കാത്തിരിപ്പിന് വിരാമം; കേരളബാങ്ക് നിയമനത്തിന് പി.എസ്.സി. വിജ്ഞാപനമിറക്കി

moonamvazhi

കേരളബാങ്ക് രൂപംകൊണ്ടതിന് ശേഷം പി.എസ്.സി. നിയമനത്തിനുള്ള ആദ്യ വിജ്ഞാപനം ഇറങ്ങി. രണ്ട് തസ്തികകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. പൊതുവിഭാഗത്തിലും സൊസൈറ്റി ക്വാട്ട വിഭാഗത്തിലും പ്രത്യേകം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നാല് വിഭാഗത്തിലുമായി 479 ഒഴിവുകളാണ് ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. റാങ്ക് പട്ടിക നിലവില്‍വരുമ്പേഴേക്കും ഒഴിവുകളുടെ എണ്ണം ഇനിയും കൂടും.

ക്ലര്‍ക്ക്-കാഷ്യര്‍, ഓഫീസ് അറ്റന്റഡന്റ് എന്നീ തസ്തികളിലേക്കാണ് ഇപ്പോള്‍ വിജ്ഞാപനം ഇറങ്ങിയിട്ടുള്ളത്. ക്ലര്‍ക്ക്-കാഷ്യര്‍ തസ്തികയില്‍ 115 വീതം ഒഴിവുകളാണ് പൊതുവിഭാഗത്തിലും സൊസൈറ്റി ക്വാട്ട വിഭാഗത്തിലുമായുള്ളത്. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ പൊതുവിഭാഗത്തില്‍ 125 ഉം, സൊസൈറ്റി ക്വാട്ടയില്‍ 124ഉം ഒഴിവുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മെയ് 15നാണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി.യുടെ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്ത ശേഷമാണ് അപേക്ഷ അയക്കേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യൂസര്‍നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2014 ഡിസംബറിന് ശേഷം എടുത്ത് ഫോട്ടോയാണ് ഉപയോഗിക്കേണ്ടത്. 2022 ജനുവരി ഒന്ന് മുതല്‍ പുതുതായി പ്രൊഫൈല്‍ തുടങ്ങുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആറുമാസത്തിനുള്ളില്‍ എടുത്ത ഫോട്ടോ അപ് ലോഡ് ചെയ്യണമെന്ന് പി.എസ്.സി. നിര്‍ദ്ദേശിക്കുന്നുണ്ട്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുകയും വേണം.

ക്ലര്‍ക്ക്- കാഷ്യര്‍ തസ്തികയില്‍ ഇനിവരുന്ന ഒഴിവുകള്‍ 1:1 എന്ന അനുപാതത്തില്‍ ജനറല്‍-സൊസൈറ്റി ക്വാട്ട എന്നിവിഭാഗത്തിലേക്ക് മാറ്റിയാകും നികത്തുക. അതിനാല്‍, രണ്ട് വിഭാഗത്തിലുമുള്ള റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമസാധ്യത കൂടും. നാല് ശതമാനം ഒഴിവുകള്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. 40 വയസാണ് പ്രായപരിധി. സഹകരണം പ്രത്യേക വിഷയമായി പഠിച്ച ബിരുദമോ, ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദത്തിനൊപ്പം സഹകരണത്തിലുള്ള ഡിപ്ലോമയോയാണ് യോഗ്യത. സൊസൈറ്റി ക്വാട്ടയില്‍ 50വയസ്സാണ് പ്രായപരിധി. കേരളബാങ്കില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അംഗസംഘങ്ങളിലെ യോഗ്യതയുള്ള ജീവനക്കാര്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ഓഫീസ് അറ്റന്‍ഡന്റ് തസ്തിയിലേക്ക് അപേക്ഷിക്കുന്നവര്‍ ഏഴാം ക്ലാസ് പാസാകുകയും ബിരുദധാരിയായിരിക്കുകയും ചെയ്യരുത്. കേരളബാങ്കിലെ അംഗ സംഘങ്ങളില്‍ ഫുള്‍ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കാണ് ഈ തസ്തികയില്‍ സൊസൈറ്റി ക്വാട്ടയില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളത്.

PSC വിഞ്ജാപനം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക : Kerala Bank PSC -moonamvazhi