ദുര്‍ഗതിയിലായ നാളികേര കര്‍ഷകര്‍

moonamvazhi

തേങ്ങവില കുറഞ്ഞതു ഗ്രാമീണമേഖലയിലെ സാമ്പത്തികസ്ഥിതിയെ സാരമായി
ബാധിച്ചിട്ടുണ്ട്. വിപണിയില്‍ വില കുറയുമ്പോള്‍ താങ്ങുവില നല്‍കി സംഭരിച്ചാല്‍
ഇത്രയും പ്രശ്നമുണ്ടാവില്ല. എന്നാല്‍, സംഭരണസംവിധാനം പാടെ തകര്‍ന്നിരിക്കുന്നു.
നാളികേരസംഭരണം സഹകരണസംഘങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നാണു കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. അതുപോലെ, കൊപ്രഉല്‍പ്പാദനത്തിലേക്കു കര്‍ഷകര്‍ തിരിച്ചെത്തിയാല്‍ അതു നാളികേര കാര്‍ഷികമേഖലയെ സാമ്പത്തികമായി ഉണര്‍ത്തുമെന്നാണു പൊതുവേയുള്ള അഭിപ്രായം.

കേരളത്തിന്റെ ഒരു പ്രധാനവിളയാണു തേങ്ങ. സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ ഏറ്റവും കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്നതും തേങ്ങ അടിസ്ഥാനമാക്കിയാണ്. 71 സഹകരണസംഘങ്ങള്‍ വെളിച്ചെണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കര്‍ഷകകൂട്ടായ്മകള്‍, ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍ എന്നിവയും തേങ്ങ അടിസ്ഥാനമാക്കി സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിപണിയിലെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കര്‍ഷകരുടെ വരുമാനത്തെ ബാധിക്കാതിരിക്കാന്‍ താങ്ങുവില നിശ്ചയിച്ചിട്ടുണ്ട്. വിപണിയില്‍ വില കുറയുമ്പോള്‍ താങ്ങുവില അടിസ്ഥാനമാക്കി തേങ്ങ, കൊപ്രസംഭരണം നടത്തുന്നുണ്ട്. ഒരു മാസം 4000 ലക്ഷം കിലോ തേങ്ങ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണു കണക്ക്. കര്‍ഷകര്‍ക്കു പുറമെ, മണ്ണില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍, തേങ്ങ പറിക്കുന്ന തൊഴിലാളികള്‍, മില്ലുകാര്‍, സംരംഭകയൂണിറ്റുകള്‍, ഉല്‍പ്പന്നങ്ങളുടെ വിതരണക്കാര്‍, ചെറുകിടകര്‍ഷകര്‍ എന്നിവരെയെല്ലാം നേരിട്ട് ബാധിക്കുന്നതാണു നാളികേരവിപണി. തേങ്ങയ്ക്കു വിലകിട്ടുമ്പോള്‍ ആ പണം പല മേഖലകളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അതു ചലനാത്മകമായ ഒരു സാമ്പത്തികവ്യവസ്ഥ സൃഷ്ടിക്കുന്നതിനു വഴിയൊരുക്കും.

തേങ്ങവില കുറഞ്ഞതു ഗ്രാമീണമേഖലയിലെ സാമ്പത്തികസ്ഥിതിയെ സാരമായി ബാധിച്ച ഒരു പ്രധാനഘടകമാണ്. വിപണിയില്‍ വില കുറയുമ്പോള്‍ താങ്ങുവില നല്‍കി സംഭരിച്ചാല്‍ ഇത്രയും പ്രശ്നമുണ്ടാവില്ല. എന്നാല്‍, സംഭരണസംവിധാനം പാടെ തകര്‍ന്നുപോയതാണ് ഈ സ്ഥിതിക്കു കാരണമായത്. ദേശീയ ഏജന്‍സിയായ നാഫെഡാണു കൊപ്രസംഭരണത്തിനുള്ള ഏജന്‍സി. കേരഫെഡാണു സംസ്ഥാനത്തെ നോഡല്‍ ഏജന്‍സി. കേരഫെഡ് കര്‍ഷകരില്‍നിന്നു തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിനു നല്‍കുന്ന രീതിയാണുള്ളത്. നേരിട്ട് കൊപ്രയാക്കി കൈമാറാനുള്ള സംവിധാനം പ്രാദേശികതലത്തില്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇത്തരമൊരു രീതി സ്വീകരിക്കുന്നത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ നാഫെഡ് കേരളത്തില്‍നിന്നു സംഭരിച്ചത് 92.81 ലക്ഷം കിലോ തേങ്ങയാണ്. ഒരു വര്‍ഷം 48,000 ലക്ഷം കിലോ തേങ്ങ ഉല്‍പ്പാദിപ്പിക്കുന്നിടത്താണ് ഇത്രയും കുറഞ്ഞ സംഭരണനിരക്കുള്ളത്. ഭൂരിപക്ഷം നാളികേരകര്‍ഷകര്‍ക്കും സംഭരണത്തിന്റെ സാമ്പത്തികനേട്ടം ലഭിക്കുന്നില്ലെന്ന് ഈ കണക്കില്‍നിന്നുതന്നെ വ്യക്തമാണ്.

സംഭരണസംവിധാനം ദുര്‍ബലപ്പെട്ടതിനാല്‍ കിട്ടുന്ന വിലയ്ക്കു തേങ്ങ വിപണിയില്‍ കൊടുക്കേണ്ട സ്ഥിതിയാണു കര്‍ഷകര്‍ക്കുള്ളത്. ഇതു കര്‍ഷകര്‍ക്കു വരുമാനനഷ്ടമുണ്ടാക്കി. പലര്‍ക്കും കടബാധ്യതയ്ക്കു വഴിയൊരുക്കി. വരുമാനം നിലച്ച കര്‍ഷകന്‍ മണ്ണില്‍ പണിയെടുപ്പിക്കുന്നതും കുറയ്ക്കും. ഇതു തൊഴില്‍നഷ്ടത്തിനു വഴിയൊരുക്കും. ഇതാണു നാളികേരം പ്രധാന കാര്‍ഷികവിളയായി മാറുന്ന മേഖലയില്‍ സാമ്പത്തികശോഷണത്തിനു വഴിയൊരുക്കിയത്. എന്നാല്‍, മൂല്യവര്‍ധിതഉല്‍പ്പന്നങ്ങളുടെ വിലയില്‍ വലിയ കുറവുണ്ടായിട്ടില്ല. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 20 ശതമാനം മാത്രമാണു മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളായി മാറ്റുന്നത്. അതുകൊണ്ട്, ഇത്തരം ഉല്‍പ്പന്നത്തിന്റെ വിലയില്‍ വര്‍ധനവുണ്ടായാലും അതിന്റെ ഗുണം ഭൂരിപക്ഷം കര്‍ഷകര്‍ക്കും ലഭിക്കാറില്ല. നാളികേര വികസനബോര്‍ഡിന്റെ കണക്കനുസരിച്ച് നാളികേരകര്‍ഷകര്‍ വിളയുടെ ഒമ്പതു ശതമാനം ഇളനീരിനായി ഉപയോഗിക്കുന്നുണ്ട്. ബാക്കിയുള്ള തേങ്ങയില്‍ ഒരു ശതമാനം മതപരമായ കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. 30 ശതമാനം വീട്ടാവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ബാക്കി 60 ശതമാനമാണു വ്യവസായാവശ്യത്തിനായി മാറ്റുന്നത്. ഇതില്‍നിന്നുള്ള വരുമാനമാണു കര്‍ഷകനും അനുബന്ധമേഖലയിലെ തൊഴിലാളികള്‍ക്കുമായി ലഭിക്കുന്നത്.

വ്യവസായാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന തേങ്ങയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലേക്കു പോകുന്നത് 20 ശതമാനം മാത്രമാണ്. ബാക്കി 80 ശതമാനവും കൊപ്രയായി മാറ്റുകയാണ്. കൊപ്രയില്‍ മില്ലിങ് കൊപ്ര 69 ശതമാനവും ഉണ്ടക്കൊപ്ര 31 ശതമാനവുമാണ്. തേങ്ങയ്ക്കും കൊപ്രയ്ക്കും മെച്ചപ്പെട്ട വില ലഭിച്ചാല്‍ മാത്രമാണ് അതു കര്‍ഷകന്റെ വരുമാനത്തില്‍ പ്രകടമാവുകയെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സംരംഭങ്ങളെ സഹകരണസംഘങ്ങളും സര്‍ക്കാരും പ്രോത്സാഹിപ്പിച്ചാല്‍ ഒരു പരിധിവരെ കര്‍ഷകര്‍ക്കു വരുമാനം ലഭ്യമാക്കാനാകും.

കയറ്റുമതി
കൂടി

രാജ്യത്തു നാളികേരഉല്‍പ്പന്നങ്ങള്‍ക്കു കയറ്റുമതിയില്‍ വന്‍നേട്ടമാണ് 2022-23 സാമ്പത്തികവര്‍ഷം ഉണ്ടായത്. എന്നാല്‍, ഇതിന്റെ ഗുണം കര്‍ഷകര്‍ക്കു കിട്ടുന്നില്ലെന്നതാണു ദുരവസ്ഥ. സംഭരണസംവിധാനങ്ങളുടെ അപര്യാപ്തത, കര്‍ഷകര്‍ക്കു കൊപ്രയാക്കാനുള്ള അടിസ്ഥാനസൗകര്യത്തിന്റെ കുറവ് എന്നിവയെല്ലാം കാരണം കയറ്റുമതിയുടെ നേട്ടം കര്‍ഷകര്‍ക്കല്ല ഇടനിലക്കാര്‍ക്കും ഏജന്‍സികള്‍ക്കും വന്‍കിട കച്ചവടക്കാര്‍ക്കുമാണ്. ഇതു ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ചലിപ്പിക്കുന്നില്ല. 2022-23 വര്‍ഷം 3554.23 കോടി രൂപയുടെ നാളികേരഉല്‍പ്പന്നങ്ങളാണു രാജ്യം കയറ്റുമതി ചെയ്തത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 318.23 കോടി രൂപയുടെ വര്‍ധനവ്. നാലു വര്‍ഷം കൊണ്ട് കയറ്റുമതിമൂല്യം ഇരട്ടിയായി. 2019-20 ല്‍ 1762 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണു കയറ്റുമതി ചെയ്തത്.

കയറ്റുമതിയുടെ അളവിലും മൂല്യത്തിലും മുന്നിലുള്ളതു ചിരട്ടയില്‍നിന്നുണ്ടാക്കുന്ന ഉത്തേജിത കരിയാണ് (ആക്ടിവേറ്റഡ് കാര്‍ബണ്‍). ആകെ 1.50 ലക്ഷം ടണ്‍ ഉത്തേജിത കരിയാണു കയറ്റിയയച്ചത്. ഇതിന് 2369.76 കോടി രൂപയുടെ മൂല്യം വരും. കയറ്റുമതിയുടെ 66.65 ശതമാനം വരുമിത്. ജലശുദ്ധീകരണം, വായുമലിനീകരണനിയന്ത്രണം എന്നിവയ്ക്കും സൗന്ദര്യവര്‍ധകവസ്തുക്കളുടെ നിര്‍മാണത്തിനും അവിഭാജ്യഘടകമാണ് ഉത്തേജിത കരി. ചിരട്ടയില്‍നിന്ന് ഉത്തേജിത കരിയുണ്ടാക്കുന്ന സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കേരളത്തിനു പുറത്താണ്. അതിനാല്‍, ഇതുവഴിയുണ്ടാകുന്ന സാമ്പത്തിക ക്രയവിക്രയത്തിന്റെ ഗുണവും കാര്യമായി സംസ്ഥാനത്തിനു ലഭിക്കുന്നില്ല. കരിനിര്‍മാണത്തിനു വന്‍തോതില്‍ ചിരട്ട കേരളത്തില്‍നിന്നു ശേഖരിക്കുന്നുണ്ട്. 60.82 കോടി രൂപയുടെ ചിരട്ടക്കരിയും കഴിഞ്ഞവര്‍ഷം കയറ്റുമതി ചെയ്തു. കയറ്റുമതിയില്‍ വെളിച്ചെണ്ണയാണു രണ്ടാം സ്ഥാനത്ത്. 453.40 കോടി രൂപയാണ് ഇതിലൂടെ ലഭിച്ചത്. ഫ്രഷ്, ഫ്രോസണ്‍ ചിരകിയ തേങ്ങയുടെ കയറ്റുമതിയും കൂടി. 168 കോടിയുടെ ചിരകിയ തേങ്ങയും കയറ്റിയയച്ചു.

നാളികേരത്തിന്റെയും നാളികേര ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി കഴിഞ്ഞ അഞ്ചു വര്‍ഷമായി കുറയുന്നുവെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022-23 ല്‍ 457 കോടി രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷമിത് 728 കോടിയായിരുന്നു. കൊപ്ര എക്സ്പെല്ലര്‍ കേക്കുകളാണു കൂടുതല്‍ ഇറക്കുമതി ചെയ്തത്. 4817 ടണ്‍ ഡെഡിക്കേറ്റഡ് കോക്കനട്ടും ഇറക്കുമതി ചെയ്തു. വെളിച്ചെണ്ണ, കൊപ്ര എന്നിവയുടെ ഇറക്കുമതി കുത്തനെ കുറഞ്ഞു. നാളികേര മൂല്യവര്‍ധിതഉല്‍പ്പന്നങ്ങള്‍ക്കു സ്വദേശത്തും വിദേശത്തും വിപണിയുണ്ടെങ്കിലും ഇവയുടെ ഉല്‍പ്പാദനത്തില്‍ കേരളവും രാജ്യവും പിറകിലാണ്.

സഹകരണ
പങ്കാളിത്തം

കര്‍ഷകനു ഗുണം കിട്ടാനും ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ ചലനാത്മകത ഉറപ്പാക്കാനും നേരിട്ടുള്ള സംഭരണരീതിക്കു വഴിയൊരുക്കണമെന്നാണു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ആശയം. ഇതിനു നാളികേരസംഭരണം സഹകരണസംഘങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നാണു നിര്‍ദേശം. ഓരോ പ്രദേശത്തെയും കര്‍ഷകരുടെ രജിസ്ട്രേഷന്‍ സഹകരണസംഘങ്ങള്‍ നടത്തണം. ഇതു നാഫെഡ് നല്‍കുന്ന പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ രേഖപ്പെടുത്തിയാല്‍ സംഭരിക്കേണ്ട നാളികേരത്തിന്റെ അളവ് ദേശീയതലത്തില്‍ നേരത്തെ കണക്കാക്കാനാകും. ഇതിനുള്ള ഫണ്ട് സര്‍ക്കാരില്‍നിന്നു നേരത്തെ ലഭ്യമാക്കാന്‍ അതിലൂടെ നാഫെഡിനു കഴിയും. സംഭരണം നടക്കുന്ന ഘട്ടത്തില്‍ത്തന്നെ കര്‍ഷകന്റെ അക്കൗണ്ടിലേക്കു നേരിട്ട് പണമെത്തിക്കാനാവണം. ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ പ്രാദേശികാടിസ്ഥാനത്തില്‍ സഹകരണസംഘങ്ങളെ സജ്ജമാക്കുകയാണു വേണ്ടതെന്നാണു കേന്ദ്രം നല്‍കുന്ന നിര്‍ദേശം.

നാഫെഡിനു വേണ്ടി വി.എഫ്.പി.സി.കെ.കളാണ് ( വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ -കേരളം ) ഇപ്പോള്‍ പച്ചത്തേങ്ങ സംഭരിക്കുന്നത്. ഇതു കൊപ്രയാക്കിയാണു നാഫെഡിനു കൈമാറുന്നത്. പച്ചത്തേങ്ങയ്ക്കു സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവില 34 രൂപയാണ്. ഒരു കിലോ കൊപ്രയ്ക്ക് 108.60 രൂപയാണു നാഫെഡ് നല്‍കുന്ന താങ്ങുവില. പച്ചത്തേങ്ങയില്‍നിന്ന് 30 ശതമാനം കൊപ്ര ലഭിക്കുമെന്നാണു കണക്ക്. കൊപ്രയുടെ താങ്ങുവില അടിസ്ഥാനമാക്കി തേങ്ങയ്ക്കു വില നിശ്ചയിക്കുമ്പോള്‍ 29.32 രൂപയാണു നല്‍കാനാവുക. എന്നാല്‍, കേരളത്തില്‍ തേങ്ങയ്ക്കു 34 രൂപ താങ്ങുവില നിശ്ചയിച്ചതിനാല്‍ 4.68 രൂപ സംസ്ഥാനസര്‍ക്കാര്‍ അധികമായി നല്‍കേണ്ടിവരുന്നുണ്ട്. നേരിട്ട് കൊപ്ര സംഭരിച്ചാല്‍ ഈ തുക സംസ്ഥാനസര്‍ക്കാരിനു ലാഭമാണ്. അതിനാല്‍, സഹകരണസംഘങ്ങളെ കൊപ്രസംഭരണ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ക്രമീകരണമുണ്ടാക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളത്തില്‍ സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഒരേപോലെ ഗുണകരമാണ്.

കൊപ്രയാണു സംഭരിക്കുന്നതെങ്കില്‍ ഒരു കിലോയ്ക്ക് 108.60 രൂപ നിരക്കില്‍ തുക മൂന്നു ദിവസത്തിനകം കര്‍ഷകന്റെ അക്കൗണ്ടിലെത്തും. ഇതില്‍ സംസ്ഥാനസര്‍ക്കാരിനു ബാധ്യതയില്ല. പച്ചത്തേങ്ങയാണു നല്‍കുന്നതെങ്കില്‍ ഏഴു ദിവസത്തിനകം ഇതു കൊപ്രയാക്കി മാറ്റണം. ശേഷം കൊപ്രയുടെ അളവ് നാഫെഡിന്റെ ഇ-സമൃദ്ധി പോര്‍ട്ടലില്‍ രേഖപ്പെടുത്തി കിലോയ്ക്ക് 29.32 രൂപ നിരക്കിലുള്ള തുക കര്‍ഷകന്റെ അക്കൗണ്ടിലേക്കു മാറ്റും. 4.68 രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്കു കര്‍ഷകന്റെ അക്കൗണ്ടിലേക്കു കൈമാറും. രണ്ടു വിഹിതവും ഒരുമിച്ച് കര്‍ഷകനു ലഭിക്കില്ല. നാളികേരകര്‍ഷകരുടെ വിവരങ്ങള്‍, കൃഷിയുടെ അളവ് എന്നിവയെല്ലാം നേരത്തെ നല്‍കിക്കൊണ്ടുള്ള സംഭരണരീതിയാണു സഹകരണസംഘങ്ങളെ പങ്കാളിയാക്കിയുള്ള സംഭരണരീതിയിലൂടെ ഉദ്ദേശിക്കുന്നത്. മാത്രവുമല്ല, ഇതു സ്ഥിരം സംഭരണരീതിയായി നിലനിര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. വിപണിയില്‍ വില ഉയര്‍ന്നുനില്‍ക്കുകയാണെങ്കില്‍ ആ വിലയ്ക്കാകും കര്‍ഷകനില്‍നിന്നു കൊപ്ര സംഭരിക്കുക. വില കുറഞ്ഞാല്‍ താങ്ങുവില അടിസ്ഥാനമാക്കും. ഈ സംവിധാനം നിലവില്‍ വന്നാല്‍ കര്‍ഷകനു കൃത്യമായ വരുമാനം താമസമില്ലാതെ ലഭിക്കും. സംഭരണസംവിധാനത്തിന്റെ പോരായ്മയാണു നാളികേരകര്‍ഷകര്‍ക്കിടയിലും അതുവഴി ഗ്രാമീണമേഖലയിലും വരുമാനശോഷണത്തിനും സാമ്പത്തികമാന്ദ്യത്തിനും വഴിയൊരുക്കുന്നത്.

കൊപ്ര നേരിട്ട്
സംഭരിക്കണം

കര്‍ഷകരില്‍നിന്നു നേരിട്ട് കൊപ്രസംഭരണം നടത്താനുള്ള നടപടി സ്വീകരിക്കണമെന്നാണു കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള കമ്മീഷന്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ കോസ്റ്റ് ആന്റ് പ്രൈസസിന്റെയും (സി.എ.സി.പി.) ശിപാര്‍ശ. ഇങ്ങനെ സംഭരിച്ചാലേ നാളികേരകര്‍ഷകര്‍ക്കു സംഭരണത്തിന്റെ ഗുണം ലഭിക്കുകയുള്ളൂ. താങ്ങുവിലയ്ക്കുള്ള കൊപ്രസംഭരണം താഴെത്തട്ടിലെത്തിക്കാന്‍ നാളികേരകര്‍ഷകരെ കൊപ്ര ഉല്‍പ്പാദനത്തിനു പ്രാപ്തരാക്കുകയാണു വേണ്ടത്. ഇതിനായി ഡ്രയര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സി.എ.സി.പി.യുടെ ശിപാര്‍ശയില്‍ പറയുന്നു. കാര്‍ഷികവിളകള്‍ സംഭരിക്കാനുള്ള സംവിധാനം സഹകരണസംഘങ്ങളിലൂടെയാക്കണമെന്ന കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ നിര്‍ദേശവും ഇതിനൊപ്പം ചേര്‍ത്തുവെക്കാവുന്നതാണ്. കേരളത്തില്‍ ഒരു പഞ്ചായത്തില്‍ ശരാശരി 16 സഹകരണസംഘങ്ങളെങ്കിലുമുണ്ട്. കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍തന്നെ ഒന്നിലേറെയുണ്ട്. ഈ സംഘങ്ങള്‍ കേന്ദ്രീകരിച്ച് സംഭരണത്തിനുള്ള അടിസ്ഥാനസൗകര്യമൊരുക്കിയാല്‍ അതിന്റെ ഗുണം കര്‍ഷകര്‍ക്കു കിട്ടും. കര്‍ഷകര്‍ക്കു സഹകരണസംഘങ്ങളുടെ ഡ്രയര്‍ യൂണിറ്റില്‍ തേങ്ങ എത്തിച്ച് കൊപ്രയാക്കി മാറ്റാനാവും.

ഭൂരിഭാഗം ചെറുകിട-ഇടത്തരം നാളികേര കര്‍ഷകര്‍ക്കും പച്ചത്തേങ്ങ കൊപ്രയാക്കുന്നതിനുള്ള അടിസ്ഥാനസൗകര്യമില്ലെന്നാണു സി.എ.സി.പി.യുടെ വിലയിരുത്തല്‍. ഈ പ്രശ്‌നം പരിഹരിക്കാന്‍ കര്‍ഷക കൂട്ടായ്മകള്‍, തദ്ദേശസ്ഥാപനങ്ങള്‍, പ്രാഥമിക സഹകരണസംഘങ്ങള്‍ എന്നിവയെ ഉപയോഗപ്പെടുത്തി സംസ്‌കരണസംവിധാനം ഏര്‍പ്പെടുത്തണമെന്നു കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനു ശിപാര്‍ശ നല്‍കിയിട്ടുണ്ട്. കാര്‍ഷികാടിസ്ഥാന സൗകര്യനിധി ഇതിനായി ഉപയോഗപ്പെടുത്താം. 2023-24 വര്‍ഷത്തെ താങ്ങുവിലനിര്‍ണയവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കൃഷിമന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു ഈ ശിപാര്‍ശയുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊപ്ര ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തില്‍ താങ്ങുവിലയ്ക്കുള്ള കൊപ്രസംഭരണം ലക്ഷ്യം കണ്ടിരുന്നില്ല. രണ്ടു വര്‍ഷത്തേക്ക് ഒരു ലക്ഷം ടണ്‍ കൊപ്ര സംഭരിക്കാന്‍ അനുമതി ലഭിച്ചിട്ടും 1377 ടണ്‍ കൊപ്ര മാത്രമാണു സംഭരിക്കാനായത്. കര്‍ഷകരില്‍നിന്നു പച്ചത്തേങ്ങ സംഭരിച്ചശേഷം സംഭരണഏജന്‍സി ഇതു കൊപ്രയാക്കുന്ന രീതി അവംലംബിച്ചതാണു കാരണം. കര്‍ഷകരെ കൊപ്ര ഉല്‍പ്പാദനത്തിലേക്കു തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ത്തന്നെ ശക്തമായിരുന്നു. ഇതിനിടെയാണു സി.എ.സി.പി.യും സമാനശിപാര്‍ശ നല്‍കിയത്.

നാളികേര വികസനബോര്‍ഡിനു കീഴില്‍ രാജ്യത്തു 9790 നാളികേര ഉല്‍പ്പാദനസംഘങ്ങളും 747 നാളികേര ഉല്‍പ്പാദകഫെഡറേഷനുകളും 69 നാളികേര ഉല്‍പ്പാദനക്കമ്പനികളുമുണ്ടെന്നു സി.എ.സി.പി. ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ വലിയൊരു കൂട്ടായ്മയാണിത്. ഡ്രയര്‍ ഉള്‍പ്പടെയുള്ള സൗകര്യം ഒറ്റയ്ക്ക് ഏര്‍പ്പെടുത്തിയാല്‍ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് അതു ലാഭകരമാവില്ല. കര്‍ഷക കൂട്ടായ്മകള്‍ ഈ സംവിധാനം കൊണ്ടുവന്നാല്‍ അത് ഒട്ടേറെ കര്‍ഷകര്‍ക്കു ഗുണം ചെയ്യും. ഇതിനൊപ്പമാണു സഹകരണസംഘങ്ങളുടെ പങ്കാളിത്തംകൂടി വരുന്നത്. കേരളത്തിനു പ്രതീക്ഷ പകരുന്നതാണ് ഈ നിര്‍ദേശങ്ങള്‍. സംസ്ഥാന കൃഷിവകുപ്പ് കര്‍ഷകകൂട്ടായ്മകള്‍ക്കു സഹായം നല്‍കുകയും സഹകരണസംഘങ്ങളടക്കം കാര്‍ഷികാടിസ്ഥാന സൗകര്യവികസനനിധി ഉപയോഗപ്പെടുത്തുകയും ചെയ്തു ഡ്രയര്‍ യൂണിറ്റുകളും സ്ഥാപിച്ചാല്‍ കൊപ്ര ഉല്‍പ്പാദനത്തിലേക്കു കര്‍ഷകര്‍ തിരിച്ചെത്തും. അതു നാളികേര കാര്‍ഷികമേഖലയെ സാമ്പത്തികമായി ഉണര്‍ത്തും.

                       (മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം കവര്‍ സ്റ്റോറി)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!