിയിലെ വായ്പാ സഹകരണ സംഘങ്ങളുടെ മാതൃകയില്‍ ഇറ്റലിയിലെ സാഹചര്യങ്ങള്‍ക്കിണങ്ങിയ സഹകരണസംഘങ്ങള്‍ സ്ഥാപിക്കുകയാണ് ഇരുവരും ചെയ്തത്. ലുസ്സാറ്റി ആദ്യം ലോഡിയില്‍ 1865ല്‍ ഒരു സൗഹൃദസംഘം (friendly society ) ആണു സ്ഥാപിച്ചത്. അതു വിജയിച്ചില്ല. അതുകൊണ്ട് അദ്ദേഹം സ്വയംസഹായത്തെയും പരസ്പരസഹായത്തെയും പറ്റി ചിന്തിച്ചു. ജര്‍മനിയിലെ സഹകരണ വായ്പാസംഘങ്ങളെപ്പറ്റി അദ്ദേഹത്തിന് അറിയാമായിരുന്നു. ജര്‍മനിയിലെ ഷൂള്‍സെ ഡെലിറ്റ്ഷ് ബാങ്കിന്റെ മാതൃകയില്‍ സ്ഥാപിതമായതാണ് ‘ബഞ്ചെ പോപ്പുലാരി’ അഥവാ ജനങ്ങളുടെ ബാങ്ക്. ലുസ്സാറ്റിയുടെ പ്രേരണയില്‍ മറ്റിടങ്ങളിലും ഇത്തരം ബാങ്കുകള്‍ സ്ഥാപിതമായി. അദ്ദേഹം മരിക്കുമ്പോള്‍ ഇറ്റലിയുടെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുടെ മൂന്നിലൊന്നും ജനകീയബാങ്കുകളിലൂടെയായിരുന്നു.

ബഞ്ചെ പോപ്പുലാരി

കര്‍ഷകര്‍ക്കും കരകൗശലവേലക്കാര്‍ക്കും വ്യാപാരികള്‍ക്കും കുറഞ്ഞ പലിശയ്ക്കു വായ്പ ലഭ്യമാക്കലായിരുന്നു ‘ബഞ്ചെ പോപ്പുലാരി’യുടെ ഉദ്ദേശ്യം. ബാങ്കില്‍ ഓഹരിമൂല്യം വളരെ കുറവായിരുന്നു. അഞ്ചു ലിറ മുതല്‍ 50 ലിറ വരെയായിരുന്നു ഇത്. ഇതുതന്നെ 10 മാസം കൊണ്ട് അടച്ചാല്‍ മതിയായിരുന്നു. ഓരോ അംഗത്തിനും വാങ്ങാവുന്ന പരമാവധി ഓഹരിക്ക് പരിധിയുണ്ടായിരുന്നു. ഒാഹരിസംഖ്യ കുറവായിരുന്നതിനാല്‍ ധാരാളം പേര്‍ക്ക് ഒന്നിലേറെ ഓഹരികള്‍ ഉണ്ടായിരുന്നു. അതിനാല്‍ ബാങ്കിനു കൂടുതല്‍ ഓഹരിമൂലധനം കിട്ടി.

നിയതബാധ്യത ( limited liability ) അടിസ്ഥാനത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്. മൂന്നു മാസത്തേക്കു മാത്രമാണു വായ്പ നല്‍കിയിരുന്നത്. പ്രത്യേക കേസുകളില്‍ കൂടുതല്‍ കാലാവധി അനുവദിച്ചിരുന്നു. കാര്‍ഷിക വായ്പകളുടെ കാലാവധി നാലു മുതല്‍ ഒമ്പതു മാസം വരെയായിരുന്നു. ഇതു 12 മാസം വരെ നീട്ടാനും വ്യവസ്ഥയുണ്ടായിരുന്നു. ചെറുകിട വായ്പകളായിരുന്നു കൂടുതല്‍. ദരിദ്രരെ സഹായിക്കലിനായിരുന്നല്ലോ മുന്‍ഗണന. വന്‍കിട വായ്പകളും ഉണ്ടായിരുന്നു. വ്യക്തിഗത ജാമ്യത്തിലും ഓഹരികളുടെ ജാമ്യത്തിലുമാണു വായ്പകള്‍ നല്‍കിയിരുന്നത്. ഓരോ അംഗത്തിനും എടുക്കാവുന്ന വായ്പയ്ക്കു പരിധിയുണ്ടായിരുന്നു. ഇതു കാലാകാലങ്ങളില്‍ പുതുക്കി നിശ്ചയിച്ചിരുന്നു. ബില്‍സ് ഓഫ് എക്‌സ്‌ചേഞ്ച്, പ്രോമിസ്സറ്റിനോട്ട്, ട്രേഡ് ബില്‍ എന്നിവയുടെ ഉറപ്പിലും വായ്പ നല്‍കിയിരുന്നു. ചിലപ്പോള്‍ പലിശരഹിത വായ്പയും നല്‍കി. അര്‍ഹരായ ദരിദ്രര്‍ക്കു 10 മാസത്തെ വായ്പ നല്‍കിയിരുന്നു. അംഗങ്ങളല്ലാത്ത ദരിദ്രര്‍ക്കും വായ്പ നല്‍കി. പലിശ അംഗങ്ങളുടെ വായ്പയുടെതുതന്നെയായിരുന്നു. വായ്പ തവണകളായി അടയ്ക്കാനും അനുവദിച്ചു. സത്യസന്ധമായും കൃത്യമായും തിരിച്ചടയ്ക്കുന്നവര്‍ക്കു പ്രത്യേക പരിഗണന നല്‍കി. വായ്പ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നും നിരീക്ഷിച്ചു. അറ്റലാഭത്തിന്റെ 20 മുതല്‍ 25 വരെ ശതമാനം കരുതല്‍നിധി ആയി മാറ്റി. ഈ തുക ബാങ്കിന്റെ ബിസിനസിനു പുറമെയുള്ള മേഖലകളില്‍ നിക്ഷേപിച്ചു. ആദ്യം ലാഭവീതത്തിനു നിയന്ത്രണമില്ലായിരുന്നെങ്കിലും സഹകരണതത്വത്തിനു വിരുദ്ധമായതിനാല്‍ പിന്നീട് നിയന്ത്രണം വന്നു.

വര്‍ഷത്തിലൊരിക്കല്‍ പൊതുയോഗം നിര്‍ബന്ധമായിരുന്നു. അംഗങ്ങളുടെ അഞ്ചിലൊന്നായിരുന്നു ക്വാറം. പ്രത്യേക പൊതുയോഗങ്ങളും ചേര്‍ന്നിരുന്നു. യോഗങ്ങളില്‍ പകരക്കാരെ ( proxy ) അനുവദിച്ചിരുന്നില്ല. പൊതുയോഗമാണു മാനേജ്‌മെന്റ് ബോര്‍ഡിനെ തിരഞ്ഞെടുത്തിരുന്നത്. ഏഴു മുതല്‍ 14 വരെയായിരുന്നു ബോര്‍ഡിന്റെ അംഗസംഖ്യ. ‘കോണ്‍സിഗ്ലിയോ’ ( Consiglio ) എന്നാണ് ഇത് അറിയപ്പെട്ടത്. ഇവരുടെ സേവനം പ്രതിഫലരഹിതമായിരുന്നു. ഓരോ വര്‍ഷവും ഇവരില്‍ മൂന്നിലൊന്നുപേര്‍ വീതം വിരമിക്കുകയും പകരം പുതിയവരെ തിരഞ്ഞെടുക്കുകയും ചെയ്തു. ഓരോ രണ്ടാഴ്ചയും ബോര്‍ഡുയോഗം ഉണ്ടാകും. വലിയബാങ്കുകളില്‍ ശമ്പളത്തിനു ജീവനക്കാരെ വെച്ചിരുന്നു. ബോര്‍ഡംഗങ്ങളില്‍ നിന്ന് ഒരു നിര്‍വാഹകസമിതിയെയും തിരഞ്ഞെടുത്തിരുന്നു. ‘സിന്‍ഡാസി’ ( Sindaci ) എന്നായിരുന്നു ഇതിന്റെ പേര്. മുന്നു മുതല്‍ അഞ്ചുവരെ പേരാണ് ഇതില്‍ ഉണ്ടായിരുന്നത്. ജീവനക്കാര്‍ക്കു മേല്‍നോട്ടം വഹിക്കുകയും കണക്കുകള്‍ ഓഡിറ്റ് ചെയ്യുകയുമായിരുന്നു ഇതിന്റെ ചുമതല. മാനേജ്‌മെന്റ് ബോര്‍ഡിനു ‘റിസ്ചി’ (Rischi) എന്ന റിസ്‌ക് കമ്മറ്റിയും ‘സ്‌കോണ്ടോ’ ( Sconto ) എന്ന ഡിസ്‌കൗണ്ട് കമ്മിറ്റിയുമുണ്ടായിരുന്നു. പൊതുയോഗമാണ് ഈ കമ്മിറ്റികളിലെ അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്. റിസ്‌ക് കമ്മിറ്റിയാണു വായ്പാഅപേക്ഷകള്‍ പരിശോധിച്ച് അംഗീകരിച്ചിരുന്നത്. അംഗങ്ങളുടെ സാമ്പത്തികസ്ഥിതി, സത്യസന്ധത, കൃത്യത എന്നിവ സംബന്ധിച്ച ഒരു രഹസ്യരജിസ്റ്റര്‍ ( caselleto ) എല്ലാ ബാങ്കിലും സൂക്ഷിച്ചിരുന്നു. വായ്പ അംഗീകരിക്കുംമുമ്പു റിസ്‌ക് കമ്മറ്റി ഈ രജിസ്റ്റര്‍ പരിശോധിക്കുമായിരുന്നു. രജിസ്റ്ററിലെ വിവരങ്ങള്‍ കാലാകാലം പുതുക്കി. വായ്പയുടെ ഉപയോഗവും തിരിച്ചടവും നിരീക്ഷിച്ചിരുന്നതും റിസ്‌ക് കമ്മറ്റിയാണ്. ‘പ്രോഹിവിരി’ (Prohiviri) എന്ന മൂന്നംഗ അപ്പീല്‍ കോടതിയും ഉണ്ടായിരുന്നു. അവരെയും പൊതുയോഗമാണു തിരഞ്ഞെടുത്തിരുന്നത്. അംഗത്വനിഷേധം, വായ്പാനിഷേധം, പുറത്താക്കല്‍ തുടങ്ങിയവ സംബന്ധിച്ച തര്‍ക്കങ്ങളില്‍ ‘പ്രോഹിവിരി’യാണു തീര്‍പ്പുകല്‍പിച്ചിരുന്നത്. ഇതിന്റെ തീരുമാനം അന്തിമമായിരുന്നു. ഏറ്റവും മികച്ച ജനകീയ ബാങ്കുകളിലൊന്നായിരുന്ന ബാങ്ക് ഓഫ് ബോളോഗ്ന 60 ലിറ മുഖവിലയുണ്ടായിരുന്ന ഓഹരി 152 ലിറയ്ക്കാണു വിറ്റിരുന്നത്. റാവെണ്ണയിലെ ജനകീയബാങ്കിന്റെ ( Peoples’ Bank of Ravenna ) ഓഹരിവില മുഖവിലയുടെ നാലിരട്ടിവരെ ഉയര്‍ന്നിരുന്നു.

ഗ്രാമീണബാങ്കെന്നും നഗരബാങ്കെന്നുമുള്ള വ്യത്യാസം ലുസ്സാറ്റി സംവിധാനത്തിലുണ്ടായിരുന്നില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേതരം ബാങ്കാണുണ്ടായിരുന്നത്. പ്രാഥമിക ബാങ്കുകള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കാനും ധനസഹായം നല്‍കാനും കേന്ദ്രബാങ്കോ വായ്പായൂണിയനോ ലുസ്സാറ്റി ബാങ്ക് സംവിധാനത്തില്‍ ഉണ്ടായിരുന്നില്ല. ലുസ്സാറ്റിയുടെ അവസാനകാലത്ത് ഇത്തരമൊന്നു സംഘടിപ്പിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. രണ്ടാം ലോകയുദ്ധത്തിനുശേഷം ലുസ്സാറ്റി ബാങ്കുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പിന്നീട് അവ റോമിലെ ജനകീയ ബാങ്കുകളുടെ ദേശീയ അസോസിയേഷനിലേക്കു ചേര്‍ത്തു.

ഗ്രാമീണബാങ്കുകള്‍

ലിയോണ്‍ വൊള്ളെംബോര്‍ഗ് ആണ് ‘കാസ്സെ റൂറാലി’ എന്ന ഗ്രാമീണ ബാങ്കുകള്‍ സ്ഥാപിച്ചത്. ജര്‍മനിയില്‍ റെയ്ഫീസന്റെ പ്രവര്‍ത്തനത്തിനു തുല്യമായിരുന്നു ഇറ്റലിയില്‍ വൊള്ളെംബോര്‍ഗിന്റെ പ്രവര്‍ത്തനം. 1880ല്‍ ഇറ്റലി സാമ്പത്തികമായി തകര്‍ന്നു. ദരിദ്ര കര്‍ഷകര്‍ ദുരിതത്തിലായി. കര്‍ഷകരെയും കരകൗശലവേലക്കാരെയും വ്യാപാരികളെയും സഹായിക്കാന്‍ ഇതിനുമുമ്പുതന്നെ ചിലേടങ്ങളില്‍ ലുസ്സാറ്റി ജനകീയബാങ്കുകള്‍ സ്ഥാപിച്ചിരുന്നു. പക്ഷേ, ഗ്രാമങ്ങളില്‍ കര്‍ഷകര്‍ക്കു കൊള്ളപ്പലിശക്കാരില്‍ നിന്നല്ലാതെ പണം കിട്ടാന്‍ മാര്‍ഗമില്ലായിരുന്നു. 1883ല്‍ വൊള്ളെംബോര്‍ഗ് ‘കാസ്സെ റൂറാലി’ (Casse Rurali) എന്ന ഗ്രാമീണബാങ്ക് ലൊറെഗ്ഗിയയില്‍ സ്ഥാപിച്ചു. ജര്‍മനിയിലെ റെയ്ഫീസെന്‍ സഹകരണസംഘത്തിന്റെ മാതൃകയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ടായിരുന്നു ഇത്. റെയ്ഫീസെന്‍ സംഘത്തില്‍ ദീര്‍ഘകാല വായ്പയായിരുന്നു നല്‍കിയിരുന്നതെങ്കില്‍, ‘കാസ്സെ റൂറാലി’യില്‍ ഹ്രസ്വകാല വായ്പയാണു നല്‍കിയത്. ‘കാസ്സെ റൂറാലി’യില്‍ ഓഹരി വ്യവസ്ഥ ഇല്ലാതിരുന്നകാലത്ത് പ്രവേശനഫീസ് ആണുണ്ടായിരുന്നത്.

റെയ്ഫീസെന്‍ സംഘത്തിന്റെതിനെക്കാള്‍ വിപുലമായിരുന്നു ‘കാസ്സെ റൂറാലി’യുടെ ഭരണസമിതി. ചെറുകിട കര്‍ഷകരായിരുന്നു പ്രധാനമായും അംഗങ്ങള്‍. കുറഞ്ഞ പലിശയ്ക്കു വായ്പയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ ഓഹരിമൂലധനം ഉണ്ടായിരുന്നില്ല. വൊള്ളെംബോര്‍ഗ് തന്നെ ബാങ്ക് തുടങ്ങാനുള്ള പണം സ്വയം എടുക്കുകയായിരുന്നു. പിന്നീട് ബാങ്കിന് ഓഹരികള്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ വന്നു. അപ്പോഴും അദ്ദേഹം അത് തീരെ ചെറിയ തുക ആയിരിക്കാന്‍ ശ്രദ്ധിച്ചു. അതിനാല്‍ ധാരാളം പേര്‍ ചേര്‍ന്നു. സാക്ഷരര്‍ക്കേ ബാങ്കില്‍ അംഗത്വം നല്‍കിയിരുന്നുള്ളു. സാക്ഷരരല്ലാത്തവരെ അംഗത്വം നല്‍കുംമുമ്പ് വൊള്ളെംബോര്‍ഗ് സൗജന്യമായി എഴുത്തും വായനയും പഠിപ്പിച്ചു. സാക്ഷരരാക്കാന്‍ ബാങ്ക് സായാഹ്നക്ലാസ്സുകള്‍ നടത്തി. സത്യസന്ധതയും മിതവ്യയശീലവും സമ്പാദ്യശീലവും സ്വഭാവവും വിലയിരുത്തിയാണ് അംഗത്വം നല്‍കിയിരുന്നത്. ശരിയായ കാര്യത്തിനാണെന്നു ബോധ്യപ്പെട്ടശേഷമേ വായ്പ നല്‍കിയിരുന്നുള്ളു. ചിലപ്പോള്‍ അപേക്ഷിക്കുന്നതിനെക്കാള്‍ കുറവ് വായ്പയേ അനുവദിച്ചിരുന്നുള്ളു. മൂന്നു മാസമായിരുന്നു കാലാവധി. ആവശ്യമെങ്കില്‍ ഇത് രണ്ടു വര്‍ഷംവരെ നീട്ടിക്കൊടുത്തിരുന്നു ആറുശതമാനമായിരുന്നു പലിശ. വായ്പയുടെ ശരിയായ ഉപയോഗം സംബന്ധിച്ച ബോധവത്കരണവും വായ്പയെടുത്തവര്‍ക്കു നല്‍കിയിരുന്നു.

കാസ്സെ റുറാലി ബാങ്കില്‍ കരുതല്‍നിധി നിര്‍ബന്ധമായിരുന്നു. സ്ഥാപനച്ചെലവുകള്‍ കഴിച്ചുള്ള അറ്റലാഭത്തിന്റെ ബാക്കി കരുതല്‍ നിധിയായി മാറ്റിവയ്ക്കുമായിരുന്നു. തുടക്കത്തില്‍ ഓഹരിമൂലധനം ഇല്ലായിരുന്നതിനാല്‍ ലാഭവീതവും ഉണ്ടായിരുന്നില്ല. പിന്നീട് ഓഹരികള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ലാഭവീതം നിര്‍ബന്ധമായി. ലാഭവീതം തീരെ കുറവായിരുന്നു. പൊതുയോഗത്തില്‍ അംഗങ്ങളുടെ പങ്കാളിത്തം നിര്‍ബന്ധമായിരുന്നു. മതിയായ കാരണം അറിയിക്കാതെ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ നല്‍കണമായിരുന്നു. ഓരോ രണ്ടാഴ്ചയും മാനേജ്‌മെന്റ് ബോര്‍ഡ് യോഗം ചേര്‍ന്നിരുന്നു. കണക്കുകള്‍ ബോര്‍ഡ് പരിശോധിക്കും. ഏറ്റവും ദരിദ്രരായവരെപ്പോലും ബോര്‍ഡിലേക്കു തിരഞ്ഞെടുത്തിരുന്നു. ഭരണസമിതി ഓണററി അടിസ്ഥാനത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ടു പ്രവര്‍ത്തനച്ചെലവു തീരെ കുറവായിരുന്നു.

വൊള്ളെംബോര്‍ഗ് ബാങ്കുകള്‍ക്കു ഫെഡറേഷന്‍ ഉണ്ടായിരുന്നു. 1939 ല്‍ ഈ ഫെഡറേഷനില്‍ 450 സംഘങ്ങള്‍ ഉണ്ടായിരുന്നു. ബഞ്ചെ പോപോലാരിക്കും കാസ്സെ റൂറാലിക്കും കേന്ദ്ര ബാങ്കിംഗ് സ്ഥാപനം ഇല്ലായിരുന്നു.

തൊഴിലാളി സഹകരണസംഘങ്ങള്‍

തൊഴിലാളി സഹകരണ സംഘങ്ങള്‍ ( labour cooperatives ) ഇറ്റലിയുടെ പ്രത്യേകതയായിരുന്നു. രണ്ടുതരം തൊഴിലാളി സഹകരണസംഘങ്ങളുണ്ടായിരുന്നു. കര്‍ഷകത്തൊഴിലാളികളുടെ സഹകരണ കൃഷിസംഘങ്ങള്‍ (Co-operative Farming Societies) ആണ് ആദ്യത്തെത്. പൊതുവിഭാഗം തൊഴിലാളികളുടെതായ തൊഴില്‍ കരാര്‍ സംഘങ്ങള്‍ (labour contract societies) ആയിരുന്നു രണ്ടാമത്തെത്. ഈ രണ്ടു മേഖലയിലും സഹകരണസംഘങ്ങള്‍ക്കു തുടക്കമിട്ടത് ഇറ്റലിയാണ്. ഏഴായിരത്തോളം പേര്‍ മാത്രമാണ് ഇപ്പോള്‍ തൊഴിലാളി സഹകരണ സംഘങ്ങളിലുള്ളത്.

സഹകരണ കൃഷിസംഘം

മലകള്‍ നിറഞ്ഞ ഇറ്റലിയുടെ 49 ശതമാനം സ്ഥലവും കൃഷിയോഗ്യമായിരുന്നു. ബാക്കി വനവും പുല്‍മേടുകളുമായിരുന്നു. നന്നാക്കിയെടുത്തു കൃഷിയോഗ്യമാക്കാന്‍ ആവശ്യത്തിനു ഭൂമിയുണ്ടായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഇറ്റലിയുടെ ജനസംഖ്യ ഗണ്യമായി വര്‍ധിച്ചു. തൊഴിലില്ലായ്മ രൂക്ഷമായി. ഭൂമി നന്നാക്കിയെടുത്തു കൃഷിചെയ്തു കാര്‍ഷികോത്പാദനം കൂട്ടാനും തൊഴിലില്ലായ്മ കുറയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി കര്‍ഷകര്‍ക്കു കുറഞ്ഞ പലിശയ്ക്കു വായ്പ കൊടുക്കാന്‍ നിശ്ചയിച്ചു. എന്നിട്ടും നിരവധി സമ്പന്നകര്‍ഷകര്‍ ഇതു പ്രയോജനപ്പെടുത്തി കൃഷി വര്‍ധിപ്പിക്കാന്‍ മടിച്ചു. അപ്പോള്‍ വന്‍തോതില്‍ കര്‍ഷകത്തൊഴിലാളികള്‍ സ്വമേധയാ സഹകരണ കൃഷിസംഘങ്ങള്‍ രൂപവത്കരിച്ചു. പാട്ടക്കൃഷിസംഘങ്ങളും കൂട്ടുകൃഷിസംഘങ്ങളും ആണ് രൂപവത്കരിച്ചത്. സംഘം നികത്തിയെടുത്തതോ പാട്ടവ്യവസ്ഥയില്‍ സംഘടിപ്പിക്കുന്നതോ ആയ ഭൂമിയിലെ കൃഷിക്കാണ് ഇത്തരം സംഘങ്ങള്‍ രൂപവത്കരിച്ചിരുന്നത്. സ്വഭാവമഹിമ നോക്കിയാണ് അംഗത്വം നല്‍കിയിരുന്നത്. ഒരാള്‍ ഒരു ഓഹരിയെങ്കിലും എടുക്കണമായിരുന്നു. പരമാവധി എടുക്കാവുന്ന ഓഹരിക്കു പരിധിയില്ലായിരുന്നു . സംഘത്തില്‍ ഒമ്പതുപേരെങ്കിലും അംഗങ്ങളായി വേണമെന്നു നിബന്ധിച്ചിരുന്നു.

പൊതുയോഗമായിരുന്നു (ഴലിലൃമഹ മലൈായഹ്യ) പരമാധികാരസഭ. ഒരാള്‍ക്ക് ഒരു വോട്ട് എന്ന അടിസ്ഥാനത്തിലാണു തീരുമാനങ്ങളെടുത്തിരുന്നത്; ഓഹരിയടിസ്ഥാനത്തിലല്ല. പൊതുയോഗം തിരഞ്ഞെടുക്കുന്ന ഏഴംഗ ഭരണസമിതിയാണ് ദൈനംദിന ഭരണം നിര്‍വഹിച്ചിരുന്നത്. കുടിശ്ശികക്കാരെ ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കൗണ്‍സില്‍ ആദ്യയോഗത്തില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക വൈദഗ്ധ്യമുള്ളയാളായിരിക്കണം പ്രസിഡന്റ് എന്നു നിര്‍ബന്ധമായിരുന്നു. കണക്കുകള്‍ സൂക്ഷിച്ചിരുന്നത് ‘സിന്‍ഡിക്‌സ് കൂട്ടായ്മ’ (രീഹഹലഴല ീള ്യെിറശര)െ എന്ന സമിതിയായിരുന്നു. അംഗങ്ങളും സംഘവുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പൊതുയോഗം നല്ല പൗരന്‍മാരുടെ ഒരു സമിതിയെയും തിരഞ്ഞെടുത്തിരുന്നു. ഇവര്‍ സംഘാംഗങ്ങളായിരിക്കണമെന്നില്ല. സമിതിയുടെ തീര്‍പ്പ് അന്തിമായിരുന്നു. സഹകരണഫെഡറേഷന്റെ ധനസഹായവും കാര്യക്ഷമമായ നടത്തിപ്പും മൂലം കാര്‍ഷികസഹകരണസംഘങ്ങള്‍ വന്‍വിജയമായി. കാര്‍ഷികോത്പാദനം വര്‍ധിച്ചു.

പാട്ടക്കൃഷി സംഘങ്ങള്‍

സംഘം ശരിയാക്കിയെടുത്തതോ പാട്ടവ്യവസ്ഥയില്‍ സംഘടിപ്പിച്ചതോ ആയ ഭൂമിയിലെ കൃഷിക്കാണ് ഇത്തരം പാട്ടക്കൃഷി സംഘങ്ങള്‍ രൂപവത്കരിച്ചത്. ഇവ പ്ലോട്ടുകളായി വിഭജിച്ച് അംഗങ്ങള്‍ക്കു കൃഷി ചെയ്യാന്‍ നല്‍കും. ഓരോ അംഗത്തിന്റെയും ശേഷിയും ആവശ്യവും പരിഗണിച്ചായിരുന്നു വിഭജനം. ഭൂമി നല്‍കുംമുമ്പ് അത് എത്ര കാലത്തേക്കാണെന്നു നിശ്ചയിക്കും. ഒന്നു മുതല്‍ ഒമ്പതു വരെ വര്‍ഷത്തേക്കാണു നല്‍കിയിരുന്നത്. ഭൂമി ലഭിച്ചവര്‍ക്ക് അതു വിഭജിച്ച് ഉപപാട്ടമായി വേറെയാളുകള്‍ക്കു നല്‍കാന്‍ അനുവാദമുണ്ടായിരുന്നില്ല. അംഗങ്ങള്‍ പാട്ടക്കാരും സംഘം ഭൂവുടമയും എന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. ഓരോ അംഗവും നിശ്ചിതപാട്ടം സംഘത്തിനു നല്‍കണം. ഭൂവുടമകള്‍ ദരിദ്രകര്‍ഷകരെ ചൂഷണം ചെയ്യുന്നതു കുറയ്ക്കാന്‍ വേണ്ടിക്കൂടിയായിരുന്നു ഇത്തരം സംഘങ്ങള്‍. സംഘം അംഗീകരിക്കുന്ന വിളപദ്ധതി അനുസരിച്ചായിരുന്നു കൃഷി. സാങ്കേതിക സഹായത്തിനു കൃഷിവിദഗ്ധരെ സംഘം നിയമിച്ചു. കൂടാതെ കാര്‍ഷിക വായ്പയും മറ്റു സഹായങ്ങളും നല്‍കി. പാട്ടത്തിന് ആനുപാതികമായാണു ലാഭം വീതിച്ചിരുന്നത്.

കൂട്ടുകൃഷിസംഘങ്ങള്‍

സംഘാംഗങ്ങള്‍ കൂട്ടായി കൃഷി ചെയ്തിരുന്ന സംഘങ്ങളാണിവ. കൃഷിയും കന്നുകാലികളും കാര്‍ഷികോപകരണങ്ങളും സംഘത്തിന്റെതായിരിക്കും. അംഗങ്ങള്‍ക്കു പണമായോ അധ്വാനമായോ ഓഹരിയെടുക്കാം. സ്ത്രീകള്‍ക്കും പുരുഷന്‍മാരെപ്പോലെത്തന്നെ അംഗത്വം അനുവദിച്ചു. എല്ലാ അംഗവും നിര്‍ബന്ധമായി അധ്വാനിക്കണമായിരുന്നു. ജോലിക്കനുസരിച്ചു കൂലിയും നല്‍കി. ഉല്‍പ്പന്നം വിറ്റിരുന്നതു സംഘമാണ്. അറ്റലാഭം വേതനത്തിന്റെ അടിസ്ഥാനത്തില്‍ അംഗങ്ങള്‍ക്കിടയില്‍ വിഭജിക്കും.

തൊഴില്‍ കരാര്‍ സംഘങ്ങള്‍

ഇറ്റാലിയന്‍ ഭാഷയില്‍ ‘ബ്രാച്ചിയാന്‍ടി’ ( ആൃമരരവശമിശേ ) എന്നാണ് ഇവ അറിയപ്പെട്ടത്. ജനറല്‍ വര്‍ക്കര്‍മാരും തൊഴിലാളികളുമായിരുന്നു അംഗങ്ങള്‍. കരാര്‍തൊഴില്‍ രംഗത്ത് അമിത നിരക്ക് ഈടാക്കിയ ഇടനിലക്കാരെ ഒഴിവാക്കലായിരുന്നു ലക്ഷ്യം. കെട്ടിങ്ങളുടെയും പാലങ്ങളുടെയും റോഡുകളുടെയും ജലസേചന കനാലുകളുടെയും നിര്‍മാണവും ഭൂമി ഉപയോഗയോഗ്യമാക്കിയെടുക്കലുമൊക്കെ സംഘം ഏറ്റെടുത്തുനടത്തി. സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സംഘങ്ങളെ ഇത്തരം ജോലികള്‍ ഏല്‍പിച്ചു. തുടക്കത്തില്‍ ഒരു ലക്ഷം ലിറയുടെ വരെ ജോലികള്‍ സര്‍ക്കാര്‍ ഇത്തരം സംഘങ്ങള്‍ക്കു നല്‍കി. പിന്നീട് രണ്ടു ലക്ഷം ലിറ വരെ ഉയര്‍ത്തി.

പൊതുവെ ഒരംഗത്തിന് ഒരു ഓഹരിയാണു നല്‍കിയിരുന്നത്. ഓരോ സംഘത്തിലും ഓഹരിമൂല്യം വ്യത്യസ്തമായിരുന്നു. പൊതുവെ അത് 50 ലിറ മുതല്‍ 100 ലിറ വരെയായിരുന്നു. ഓഹരിത്തുക ഘട്ടംഘട്ടമായി അടയ്ക്കാമായിരുന്നു. ജോലിയുടെ മേല്‍നോട്ടത്തിനും നടത്തിപ്പിനും പ്രത്യേകം കമ്മിറ്റികളുണ്ടായിരുന്നു. തൊഴില്‍ വിഭജനവും വേതന നിര്‍ണയവുമൊക്കെ കമ്മിറ്റിയാണു നിര്‍വഹിച്ചത്. വിദഗ്ധ എന്‍ജിനിയറും സെക്രട്ടറിയുമടങ്ങിയ സാങ്കേതികക്കമ്മിറ്റിയുമുണ്ടായിരുന്നു. തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഒരേ സംഘത്തിലെത്തന്നെ തൊഴിലാളികളുടെ വേതനം വ്യത്യസ്തമായിരുന്നു. തൊഴിലാളികളെ 15 മുതല്‍ 20 വരെ പേരുള്ള സ്‌ക്വാഡായി തിരിച്ചു. ഒാരോന്നിനും മേല്‍നോട്ടത്തിന് ഒരു ഫോര്‍മാന്‍ ഉണ്ടായിരുന്നു. ഓരോ തൊഴിലാളിയുടെയും ആഴ്ചവേതനത്തില്‍നിന്ന് ഓരോദിവസത്തെ വേതനത്തിന്റെയും ഒരു ശതമാനമാണ് ഫോര്‍മാന് വേതനമായി നല്‍കിയിരുന്നത്. വേതന രജിസ്റ്ററും ഉപകരണങ്ങളുടെയും സാമഗ്രികളുടെയും രേഖകള്‍ സൂക്ഷിക്കലും അച്ചടക്കപാലനവും ഫോര്‍മാന്റെ ഉത്തരവാദിത്വമായിരുന്നു. അച്ചടക്കലംഘനത്തിനു താക്കീത്, പിഴ, വേതനം കുറയ്ക്കല്‍, സസ്‌പെന്‍ഷന്‍ തുടങ്ങിയവ നല്‍കിയിരുന്നു. അപൂര്‍വമായി പിരിച്ചുവിടലും. പിരിച്ചുവിട്ടാല്‍ ട്രേഡ്‌യൂണിയന്‍ അംഗത്വവും റദ്ദാകും. അച്ചടക്ക നടപടിമൂലം ഏതെങ്കിലും സംഘത്തിന്റെ അംഗത്വം ഇരുപതില്‍ താഴെയായാല്‍ ആ സംഘം ഇല്ലാതാകും. അറ്റലാഭത്തില്‍ 10 ശതമാനം കരുതല്‍ നിധിയായും 40 ശതമാനം പെന്‍ഷന്‍-അപകട നിധിയായും നീക്കിവെക്കും. ബാക്കി 50 ശതമാനം വേതനത്തിന്റെ അടിസ്ഥാനത്തില്‍ ബോണസായി അംഗങ്ങള്‍ക്കു നല്‍കും. സ്വകാര്യകരാറുകാരുടെ ചൂഷണത്തില്‍നിന്നു മുക്തമായിരുന്നതിനാല്‍ ഈ സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിച്ചു. ഇന്‍ഷുറന്‍സും നല്‍കി. പ്രോവിഡന്റ് ഫണ്ടും ഏര്‍പ്പെടുത്തിയിരുന്നു.

കൂടുതല്‍ സംഘങ്ങളുണ്ടായതോടെ മേഖലാ തലത്തിലും ദേശീയ തലത്തിലും ഫെഡറേഷനുകള്‍ രൂപവത്കരിച്ചു. ഫെഡറേഷനില്‍ ചേരാന്‍ ഓരോ സംഘവും ഓഹരി മൂലധനത്തിന്റെ അഞ്ചിലൊന്ന് നല്‍കണമായിരുന്നു. ഫെഡറേഷനുകള്‍ വന്‍കിട കരാറുകള്‍ ഏറ്റെടുത്ത് അംഗസംഘങ്ങള്‍ക്കു നല്‍കി. ഉപകരണങ്ങളും യന്ത്രസാമഗ്രികളും വാങ്ങിയിരുന്നതും കരാര്‍ ജോലികള്‍ക്ക് സാമ്പത്തികം സംഘടിപ്പിച്ചിരുന്നതും ഫെഡറേഷനായിരുന്നു. കുറഞ്ഞതു 15 വര്‍ഷത്തേക്കാണു മേഖലാ ഫെഡറേഷന്‍ സ്ഥാപിച്ചിരുന്നത്. അഫിലിയേറ്റ് ചെയ്ത പ്രാഥമിക സംഘങ്ങളില്‍ ഫെഡറേഷന്റെ പ്രതിനിധികള്‍ പരിശോധന നടത്തിയിരുന്നു. വിവിധ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഫെഡറേഷന്‍ ഏകോപിപ്പിച്ചു. പ്രാദേശിക, മേഖലാ ഫെഡറേഷനുകള്‍ക്കു മുകളില്‍ ദേശീയ ഫെഡറേഷനുമുണ്ടായിരുന്നു. ദേശീയ ഫെഡറേഷനില്‍ മറ്റ് ഉത്പാദക സംഘങ്ങളും അംഗങ്ങളായിരുന്നു. ഓരോ മേഖലാ ഫെഡറേഷനും തങ്ങളുടെ ഓഹരി മൂലധനത്തിന്റെ പത്തിലൊന്നുവരുന്ന തുകയുടെ ഓഹരി ദേശീയ ഫെഡറേഷനില്‍ എടുക്കണമായിരുന്നു. മേഖലാ ഫെഡറേഷനുകളെ ഏകോപിപ്പിക്കലും അവയ്ക്കു സാമ്പത്തികസഹായം നല്‍കലുമായിരുന്നു ദേശീയഫെഡറേഷന്റെ ചുമതല. ക്വാറികളും വര്‍ക്ക്‌ഷോപ്പുകളും മറ്റും പ്രവര്‍ത്തിപ്പിച്ചിരുന്നതിനു പുറമെ റോഡുകളുടെയും റെയില്‍വെകളുടെയും വികസനപദ്ധതികളും ദേശീയഫെഡറേഷന്‍ തയാറാക്കിയിരുന്നു.

ഇറ്റലിയില്‍ തൊഴിലാളിജനസംഖ്യ വളരെ കൂടുതലായിരുന്നതും ഇടത്തട്ടുകാരായ കരാറുകാരെ ഒഴിവാക്കുക വഴി ചെലവു കുറഞ്ഞതും കരാറുകാര്‍ക്കു കൊടുത്തിരുന്ന ജോലികള്‍ തൊഴിലാളികള്‍ക്ക് ഉയര്‍ന്ന കൂലി ലഭിക്കുന്നവിധത്തിലും മൊത്തം ചെലവു വര്‍ധിപ്പിക്കാതെയും നിര്‍വഹിക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിഞ്ഞതും മൂലം തൊഴില്‍ സഹകരണസംഘങ്ങള്‍ വന്‍വിജയമായി. റാവെന ജില്ലയില്‍ 85 ശതമാനം പൊതുപ്രവൃത്തികളും തൊഴില്‍ സഹകരണ സംഘങ്ങളാണു നിര്‍വഹിച്ചിരുന്നത്. മിലാനില്‍ വലിയവീടുകള്‍ നിറഞ്ഞ നിരവധി തെരുവുകള്‍ ഇത്തരം സംഘങ്ങളാണു നിര്‍മിച്ചത്. ഫ്‌ളോറന്‍സിലെ ദേശീയ ഗ്രന്ഥാലയം നിര്‍മിച്ചത് ഒരു തൊഴില്‍ സഹകരണ സംഘമാണ്. റോമിനും മലേറിയ പരത്തിയ കൊതുകുകള്‍ നിറഞ്ഞിരുന്ന ഓസ്റ്റിയക്കും മധ്യേയുള്ള ചതുപ്പുനിലങ്ങള്‍ നന്നാക്കിയെടുത്തതും തൊഴില്‍ സഹകരണ സംഘങ്ങളാണ്. പ്രശ്‌നങ്ങളെച്ചൊല്ലി നിയമയുദ്ധങ്ങള്‍ ഇല്ലായിരുന്നുവെന്നത് ഈ സംഘങ്ങളുടെ പ്രധാന നേട്ടമായിരുന്നു. സമരങ്ങളുമില്ലായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഇറ്റാലിയന്‍ തൊഴില്‍കരാര്‍ സംഘങ്ങളെ അനുകരിച്ച് സഹകരണ സംഘങ്ങളുണ്ടായി.

കത്തോലിക്ക സംഘങ്ങള്‍

പത്തൊമ്പതാം നൂറ്റാണ്ടിനൊടുവില്‍ ലിയോണ്‍ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ചാക്രിക ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് കത്തോലിക്കാസഭ സാമ്പത്തികവും സാമൂഹികവുമായ പൊതുപ്രവര്‍ത്തനങ്ങളിലേക്കു വന്നതും കത്തോലിക്കാ വിശ്വാസത്താല്‍ പ്രേരിതമായ സഹകരണ സംഘങ്ങള്‍ ആരംഭിച്ചതും. ഗ്രാമീണ വായ്പാ യൂണിയനുകളാണ് ആദ്യം തുടങ്ങിയത്. ഇതു വിജയിച്ചു. തുടര്‍ന്നു ഡെയറി ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നവരുടെയും വീഞ്ഞുണ്ടാക്കുന്നവരുടെയും സഹകരണ സംഘങ്ങളുണ്ടായി. ഉപഭോക്തൃസഹകരണസംഘങ്ങളും വന്നു.

കത്തോലിക്കാ പുരോഹിതര്‍ നിരവധി ഗ്രാമീണ സഹകരണസംഘങ്ങള്‍ സ്ഥാപിച്ചു. 1890 ലാണ് ആദ്യത്തേത് സ്ഥാപിച്ചത്. കത്തോലിക്കര്‍ക്കു മാത്രമായിരുന്നു അംഗത്വം. ഓഹരിത്തുക ഓരോ ഇടവകയിലും വ്യത്യസ്തമായിരുന്നു. ഓരോ വര്‍ഷവും അറ്റലാഭത്തിന്റെ 50 ശതമാനം കരുതല്‍നിധിയാക്കി. ഭരണസമിതിയില്‍ എത്രപേര്‍ വേണമെന്ന് അതതു സംഘങ്ങള്‍ക്കു തീരുമാനിക്കാം. വിവിധ ഇടവകകളിലെ സംഘങ്ങള്‍ ചേര്‍ന്നു യൂണിയനും യൂണിയനുകള്‍ ചേര്‍ന്നു നാല്‍പതോളം മേഖലാ ഫെഡറേഷനുകളും ഉണ്ടായി. വായ്പ നല്‍കല്‍, സാധനങ്ങള്‍ വാങ്ങല്‍, വിപണനം, കൃഷി, വീഞ്ഞുല്‍പാദനം തുടങ്ങിയ മേഖലകളില്‍ സംഘങ്ങള്‍ ഉണ്ടായി. സഭയുടെ പിന്തുണയുണ്ടായിരുന്നതിനാല്‍ ഇത്തരം സംഘങ്ങള്‍ വൊള്ളെംബോര്‍ഗ് സംഘങ്ങളെക്കാള്‍ കൂടുതലുണ്ടായിരുന്നു. കത്തോലിക്കാ സംഘങ്ങള്‍ക്കും മറ്റും ധനസഹായം നല്‍കാന്‍ 1919ല്‍ കത്തോലിക്കര്‍ മിലാന്‍ ആസ്ഥാനമായി ബാങ്ക് ഓഫ്് ലേബര്‍ ആന്റ് കോ-ഓപ്പറേഷന്‍ സ്ഥാപിച്ചു. 1939ല്‍ ഇതില്‍ 2250 സംഘങ്ങള്‍ ഉണ്ടായിരുന്നു. ഇതു കൃത്യമായ അര്‍ഥത്തില്‍ സഹകരണ സ്ഥാപനമായിരുന്നില്ല.

സഹകരണാശയം പ്രചരിപ്പിച്ച
പ്രധാനമന്ത്രി

1841ല്‍ വെനീസില്‍ ജനിച്ച ലൂയിഗി ലുസ്സാറ്റി 1910 മുതല്‍ 11 വരെ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു. സമ്പന്ന യഹൂദ കുടുംബത്തിലാണ് ജനിച്ചത്. പാദുവാ സര്‍വകലാശാലയിലെ പഠനത്തിനുശേഷം ഗോണ്ടോല തുഴക്കാര്‍ക്കിടയില്‍ പരസ്പരസഹായ സംഘം സംഘടിപ്പിച്ചു. 1863 ല്‍ മിലാന്‍ സാങ്കേതികവിദ്യാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി. പാദുവ, റോം സര്‍വകലാശാലകളിലും സേവനമനുഷ്ഠിച്ചു. പ്രഭാഷണങ്ങളിലൂടെ ഫ്രാന്‍സ് ഹെര്‍മാന്‍ ഷൂള്‍സെ ഡെലിറ്റ്ഷിന്റെ സഹകരണാശയങ്ങള്‍ പ്രചരിപ്പിച്ചു. നിയതബാധ്യതാ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും ജനകീയബാങ്കുകള്‍ വ്യാപകമാക്കാന്‍ പരിശ്രമിച്ചു. പ്രധാനമന്ത്രിയാകും മുമ്പു പലതവണ മന്ത്രിയായിട്ടുണ്ട്. ഇറ്റലിയില്‍ നിര്‍ബന്ധിത അപകട ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയത് ലുസ്സാറ്റിയാണ്. തൊഴില്‍ സഹകരണ സംഘങ്ങളെയും വായ്പാ യൂണിയനുകളെയും സന്നദ്ധ ഇന്‍ഷുറന്‍സ് പദ്ധതികളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. 1865ല്‍ മിലാനില്‍ ‘ബാങ്കാ പോപ്പുലാറെ ഡി മിലാനോ’ സ്ഥാപിച്ചു. ഇറ്റലിയിലെ രണ്ടാമത്തെ സഹകരണ ബാങ്കായിരുന്നു അത്്. 1907ല്‍ ക്രെമോണയില്‍ ചേര്‍ന്ന സഹകരണകോണ്‍ഗ്രസ്സിന്റെ അധ്യക്ഷന്‍ ലുസ്സാറ്റിയായിരുന്നു. 86-ാം വയസ്സില്‍, 1927 മാര്‍ച്ച് 29ന് അന്തരിച്ചു.

ഗ്രാമീണ വായ്പാ യൂണിയന്‍
സ്ഥാപിച്ച പ്രൊഫസര്‍

1859 ല്‍ ഇറ്റലിയിലെ പാദുവയില്‍ ജനിച്ച ലിയോണ്‍ വൊള്ളംബോര്‍ഗ് ധനശാസ്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായിരുന്നു. പാദുവാ സര്‍വകലാശാലയില്‍ നിന്നു നിയമ ബിരുദമെടുത്ത അദ്ദേഹം ഫ്രെഡറിക് വില്‍ഹം റെയ്ഫീസെന്റെ കൃതികള്‍ പഠിച്ചു. 1883ല്‍ ലോറെഗ്ഗിയയില്‍ കര്‍ഷകത്തൊഴിലാളികളും ചെറുകിട ഭൂവുടമകളുമായ മുപ്പതോളം പേരുമായി ചേര്‍ന്ന് ഇറ്റലിയിലെ ആദ്യത്തെ ഗ്രാമീണ വായ്പാ യൂണിയന്‍ സ്ഥാപിച്ചു. പാട്ടക്കാരെയും ചെറുകിടകര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സഹായിക്കാന്‍ ദീര്‍ഘകാലാവധിക്കു കുറഞ്ഞ പലിശയ്ക്കു വായ്പകൊടുക്കലായിരുന്നു ഉദ്ദേശ്യം. 1885ല്‍ ‘ഗ്രാമീണ സഹകരണം’മാസിക ആരംഭിച്ചു. 1904 വരെ ഇതു പ്രസിദ്ധീകരിച്ചു. 1932 ആഗസ്റ്റ് 19ന് അന്തരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!