സംസ്ഥാനത്തിന്റെ പുരോഗതിയില്‍ സഹകരണ സംഘങ്ങള്‍ക്ക് വലിയ പങ്ക്: സ്പീക്കര്‍ എ.എന്‍. ഷംസീര്‍

moonamvazhi
  • പൊന്ന്യം സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി തുടങ്ങി
  • ബാങ്ക് രക്തദാന ക്യാമ്പ് നടത്തി 
  • വിഷരഹിത പച്ചക്കറി കൃഷി വ്യാപന പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തിന്റെ പുരോഗതി നിര്‍ണയിക്കുന്നതില്‍ സഹകരണ പ്രസ്ഥാനങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍. സഹകരണ മേഖലയില്‍ ഏഴര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍  പൊന്ന്യം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

ബാങ്ക് പ്രസിഡണ്ട് പി.വി.സന്തോഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ആദ്യകാല സാരഥികളെ തലശ്ശേരി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ.ഉഷയും മുന്‍ ജീവനക്കാരെ സഹകരണ സംഘം അസിസ്റ്റന്റ് ഡയരക്ടര്‍ കെ.പി.പ്രജിത്ത് ഭാസ്‌ക്കറും ആദ്യകാല മെബര്‍മാരെ കതിരൂര്‍ ഹൗസിങ്ങ് സൊസൈറ്റി പ്രസിഡണ്ട് എ.വാസുവും ആദരിച്ചു.

പി.പവിത്രന്‍, യു.ഭാസ്‌കരന്‍, കെ.സുഗീഷ്, മുന്‍ സെക്രട്ടറിമാരായ എ.കെ.നരേന്ദ്രന്‍, എം.കെ ഹരീന്ദ്രനാഥ്, വാര്‍ഡ് മെമ്പര്‍ ഇ .പി .ജസീത, കോ ഓപററ്റീവ് എംപ്ലോയീസ് യൂനിയന്‍ ഏരിയ കമ്മറ്റി അംഗം എം.ഷിജു എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.ആര്‍. രത്നാകരന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി റീജ നന്ദിയും പറഞ്ഞു.

രക്തദാന ക്യാമ്പ് നടത്തി

മലബാര്‍ കാന്‍സര്‍ സെന്റെറുമായി സഹകരിച്ച് പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. 29 പേര്‍ രക്തദാനം നടത്തി. തലശ്ശേരി സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.കെ.ഉഷ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പൊന്ന്യം സ്രാമ്പി സൈക്ലോണ്‍ ഷെല്‍ട്ടറില്‍ വെച്ച് നടന്ന പരിപാടിയില്‍ ബാങ്ക് ജീവനക്കാര്‍, ഭരണസമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍ എന്നിവര്‍ പങ്കാളികളായി. എ.വാസു, കെ.സുഗീഷ്, ഡോ.മോഹന്‍ദാസ്, എം.ഷിജു, വി.രാജേഷ്, സിജോ അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.

വിഷരഹിത പച്ചക്കറി കൃഷി വ്യാപന പദ്ധതിക്ക് തുടക്കം

വിഷംകലരാത്ത പച്ചക്കറികളില്ല. മിക്കതിലും കീടനാശിനികളുടെ ഉപയോഗം കൂടുതലുമാണ്. അതുകൊണ്ടുതന്നെ വിഷരഹിത പച്ചക്കറി കൃഷി വ്യാപന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് പൊന്ന്യം സഹകരണ ബാങ്ക്. പൊന്ന്യം സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി. കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുറത്തുനിന്നുളള വിഷം കലര്‍ന്ന പച്ചക്കറികളുടെ ഉപയോഗം കുറച്ച് നാട്ടില്‍തന്നെ കൃഷി നടത്തി ആരോഗ്യ പച്ചക്കറി ജനങ്ങളിലേക്കെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പൊന്ന്യം പാലം, തയ്യില്‍ മുക്ക്, കുണ്ടുചിറ, ചുണ്ടങ്ങാപൊയില്‍ എന്നീ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് പച്ചമുളക്, തക്കാളി, വഴുതിന തുടങ്ങിയ പച്ചക്കറിതൈകള്‍ വിതരണം ചെയ്തു.