നിര്‍മാണ-കാര്‍ഷിക മേഖലയിലും മന്ദത

moonamvazhi

ഗ്രാമീണമേഖലയിലെ ചെറുനിര്‍മാണങ്ങള്‍ മന്ദിപ്പിലാണ്. പുതിയ പ്രവൃത്തികള്‍ തുടങ്ങുന്നത് 50 ശതമാനം കുറഞ്ഞു. നിര്‍മാണസാമഗ്രികള്‍ക്കു വില കുറഞ്ഞിട്ടും പുതിയ പ്രവൃത്തികള്‍ ഉണ്ടാകുന്നില്ല. നെല്ല്-പഴം-പച്ചക്കറിരംഗത്തും മാന്ദ്യം പിടിമുറുക്കിക്കഴിഞ്ഞു.

സാമ്പത്തികശോഷണത്തിന്റെ ആഘാതം നിര്‍മാണമേഖലയിലും പ്രതിഫലിച്ചുതുടങ്ങി. വന്‍കിട കമ്പനികളുടെയും ബില്‍ഡേഴ്സിന്റെയും നിര്‍മാണങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മുടക്കമില്ലാതെ നടക്കുന്നത്. ഗ്രാമീണമേഖലയിലെ ചെറുനിര്‍മാണപ്രവര്‍ത്തനങ്ങള്‍ മന്ദിപ്പിലാണ്. പുതിയ പ്രവൃത്തികള്‍ തുടങ്ങുന്നത് 50 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണു ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്റ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ (ലെന്‍സ്ഫെഡ്) വിലയിരുത്തുന്നത്. കോവിഡിനുശേഷം നിര്‍മാണമേഖലയില്‍ പ്രതിസന്ധികള്‍ തുടങ്ങിയിരുന്നു. നിര്‍മാണസാമഗ്രികളുടെ വില കുത്തനെ കൂടിയതായിരുന്നു കാരണം. ഇതിനൊപ്പം, വീടിന്റെ അടക്കമുള്ള പെര്‍മിറ്റ്ഫീസുകള്‍ സര്‍ക്കാര്‍ കുത്തനെ കൂട്ടി. ചില ഫീസുകള്‍ 600 ശതമാനത്തിലേറെയാണു വര്‍ധിപ്പിച്ചത്. ഇതെല്ലാം നിര്‍മാണമേഖലയെ ബാധിച്ചിരുന്നു. എന്നാല്‍, നിര്‍മാണസാമഗ്രികള്‍ക്കു വില കുറഞ്ഞിട്ടും പുതിയ പ്രവൃത്തികള്‍ ഉണ്ടാകുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. സാമ്പത്തികമാന്ദ്യം അത്രയേറെ ഗ്രാമീണ-നഗരമേഖലകളെ ബാധിച്ചിട്ടുണ്ട്. വന്‍കിട നിര്‍മാണങ്ങളില്‍ ഭൂരിഭാഗത്തിലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണു ജോലി ചെയ്യുന്നത്. അതിനാല്‍, ഇവരുടെ കൂലിയിനത്തിലുള്ള പണവും കേരളത്തിന്റെ വിപണികളില്‍ എത്തുന്നില്ല.

കേരളത്തില്‍ 794 ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ മിക്കതിന്റെയും പ്രവര്‍ത്തനത്തെ മാന്ദ്യം ബാധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും ചെറുകിട കരാറുകളാണു മിക്ക സംഘങ്ങളുടെയും ഇപ്പോഴത്തെ ആശ്രയം. അംഗങ്ങളായ തൊഴിലാളികള്‍ക്കു തൊഴിലും കൂലിയും ഉറപ്പാക്കുകയാണു ലേബര്‍ സഹകരണസംഘങ്ങളുടെ ലക്ഷ്യം. അതിനുപോലും കഴിയാത്ത സ്ഥിതിയിലേക്കു സഹകരണസംഘങ്ങള്‍ എത്തുകയാണ്. സ്വകാര്യകരാറുകാരുടെ ഉപകരാറും സഹകരണസംഘത്തിനു ലഭിക്കുന്ന ഇളവ് ഉപയോഗപ്പെടുത്തി സ്വകാര്യ കരാറുകാര്‍ക്കുവേണ്ടി കരാറുകളും ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്ന രീതിയിലേക്കുവരെ ചില സംഘങ്ങള്‍ മാറിയിട്ടുണ്ട്. ഇതുകൊണ്ടും പിടിച്ചുനില്‍ക്കാന്‍ പല സംഘങ്ങള്‍ക്കും കഴിയുന്നില്ല. സര്‍ക്കാര്‍വകുപ്പുകളുടെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കിയാലും ബില്‍ മാറിക്കിട്ടാത്ത സ്ഥിതിയുണ്ട്. കരാറുകാര്‍ക്കടക്കം 40,000 കോടി രുപ സര്‍ക്കാര്‍ നല്‍കാനുണ്ട്. അതിനാല്‍ പുതിയ കരാറുകള്‍ ഏറ്റെടുക്കാനും കരാറുകാര്‍ തയാറാകുന്നില്ല. ഇതെല്ലാം തൊഴിലിനെയും കൂലിയേയും ബാധിക്കുന്നുണ്ട്.

വില്‍പ്പന കുറഞ്ഞതോടെയാണു സിമന്റ്, കമ്പി എന്നിവയുടെ വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായത്. കോവിഡിനുമുമ്പ് കിലോയ്ക്ക് 50-52 രൂപയായിരുന്നു കമ്പിയുടെ വില. കോവിഡിനുശേഷം അത് 85 രൂപവരെയായി ഉയര്‍ന്നു. ഇപ്പോഴത് 67-71 രൂപയായി കുറഞ്ഞിട്ടുണ്ട്. സിമന്റിനും ഇതേ സ്ഥിതിയാണ്. ഡിസംബര്‍ മുതലാണു സിമന്റ്വില കുറഞ്ഞുതുടങ്ങിയത്. സാമ്പത്തികവര്‍ഷത്തിന്റെ അവസാനപാദത്തില്‍ സാധാരണ നിര്‍മാണജോലികള്‍ കൂടേണ്ടതാണ്. സര്‍ക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും കരാര്‍ജോലികള്‍ പൂര്‍ത്തിയാക്കേണ്ട സമയം, ഭവനവായ്പകള്‍ കൂടുതല്‍ അനുവദിക്കുന്നതിനാല്‍ വീടുനിര്‍മാണത്തില്‍ വരുന്ന തിരക്ക് എന്നിവയെല്ലാം അതിനു കാരണമാണ്. എന്നാല്‍, ഇതൊന്നും ഇത്തവണ പ്രകടമായില്ല. ഇതോടെയാണു സിമന്റ്വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായത്. മുന്‍നിര ബ്രാന്‍ഡ് സിമന്റിന് 420-440 വരെയായിരുന്നു വിലയുണ്ടായിരുന്നത്. ഇത് 380-360 രൂപയായി കുറഞ്ഞു. ലോക്കല്‍ ബ്രാന്‍ഡുകള്‍ക്ക് ഇതിലും കുറവുണ്ട്.

എം.സാന്റ്, പി-സാന്റ്, മെറ്റല്‍, മണല്‍ എന്നിവയുടെ വില്‍പ്പനയിലും കുറവുവന്നിട്ടുണ്ട്. നിര്‍മാണമേഖലയില്‍ വ്യാപിക്കുന്ന മാന്ദ്യമാണ് ഇതിനു കാരണമെന്ന് ഈ രംഗത്തുള്ള കച്ചവടക്കാരും പറയുന്നു. നേരത്തെ സീസണില്‍ 2500 അടിവരെ മെറ്റല്‍ വിറ്റിരുന്ന സ്ഥാപനങ്ങളില്‍ ഇപ്പോള്‍ 500-1000 അടിയാണ് വില്‍ക്കുന്നത്. വില്‍പ്പന മൂന്നിലൊന്നായി കുറഞ്ഞു. മാന്ദ്യം വരുമാനത്തെ ബാധിച്ചുതുടങ്ങിയതോടെ ഇത്തരം സ്ഥാപനങ്ങളില്‍ ജോലിക്കാരെ കുറച്ചുതുടങ്ങിയിട്ടുണ്ട്. വലിയ ടോറസ് ലോറികള്‍ക്കും പണികുറഞ്ഞു. ദേശീയപാത നിര്‍മാണക്കമ്പനികള്‍ക്കു വാടകയ്ക്കു നല്‍കിയ ലോറികളില്‍ അധികവും നേരത്തെ പ്രാദേശികമായി ഓടിയവയാണ്. സ്റ്റോണ്‍ ക്രഷറുകള്‍ പലതും ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നതു ദേശീയപാതാവികസനത്തിന്റെ പണി നടക്കുന്നതുകൊണ്ടാണ്. വില കുറച്ചുള്ള രക്ഷാശ്രമം ഈ രംഗത്തും ഉണ്ടായിട്ടുണ്ട്. എം-സാന്‍ഡിന് ഒരടിക്ക് 60 രൂപവരെയായിരുന്നു നേരത്തെയുള്ള വില. ഇത് 56 രൂപയായി കുറഞ്ഞു. മെറ്റലിന്റെ വില 50 രൂപയില്‍നിന്ന് 46 രൂപയായി കുറച്ചു. മണലിന്റെ വിലയിലും ലോഡിന് 750 രൂപയോളം കുറഞ്ഞിട്ടുണ്ട്.

കണ്ണീരില്‍
നനയുന്ന കര്‍ഷകര്‍

കര്‍ഷകര്‍ പൂര്‍ണമായും നിസ്സഹായരായിപ്പോയ അവസ്ഥയിലാണിപ്പോള്‍. വയനാട്ടില്‍ കര്‍ഷകരുടെ ജീവിതം തളര്‍ന്നതും വളര്‍ന്നതും കാര്‍ഷിക വിളകളുടെ വിലയെ അടിസ്ഥാനമാക്കിയാണ്. ഒരുകാലത്തു കൂട്ട കര്‍ഷകആത്മഹത്യകളുണ്ടായത് ഇവിടെ ഓര്‍ക്കേണ്ടതാണ്. കൃഷിയെമാത്രം ആശ്രയിച്ചുകഴിയുന്ന കുടുംബത്തിന് ഇന്നു ദുരിതപൂര്‍ണമാണു ജീവിതം. മറ്റു വരുമാനമുള്ളവര്‍ ഒരുവിധം പിടിച്ചുനില്‍ക്കുന്നു. പക്ഷേ, കാര്‍ഷികമേഖലയിലെ തളര്‍ച്ച ഗ്രാമീണ സാമ്പത്തികമേഖലയെ ക്ഷയിപ്പിക്കുന്നുണ്ട്. അതാണ് ഇപ്പോള്‍ സമസ്തമേഖലയേയും ബാധിച്ചുകൊണ്ടിരിക്കുന്ന മാന്ദ്യത്തിനു വഴിവെച്ച ഒരു ഘടകം. സംഭരിച്ച നെല്ലിന്റെ പണം കിട്ടാന്‍ കര്‍ഷകര്‍ കാത്തുകെട്ടി കിടക്കുകയാണ്. കോടികളാണ് ഈ രീതിയില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത്. നെല്ല്സംഭരണം കാര്യക്ഷമമാക്കണമെന്നും കര്‍ഷകന് ഉടനടി പണം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഇതു സംബന്ധിച്ച് പഠിച്ച വി.കെ. ബേബികമ്മറ്റി സര്‍ക്കാരിനു ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. നെല്ലുസംഭരണം കര്‍ഷകസൗഹൃദവും കാര്യക്ഷമവുമാക്കാന്‍ നിലവിലെ സര്‍ക്കാര്‍സംവിധാനം ഉടച്ചുവാര്‍ത്തു സപ്ലൈകോയുടെ കീഴില്‍ സ്വതന്ത്രസംവിധാനം ഒരുക്കണമെന്നാണു കമ്മറ്റി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കര്‍ഷകര്‍ക്ക് പി.ആര്‍.എസ്. (നെല്ലു സംഭരണ രശീതി) നല്‍കിയാലുടന്‍ അവരുടെ അക്കൗണ്ടിലേക്ക് അതിന്റെ വില എത്തണം. ഇപ്പോള്‍ ആറു മാസത്തിലധികം സമയമെടുക്കുന്നുണ്ട്. നിലവില്‍ ഒരു കിലോ നെല്ല് അരിയാക്കാന്‍ സ്വകാര്യമില്ലുകളുടെ ചെലവിന്റെ മൂന്നിരട്ടിയോളം സപ്ലൈകോ ചെലവഴിക്കുന്നുണ്ടെന്നാണു സമിതിയുടെ കണ്ടെത്തല്‍. മുന്‍ ഐ.എ.എസ്. ഓഫീസറായ വി.കെ. ബേബിയുടെ നേതൃത്വത്തില്‍ 2022 ല്‍ നിയോഗിക്കപ്പെട്ട കമ്മറ്റി കര്‍ഷകര്‍, കൃഷി-സപ്ലൈകോ വകുപ്പ് ഉദ്യോഗസ്ഥര്‍, മില്‍ ഉടമകള്‍ എന്നിവരെ നേരില്‍ക്കണ്ടാണു റിപ്പോര്‍ട്ട് തയാറാക്കിയത്.

മറ്റു കാര്‍ഷികവിളകളുടെ സ്ഥിതിയും സമാനമാണ്. വിപണിയില്‍ പഴം, പച്ചക്കറി എന്നിവയ്ക്കു വില കൂടുമ്പോഴും അതിന്റെ ഗുണം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ മറ്റൊരു പ്രശ്നം. പ്രാദേശികവിപണിയിലേക്കുപോലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള സാധനങ്ങളാണ് എത്തുന്നത്. ആദ്യം നാടന്‍ ഉല്‍പ്പന്നങ്ങളേക്കാള്‍ വില കുറഞ്ഞാണു മറുനാടന്‍ സാധനങ്ങളെത്തിയത്. ഇതുകാരണം പ്രാദേശിക ഉല്‍പ്പാദനം കുറഞ്ഞു. അതോടെ വിപണിയില്‍ വിലകൂടുന്ന സ്ഥിതിയുമുണ്ടായി. 16 ഇനം പഴം-പച്ചക്കറികള്‍ക്കു സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനുള്ള സംഭരണസംവിധാനങ്ങള്‍ വേണ്ടത്ര സ്ഥാപിച്ചിട്ടില്ല. വി.എഫ്.പി.സി.കെ. പോലുള്ള ഏജന്‍സികള്‍ക്കു സംഭരിക്കുന്നതിനും പരിധിയുണ്ട്. ഉല്‍പ്പന്നങ്ങള്‍ കൂടുതലായി സംഭരിച്ചാല്‍ അതു സൂക്ഷിച്ചുവെക്കാനുള്ള കോള്‍ഡ് സ്റ്റോറേജോ മറ്റു വിപണികളിലെത്തിച്ച് വില്‍പ്പന നടത്താനുള്ള സംവിധാനമോ ഇല്ല. അതിനാല്‍, സംഭരണംതന്നെ പരിമിതപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതെല്ലാം കാരണം കര്‍ഷകന്റെ വരുമാനം ഗതിമുട്ടിയ അവസ്ഥയിലെത്തി.

ഗ്രാമമേഖലയില്‍ ഏറ്റവും കൂടുതല്‍ കൃഷിചെയ്യുന്ന ഒന്നാണു നേന്ത്രക്കായ. തൃശ്ശൂരില്‍നിന്നു നേന്ത്രക്കായ കയറ്റുമതിക്കായി സംഭരിക്കാറുണ്ട്. എന്നാല്‍, നേന്ത്രകര്‍ഷകര്‍ കൂട്ടത്തോടെ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ആവശ്യത്തിനു നേന്ത്രക്കായ ഉല്‍പ്പാദിപ്പിച്ചിട്ടും വിലയില്ലാതായതുകൊണ്ടു കര്‍ഷകരും സംഭരിക്കുന്ന കച്ചവടക്കാരും ഒരുപോലെ നഷ്ടത്തിലാണ്. 15 രൂപയാണു കിലോയ്ക്കു വില. ഒന്നരമാസത്തോളമായി ഇരുപതു രൂപയില്‍ത്താഴെയാണ്. മണ്ഡലകാലം, ക്രിസ്മസ്, പുതുവത്സരം എന്നിവയോടടുപ്പിച്ച് സാധാരണ വില ഉയരാറുണ്ടെങ്കിലും ഉത്തവണ വന്‍തിരിച്ചടിയായി. ഈ വിലയ്ക്കു വിറ്റാല്‍ പണിക്കൂലി പോലും കിട്ടില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. വിളവെടുക്കാനായ കുലകള്‍ വെട്ടിവില്‍ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. മികച്ച വരുമാനം പ്രതീക്ഷിച്ച് നട്ടുവളര്‍ത്തിയ കൃഷി മുടക്കുമുതല്‍പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയിലാണ്. കച്ചവടക്കാര്‍ക്കും ഇതേ അവസ്ഥയാണ്. കര്‍ഷരില്‍നിന്നെടുത്ത നേന്ത്രക്കുലകള്‍ കടയില്‍ത്തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണെന്നു കച്ചവടക്കാര്‍ പറയുന്നു. നേന്ത്രക്കായ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന വയനാട് ജില്ലയില്‍നിന്നു കൊല്ലം, കായംകുളം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു. ആഭ്യന്തരവിപണിയിലെ ഈ ക്രമീകരണവും ഇപ്പോള്‍ ഇല്ലാതായി. കഴിഞ്ഞ വര്‍ഷം 24 രൂപയ്ക്കും 30 രൂപയ്ക്കും ഇടയില്‍ മാറി മാറി ലഭിച്ചിരുന്ന സ്ഥാനത്താണ് 16 രൂപയില്‍ എത്തിനില്‍ക്കുന്നത്. 25 രൂപയ്ക്കു മുകളില്‍ വില ലഭിച്ചാല്‍ മാത്രമേ ഗുണമുണ്ടാവുകയുള്ള എന്നു കര്‍ഷകര്‍ പറയുന്നു. കോവിഡ്വ്യാപനഘട്ടത്തില്‍പ്പോലും കിലോയ്ക്ക് 22 രൂപ ലഭിച്ചിരുന്നു.

പരമ്പരാഗതരീതി
മാറുന്നു

പരമ്പരാഗത കാര്‍ഷികരീതിയിലൂന്നിയുള്ള ജീവിതക്രമം കേരളത്തിന്റ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ അടിത്തറയായിരുന്നു. പശു, ആട്, കോഴി, മുയല്‍ എന്നിവയെ വളര്‍ത്തുന്ന രീതി കാര്‍ഷികകൂടുംബങ്ങളിലുണ്ടായിരുന്നു. ക്ഷീരമേഖലയില്‍ കേരളത്തിനു, പ്രത്യേകിച്ച് മലബാര്‍ മേഖലയ്ക്ക്, നേട്ടമുണ്ടാക്കാനായതു കര്‍ഷകവീടുകള്‍ കേന്ദ്രീകരിച്ചുള്ള പശുവളര്‍ത്തല്‍കൊണ്ടായിരുന്നു. എന്നാല്‍, ഉല്‍പ്പാദനച്ചെലവ് കൂടുകയും വരുമാനം കുറയുകയും ചെയ്തതോടെ ഈ രംഗത്തുനിന്നു കര്‍ഷകര്‍ പിന്മാറിത്തുടങ്ങി. സംരംഭകരായി ഫാമിങ്മേഖലയില്‍ കുറച്ചുപേര്‍ വന്നതിനാലാണു പാലുല്‍പ്പാദത്തില്‍ വലിയ കുറവുണ്ടാകാതെ നിലനില്‍ക്കുന്നത്. എന്നാല്‍, ഇതു കര്‍ഷകരുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കോഴിവളര്‍ത്തലില്‍നിന്നു നല്ലൊരു ഭാഗം കര്‍ഷകരും പിന്മാറി. ഇതോടെ ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും കേരളത്തിലെ വിപണിയില്‍ നാടന്‍മുട്ട കിട്ടാനില്ലാത്ത സ്ഥിതിയാണ്.

ഈ വിപണിയും മറുനാട്ടിലെ ഏജന്‍സികള്‍ സ്വന്തമാക്കുന്ന സ്ഥിതിയാണ്. നാടന്‍മുട്ടയെന്ന രീതിയില്‍ തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കു മുട്ട എത്തുന്നുണ്ട്. ഒരു ദിവസം ഏകദേശം 60 ലക്ഷം കോഴിമുട്ടകള്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതായാണു മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. എന്നാല്‍, തമിഴ്‌നാട്ടിലെ നാമക്കലില്‍നിന്ന് ഒരു ദിവസം ഒന്നരക്കോടി മുതല്‍ ഒന്നേ മുക്കാല്‍ക്കോടിവരെ മുട്ടയാണ് ഒരു ദിവസം കേരളത്തിലെത്തുന്നത്. സംഘടിതമായ സംഭരണരീതിയോ വിപണിയോ ഇല്ലാത്തതിനാല്‍ കേരളത്തില്‍ മുട്ട ഉല്‍പ്പാദന രംഗത്തേക്കു വരാന്‍ കര്‍ഷകര്‍ മടിക്കുകയുയാണ്. ലാഭവും കുറവാണ്. ഒരു ദിവസം 120 ഗ്രാം തീറ്റ വേണം. ക്ഷീരമേഖലയിലുള്ളതുപോലെ സബ്‌സിഡികളോ സഹായങ്ങളോ ഇല്ല. പൊതുവിപണിയില്‍ സാധരണ മുട്ടയുടെ വില കുതിച്ചുയര്‍ന്നിട്ടുണ്ട്. നേരത്തെ 5.50 രൂപയുണ്ടായിരുന്നതു ജനുവരി ആദ്യം ഏഴു രൂപയാണ്. മാന്ദ്യം കേരളത്തിലെ കാര്‍ഷിക-ഗ്രാമീണജീവിതത്തെ ബാധിക്കുമ്പോള്‍ സംഭവിക്കുന്ന അനന്തരഫലത്തില്‍ ഒന്നുമാത്രമാണിത്.

                                   (മൂന്നാംവഴി സഹകരണമാസിക 2024 ഫെബ്രുവരി ലക്കം കവര്‍ സ്റ്റോറി)

9/5,000  Characters

Translate
Construction –