ഊരാളുങ്കൽ സൊസൈറ്റിക്ക് പ്രൈസ് പ്രിഫറൻസിന് അർഹതയുണ്ടെന്നു സുപ്രീം കോടതി

moonamvazhi

*കണ്ണൂർ കോടതിസമുച്ചയത്തിന്റെ വർക്ക് ഓർഡർ ഊ രാളുങ്കൽ സൊസൈറ്റിക്കു നല്കണം

* സ്വകാര്യകരാറുകാരായ മുഹമ്മദലി നല്കിയ കേസ് സുപ്രീം കോടതി തള്ളി

 

സർക്കാരിന്റെ നിർമ്മാണക്കരാറുകൾ നല്കുന്നതിൽ തൊഴിലാളിസഹകരണസംഘം എന്ന നിലയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പത്തുശതമാനം പ്രൈസ് പ്രിഫറൻസിന് അർഹതയുണ്ടെന്നും കണ്ണൂർ കോടതിസമുച്ചയത്തിന്റെ നിർമ്മാണക്കരാർ പത്തുശതമാനം പ്രൈസ് പ്രിഫറൻസിൽ സൊസൈറ്റിക്കു നല്കണമെന്നുമുള്ള കേരളഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി സുപ്രീം കോടതി ശരിവച്ചു. ഈ വിധി ചോദ്യം ചെയ്ത് സ്വകാര്യകരാറുകാരായ മുഹമ്മദലി നല്കിയ കേസ് സുപ്രീം കോടതി തള്ളി.

കണ്ണൂർ കോടതിസമുച്ചയത്തിന്റെ നിർമ്മാണത്തിനുള്ള ടെൻഡർ പ്രൈസ് പ്രിഫറൻസ് നിഷേധിച്ച് മുഹമ്മദലിയുടെ നിർമ്മാൺ കൺസ്ട്രക്ഷൻസിന് അധികൃതർ നല്കിയതാണ് കേസിലേക്കു നയിച്ചത്. ചില സർക്കാരുത്തരവുകൾ ദുർവ്യാഖ്യാനം ചെയ്താണ് അധികൃതർ ഈ തീരുമാനം എടുത്തത്. പല കാര്യങ്ങളിലും പ്രൈസ് പ്രിഫറൻസ് ആനുകൂല്യം ഉള്ള സഹകരണമേഖലയ്ക്കാകെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ തീരുമാനം ചോദ്യം ചെയ്ത് ഊരാളുങ്കൽ സൊസൈറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ, സിംഗിൾ ബഞ്ച് സൊസൈറ്റിയുടെ ഹർജി തള്ളി. തുടർന്ന് സൊസൈറ്റി ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഉത്തരവിന്റെ നിയമസാധുത പരിശോധിച്ച കോടതി ഊരാളുങ്കൽ സൊസൈറ്റിക്ക് പത്തുശതമാനം പ്രൈസ് പ്രിഫറൻസിന് അർഹതയുണ്ടെന്നും ഈ കരാറിന്റെ കാര്യത്തിൽ അധികൃതർ നടത്തിയ വ്യാഖ്യാനം തെറ്റാണെന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ, നേരത്തേ സ്വകാര്യകരാറുകാർക്കു നല്കിയ വർക്ക് ഓർഡർ ഡിവിഷൻ ബഞ്ച് റദ്ദാക്കുകയും ഊരാളുങ്കൽ സൊസൈറ്റിക്കു വർക്ക് ഓർഡർ നൽകാൻ ഉത്തരവിടുകയും ചെയ്തു.

ഇതു ചോദ്യം ചെയ്ത് എതിർകക്ഷി നല്കിയ ഹർജിയാണ് സുപ്രീം കോടതി ഇന്നു തള്ളിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി നിയമപരം ആണെന്ന നിരീക്ഷണത്തോടെ ആ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. പത്തുശതമാനം പ്രൈസ് പ്രിഫറൻസിൽ ഊരാളുങ്കൽ സൊസൈറ്റിക്കു പ്രവൃത്തിയുടെ വർക്ക് ഓർഡർ നല്കണമെന്നു സർക്കാരിനോടു നിർദ്ദേശിക്കുന്ന വിധിയാണ് സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്.

സഹകരണമേഖല, സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾ തുടങ്ങി സർക്കാരിന്റെ സംരക്ഷനവും പ്രോത്സാഹനവും ആവശ്യമുള്ള പല മേഖലകളിലും സർക്കാരുകൾ പ്രൈസ് പ്രിഫറൻസുകൾ നല്കിവരുന്നുണ്ട്. സർക്കാരുകളുടെ ഈ പ്രോത്സാഹനസമീപനത്തിനുള്ള നിയമസാധുതകൂടി അംഗീകരിക്കുന്നതാണ് പുതിയ വിധി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!